ആകെ പേജ്‌കാഴ്‌ചകള്‍

2012, ജനുവരി 9, തിങ്കളാഴ്‌ച

സഭയുടെ പന്നി



പണ്ട് പണ്ട്; എന്നുവച്ചാല്‍, സെപ്റ്റിക് കക്കൂസും യൂറോപ്യന്‍ ക്ലോസറ്റും വരുന്നതിനു മുമ്പ് കുഴികക്കൂസുകളാണ് ഉണ്ടായിരുന്നത്. അരമനകളില്‍ തിരുമേനിമാരും മോണ്‍സിഞ്ഞോര്‍മാരും അരമനവാസികളായ കത്തനാരന്മാരും നിത്യകര്‍മ്മം നിര്‍വ്വഹിക്കുന്നത് കുഴിക്കക്കൂസുകളിലായിരുന്നു. ധാതുഭുഷ്ടിയുള്ള വിസര്‍ജ്യവസ്തുക്കള്‍ ആഹരിക്കുന്നതിന് കുഴിയില്‍ നാടന്‍ പന്നികള്‍ ഉണ്ടായിരുന്നു.
അങ്ങനെ കാര്യം സുഗമമായി നടന്നുപോരുമ്പോള്‍ ഒരു പന്നി കുഴിയില്‍നിന്നും പുറത്തുചാടി. തിരുമേനി കല്പിച്ചിട്ടും പന്നി എല്ലാം കുത്തിമറിച്ച് അരമനവളപ്പിലൂടെ ഓടുകയാണ്. കാര്യം ഗുരുതരമാകയാല്‍ കൂട്ടമണി അടിച്ചു. വിശ്വാസികള്‍ എത്തി. 'സഭയുടെ പന്നിയാണ്, പിടിക്കണം' എന്ന് തിരുമേനി കല്പിച്ചു. വിശ്വാസികള്‍ പന്നിക്കു പുറകെ ഓടി. പന്നി അടുത്തുള്ള ആറ്റിലേക്ക് ചാടി.
''സഭയുടെ പന്നി'' ആറ്റിലൂടെ ഒഴുകുന്നത് കണ്ടുസഹിക്കാന്‍ അവശ ക്രൈസ്തവനും മരംവെട്ടുതൊഴിലാളിയുമായ മര്‍ക്കോസിന് കഴിഞ്ഞില്ല. അവന്‍ ആറ്റിലേക്ക് എടുത്തുചാടി, 'സഭയുടെ പന്നി'യുമായി കരയ്‌ക്കെത്തി. പന്നിയെ വീണ്ടും കുഴിക്കക്കൂസില്‍ പ്രവേശിപ്പിച്ചു.

 അരമനപറമ്പിലൂടെ തടിവെട്ടാന്‍ പോകുന്ന മര്‍ക്കോസ് പലപ്പോഴും കുഴിക്കക്കൂസിന് അടുത്തുനിന്ന് താന്‍ രക്ഷിച്ച, സഭയുടെപന്നിയെ സന്തോഷത്തോടെ കാണുമായിരുന്നു. കാലം പിന്നെയും കഴിഞ്ഞു. ഒരു ദിവസം മര്‍ക്കോസ് ചെല്ലുമ്പോള്‍ കുഴിയില്‍ പന്നിയെ കാണുന്നില്ല. മര്‍ക്കോസ് പന്നിയെക്കുറിച്ച് കുശ്ശിനിക്കാരനോട് അന്വേഷിച്ചു. കുശ്ശിനിക്കാരന്‍ പറഞ്ഞു: 'മിനിഞ്ഞാന്ന് തിരുമേനിയുടെ ജന്മദിനമായിരുന്നു. മൂന്നാല് മെത്രാന്മാരും മോണ്‍സിഞ്ഞോര്‍മാരും അച്ചന്മാരും ഊണിന് ഉണ്ടായിരുന്നു. ഒരു വലിയ 'വങ്കേത്തി' (Banquet) നടന്നു. പന്നി പീഞ്ഞാലി ആയിരുന്നു മുഖ്യ വിഭവം.' മര്‍ക്കോസ് രക്ഷിച്ച പന്നിയെ ആണ് കൊന്നത് എന്നും കുശ്ശിനിക്കാരന്‍ പറഞ്ഞു. മര്‍ക്കോസിന് ദുഃഖം തോന്നി.
കാലം പിന്നെയും കഴിഞ്ഞു. വീണ്ടും ഒരു പന്നി കുഴിക്കക്കൂസില്‍ നിന്ന് സ്വയം മോചിതനായി ഓട്ടം ആരംഭിച്ചു. വീണ്ടും കൂട്ടമണി അടിച്ചു. വിശ്വാസികളെയെല്ലാം കണ്ട് വെറളിപൂണ്ട പന്നി ആറ്റില്‍ ചാടി. വിശ്വാസികള്‍ ആറ്റില്‍ ചാടാന്‍ ഒരുങ്ങി. മര്‍ക്കോസ് മുമ്പോട്ടുവന്ന് വിളിച്ചുപറഞ്ഞു: ''പന്നി ആറ്റില്‍ ചാടുമ്പോള്‍ അച്ചന്മാര്‍ പറയും, പന്നി സഭയുടേതാണ് എന്ന്, കരയ്ക്കുകയറ്റിയാല്‍ അത് മെത്രാന്‍ തിരുമേനിയുടേതാകും. അതിനെ കൊന്നുതിന്നുമ്പോള്‍ ഒരു കഷണംപോലും നമുക്കു തരില്ല. ഇനി ജീവന്‍ കളഞ്ഞ് ആരും പന്നിക്കു പുറകെ ആറ്റില്‍ ചാടണ്ട. തിരുമേനിമാര്‍ തനിയെ ചാടി പന്നിയെ കരയ്ക്ക് എത്തിക്കട്ടെ!!'' ഇതുംപറഞ്ഞ് മര്‍ക്കോസ് കോപാകുലനായി നടന്നു.
ഒന്നാം വിമോചനസമരകാലത്ത് പള്ളിക്കൂടങ്ങള്‍ സഭയുടേതായിരുന്നു. സമരം കഴിഞ്ഞപ്പോള്‍ കോര്‍പ്പറേറ്റ് മാനേജര്‍മാരുടെയും അച്ചന്മാരുടെയും.
ഇപ്പോഴിതാ തിരുമേനിമാര്‍ പറയുന്നു: വിദ്യാലയങ്ങള്‍ സഭയുടേതാണ് എന്ന്. ഇതെല്ലാം കേള്‍ക്കുന്ന ജനം മൂക്കത്ത് വിരല്‍ വയ്ക്കുന്നു.



ഓശാനമാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നത്. തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പുലിക്കുന്നന്റെ ഫലിതകഥാസ്ത്രങ്ങള്‍ എന്ന ഗ്രന്ഥത്തില്‍നിന്ന്