ആകെ പേജ്‌കാഴ്‌ചകള്‍

2013 ഫെബ്രുവരി 20, ബുധനാഴ്‌ച

വികാരിയുടെ ഭീഷണി


ബ്രദര്‍ കുര്യാക്കോസ് അരങ്ങാശ്ശേരിയുടെ 
സത്യം നിങ്ങളെ സ്വതന്ത്രരാക്കും 
എന്ന പുസ്തകത്തില്‍നിന്ന്


കോട്ടപ്പടി പള്ളി അസിസ്റ്റന്റ് വികാരിയായിരുന്ന ഫാദര്‍ ജോജ്ജു ചിരിയംകണ്ടത്ത് എന്റെ അമ്മയുടെ കുമ്പസാരത്തിനു വേണ്ടി വീട്ടില്‍ വന്നപ്പോള്‍ എന്റെ അമ്മയോടു പറഞ്ഞു മകന്‍ കുരിയാക്കോസിന്റെ മകന്റെ കല്യാണത്തിന് പള്ളിയില്‍ നിന്ന് ഒന്നും ചെയ്തു കൊടുക്കുകയില്ലയെന്ന് പറഞ്ഞു പോയി. ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ അമ്മ എന്നോട് പറഞ്ഞു ഇങ്ങനെ ഫാദര്‍ ജോജ്ജുയച്ചന്‍ പറഞ്ഞു ഇനി എന്താണ് ചെയ്യുക. ഞാന്‍ അപ്പോള്‍തന്നെ പള്ളിയിലേക്ക് അച്ചനെ കാണുവാന്‍ ചെന്നു. എന്നെ അകലെനിന്ന് കണ്ടപ്പോള്‍ അച്ചന്‍ വാതിലടച്ച് ഉള്ളില്‍ ഇരുന്നു. ഞാന്‍ കുറച്ചു നേരം വാതില്‍ മുട്ടി വിളിച്ചു അദ്ദേഹം വാതില്‍ തുറന്നില്ല. ഞാന്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മടങ്ങി പോന്നു. ഈ അച്ചന്റെ അടുത്തേക്ക് എന്റെ മകന്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലികേള്‍ക്കാന്‍ ചെന്നപ്പോള്‍ ഇന്ന് പറ്റുകയില്ല നാളെ കാലത്ത് വരണം കുര്‍ബ്ബാന കഴിഞ്ഞാല്‍ ചൊല്ലി കേള്‍ക്കാം മകന്‍ എന്റെ പേര് പറഞ്ഞു അപ്പോള്‍ ഫാദര്‍ ജോജു ചിരിയങ്കണ്ടത്ത് ഞാന്‍ നിന്റെ അപ്പന്റെ പേരാണ് ചോദിക്കേണ്ടത്. നിനക്ക് ബ്രദര്‍ കുരിയാക്കോസിന്റെ മകനാണ് എന്നും ആദ്യം പറയാമിയിരുന്നില്ലേ. നീ നാളെ കാലത്ത് വന്നാല്‍ എഴുത്തുതരാം. ഇതു കേട്ടപ്പോള്‍ മകന്‍ വളരെ സന്തോഷത്തിലായി. സഭ വിശ്വാസികളെ സഭ പേടിപ്പിക്കും കരുവാന്റെ ആലയിലെ മുയല്‍ പോലെ എന്നു പറയും. എന്നാല്‍ അതു തന്നെയാണ് സഭ. ഇന്ന് സഭയ്ക്ക് സഭവിശ്വാസികളാണ് സഭക്ക് ഇല്ലാത്ത അധികാരം ഉണ്ടെന്ന് പറഞ്ഞ് നടക്കുന്നത്. ഇതു മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമുക്ക് ഗവണ്‍മേണ്ടില്‍ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ എല്ലാം സഭ വാങ്ങിച്ച് വിശ്വാസികളെ പറ്റിക്കുകയാണെന്ന് എന്നെങ്കിലും ഒരു ദിവസം ദൈവം വിശ്വാസികള്‍ക്ക് മനസ്സിലാക്കി തരും അതിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. എന്റെ മകന്റെ കല്യാണത്തിന് വേണ്ട എല്ലാ പേപ്പറുകളും ഒരു ബുദ്ധിമുട്ടും കൂടാതെ ശരിയാക്കിതന്നു വികാരിമാര്‍. എന്റെ അമ്മ അനുജന്‍ വിന്‍സന്റിന്റെ കൂടെ തറവാട്ട് വീട്ടില്‍ താമസിക്കുന്നു.

കോട്ടപ്പടിയിലെ പുതിയ പള്ളി പണിയുന്നതിന് ഞാന്‍ ഒരു പൈസ പോലും കൊടുത്തില്ല. 14ഏക്കര്‍ തെങ്ങുപറമ്പുള്ള പള്ളിക്ക് സംഭാവനയുടെ ആവശ്യമില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. ഒന്നോ രണ്ടോ ഏക്കര്‍ ഭൂമി വിറ്റാല്‍ ഒന്നോ രണ്ടോ പള്ളി പണിയാം. ഇതിന് മെത്രാന്‍ സമ്മതിക്കില്ല എന്നു പറഞ്ഞു നടക്കുന്ന തലയില്‍ ആള്‍താമസമില്ലാത്ത സഭ വിശ്വാസികളോട് എന്തു പറയാനാണ്. ഈ ഇടവകക്കാരുടെ ഭൂമി ബിഷപ്പിനോട് ചോദിക്കണമെന്ന് പറയുന്നതു തന്നെ വഷളാണ്. ഇടവകക്കാരുടെ ഉറപ്പ് എനിക്ക് തന്നാല്‍ ബിഷപ്പിന്റെ കൈയില്‍നിന്ന് എല്ലാ സമ്മതവും ഞാന്‍ വാങ്ങിക്കാം എന്നു പറഞ്ഞ് നോട്ടീസ് അടിച്ച് എല്ലാ വീട്ടുകാര്‍ക്കും ഞാന്‍ നേരിട്ട് കൊടുത്തിരുന്നു. അതിന് ആരും തയ്യാറായില്ല. എനിക്ക് വിഷമവുമില്ല ഈ ഇടവകക്കാര്‍ നശിക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. കോട്ടപ്പടിപ്പള്ളി വെഞ്ചിരിപ്പ് കഴിഞ്ഞിട്ട് 3 കൊല്ലം ഇന്നും മഴപെയ്യുമ്പോള്‍ ആള്‍ത്താര വെള്ളത്തിലാകും. പള്ളിക്ക് ധാനമായി കൊടുത്തിട്ടുള്ളവര്‍ എല്ലാ വീട്ടുക്കാരും നശിച്ചിട്ടുണ്ട് ഇന്നു കാണുന്ന പള്ളി പറമ്പുകള്‍ കൊടുത്ത വ്യക്തികളുടെ തറവാട്ടുകാര്‍പോലും ഇപ്പോള്‍ ഈ നാട്ടില്‍ ഇല്ല. പുന്നത്തൂര്‍ രാജാവ് ഒമ്പത് ഏക്കര്‍ പള്ളിയിരിക്കുന്ന സ്ഥലം കൊടുത്ത് പുന്നത്തൂര്‍കോട്ട ഇന്ന് ഉണ്ടോ? ഒരിക്കലും പള്ളിക്കു ദാനം കൊടുത്തവര്‍ രക്ഷപ്പെടുകയില്ല. എന്നാല്‍ നിന്റെ അടുത്തുള്ള പാവപ്പെട്ടവരെ സഹായിച്ചാല്‍ ദൈവം അവരുടെ കുടുംബത്തെ അനുഗ്രഹിക്കും എന്ന് മറക്കേണ്ട ഇവര്‍ നശിക്കുകയില്ല.

സഭക്ക് ഇന്ന്  വിശ്വാസികളുടെമേല്‍ ഒരു അധികാരവുമില്ല. വിശ്വാസികള്‍ക്ക് വേണ്ട കാര്യങ്ങള്‍ സഭ പുരോഹിതന്‍മാര്‍ ചെയ്തു കൊടുത്തില്ലെങ്കില്‍ പുരോഹിതന്മാര്‍ ജയിലില്‍ താമസിക്കേണ്ട ഗതികേട് വരുമെന്ന് പുരോഹിതന്‍മാര്‍ക്കും, ബിഷപ്പിനും നന്നായി അറിയാം. ഇത് ഇന്ത്യയാണ്, ഇത് റോമരാജ്യമല്ലെന്ന് ഇവര്‍ ഓര്‍ക്കുന്നതും നല്ലതാണ്. ഇവരെയല്ല പേടിക്കേണ്ടത് ദൈവത്തെയാണ് ആത്മാവിനേയും ശരീരത്തേയും ഉയര്‍പ്പിക്കാന്‍ കഴിവുള്ള ദൈവമാണ് നമ്മുടെ ദൈവം ആ ദൈവം വസിക്കുന്നതു നമ്മളില്‍ തന്നെ. 

2013 ഫെബ്രുവരി 19, ചൊവ്വാഴ്ച

'അപ്രിയയാഗങ്ങള്‍.



Tuesday, February 19, 2013

ഓട്ടപ്പാട്ട : വയസ് 65....


സാമുവല്‍ കൂടല്‍..........
'അപ്രിയ യാഗങ്ങളുടെ' കര്‍ത്താവ്..............
വയസ് 65....
നല്ല ഉദ്യോഗത്തിലിരുന്നയാള്‍.........
കണ്ടാല്‍ പരമയോഗ്യന്‍.................
മീശയുടെ വളവ് ക്രമീകരിച്ചാല്‍ ഡോ. ബാബുപോള്‍ IAS ന്റെ അപരന്‍.........
ഇപ്പോള്‍ കണ്ടാല്‍ ക്രിസോസ്‌തോം തിരുമേനിയുടെ അനുജന്‍.......
സംഗീതജ്ഞന്‍.................ഗാനരചയിതാവ്.............
നിരവധി പുരസ്‌കാരങ്ങള്‍................
അനുഗ്രഹീത സന്താനങ്ങള്‍......................
ശിഷ്ടകാലം മര്യാദക്ക് കഴിഞ്ഞാല്‍ ഷവലിയാര്‍ പദവിയോ സഭാരത്‌നം ബഹുമതിയോ കിട്ടാവുന്നയാള്‍..............
പക്ഷേ എന്തു ചെയ്യാം. തലേവര അമുക്കിച്ചെരച്ചാല്‍ മാറുമോ ?
ജോസഫ് പുലിക്കുന്നന്റെ ബാധയാണ് കേറിയിരിക്കുന്നത്.................
കത്തനാമ്മാരെ കണ്‍വെട്ടത്തു കണ്ടുകൂട.
സത്യജ്വാല മാസികയില്‍ ഇപ്പന്‍ എഴുതിയിരിക്കുന്നത് കണ്ടപ്പോഴാ ചിരിച്ചു പോയത്.
'പലരുടേയും നോട്ടത്തില്‍ പരാജയപ്പെട്ട ജീവിതമാണെന്റേത്'

ഈ കഥ കേട്ടിരിക്കുന്നത് നല്ലതാണ്. ഒരു പ്രൊഫസറോട് പറയാന്‍ യോഗ്യതയുള്ളതുകൊണ്ടല്ല. ഇത് ചുമ്മാ കഥയല്ലേ... അതുകൊണ്ടാ......

ഒരു രാജകൊട്ടാരത്തിലേക്ക് കുറച്ചകലെയുള്ള കിണറ്റില്‍ നിന്നും അയാള്‍ വെള്ളം കൊണ്ടുവന്നിരുന്നത് ഒരു കമ്പില്‍ കെട്ടി തോളില്‍ തൂക്കിയിരുന്ന രണ്ട് പാട്ടകളിലായിരുന്നു. അയാള്‍ കൊട്ടാരത്തിലെത്തുമ്പോഴേയ്ക്കും ഒരു പാട്ടയിലെ വെള്ളം പകുതിയോളം ചോര്‍ന്നു പോയിരിക്കും. ഇത് കണ്ട് മറ്റേ പാട്ട പുഛത്തോടെ പറയും 'എന്നെ നോക്ക് ഒരു തുള്ളി വെള്ളം വഴിയില്‍ കളയില്ല. നിന്നെപ്പോലുള്ള ഓട്ടപ്പാട്ടയെ എന്തിനുകൊള്ളാം ?'

തുടരെയുള്ള ഈ ആക്ഷേപം കേട്ട് മടുത്ത് ഓട്ടപ്പാട്ട അയാളോട് പറഞ്ഞു 'കണ്ടോ എന്റെ ജീവിതം പരാജയമല്ലേ. എന്നേ ഉപേക്ഷിച്ചേക്കൂ.'

അപ്പോള്‍ അയാള്‍ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
'എടാ പൊട്ടച്ചാരെ നീ ആ കൊട്ടാരത്തിനുള്ളിലേക്ക് നോക്ക്. എത്ര മനോഹരമായ പൂക്കളാല്‍ അലംകൃതമാണവിടം. ആ പൂക്കള്‍ എവിടെ നിന്നാണെന്ന് നിനക്കറിയാമോ? ആ പാതയുടെ ഇരുവശങ്ങളിലായി വളര്‍ന്നു നില്ക്കുന്ന പൂച്ചെടികള്‍ കണ്ടില്ലേ. എല്ലാദിവസവും അവയ്ക്ക് വെള്ളം ഒഴിച്ചിരുന്നത് നീയാണ്. നിന്നെപ്പോലുള്ള ഓട്ടപ്പാത്രങ്ങള്‍ക്ക് മാത്രമേ ഈ ലോകത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ.'

അടുത്ത ജന്മം കൂടലച്ചായന്റെ മകനായിരിക്കാമെന്ന്....ഇപ്പന്‍ എഴുതിക്കണ്ടു.
എന്നാലെന്റെ ആഗ്രഹം അതല്ല.അടുത്ത ജന്മം അച്ചായന്റെ ഭാര്യയായി ജനിക്കണം. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന് പറഞ്ഞുകേട്ടിട്ടേയുള്ളു. അങ്ങേരെ മര്യാദയ്ക്കിരുത്തണമെങ്കില്‍ ഒരു മൂശേട്ട ഭാര്യ തന്നെ വേണം. 

ആലീസ് ആന്റി ഒരു പാവമാ.

അല്ലെങ്കില്‍ നോക്ക് .... 
പലര്‍ക്കും വീടിനു പുറത്തിറങ്ങുമ്പോഴേ വിപ്ളവമുള്ളു
കൂടലച്ചായന്‍ അങ്ങനെയല്ല. ഓരോ ശ്വാസത്തിലും വിപ്ലവമാ. 

അതിന്റെ തെളിവാണ് 
2013 ഫെബ്രുവരി 23 ന് പാലായില്‍ വെച്ച് പ്രകാശിതമാകുന്ന
'അപ്രിയയാഗങ്ങള്‍.


thonnika: വയസ് 65....

2013 ഫെബ്രുവരി 16, ശനിയാഴ്‌ച

ദൈവപരിപാലന - വിശ്വാസിയുടെ നിത്യാനുഭവം I

മകന്റെ കല്യാണം 
ബ്രദര്‍  കുര്യാക്കോസ് അരങ്ങാശ്ശേരി 

എന്റെ മകന്റെ കല്യാണത്തിന്റെ അമ്പേഷണം എന്റെ അപ്പന്‍ ഉള്ളപ്പോള്‍ തുടങ്ങിയതാണ്. പക്ഷെ ഒന്നും നടന്നില്ല. ഞങ്ങള് ധധമോ, പാരമ്പര്യമോ വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല. നല്ല കുട്ടിയാകണം, വിദ്യാഭ്യാസം വേണം, യേശുവില്‍ വിശ്വാസിക്കുന്ന കുടുംബമാകണം. ഞാന്‍ പേപ്പറിലും രണ്ട് പ്രാവശ്യം പരസ്യപ്പെടുത്തി കണ്ണൂര്‍ മുതല്‍ കോട്ടയം വരെ കുട്ടികളെ കണ്ടു ഒന്നും ഇഷ്ടപ്പെട്ടില്ല. അവസാനം തയ്യൂരില്‍ നിന്ന് കണ്ടു ഇഷ്ടപ്പെട്ടു. ഈ വീട്ടുകാര്‍ക്ക് പെണ്‍കുട്ടിയെ കല്യാണം കഴിച്ചു കൊടുക്കുവാനുള്ള സാഹചര്യമില്ലായിരുന്നു. വീടിനു വേണ്ടി തറപ്പണി ചെയ്തിട്ടുണ്ട്. ബാക്കി പണികള്‍ ചെയ്യണം. അതിന്റെ ശേഷം പെങ്ങളുടെ കല്യാണം കഴിച്ചു കൊടുക്കുവാനുള്ള പദ്ധതിയാണ് ഇവര്‍ക്കുള്ളത്. ഇവര്‍ക്ക് അപ്പനും, അമ്മയും ഇല്ല. നാല് ആണ്‍കുട്ടികള്‍ ഉണ്ട് രണ്ട് പേര്‍ കല്യാണം കഴിച്ചു ഭാര്യ വീട്ടില്‍ താമസിക്കുന്നു. ബാക്കി രണ്ടുപേര്‍ ചെറിയ ഒരു മുറിയില്‍ കഴിയുന്നു. ഇവര്‍ക്ക് കാര്യമായ ജോലിയുമില്ല. ഈ സന്ദര്‍ഭത്തിലാണ് ഞങ്ങള്‍ കൂട്ടിമുട്ടുന്നത്. എന്നാല്‍ ഞാന്‍ ഇവരോട് പറഞ്ഞു. നിങ്ങള്‍ കല്യാണത്തിനു വേണ്ടി ബുദ്ധിമുട്ടേണ്ട. പെണ്‍കുട്ടിക്ക് വേണ്ടതു ഞങ്ങള്‍ തരാം കല്യാണ സദ്യവരെ ഞാന്‍ നടത്തിതരാം. കല്യാണം കഴിഞ്ഞാലും നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല. നാട്ടില്‍ നടക്കുന്ന ചടങ്ങുകളൊന്നും ഞങ്ങള്‍ക്ക് ഇഷ്ടമില്ല. എന്നൊക്കെ ഞാന്‍ ഇവര്‍ക്ക് വാക്കുകൊടുത്തു. കല്യാണം കോട്ടപ്പടി പള്ളിയില്‍ വെച്ച് വേണ്ട അവിടത്തെ മദ്ധ്യസ്ഥന്‍ സഭ അംഗീകരിക്കാത്ത വഴിയില്‍ നിന്നു കിട്ടിയ ഒരു പിശാചിന്റെ രൂപത്തിന്റെ മുമ്പില്‍ വച്ച് നടത്തുന്നില്ല. മാതാവിന്റെ പള്ളിയായ തയ്യൂര്‍ പള്ളിയില്‍വെച്ച് നടത്തണം. ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ നടത്തണം എന്നൊക്കെ ഞാന്‍ പറഞ്ഞു. അത് അവരും സമ്മതിച്ചു. കല്യാണത്തിന്റെ ഹാള്‍ കുന്നംകുളത്ത് എടുക്കാമെന്ന് തീരുമാനിച്ചു. ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പരസ്പരം കാണുവാനും പറ്റിയതാണ് കുന്നംകുളം. രണ്ടുപേര്‍ക്കും കുന്നംകുളത്തേക്ക് വരുന്നതിന് ദൂരം ഏകദേശം സമമായിരിക്കും. ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവവചനം എന്റെ മനസ്സില്‍ വരുന്നത് 1 രാജാ 3 : 5. ദൈവം അവനോട് അരുളി ചെയ്തു: നിനക്ക് എന്തുവേണമെന്ന് പറഞ്ഞുകൊള്ളുക. ഞാന്‍ ദൈവത്തോട് പറഞ്ഞു: എനിക്ക് വളര്‍ത്താന്‍ തന്ന മകന്റെ കല്യാണമാണ്. എല്ലാമറിയുന്ന കര്‍ത്താവേ നീ എന്റെ കൂടെയുണ്ടാകണം. അതുപോലെ തന്നെ മാതാവിനോടും ഞാന്‍ അപേക്ഷിച്ചു. ഈ കല്യാണത്തിന് ഒന്നും കുറവുണ്ടാവാതെ നോക്കണമേ. ഇതൊക്കെ എന്നെകൊണ്ട് പറയിക്കുന്ന ഒരു ശക്തി എന്നില്‍ ഉണ്ടായിരുന്നു. എനിക്ക് ഒരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടേയും കല്യാണമാണ് നടത്തേണ്ടത് എന്ന് ഓര്‍ക്കണം. എന്റെ കൈയില്‍ രൂപയൊന്നുമില്ല. മകന്‍ കുറച്ചു രൂപ തന്നു അതു വീടിന്റെ പണിക്കു വേണ്ടി ഞാന്‍ ഉപയോഗിച്ചു. എന്റെ അവസ്ഥയെല്ലാമറിയുന്ന ദൈവം എന്നെ സഹായിക്കാന്‍ പ്രേരണകൊടുത്ത് പേരു പറയാന്‍ പാടില്ല എന്ന് പറഞ്ഞ് ഒരു വ്യക്തി ഈ കല്യാണത്തിന് ആവശ്യമായ എല്ലാ പൈസയും തന്ന് എന്നെ സഹായിച്ചു. ദൈവമാണ് ആ സമയത്ത് എനിക്ക് രൂപ തന്നത് എന്നു ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്നു. ഈ പൈസ തിരിച്ചുകൊടുക്കേണ്ടെന്നും പേരുപറയാന്‍ ആഗ്രഹിക്കാത്ത ഒരു കുന്നംകുളം ക്രിസ്ത്യാനിയാണ് എനിക്ക് തന്നത്. പേരിന് വേണ്ടി പൈസ ധൂര്‍ത്തടിക്കുന്ന ക്രിസ്ത്യാനികളെ ഞാന്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് പള്ളികളില്‍ എന്നാല്‍ മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എനിക്ക് വേണ്ടി ദൈവം ഇടപെടാതിരിക്കുമോ ഒരിക്കലുമില്ല. ദൈവവചനം പറയുന്നു. ''ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. സങ്കീ. 34 : 18'' ''ദൈവത്തില്‍ വിശ്വസ്തന്‍ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും സുഭാ 28:20''.
എന്റെ മകന്റെ കല്യാണ ആലോചനകള്‍ വരുമ്പോള്‍ സ്വന്തം ബന്ധുക്കളും ഇടവകക്കാരും, പുരോഹിതന്‍മാര്‍ വരെ എതിര്‍ത്തിരുന്നു കാരണം മറ്റൊന്നുമല്ല, ലോകംമുഴുവനും വേണ്ടി ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്ന ബഥേല്‍ കൂട്ടായ്മ നടത്തുന്നുണ്ട്. അനേകം പാവപ്പെട്ട വീട്ടുകാര്‍ക്ക് അവര്‍ക്ക് ആവശ്യമായ അരിയും സ്ഥിരരോഗികള്‍ക്ക് മരുന്നും മറ്റു ചില സഹായങ്ങളും ചെയ്തു കൊടുക്കുന്നതിന് ഇവര്‍ എതിരായിരുന്നു. ബിഷപ്പ് തൂങ്കുഴി വരെ എനിക്കും സംഘടനക്കും എതിരായി ലേഖനമിറക്കിയിരുന്നു. അതു വിലവെയ്ക്കാതെ ഞാന്‍ ദൈവത്തില്‍ ശരണപ്പെട്ട് മുന്നോട്ടു നീങ്ങി. ഞാന്‍ സഭയുടേയോ ബന്ധുക്കളുടെയോ വാക്കു കേട്ടിരുന്നെങ്കില്‍ എന്നെ എന്തിനു കൊള്ളും? എനിക്ക് വേണ്ടതെല്ലാം നഷ്ടമായേനെ. ഇന്നും എന്നും ഞാന്‍ ദൈവത്തിനു വേണ്ടി പ്രവര്‍ത്തിക്കും. ദൈവമഹത്വം വിളംബരം ചെയ്യുകയും ചെയ്യും. ഇത് എന്റെ പ്രതിജ്ഞയാണ്.

                                                                                                                 (തുടരും)

2013 ഫെബ്രുവരി 7, വ്യാഴാഴ്‌ച

മനുഷ്യനുവേണ്ടി ദൈവം നല്‍കിയ പത്തുപ്രമാണങ്ങള്‍


ബ്രദര്‍ കുര്യാക്കോസ് അരങ്ങാശ്ശേരിയുടെ 
സത്യം നിങ്ങളെ സ്വതന്ത്രരാക്കും 
എന്ന പുസ്തകത്തില്‍നിന്ന്

അദ്ദേഹത്തിന്റെ ഓരോ ലേഖനം ഇടയ്ക്കിടെ 
ഇവിടെ പ്രസിദ്ധീകരിക്കുകയും 
ഫേസ്ബുക്കില്‍  ലിങ്കു നല്കുകയും ചെയ്യുന്നതാണ്. 
like ചെയ്തും share ചെയ്തും സഹകരിക്കുക.

(പുറപ്പാട് 20; നിയ 5, 1-21; മത്താ 19, 16-20; റോമ 13: 8-10)

ദൈവം അരുളി ചെയ്ത വചനങ്ങളാണിവ. അടിമത്വത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്ന് നിന്നെ പുറത്ത് കൊണ്ട് വന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിനോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്. അവയ്ക്കു മുമ്പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍ ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവ് അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും,നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും. എന്നാല്‍ എന്നെ സ്‌നേഹിക്കുകയും എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും. നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവ് ശിക്ഷിക്കാതെ വിടുകയില്ല.സാബത്ത് വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മ്മിക്കുക. 6 ദിവസം അദ്ധ്വാനിക്കുക എല്ലാ ജോലിയും ചെയ്യുക എന്നാല്‍ ഏഴാം ദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ്. അന്ന് നിയോ നിന്റെ മകനോ, മക്കളോ, ദാസനോ,ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്ത് വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത് എന്തെന്നാല്‍ കര്‍ത്താവ് 6 ദിവസം കൊണ്ട് ആകാശവും ഭൂമിയും, സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും 7-ാം ദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങിനെ അവിടെന്ന് സാബത്ത് ദിനത്തെ അനുഗ്രഹിക്കുകയും വിശദീകരിക്കുകയും ചെയ്തു. നിന്റെ ദൈവമായ കര്‍ത്താവ് തരുന്ന രാജ്യത്ത് നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനെ നിന്റെ പിതാവിനെയും, മാതാവിനെയും ബഹുമാനിക്കുക. കൊല്ലരുത് വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, അയല്‍ക്കാരനെതിരായി വ്യാജസാക്ഷ്യം നല്‍കരുത് അയല്‍ക്കാരന്റെ ഭവനം മോഹിക്കരുത്,അയല്‍ക്കാരന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്.

എന്നാല്‍ മനുഷ്യന്‍ പിശാചിന്റെ വാക്ക് കേട്ട് ദൈവങ്ങളെ സൃഷ്ടിക്കുന്നു. അതിനെ വണങ്ങുന്നു. 10 പ്രമാണങ്ങളില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട കല്‍പ്പനയാണ് ഒന്നാമത്തെ കല്‍പ്പന അതുലംഘിച്ചാല്‍ മൂന്നും, നാലും തലമുറവരെ ദൈവം ശിക്ഷിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ തിരുസഭ പുണ്യവാളന്മാരെ സൃഷ്ടിക്കുന്നു. അവരുടെ രൂപങ്ങള്‍ ഉണ്ടാക്കുന്നു. അതിനെ വണങ്ങുന്നു. സെന്റ് സെബാസ്റ്റ്യനെ കൊന്ന അമ്പും തോമാസ്ലീഹായെ കൊന്ന ശൂലം എന്നിവ എഴുന്നുള്ളിച്ചും അത് തൊട്ടുമുത്തിയും ആദരിക്കുന്നത് നല്ലതാണോ? ഒരു മനുഷ്യനെ കൊല്ലാന്‍ ഉപയോഗിക്കുന്ന തോക്ക്,കത്തി,കല്ല്,കയര്‍,ഇതൊക്കെ എഴുന്നള്ളിക്കാമോ? ഹിന്ദുക്കളില്‍ പോലും പറ എഴുന്നുള്ളിപ്പില്‍ ഇങ്ങനെയൊന്നും കണ്ടിട്ടില്ല. സഭ പറയുന്നത് ചെയ്യുന്നവര്‍ ആരുടെ മക്കളാണെന്ന് തിരിച്ചറിയുക. ''യോഹ 8: 43-44 ദൈവവചനം പറയുന്നു. ഞാന്‍ പറയുന്നത് എന്ത് കൊണ്ട് നിങ്ങള്‍ ആഗ്രഹിക്കുന്നില്ല? എന്റെ വചനം ശ്രവിക്കുവാന്‍ നിങ്ങള്‍ക്ക് കഴിവില്ലാത്തതുകൊണ്ട് തന്നെ. നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍ നിന്നുള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍ അവനില്‍ സത്യമില്ല. കളളം പറയുമ്പോള്‍ സ്വന്തം സ്വഭാവം അനുസരിച്ച് തന്നെയാണ് അവന്‍ സംസാരിക്കുന്നത്. അവന്‍ നുണയനും നുണയുടെ പിതാവുമാണ്.

''യാക്കോബ് 3: 4 ദൈവത്തോട് വിശ്വസ്തത പുലര്‍ത്താത്തവരെ ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു.''

''ദൈവത്തില്‍ വിശ്വസിച്ച് ജീവിച്ചാല്‍ നിനക്ക് വീഞ്ഞാകാം. അല്ലെങ്കില്‍ നീ ഉപ്പുതൂണാകും.''

2013 ജനുവരി 22, ചൊവ്വാഴ്ച

അപ്രിയയാഗങ്ങളിലെ ധാര്‍മ്മികരോഷം


അപ്രിയയാഗങ്ങളിലെ ധാര്‍മ്മികരോഷം

യേശുവിന്റെ കൌമാരം തൊട്ട് ഏതാണ്ട് മുപ്പതാം വയസുവരെയുള്ള കാലം സുവിശേഷത്തില്‍ ചുരുക്കിപ്പറഞ്ഞിരിക്കുന്നത് "അവന്‍ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ പ്രീതിയിലും ജ്ഞാനത്തിലും വളര്‍ന്നുവന്നു" എന്നാണ്. ഈ വാക്യംതന്നെ ബൈബിളില്‍ മറ്റൊരാളെപ്പറ്റി, ഇസ്രായേലിന്റെ അവസാനത്തെ ന്യായാധിപനായിരുന്ന സാമുവേലിനെക്കുറിച്ച്, വളരെ നേരത്തേ എഴുതപ്പെട്ടിട്ടുണ്ട് (I സാമുവേല്‍ 2, 26).  ഇയാളെ യൌവനകാലത്ത് ദൈവം "സാമുവേല്‍, സാമുവേല്‍" എന്ന് പല തവണ വാത്സല്യത്തോടെ വിളിക്കുന്ന മനോഹരമായ ഒരു രംഗമുണ്ട് അതേ പുസ്തകത്തില്‍. ഓരോ തവണയും "അങ്ങെയുടെ ദാസനിതാ ശ്രവിക്കുന്നു, അരുളിച്ചെയ്താലും" എന്നാണവന്‍ എളിമയോടെ പ്രതിവചിച്ചത്. "ഇസ്രയേല്‍ ജനതയോട് ഞാനൊരു കാര്യം ചെയ്യാന്‍ പോവുകയാണ്. അത് കേള്‍ക്കുന്നവന്റെ ഇരു ചെവികളും തരിച്ചുപോകും. ... മക്കള്‍ ദൈവദൂഷണം ചെയ്യുന്നത് അറിഞ്ഞിട്ടും അവരെ തടയാത്തതുമൂലം ഞാനവനെ ശ്ക്ഷിക്കും" എന്ന് തുടങ്ങുന്ന ദൈവവചനം അനുവാചകര്‍ നേരിട്ട് ബൈബിളില്‍ നിന്ന് വായിച്ചറിയുക. ഇവിടെ ഞാന്‍ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നത് ഇത്രയേ ഉള്ളൂ. ആ സാമുവേലിന്റേതുപോലൊരു ദൌത്യം തനിക്കും ഉണ്ടെന്ന ശക്തമായ വിശ്വാസമാണ് സാമുവേല്‍ കൂടലിനെയും ഇത്ര ശക്തമായ ഭാഷയില്‍, സഭയുടെ മക്കളെക്കൊണ്ട് വിഗ്രഹാരാധനകളിലൂടെ ദൈവദൂഷണം ചെയ്യിപ്പിക്കുന്ന അപ്രിയയാഗങ്ങള്‍ക്കെതിരെ (വിശുദ്ധിയുടെ അര്‍ഹതയില്ലാതെ പുരോഹിതരായി കഴിഞ്ഞുകൂടുന്ന ഓരോരുത്തര്‍ക്കുമെതിരെ), നിരന്തരം ആഞ്ഞടിച്ച്, താക്കീത് കൊടുത്ത്, എഴുതിക്കൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രവാചകന്‍ സാമുവേലിന്റെ പിതാവ്, ഏലി പുരോഹിതനായിരുന്നു. എന്നിട്ടും തന്റെ ജനത്തിന് ദുര്‍മാതൃകയായിത്തീര്‍ന്ന തന്റെ മറ്റു മക്കളുടെ ദുര്‍നടപ്പിനെ തിരുത്താന്‍ അയാള്‍ കൂട്ടാക്കിയില്ലെന്നതാണ് ദൈവത്തെ പ്രകോപിപ്പിച്ചത്. ക്രിസ്തുസഭയിലെ, നേരും നെറിവും കെട്ട്, പാതാളത്തോളം അധഃപ്പതിച്ചുപോയ, ഇന്നത്തെ പുരോഹിതവര്‍ഗ്ഗത്തിന് ഇതൊരു താക്കീതാകട്ടെ.

നമ്മുടെ സാമുവേല്‍ കൂടലിനെപ്പറ്റി ഇത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് തൊട്ടുമുമ്പുള്ള കുട്ടിക്ക് എട്ടു വയസ്സായപ്പോള്‍ ആണ് സാമുവേലിനെ അമ്മ ഗര്‍ഭം ധരിക്കുന്നത്. അവര്‍ തന്റെ ഉദരത്തില്‍ എട്ടു തവണ കുരിശു വരച്ചുകൊണ്ട്‌, ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ടിരുന്നു. അതുപോലെ തന്നെയാണ് ഏറെനാള്‍ പ്രസവിക്കാത്തതില്‍ ഹൃദയവേദനയനുഭവിച്ച് മൌനമായി ദൈവസന്നിധിയില്‍ യാചിച്ചതിനു ശേഷം ഹന്നായ്ക്ക് സാമുവേല്‍ ജനിക്കുന്നത്. അവരും ആ കുഞ്ഞിനെ ദൈവത്തിനു സമര്‍പ്പിച്ചു എന്ന് നാം വായിക്കുന്നു. മൌനവും തീവ്രവുമായ അവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബൈബിള്‍ എടുത്തുപറയുന്നുണ്ട്. ഈ സാമുവേലാണ് ഇസ്രായേലിന്റെ നിരന്തര ദുര്‍വാശി മടുത്ത്, ദൈവഹിതപ്രകാരം സാവൂളിനെ രാജാവായി വാഴിച്ചത്. അങ്ങനെയാരംഭിച്ച രാജവാഴ്ചയുടെ കാലംതൊട്ടാണ് ആ ജനത്തിന് വളരെയധികം ദുരിതങ്ങള്‍ വന്നുഭവിച്ചത്. ക്രിസ്തുസഭയുടെ കാര്യത്തിലും സമാനഗതിയാണല്ലോ നാം കാണുന്നത്. രാജകീയ പ്രൌഢികളോടുള്ള 
നമ്മുടെ പുരോഹിതരുടെ അതിരുകടന്ന കൊതിയാണല്ലോ സഭയെ വഴിതെറ്റിച്ചത്. ഒരു കൂസലുമില്ലാതെ ഇത്തരം സത്യങ്ങള്‍ വിളിച്ചുപറയുന്ന കാര്യത്തില്‍ പഴയ സാമുവേലും നമ്മുടെ സാമുവേലും ഒരേ സ്വഭാവക്കാരാണ് എന്നത് എന്നെ ഏറെയാകര്‍ഷിച്ചു. അവരുടെ അമ്മമാര്‍ ദൈവത്തിനു കൊടുത്ത പ്രിയയാഗങ്ങളായിരുന്നു, ഇരുവരും.

പഴയ സാമുവേലിനെപ്പോലെ നമ്മുടെ സാമുവേലും പറയുന്നു: "പൂര്‍ണ്ണ ഹൃദയത്തോടെ നിങ്ങള്‍ കര്‍ത്താവിലേയ്ക്ക് തിരിയേണ്ടതിനുവേണ്ടി അന്യ ദേവന്മാരെ ബഹിഷ്ക്കരിക്കണം. ദൈവത്തെ മാത്രം ആരാധിക്കുവിന്‍!" (I സാമുവേല്‍ 6,3) എന്ന്. ക്രിസ്തുസഭയുടെ കാര്യത്തില്‍ അന്യ ദേവന്മാര്‍ പണാര്‍ത്തിയും അധികാരക്കൊതിയുമാണെന്ന് ഏവര്‍ക്കുമറിയാം. ഈ ദേവന്മാരെ വച്ച് പൂജിക്കുന്നതോ, അപ്രിയയാഗങ്ങളായ പുരോഹിതരും. സാമുവേലിന്റെ കാലത്താണ് ഇസ്രായേലിന്റെ ശത്രുവായ ഫിലിസ്ത്യര്‍ കൈവശമാക്കിയിരുന്ന പ്രദേശങ്ങളെല്ലാം അവര്‍ വീണ്ടെടുത്തത്.  ഈ അര്‍ത്ഥത്തിലും ഒരു പ്രവാചകദൗത്യം ഇന്ന് സാര്‍ത്ഥകമാവുകയാണ്. പൌരോഹിത്യപ്രഭുത്വം ഒരക്രമിയെപ്പോലെ ദൈവജനത്തെ പീഡിപ്പിക്കുകയും വഴിപിഴപ്പിക്കുകയുമാണ് ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന് അന്ത്യം കുറിക്കാനുള്ള തൂലികായുദ്ധമാണ് അപ്രിയയാഗങ്ങള്‍ എന്ന തന്റെ കൃതിയിലൂടെ 
സാമുവേല്‍ കൂടല്‍ നടത്തുന്നത്.

തന്റെ വാര്‍ദ്ധക്യത്തില്‍ സാമുവേല്‍ തന്റെ പ്രിയ ജനത്തിനു നല്‍കുന്ന ഒരു ഉപദേശമുണ്ട്‌ (I സാമുവേല്‍ 12, 3-25). "നിങ്ങള്ക്ക് ഉപകരിക്കാത്തതും നിങ്ങളെ രക്ഷിക്കാന്‍ കഴിവില്ലാത്തതുമായ കാര്യങ്ങളിലേയ്ക്ക് നിങ്ങള്‍ തിരിയരുത്. അവ വ്യര്‍ത്ഥമാണ്‌." രണ്ടായിരം കൊല്ലങ്ങളോളം കൈവശമിരുന്നിട്ടും ബൈബിളിന്റെ സാരാംശം എന്താണെന്ന് നമ്മുടെ പുരോഹിതര്‍ക്ക് മനസ്സിലായിട്ടില്ല. 15 നൂറ്റാണ്ടോളം അവര്‍ ആരേക്കൊണ്ടും തൊടീക്കാതെ ബൈബിള്‍ പൂഴ്ത്തിവച്ചു. ബാക്കി അഞ്ചു നൂറ്റാണ്ടുകളില്‍ അവര്‍ മാത്രം വ്യാഖ്യാനങ്ങള്‍ നടത്തിനോക്കി. എന്നിട്ടും സുവിശേഷങ്ങളുടെ കാതല്‍ സ്നേഹവും സത്യവും മനുഷ്യസമത്വവുമാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല! അപ്പോഴാണ്‌ വെറും അല്മായരായവര്‍ 
ആ നിധികണ്ടെത്തി രംഗത്ത് വരുന്നത്. പുരോഹിതരുടെ വഴിയേ പോയാല്‍ വിശ്വാസികള്‍ ഒരിക്കലും ദൈവത്തെ കണ്ടെത്തുകയില്ലെന്ന് ഇതുവരെയുള്ള അനുഭവത്തില്‍ നിന്ന് നാം പഠിച്ചുകഴിഞ്ഞു. അവര്‍ക്കെല്ലാം മുമ്പില്‍ പ്രവാചകന്മാരായി നില്‍ക്കുന്നു സാമുവേല്‍ കൂടലും കൂട്ടരും. ദൈവത്തെ എവിടെ കണ്ടെത്താം എന്ന് ഏതു പുരോഹിതനുമെതിരെ നിന്ന് വിളിച്ചു പറഞ്ഞ് തന്റെ സഹോദരരെ പഠിപ്പിക്കാനുള്ള ജ്ഞാനവും ഊര്‍ജ്ജവും അദ്ദേഹത്തിനുണ്ട്.

തനിക്കു മുമ്പ് സൃഷ്ടിക്കപ്പെട്ടതിനെല്ലാം പേരിട്ടുകൊള്ളാന്‍ ദൈവം മനുഷ്യന് അനുവാദം കൊടുത്തു എന്ന് ബൈബിള്‍ പറയുന്നു. എന്നാല്‍, വിഡ്ഢിയായ മനുഷ്യന്‍ ദൈവത്തിനും പേരിടാനൊരുങ്ങി. അതോടേ ദ്വൈതാനുഭവത്തിന്റെ തുടക്കമായി. കാരണം, പേരിടുക എന്നാല്‍ വ്യത്യസ്തത സ്ഥാപിക്കുക എന്നാണ്. അങ്ങനെ 
സൃഷ്ടാവില്‍ നിന്നും സൃഷ്ടജാലത്തില്‍ നിന്നും മനുഷ്യന്‍ അകന്നു. കൂടുതല്‍ പേരുകള്‍ കണ്ടുപിടിക്കുന്തോറും കൂടുതല്‍ അകല്‍ച്ചയുണ്ടായി. കാരണം, പേരുള്ളതെല്ലാം പേരിടുന്നവനില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന മറ്റൊന്നാണ്. അപ്പോള്‍ അവയെ തേടിപ്പോകേണ്ടി വരും. ഈ ദുരവസ്ഥ നാം തന്നെ ഉണ്ടാക്കിയതാണ്. നമ്മുടെ മതങ്ങളെല്ലാം ദൈവത്തിനു പേരിടുന്ന പ്രസ്ഥാനങ്ങളാണ്. ഞാനും എന്നിലുമായതിനെ എന്തിനു തേടിപ്പോകണം എന്ന സുബുദ്ധി നമുക്ക് കൈമോശം വന്നുപോയി. എന്തൊരാത്മനഷ്ടമാണിത് എന്ന് ചൂണ്ടിക്കാണിക്കാന്‍ കൂടലിനെപ്പോലെ ചിലരുള്ളത് നമ്മുടെ ഭാഗ്യമെന്ന് നാം അറിയണം, അംഗീകരിക്കണം. ഈ ഒരൊറ്റ അടിസ്ഥാനതത്ത്വത്തില്‍ നിന്ന് അന്വേഷണബുദ്ധിയോടെ നീങ്ങുക മാത്രമേ മനുഷ്യന് ചെയ്യേണ്ടതുള്ളൂ എന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥര്‍ ആധികാരികമായി സാമുവേല്‍ സാറിന്റെ പുസ്തകത്തിന് മുഖക്കുറിപ്പായി എഴുതിക്കൊടുത്തിരിക്കുന്നത് ഈ കൃതിയെ ചൈതന്യസംപുഷ്ടമാക്കുന്നു. സര്‍വവ്യാപിയായ ഈശ്വരനിലേയ്ക്കുള്ള ദൂരം വാസ്തവത്തില്‍ പൂജ്യമായിരിക്കെ, അത് മറന്നിട്ട്, ഈശ്വരനെ വെളിയില്‍ എല്ലായിടത്തും അന്വേഷിച്ചു പോകാന്‍ മനുഷ്യരെ നിര്‍ബന്ധിക്കുന്ന മതങ്ങള്‍ ആത്മാനാശിനികളല്ലാതെ മറ്റെന്താണ് എന്നാണ് സാമുവേല്‍ സാര്‍ ചോദിക്കുന്നത്.

ഓരോ മതത്തിലും രൂപമെടുക്കുന്ന ക്ലെര്‍ജിയെന്ന വിഭാഗം സൃഷ്ടിക്കുന്ന വയ്യാവേലികളെല്ലാം മറന്നിട്ട് തിരുവള്ളുവര്‍ ഒരിക്കല്‍ പറഞ്ഞത് ഇവിടെ നമുക്ക് സ്മരിക്കാം. അടുത്തുവന്ന കുട്ടികളോട് അദ്ദേഹം ചോദിച്ചു: താമരയുടെ ഉയരമെത്ര? ഇതെന്തു ചോദ്യമാണ്? കുട്ടികള്‍ അത്ഭുതപ്പെട്ടു. താമരക്ക്‌ ഉയരമോ? എന്നാല്‍ പ്രതിഭാശാലിയായ ഒരു പയ്യന്‍ പറഞ്ഞു: അത് കിടക്കുന്ന വെള്ളത്തിന്റെ ഉയരമാണ് താമരയുടെ ഉയരം. തൃപ്തിയോടെ, "അപ്പോള്‍ മനുഷ്യന്റെ ഉയരമോ?" തിരുവള്ളുവര്‍ വീണ്ടും ചോദിച്ചു. കുട്ടികള്‍ അടിക്കണക്കും മീറ്റര്‍കണക്കും പറഞ്ഞപ്പോള്‍ തിരുവള്ളുവര്‍ തിരുത്തി: അവന്റെ ഉയരം അവന്‍ നിലനില്‍ക്കുന്ന ദൈവിക ചൈതന്യത്തിന്റെ ഉയരമാണ്. 

പ്രാര്‍ഥിക്കുക എന്നാല്‍, പഴയ സാമുവേലിന്റെ അമ്മ ചെയ്തതുപൊലെ, മൌനമായി ദൈവത്തിനു മുമ്പില്‍ തനിയെ ഇരിക്കുക എന്നാണ്. പലര്‍ കൂടുന്നത് പല നാമങ്ങള്‍ ഇടകലരുന്നതിന് തുല്യമാണ്. പല നാമങ്ങള്‍ വീണ്ടും കൂടുതലകലത്തെയുണ്ടാക്കുന്നു. അതുകൊണ്ടാണ്, നിങ്ങള്‍ അകത്തിരുന്ന് ഉള്ളിലുള്ള ദൈവത്തോട് സംഭാഷിക്കുക എന്ന് യേശു പഠിപ്പിച്ചത്. അത് മറന്നുപോകുന്നവരെ കൂടല്‍സാര്‍ ഓര്‍മ്മിപ്പിക്കുന്നു: "ദൈവത്തെ അറിയാന്‍ പള്ളിയും പാസ്റ്ററും കുര്‍ബാനയും ആവശ്യമില്ല. ദൈവത്തില്‍ വിശ്വസിക്കുന്നതിനു പകരം അവനെ, മനസ്സിനെ ഉണര്‍ത്തുന്ന ചൈതന്യമായി ഉള്ളില്‍ അനുഭവിച്ച് ആനന്ദിക്കണം. ദൈവമുണ്ട് എന്നാകരുത്, ദൈവമേയുള്ളൂ എന്നാകണം നമ്മുടെ ചിന്ത" (താള്‍ 114, നുറുങ്ങു ചിന്തകള്‍). പള്ളികളിലും തെരുവുകോണിലും നിന്ന് പ്രാര്‍ഥിക്കുന്നത് കപടഭക്തിയാണെന്ന് (മത്താ. 6,5- 15) യേശു പറഞ്ഞിട്ടുണ്ടെന്നു പോലും ഇന്നത്തെ സഭക്ക് അറിയില്ല. മത്തായി അഞ്ചും ആറും അദ്ധ്യായങ്ങളില്‍ യേശു പ്രാര്‍ത്ഥനയെപ്പറ്റി ഒരു നീണ്ട സ്റ്റഡിക്ലാസ് തന്നെ നടത്തുന്നുണ്ട്, എന്നിട്ടും സഭയില്‍ നിലനില്‍ക്കുന്ന രീതികള്‍ ഇത്ര അര്‍ത്ഥശൂന്യമായിപ്പോയത് എങ്ങനെ എന്നാണ് കൂടല്‍സാര്‍ ചോദിക്കുന്നത്. യേശുവിനെ ശരിക്ക് മനസ്സിലാക്കിയാല്‍, ആരും ഒരിക്കലും പള്ളിയില്‍ പോകാതിരിക്കുന്ന ഒരു ദിവസം വന്നുചേരും (താള്‍ 128). അങ്ങനെയെങ്കില്‍ ഇപ്പോള്‍ കോടികള്‍ മുടക്കി ഉണ്ടാക്കുന്ന പള്ളികളെല്ലാം ക്രിസ്തുവിനെ നിഷേധിക്കലാണ് (താള്‍ 89).

ഈ സനാതനസത്യങ്ങളെല്ലാം ഒരേ സമയം വ്യക്തമായ ഗദ്യത്തിലും ഭാവനയുടെ വര്‍ണ്ണങ്ങളില്‍ ചാലിച്ച ശക്തമായ കവിതാരൂപത്തിലും സാമുവേല്‍ കൂടല്‍ തന്റെ പുതിയ പുസ്തകത്തില്‍ തന്മയത്വത്തോടെ കുറിച്ചുതന്നിരിക്കുന്നു. ഇത് ഹൃദ്യമായ ഒരു പുതിയ രീതിയാണ്. കവിത വായിക്കാന്‍ താത്പര്യം തോന്നാത്തവര്‍ക്ക് ഓരോന്നിന്റെയും കവാടത്തില്‍ കവിഹൃദയം 
ഗദ്യഭാഷയില്‍ തുറന്നുവച്ചിരിക്കുന്നു. അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു.

ഈശനുള്ളിലുണ്ടെന്നാരും പറഞ്ഞു തന്നില്ലാ പള്ളീല്‍
പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാന്‍?

ഇന്ന് വിശ്വാസിസമൂഹത്തെ ബാധിച്ചിരിക്കുന്ന എല്ലാ തിമിരങ്ങള്‍ക്കും കാരണം അവര്‍ക്ക് സുബുദ്ധി പറഞ്ഞുകൊടുക്കാന്‍ മാത്രം വിവരമില്ലാത്ത പുരോഹിതരാണെന്ന് പച്ചമലയാളത്തില്‍ പറയാന്‍ ധൈര്യം കാണിച്ച വന്ദ്യ സാമുവേല്‍ സാറിന് അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു.

സാമുവേല്‍ കൂടല്‍ രചിച്ച " അപ്രിയയാഗങ്ങള്‍ " ആവശ്യമുള്ളവര്‍ 09447333494 ല്‍ വിളിക്കൂ. samuelkoodal@gmail.com വഴി അദ്ദേഹത്തിന്‍റെ ഫേയ്സ്ബുക്കിലും http://www.samuelkoodal.com വഴി വെബ്സൈറ്റിലും www .samuelkoodal.blogspot.in വഴി ബ്ലോഗിലും കയറാം.

2013 ജനുവരി 21, തിങ്കളാഴ്‌ച


അപ്രിയ യാഗങ്ങള്‍

സ്നേഹിതാ..ആത്മീകാന്ഡത ബാധിച്ച പുരോഹിത/പാസ്റ്റരെ പിൻപറ്റി യേശുനാഥൻ മൊഴിഞ്ഞ അദൈ്യതവിചാരധാര കാണാതെപോയ ഹതഭാഗ്യരായ അച്ചായസമൂഹത്തോടു പറയൂ.സാമുവേല്‍ കൂടല്‍ രചിച്ച " അപ്രിയ യാഗങ്ങള്‍ " പ്രകാശനം ചെയ്യുന്നു എന്ന് . കോപ്പി ആവശ്യം ഉള്ളവര്‍ 09447333494 ഇല്‍ വിളിക്കു.  www.samuelkoodal@gmail.com വഴി ഫേസ്ബുക്കിലും http://www.samuelkoodal.com  വഴി വെബ്സൈറ്റിലും www .samuelkoodal .blogspot .in വഴി ബ്ലോഗിലിം  സന്ദർശിക്കുവാനും 33 കവതാവിചാരങ്ങൾ പഠിക്കുവാനും ,7 നുറുങ്ങു ചിന്തകള്‍ കാണുവാനും ,140 പുതുസുവിശേഷഗാന വീഡിയോ കാണുവാനും സ്വാഗതം ... ഈ സന്ദേശം മറ്റുളളവർക്കു പകരുന്നതിനും നന്ദി  പൊന്നേശുനാമത്തില്.(കവിതകൾ ഫേസ്ബുക്കുഫോട്ടോആൽബത്തിൽ)

1 comment:

  1. തനിക്കു മുമ്പ് സൃഷ്ടിക്കപ്പെട്ടതിനെല്ലാം പേരിട്ടുകൊള്ളാന്‍ ദൈവം മനുഷ്യന് അവകാശം കൊടുത്തു എന്ന് ബൈബിള്‍ പറയുന്നു. എന്നാല്‍, വിഡ്ഢിയായ മനുഷ്യന്‍ ദൈവത്തിനും പേരിടാന്‍ തുടങ്ങി. അതോടേ ദ്വൈതാനുഭവത്തിന്റെ തുടക്കമായി. കാരണം, പേരിടുക എന്നാല്‍ വ്യത്യസ്തത സ്ഥാപിക്കുക എന്നാണ്. അങ്ങനെ സൃഷ്ടജാലവും സൃഷ്ടാവുമായി മനുഷ്യന്‍ അകന്നു. കൂടുതല്‍ പേരുകള്‍ കണ്ടുപിടിക്കും തോറും കൂടുതല്‍ അകല്‍ച്ച. പേരുള്ളതെല്ലാം മറ്റൊന്നാണ്. അവയെ തേടിപ്പോകണം എന്ന ദുരവസ്ഥ നാം തന്നെ ഉണ്ടാക്കിയതാണ്. മതങ്ങള്‍ ദൈവത്തിനു പേരിടുന്ന പ്രസ്ഥാനങ്ങളാണ്. ഞാനും എന്നിലുമായതിനെ എന്തിനു തേടിപ്പോകണം എന്ന സുബുദ്ധി നമുക്ക് കൈമോശം വന്നുപോയി. എന്തൊരു നഷ്ടമാണിത് എന്ന് ചൂണ്ടിക്കാണിക്കാന്‍ കൂടലിനെപ്പോലെ ചിലരുള്ളത് നമ്മുടെ ഭാഗ്യമെന്ന് നാം അറിയണം, അംഗീകരിക്കണം. ഈ ഒരൊറ്റ അടിസ്ഥാനതത്ത്വത്തില്‍ നിന്ന് അന്വേഷണബുദ്ധിയോടെ നീങ്ങുക മാത്രമേ മനുഷ്യന് ചെയ്യേണ്ടതുള്ളൂ എന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥര്‍ ആധികാരികമായി സാമുവേല്‍ സാറിന് മുഖക്കുറിപ്പായി എഴുതിക്കൊടുത്തിരിക്കുന്നത് ഈ കൃതിയെ ചൈതന്യസംപുഷ്ടമാക്കുന്നു. സര്‍വവ്യാപിയായ ഈശ്വരനിലേയ്ക്കുള്ള ദൂരം വാസ്തവത്തില്‍ പൂജ്യമായിരിക്കെ, അത് മറക്കാന്‍ മനുഷ്യരെ നിര്‍ബന്ധിക്കുന്ന മതങ്ങള്‍ ആത്മാനാശിനികളല്ലാതെ മറ്റെന്താണ് എന്നാണു സാമുവേല്‍ സാര്‍ ചോദിക്കുന്നത്.

    പ്രാര്‍ഥിക്കുക എന്നാല്‍ തനിയെ ഇരിക്കുക എന്നാണ്. പലര്‍ കൂടുന്നത് പല നാമങ്ങള്‍ ഇടകലരുന്നതിന് തുല്യമാണ്. പല നാമങ്ങള്‍ വീണ്ടും കൂടുതലകലത്തെ ഉണ്ടാക്കുന്നു. അതുകൊണ്ട്, നിങ്ങള്‍ അകത്തിരുന്ന് ഉള്ളിലുള്ള ദൈവത്തോട് സംഭാഷിക്കുക എന്ന് യേശു പഠിപ്പിച്ചു.

    ഇതെല്ലാം സനാതനസത്യങ്ങളാണ്. ഇതെല്ലാം വ്യക്തമായ ഗദ്യത്തിലും ഭാവനയുടെ വര്‍ണ്ണങ്ങളില്‍ ചാലിച്ച കവിതാരൂപത്തിലും സാമുവേല്‍ കൂടല്‍ തന്റെ പുതിയ പുസ്തകത്തില്‍ തന്മയത്വത്തോടെ കുറിച്ചുതന്നിരിക്കുന്നു. ഇതൊരു പുതിയ രീതിയാണ്. കവിത വായിക്കാന്‍ താത്പര്യം തോന്നാത്തവര്‍ക്ക് കവിഹൃദയം തുറന്നു വച്ചിരിക്കുന്നു, ഗദ്യഭാഷയില്‍. അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു.

    ഈശനുള്ളിലുണ്ടെന്നാരും പറഞ്ഞു തന്നില്ലാ പള്ളീല്‍
    പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാന്‍?

    ഇന്ന് വിശ്വാസി സമൂഹത്തെ ബാധിച്ചിരിക്കുന്ന എല്ലാ തിമിരങ്ങള്‍ക്കും കാരണം വിവരം കെട്ടുപോയ പൌരോഹിത്യമാണെന്ന് പച്ചമലയാളത്തില്‍ പറയാന്‍ ധൈര്യം കാണിച്ച വന്ദ്യ സാമുവേല്‍ സാറിന് അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു.
    Reply