ആകെ പേജ്‌കാഴ്‌ചകള്‍

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

'ചര്‍ച്ച് ആക്ടും' കേരളസഭയുടെ പരമ്പരാഗത പള്ളിയോഗസമ്പ്രദായവും


'ചര്‍ച്ച് ആക്ടും' കേരളസഭയുടെ പരമ്പരാഗത പള്ളിയോഗസമ്പ്രദായവും
ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയിലുള്ള നിയമപരിഷ്‌ക്കരണ കമ്മീഷന്‍, സുപ്രധാന ശിപാര്‍ശകളോടെ 'കേരളീയ ക്രിസ്തീയ സഭകള്‍വക ഭൗതികവസ്തുക്കളുടെയും സ്ഥാപനങ്ങളുടേയും ട്രസ്റ്റ് ബില്ലി' (The Kerala Christian Church Properties and Institutions Trust Bill)ന്റെ ഡ്രാഫ്റ്റ് കേരളാഗവണ്‍മെന്റിനു സമര്‍പ്പിച്ചതുമുതല്‍, കേരളത്തിലെ കത്തോലിക്കാസഭാധികാരികള്‍ വല്ലാത്ത ഭീതിയിലാണ്. കാനോന്‍ നിയമത്തിന്റെ ബലത്തില്‍ ഇടവകകളുടെയും രൂപതകളുുടെയുംവക സകല വസ്തുവകകളുടെയും സ്ഥാപനങ്ങളുടെയുംമേല്‍ തങ്ങള്‍ അനുഭവിച്ചുപോരുന്ന സര്‍വ്വാധികാരിത്വം ചോര്‍ന്ന് അതെല്ലാം വീണ്ടും വിശ്വാസിസമൂഹത്തിന്റെ നിയന്ത്രണത്തിന്‍കീഴില്‍ വരുമോ എന്ന ഭയപ്പാടിലാണവര്‍. പക്ഷേ അതു വെളിയില്‍ പറയാതെ, സഭാസ്വത്തുക്കളും സ്ഥാപനങ്ങളും പിടിച്ചടക്കാന്‍ ഗവണ്‍മെന്റ് നിയമം കൊണ്ടുവരുന്നു എന്നു തെറ്റിദ്ധരിപ്പിച്ച്, വിശ്വാസിസമൂഹത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനുദ്ദേശിച്ചു രൂപംകൊടുത്ത ട്രസ്റ്റ് ബില്ലിനെതിരെ അവരെത്തന്നെ തിരിച്ച് പട നയിക്കാനുള്ള തത്രപ്പാടിലാണ് അവരെല്ലാം. ട്രസ്റ്റ്ബില്ലിലെ ശിപാര്‍ശകള്‍ എന്തൊക്കെയെന്നും അവ വിഭാവനം ചെയ്യുന്ന മാറ്റങ്ങള്‍ എപ്രകാരമുള്ളതാണെന്നും നിഷ്പക്ഷമായി ചര്‍ച്ച ചെയ്യാനോ പഠിക്കാനോ അഭിപ്രായരൂപീകരണം നടത്താനോ സഭാവിശ്വാസികള്‍ക്ക് അവസരം നല്‍കാതെ, അവരുടെയെല്ലാം പ്രാതിനിധ്യം തങ്ങള്‍ക്കുണ്ട് എന്ന ഭാവത്തില്‍, 'ഒരു നിയമപരിഷ്‌ക്കരണവും അനുവദിക്കില്ല' എന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയാണ്, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ ഉള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ മെത്രാന്മാരും ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്.
നിര്‍ദ്ദിഷ്ട ട്രസ്റ്റ് ബില്ലിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍ അതില്‍ വിശദീകരിച്ചിട്ടുള്ളത് ഇങ്ങനെയാണ്:
''സഭകളുടെ ഭൗതികവസ്തുക്കളുടെയും സ്വത്തുക്കളുടെയും കൂടുതല്‍ ജനാധിപത്യപരവും കാര്യക്ഷമവും നീതിപൂര്‍വ്വകവുമായ ഭരണസംവിധാനമാണ് ബില്‍ ലക്ഷ്യം വയ്ക്കുന്നത്. നിയമപ്രകാരം രൂപീകരിക്കുന്ന ക്രിസ്തീയകാരുണ്യട്രസ്റ്റുകളും കമ്മിറ്റികളുമായിരിക്കും സഭാസ്വത്തുക്കളുടെ ഭരണം നടത്തുന്നത്. പുരാതനകാലം മുതലേ സഭയുടെ ഭൗതികവസ്തുക്കള്‍ ട്രസ്റ്റിന്റെ ഭരണസംവിധാനംപോലെ കൈകാര്യം ചെയ്യപ്പെട്ടിരുന്നെങ്കിലും, ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല. അതുകൊണ്ട് ഈ ഭരണസംവിധാനത്തില്‍ നിയമപരമായ അനേകം നൂലാമാലകള്‍ നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സഭകളുടെ ഭൗതികവസ്തുക്കളുടെയും സ്വത്തിന്റെയും ഭരണസംവിധാനത്തിന് ജനാധിപത്യചട്ടക്കൂടുണ്ടാക്കാന്‍ ബില്ല് ലക്ഷ്യം വയ്ക്കുന്നു. അതേസമയം വേദപുസ്തകാധിഷ്ഠിതവും യഥാര്‍ത്ഥക്രിസ്തീയ മാതൃകയ്ക്ക് ചേര്‍ന്നതുമായ ഭരണക്രമമാണ് ബില്‍ വിഭാവനം ചെയ്യുന്നത്.
സഭാസമൂഹത്തെ പല തലങ്ങളായി തിരിച്ച് ട്രസ്റ്റിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് ബില്ല് നിര്‍ദ്ദേശിക്കുന്നത്. ഏറ്റവും താഴത്തെ തലം ഇടവക അല്ലെങ്കില്‍ അടിസ്ഥാനഘടകമാണ്. അതിനു മുകളിലായി രൂപത അല്ലെങ്കില്‍ റവന്യൂ ഡിസ്ട്രിക്റ്റ്. ഏറ്റവും മുകളിലായി സംസ്ഥാനഘടകം. ഈ മൂന്നു തലങ്ങളിലുമുള്ള പ്രതിനിധികളെ ട്രസ്റ്റ് കമ്മിറ്റികള്‍ നിശ്ചയിക്കുന്ന രീതിയില്‍ തിരഞ്ഞെടുക്കേണ്ടതാണ്. ഈ തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ ട്രസ്റ്റ് അംഗങ്ങളെയും ട്രസ്റ്റ് കമ്മിറ്റികളെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കുന്നു.
സഭകളുടെ വിശ്വാസവും ദൈവശാസ്ത്രവും സംബന്ധിച്ച പഠനങ്ങളെയും പാരമ്പര്യങ്ങളെയും പ്രവര്‍ത്തനങ്ങളെയുംപറ്റിയുള്ള കാര്യങ്ങളില്‍ ഇടപെടാനോ അഭിപ്രായം രൂപീകരിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ ഈ ബില്ലിന് ഉദ്ദേശ്യമില്ലെന്നു പ്രസ്താവിക്കുന്നുണ്ട്'' (സ്വന്തം തര്‍ജ്ജമ).
ഈ ട്രസ്റ്റ് ബില്‍ അനുസരിച്ച്:
1. ഓരോ ഇടവകയിലെയും 18 വയസ്സിനുമേലുള്ള എല്ലാ സ്ത്രീ പുരുഷന്മാരും ഇടവക ട്രസ്റ്റ് അസംബ്ലി (ഇടവക പൊതുയോഗം) അംഗങ്ങളാണ്. അവരാണ്, അവര്‍ തെരഞ്ഞെടുക്കുന്ന ട്രസ്റ്റ് കമ്മറ്റിക്കാരിലൂടെയും ട്രസ്റ്റിമാരിലൂടെയും (കൈക്കാരന്മാര്‍) തങ്ങളുടെ പള്ളി സ്വത്തുകളും സ്ഥാപനങ്ങളും പള്ളിയോഗ തീരുമാനപ്രകാരം ഭരിക്കുക. ഇടവക പൊതുയോഗത്തിനും ട്രസ്റ്റ് കമ്മറ്റിയോഗത്തിനും വികാരി ആധ്യക്ഷ്യം വഹിക്കുന്നു.
2. രൂപതാ ട്രസ്റ്റ് അസംബ്ലിയിലേക്ക് ഓരോ ഇടവകയിലെയും 300 കുടുംബങ്ങള്‍ക്ക് ഒന്ന് എന്ന തോതില്‍ പ്രതിനിധികളെ ഇടവകപൊതുയോഗം തെരഞ്ഞെടുത്ത് അയയ്ക്കുന്നു. ഈ രൂപതാ ട്രസ്റ്റ് അസംബ്ലി തങ്ങളില്‍നിന്ന് 25 പേരുടെ ഒരു രൂപതാ ട്രസ്റ്റ് കമ്മറ്റിയെ തെരഞ്ഞെടുക്കുന്നു. ഈ കമ്മറ്റിയാണ് രൂപതാ സ്വത്തുകളുടെയും സ്ഥാപനങ്ങളുടെയും ഭരണം നിര്‍വഹിക്കേണ്ടത്. രൂപതാ ട്രസ്റ്റ് അസംബ്ലിയുടെയും ട്രസ്റ്റ് കമ്മറ്റിയുടെയും യോഗങ്ങള്‍ക്ക് മെത്രാനാണ് ആധ്യക്ഷ്യം വഹിക്കുന്നു.
3. ആകമാന വ്യക്തിസഭാതല ട്രസ്റ്റ് അസംബ്ലിയിലേക്ക് (ഉദാ: സീറോ-മലബാര്‍ സഭ) ഓരോ ഇടവകയും ഓരോ അംഗത്തെ തെരഞ്ഞെടുത്ത് അയയ്ക്കുന്നു (കുടുംബങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവനുസരിച്ച് പ്രതിനിധികളുടെ എണ്ണം കൂടാം). വ്യക്തിസഭകളുടെ ഭൗതിക ഭരണനിര്‍വഹണം ഈ ട്രസ്റ്റ് അസംബ്ലി തെരഞ്ഞെടുക്കുന്ന 101 അംഗങ്ങളുടെ ട്രസ്റ്റ് കമ്മറ്റിയില്‍ നിക്ഷിപ്തമാണ്. യോഗങ്ങളുടെ അധ്യക്ഷന്‍ ആകമാനവ്യക്തിസഭകളുടെ തലവനായിരിക്കും.
എല്ലാ തലങ്ങളിലും തെരഞ്ഞെടുക്കപ്പെടുന്ന ആഭ്യന്തര കണക്കു പരിശോധകര്‍ (internal auditors) ഉണ്ടായിരിക്കും. രൂപതാ തലത്തിലും വ്യക്തിസഭാ തലത്തിലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെക്കൊണ്ടും കണക്കുകള്‍ പരിശോധിപ്പിക്കണം. എല്ലാ തലത്തിലുമുള്ള കണക്കുകള്‍ സര്‍ക്കാര്‍ സെക്രട്ടറിയുടെ പദവിയോടെ ഗവണ്‍മെന്റ് നിയോഗിക്കുന്ന സഭാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുകയും വേണം.
--ചര്‍ച്ച് ആക്ടിന്റെ രത്‌നച്ചുരുക്കം ഇതാണ്.
ഇങ്ങനെ, ഇടവകതലത്തിലും രൂപതാതലത്തിലും സംസ്ഥാനതലത്തിലും വിശ്വാസിസമൂഹത്തിന്റെ പ്രതിനിധികളുടേതായ ട്രസ്റ്റുകള്‍ രൂപീകരിക്കണമെന്നും സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണത്തിന് ഈ ട്രസ്റ്റുകളെ ചുമതലപ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്തുള്ള ഒരു നിയമനിര്‍മ്മാണമാണിത്. 'വിശ്വാസികളുടെ കൂട്ടായ്മ'യാണല്ലോ സഭ. അങ്ങനെയെങ്കില്‍, സഭയുടെ സ്വത്തും സ്ഥാപനങ്ങളും അതതുതലങ്ങളില്‍ വിശ്വാസികളുടെ കൂട്ടായ്മ (സഭ)കള്‍ തന്നെ ഭരിക്കുന്ന സമ്പ്രദായം കൂടുതല്‍ സഭാത്മകമാണെന്നു വരുന്നു.
സഭയിലെ ഭൗതികകാര്യങ്ങളുടെ കൈകാര്യകര്‍ത്തൃത്വം വിശ്വാസിസമൂഹം തിരഞ്ഞെടുക്കുന്ന സമിതിയെ ഏല്പിക്കണമെന്നത് പന്ത്രണ്ടുശ്ലീഹന്മാരുംചേര്‍ന്ന് വിശ്വാസിസമൂഹത്തോടു പ്രഖ്യാപിച്ച ആദ്യത്തെ ശ്ലൈഹികനിയമമാണ്. ബൈബിളില്‍ ആ പ്രഖ്യാപനം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ''ആ പന്ത്രണ്ടുപേര്‍ ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: 'ഞങ്ങള്‍ ദൈവവചനപ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെടുന്നതു ശരിയല്ല. അതിനാല്‍, സഹോദരരേ, നിങ്ങളുടെ ഇടയില്‍നിന്നും സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം'' (അപ്പോ.പ്രവ. 6:2-4). സഭയിലെ ആദ്ധ്യാത്മിക പ്രവര്‍ത്തനമേഖലയെയും ഭൗതികപ്രവര്‍ത്തനമേഖലയെയും വ്യക്തമായി വേര്‍പെടുത്തിക്കൊണ്ട് ശ്ലീഹന്മാര്‍ നടത്തിയ ഈ പ്രഖ്യാപനത്തെ സഭാസമൂഹം സഹര്‍ഷം സ്വാഗതം ചെയ്തു എന്ന്, 'അവര്‍ പറഞ്ഞത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു' എന്ന തുടര്‍വാക്യത്തില്‍നിന്നും മനസ്സിലാക്കാം.
'പഴയ റോമന്‍ ചക്രവര്‍ത്തിമാരുടെ സ്വേച്ഛാധിപത്യമനോഭാവം' സഭയിലേക്കു കടന്നുകയറിയതോടെയാണ് സഭാനടത്തിപ്പിനെ സംബന്ധിച്ച ഈ ശ്ലൈഹികനിയമം കാറ്റില്‍ പറത്തപ്പെട്ടതും, അതിനു നേര്‍വിരുദ്ധമായി, ആദ്ധ്യാത്മിക ശുശ്രൂഷകരായിരിക്കേണ്ട സഭാമൂപ്പന്മാര്‍ സഭയുടെ ഭൗതികഭരണാധികാരികളുംകൂടി ആകുകയും ചെയ്തത്. യേശു നിരാകരിക്കുകയും അരുതെന്നു വിലക്കുകയും ചെയ്ത (മത്താ. 20:25-26) ശ്രേണീബദ്ധമായ റോമന്‍ അധികാരഘടനയ്‌ക്കെതിര്‍ദിശയില്‍ രൂപംകൊണ്ടു വളര്‍ന്നുവന്ന സഭയെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കിക്കൊണ്ട്, അതേ റോമന്‍ ഹയരാര്‍ക്കിക്കല്‍ അധികാരഘടന സഭയിലേക്കു സന്നിവേശിപ്പിക്കുകയാണ് റോമന്‍ ചക്രവര്‍ത്തിമാര്‍ ചെയ്തത്. ''വെള്ളിയും പൊന്നും എനിക്കില്ല'' (അപ്പോ.പ്രവ. 3:6) എന്നുപറഞ്ഞ പത്രോസിന്റെ പില്‍ക്കാല പിന്‍ഗാമി വിസ്തൃതമായ പേപ്പല്‍ സ്റ്റേറ്റിന്റെ ഭരണാധികാരിയായി. സഭ രാജകീയ സംവിധാനങ്ങള്‍ക്കു വിധേയപ്പെട്ട ഈ കാലഘട്ടത്തെക്കുറിച്ച് സഭാചരിത്രകാരനായ റവ. ഡോ. സേവ്യര്‍ കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: ''മാര്‍പ്പാപ്പാ പേപ്പല്‍ സ്റ്റേറ്റിന്റെ അധിപനാകുകയും ക്രമേണ ഒരു സാമ്രാജ്യാധിപന്റെ സ്ഥാനത്തേക്ക് വളരുകയും ചെയ്തതോടെ സഭാനേതൃത്വത്തിന്റെയും ഭരണസംവിധാനങ്ങളുടെയും സര്‍വ്വോപരി കേന്ദ്രീകൃതനിയമസംഹിതകളുടെയും കാലഘട്ടമായി. ഗ്രിഗറി ഏഴാമന്‍ പാപ്പാ (1073-1085) കേന്ദ്രീകൃതസംവിധാനത്തിന്റെ മുഖ്യശില്പിയായി. പഠനകേന്ദ്രങ്ങളൊക്കെ കാനോന്‍ നിയമക്രോഡീകരണത്തിന് പരമപ്രാധാന്യം നല്‍കി'' ('തിരുസഭാചരിത്രം' - പുതിയ പതിപ്പ്, 45-ാം അധ്യായത്തില്‍നിന്ന്).
കരടുബില്ലിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളില്‍ പ്രസ്താവിച്ചിരിക്കുന്നതുപോലെ, 'പുരാതനകാലം മുതലേ സഭയുടെ ഭൗതികവസ്തുക്കള്‍ ട്രസ്റ്റിന്റെ ഭരണസംവിധാനം പോലെയാണ് കൈകാര്യം ചെയ്യപ്പെട്ടിരുന്നത്' എന്ന വസ്തുത സഭാചരിത്രകാരന്മാരെല്ലാം അംഗീകരിച്ചിട്ടുള്ളതാണ്. ആദിമസഭയില്‍ ഭൗതികകാര്യങ്ങളുടെ നടത്തിപ്പ് മുമ്പു സൂചിപ്പിച്ച ശ്ലൈഹിക നിയമമനുസരിച്ച് വിശ്വാസിസമൂഹം തിരഞ്ഞെടുക്കുന്നവരുള്‍പ്പെട്ട ട്രസ്റ്റ് ശൈലിയിലുള്ള സമിതികളുടെ ഉത്തരവാദിത്വത്തിലായിരുന്നു എന്ന് ബൈബിളില്‍നിന്നുതന്നെ മനസ്സിലാക്കാം. കേരളസഭയിലും അത് 16-ാം നൂറ്റാണ്ടുവരെ അപ്രകാരമായിരുന്നു എന്ന് എല്ലാ സഭാചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കേരളസഭയുടെ ഈ പൂര്‍വ്വപാരമ്പര്യത്തെക്കുറിച്ച് റവ. ഡോ. സേവ്യര്‍ കൂടപ്പുഴ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: ''ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹംതന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല, ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍നിന്ന് തല്‍ക്കാലത്തേക്കു പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു.
പ്രാദേശിക താല്പര്യമുള്ള വിഷയങ്ങളെപ്പറ്റി പല ഇടവകകളുടെ പ്രതിപുരുഷന്മാര്‍ ഒരുമിച്ചുകൂടി തീരുമാനമെടുത്തിരുന്നു. പൊതുതാല്പര്യമുള്ള കാര്യങ്ങള്‍ എല്ലാ ഇടവകകളിലെയും പ്രതിനിധികള്‍ ഒരുമിച്ചുകൂടിയാണ് തീരുമാനിച്ചിരുന്നത്'' (ഭാരതസഭാചരിത്രം, പേജ്: 198-199).
കേരള ക്രൈസ്തവരുടെ സഭാഭരണസമ്പ്രദായമനുസ്സരിച്ച്, സഭയുടെ ഭൗതികകാര്യങ്ങളുടെ കൈകാര്യകര്‍ത്തൃത്വം മെത്രാന്മാര്‍ക്കോ വൈദികര്‍ക്കോ ആയിരുന്നില്ലെന്നും മറിച്ച്, വിശ്വാസിസമൂഹത്തിനായിരുന്നുവെന്നുമുള്ള ഈ ചരിത്രവസ്തുത റവ. ഡോ. എ.എം. മുണ്ടാടന്‍ (സി.എം.ഐ.), റവ. ഡോ. പ്ലാസിഡ് പൊടിപാറ (സി.എം.ഐ.), റവ. ഡോ. ജോസ് കുറിയേടത്ത്, റവ. ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എന്നിങ്ങനെ വേറെയും ഒട്ടുവളരെ സഭാചരിത്രകാരന്മാര്‍ ആധികാരിക പഠനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്.
'സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പ്രസ്പഷ്ടമാക്കുന്ന' കേരള ക്രൈസ്തവരുടെ പല തട്ടുകളുള്ള ഈ പള്ളിയോഗസമ്പ്രദായം അറിയപ്പെട്ടിരുന്നത് 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' (മാര്‍ത്തോമ്മായുടെ നിയമം- Law of Thomas) എന്നാണ്. ഇപ്പോള്‍ തൃശ്ശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്താ ആയ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഈ സഭാസമ്പ്രദായത്തെക്കുറിച്ച്, 'Law of Thomas' എന്ന പേരില്‍ ഒരു പഠനഗ്രന്ഥംതന്നെ എഴുതിയിട്ടുണ്ട്. ''മാര്‍ത്തോമ്മായുടെ നിയമം ഒരു ക്രൈസ്തവജീവിതസമ്പ്രദായമെന്ന നിലയില്‍, ക്രിസ്തുവിലും അവിടുത്തെ പ്രബോധനങ്ങളിലും അധിഷ്ഠിതമായിരുന്നു'' എന്നാണ് അദ്ദേഹമതില്‍ വ്യക്തമാക്കിയിട്ടുള്ളത്. കേരളക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യപ്രകാരമുള്ള സഭാഭരണസമ്പ്രദായം എപ്രകാരമുള്ളതായിരുന്നു എന്ന് അതില്‍ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: ''സഭയുടെ ഭരണം നടത്തിയിരുന്നത് 'യോഗം' എന്നറിയപ്പെട്ടിരുന്ന മാര്‍ത്തോമ്മാ ക്രൈസ്തവരുടെ സംഘമായിരുന്നു. മൂന്നുതരം യോഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇടവകയോഗം, പ്രാദേശികയോഗം, പൊതുയോഗം. (മലബാര്‍/മലങ്കരസഭയുടെ മഹായോഗം അഥവാ പൊതുയോഗം അല്ലെങ്കില്‍ പള്ളിയോഗം')' (Law of Thomas, page : 41-42, തര്‍ജ്ജമ സ്വന്തം).
നിര്‍ദ്ദിഷ്ട ട്രസ്റ്റ്ബില്‍ വിഭാവനം ചെയ്തിരിക്കുന്നത് 'മാര്‍ത്തോമ്മായുടെ നിയമ'ത്തിന്റെ അതേ മാതൃകയില്‍ മൂന്നു തലങ്ങളിലുള്ള യോഗസമ്പ്രദായമാണ് എന്ന് അതു പഠിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാകും. ചുരുക്കത്തില്‍, കേരള ക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യമായ മാര്‍ത്തോമ്മായുടെ നിയമത്തിന്റെ കാലാനുസൃതമായ പുനരാവിഷ്‌കാരമാണ് ഈ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്.
കേരളക്രൈസ്തവരുടെ തനിമതന്നെ മാര്‍ത്തോമ്മായുടെ നിയമമാണ്. അതെക്കുറിച്ച് ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ് : ''അവരുടെ (കേരള ക്രൈസ്തവരുടെ) പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുക 'മാര്‍ത്തോമ്മായുടെ നിയമം' (തോമായുടെ മാര്‍ഗ്ഗം) എന്ന പദസമുച്ചയത്തില്‍ അടങ്ങിയിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയില്‍ പ്രത്യേകം പ്രകടമാകുന്ന മുഴുവന്‍ ക്രൈസ്തവ പൈതൃകവും അതില്‍ അന്തര്‍ലീനമാണ്. ഒരു ജീവിക്കുന്ന ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്‌ക്കാരമാണ് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം... മാര്‍ത്തോമ്മായുടെ നിയമത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത അതു പൂര്‍ണ്ണമായും ക്രൈസ്തവമായിരുന്നു എന്നതാണ്'' (Acts of the Synod of Bishops of the Syro-Malabar Church, page 71-72, തര്‍ജ്ജമ സ്വന്തം).
കേരളക്രൈസ്തവരുടെ അമൂല്യമായ പൂര്‍വ്വപാരമ്പര്യമായി ഇവരെല്ലാം ഉയര്‍ത്തിക്കാട്ടുന്ന 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' ഈ സഭയില്‍ പുനഃസ്ഥാപിച്ച് സഭയെ ക്രിസ്തുവല്‍ക്കരിക്കണമെന്ന് കേരളത്തിലെ പ്രബുദ്ധരായ കത്തോലിക്കാ വിശ്വാസികള്‍ ഒറ്റയ്ക്കും കൂട്ടായും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പ്രത്യേകിച്ചും രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം ഈ ആവശ്യം അവര്‍ കൂടുതല്‍ ശക്തമായി ഉന്നയിക്കുകയും അനവധി നിവേദനങ്ങള്‍ കേരള സഭാധികൃതര്‍ക്കും മാര്‍പ്പാപ്പാമാര്‍ക്കും സമര്‍പ്പിക്കുകയുമുണ്ടായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളില്‍ പൗരസ്ത്യദേശത്തെ സഭകള്‍ക്കുവേണ്ടിയുള്ള പ്രത്യേക ഡിക്രിയുടെ പിന്‍ബലത്തോടെയായിരുന്നു അവ സമര്‍പ്പിക്കപ്പെട്ടത്. പ്രസ്തുത ഡിക്രി ഇങ്ങനെയാണ്: ''പൗരസ്ത്യദേശത്തെ സഭകള്‍ക്കും പാശ്ചാത്യദേശത്തുള്ള സഭകളെപ്പോലെതന്നെ, അവരവരുടെ പ്രത്യേക ശിക്ഷണക്രമങ്ങളനുസരിച്ച് സ്വയം ഭരിക്കുന്നതിനുള്ള അവകാശവും കടമയുമുണ്ട് എന്ന് ഈ കൗണ്‍സില്‍ പ്രഖ്യാപിക്കുന്നു. എന്തുകൊണ്ടെന്നാല്‍, അവ പൗരാണികപാരമ്പര്യങ്ങളാല്‍ ദൃഢതനേടിയിട്ടുള്ളതും ആ സഭകളിലെ വിശ്വാസികളുടെ ആചാരങ്ങളുമായി കൂടുതല്‍ ചേര്‍ന്നുപോകുന്നതും അവരുടെ ആത്മാക്കള്‍ക്ക് ഗുണകരവുമാണ്.
തങ്ങളുടെ ശരിയായ ആരാധനാസമ്പ്രദായങ്ങളും ജീവിതരീതികളും കാത്തുസൂക്ഷിക്കാമെന്നും അങ്ങനെ ചെയ്യേണ്ടതുണ്ടെന്നും പൗരസ്ത്യദേശത്തുള്ള സഭകളിലെ എല്ലാ അംഗങ്ങളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ. ജൈവപരമായ വികാസത്തിനുവേണ്ടിയുള്ള മാറ്റങ്ങള്‍ മാത്രമേ അവയില്‍ വരുത്താവൂ. ഇതെല്ലാം അങ്ങേയറ്റത്തെ അര്‍പ്പണബോധത്തോടെ അവരവര്‍തന്നെ നിര്‍വ്വഹിക്കേണ്ടതാണ്. തങ്ങളുടെ ആരാധനാരീതികളെക്കുറിച്ചുള്ള അറിവിലും അവയുടെ ആചരണത്തിലുമുള്ള സമ്പൂര്‍ണ്ണതയായിരിക്കണം അവരുടെ എപ്പോഴത്തെയും ലക്ഷ്യം. അവയില്‍നിന്നു കാലത്തിന്റെയോ വ്യക്തികളുടെയോ ആയ സാഹചര്യങ്ങളാല്‍ വ്യതിചലിച്ചു പോയിട്ടുണ്ടെങ്കില്‍, തങ്ങളുടെ പൗരാണിക പാരമ്പര്യങ്ങളിലേക്കു തിരിച്ചുപോകാന്‍ അവര്‍ പരിശ്രമിക്കേണ്ടതാണ്'' (Vatican Council II: OE-5, 6: സ്വന്തം തര്‍ജ്ജമ).
ഈ വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖപ്രകാരം കേരളക്രൈസ്തവര്‍ക്ക് അവരുടെ പൂര്‍വ്വസഭാപാരമ്പര്യമായ 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടു'മെന്ന ശ്ലൈഹിക നിയമമനുസരിച്ചുള്ള പള്ളിയോഗസഭാസമ്പ്രദായം വീണ്ടെടുക്കാവുന്നതാണ്; വീണ്ടെടുക്കേണ്ടതുമാണ്. പക്ഷേ, പാശ്ചാത്യസമ്പ്രദായംവഴി തങ്ങള്‍ക്കു ലഭിച്ച അധികാരസുഖം നഷ്ടപ്പെടുത്തുവാന്‍, ഇവിടുത്തെ മെത്രാന്മാര്‍ക്കും പുരോഹിതാധികാരികള്‍ക്കും ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ, രണ്ടാം വത്തിക്കാന്‍ പ്രമാണരേഖകള്‍ക്കെതിരെ, സഭാനവീകരണത്തിനായി അതു തുറന്നിട്ട വാതിലുകള്‍ക്കെതിരെ, അവര്‍ കണ്ണും കാതും അടച്ചു. എന്നാല്‍, വിശ്വാസിസമൂഹത്തിലെ ചിന്തിക്കുന്ന ഒരു വലിയ വിഭാഗം അതിനായി മുറവിളി കൂട്ടിക്കൊണ്ടിരുന്നു. ഇതിനിടയില്‍, എല്ലാവരുടെയും വയാടപ്പിക്കാനും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളെ അപ്രസക്തമാക്കാനുമായി, പാശ്ചാത്യ സഭക്കുള്ള കാനോന്‍നിയമത്തെ അനുകരിച്ച് റോമില്‍ രൂപംകൊടുത്ത 'പൗരസ്ത്യ കാനോന്‍നിയമം' കേരളസഭയിലും അടിച്ചേല്പിക്കപ്പെട്ടു. അതനുസരിച്ച്, വിശ്വാസിസമൂഹത്തിന് സഭാസ്വത്തുക്കളുടെയോ സ്ഥാപനങ്ങളുടെയോമേല്‍ ഉടമസ്ഥതയോ ഭരണാവകാശമോ ഇല്ല. കത്തോലിക്കാസഭയുടെ ലോകമാസകലമുള്ള സകല സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും പരമോന്നതഭരണാധികാരി മാര്‍പ്പാപ്പാ ആണെന്ന രാജകീയ അധികാരസങ്കല്പത്തില്‍ രൂപംകൊടുത്ത ഈ നിയമത്തില്‍ മെത്രാന്മാരുടെ സ്ഥാനം നാട്ടുരാജാക്കന്മാരുടേതിനോടു തുല്യമാണ്.
കാനോന്‍നിയമം 191-ാം വകുപ്പില്‍ മെത്രാന്റെ അധികാരത്തെ ഇങ്ങനെയാണു നിര്‍വ്വചിച്ചിരിക്കുന്നത്: ''തന്നെ ഭരമേല്‍പ്പിച്ചിരിക്കുന്ന രൂപതയെ, രൂപതാമെത്രാന്‍, നിയമനിര്‍മ്മാണാധികാരത്തോടും നിയമനിര്‍വ്വഹണാധികാരത്തോടും നിയമവ്യാഖ്യാനാധികാരത്തോടുംകൂടി ഭരിക്കുന്നു''. ലോകത്തിലെ ഒരു ഭരണാധികാരിക്കും ഇല്ലാത്തത്ര സമഗ്രമായ അധികാരം മെത്രാന്മാര്‍ക്ക് പതിച്ചുനല്‍കിയിരിക്കുന്ന ഈ കാനോന്‍നിയമം എങ്ങനെയാണ് ക്രൈസ്തവമാകുന്നത്? അത് അങ്ങേയറ്റം വചനവിരുദ്ധവും എല്ലാ തദ്ദേശീയ സഭാപാരമ്പര്യങ്ങളെയും കുഴിച്ചുമൂടാന്‍ ഉദ്ദേശിച്ചുള്ളതുമാണ്. ഈ നിയമമനുസ്സരിച്ച് സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയുമെല്ലാം യഥാര്‍ത്ഥ ഉടമകളായ വിശ്വാസിസമൂഹം 'മെത്രാന്‍രാജാക്ക'ന്മാരുടെ അവകാശങ്ങളേതുമില്ലാത്ത കേവലം പ്രജകള്‍ മാത്രം! ആദ്യമാര്‍പ്പാപ്പാ 'തെരഞ്ഞെടുക്കപ്പെട്ട വര്‍ഗ്ഗവും രാജകീയ പുരോഹിതഗണവും' (1 പത്രോ. 2:9) എന്നു വിശേഷിപ്പിച്ച വിശ്വാസിസമൂഹത്തെ ആധുനിക മാര്‍പ്പാപ്പാമാരുടെ കാനോന്‍നിയമം ഒന്നുമല്ലാത്ത അടിമവര്‍ഗ്ഗമാക്കിയിരിക്കുന്നു! ആചാര്യന്മാരും ഗുരുക്കന്മാരും പ്രബോധകരുമായിരിക്കാന്‍ വിളിക്കപ്പെട്ട ആദ്ധ്യാത്മിക ശുശ്രൂഷകര്‍ - രാജകീയതയുടെയും പൗരോഹിത്യത്തിന്റെയും ഉടയാടകളണിഞ്ഞുനിന്ന്, ആര്‍ക്കും ചോദ്യം ചെയ്യാനാകാത്തവിധം യേശുവിന്റെ പേരില്‍ അധികാരഭരണം നടത്തുന്നു!
ഈ സമഗ്രാധികാര സമ്പ്രദായത്തിന്‍കീഴില്‍ ജനാധിപത്യമൂല്യങ്ങള്‍ക്കോ സുതാര്യതയ്‌ക്കോ ഇടമുണ്ടാവില്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. പൗരസ്ത്യ കാനോന്‍നിയമത്തിന്‍കീഴില്‍ സീറോ മലബാര്‍സഭ രൂപംകൊടുത്ത 'പള്ളിയോഗ നടപടിക്രമങ്ങള്‍' പ്രകാരം, 'ഇടവകവികാരിയെ ഉപദേശിക്കാനും സഹായിക്കാനും... അദ്ദേഹത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചുള്ളതാണ് പള്ളിയോഗം' (പള്ളിയോഗ നടപടിക്രമങ്ങള്‍ : ഭാഗം I ഖണ്ഡം 2). അതായത്, അതൊരു ഉപദേശകസമിതി മാത്രമാണ്; തീരുമാനങ്ങളെടുത്തു നടപ്പാക്കാനുള്ള അധികാരം അതിനില്ല. ഇത്തരം ഉപദേശകസമിതികള്‍ രാജഭരണസംവിധാനത്തിലും ഉണ്ടായിരുന്നു എന്നോര്‍ക്കുക.
ചുരുക്കത്തില്‍, 'നസ്രാണികള്‍' എന്നറിയപ്പെട്ടിരുന്ന കേരളക്രൈസ്തവരുടെ സഭാപാരമ്പര്യത്തെയും പൈതൃകത്തെയും തലകുത്തിനിര്‍ത്തി അവതരിപ്പിച്ചിരിക്കുന്നതാണ് ഇന്നത്തെ സഭായോഗങ്ങള്‍. വേണ്ടത് അതല്ല- അവരുടെ തനതു പൈതൃകം പുനഃസ്ഥാപിക്കുക എന്നതുതന്നെയാണ്. ഇതുമായി ബന്ധപ്പെട്ട്, 'നസ്രാണി പൈതൃകത്തിലേക്കു തിരിയുക' എന്ന് കേരളക്രൈസ്തവരെ ആഹ്വാനം ചെയ്തുകൊണ്ട്, പ്രമുഖ സഭാചരിത്രകാരനായ റവ. ഡോ. സേവ്യര്‍ കൂടപ്പുഴ തന്റെ 'തിരുസഭാചരിത്ര'ത്തിന്റെ പുതിയ പതിപ്പിലെഴുതിയിരിക്കുന്ന പ്രസക്തഭാഗംകൂടി ചൂണ്ടിക്കാണിക്കട്ടെ. അദ്ദേഹമെഴുതുന്നു: ''സഭയുടെ നവീകരണത്തിന് സാമ്രാജ്യത്വസംവിധാനത്തിലും, വ്യവസ്ഥിതിയിലുംനിന്ന് വിമോചിതമാകേണ്ടതുണ്ടെന്ന് പരസ്യമായി പ്രസ്താവിച്ച ജോണ്‍ 23-ാമന്‍ പാപ്പാ ആ ലക്ഷ്യപ്രാപ്തിക്കായി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടി. ഈ പശ്ചാത്തലത്തിലാണ് ഭാരതത്തിലെ ശ്ലൈഹിക പാരമ്പര്യമുള്ള 'മാര്‍ത്തോമ്മാ മാര്‍ഗ'ത്തിന്റെ പ്രസക്തി...
ഇപ്പോള്‍ ഭാരതം സ്വതന്ത്രയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനമനുസ്സരിച്ച് (പൗരസ്ത്യസഭകള്‍ 3, 5, എക്യുമെനിസം, 16) സഭകള്‍ക്ക് തുല്യ അവകാശവും കടമകളുമാണ് സഭയിലുള്ളത്. സ്വയംഭരണാവകാശമുണ്ട്. നഷ്ടപ്പെട്ട സഭാപൈതൃകം ഭരണതലത്തില്‍ പുനരുദ്ധരിക്കാന്‍ കടമയും അവകാശവുമുണ്ട്'' (45-ാം അദ്ധ്യായത്തില്‍നിന്ന്).
ഈ അവകാശം പുനരുദ്ധരിക്കാന്‍ ഇന്നത്തെനിലയില്‍ മെത്രാന്മാരുടെ സിനഡാണ് പരിശ്രമിക്കേണ്ടത്. ആ കടമ നിര്‍വ്വഹിക്കാന്‍ അവര്‍ വിമുഖത കാട്ടുമ്പോള്‍ ദൈവജനമായ സഭയ്ക്ക് അതിനുവേണ്ടി പരിശ്രമിക്കാതിരിക്കാനാവില്ല. സഭയിലിന്നു തുടരുന്ന സാമ്രാജ്യത്വ അധികാരസമ്പ്രദായം മാറ്റിയെടുക്കണമെന്ന് ആഗ്രഹിച്ചും അതിനായി യേശുവില്‍ ധൈര്യം അവലംബിച്ചും മുന്നിട്ടിറങ്ങിയ ഈ സഭാസ്‌നേഹികളാണ്, വാസ്തവത്തില്‍, കേരളക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യമനുസരിച്ചുള്ള ഒരു സഭാഭരണക്രമത്തിനു രൂപംകൊടുക്കണമെന്നാവശ്യപ്പെട്ടും ഈ സഭയുടെ പൂര്‍വ്വപാരമ്പര്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കിയും കേരളാഗവണ്‍മെന്റിനെ സമീപിച്ചത്; അല്ലാതെ നിയമനിര്‍മ്മാണത്തിലൂടെ സഭാസ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍വേണ്ടി കമ്യൂണിസ്റ്റുഭരണകൂടങ്ങള്‍ നടത്തിയ ഗൂഢനീക്കമൊന്നും ഇതിനു പിന്നിലില്ല. സഭാവേദികളില്‍ വിശ്വാസികള്‍ നടത്തിയ മുറവിളികള്‍ വനരോദനങ്ങളായി മാറിയ പശ്ചാത്തലത്തിലാണുതാനും, അവരതിനു മുതിര്‍ന്നത്.
അല്ലെങ്കില്‍ത്തന്നെ, ഇന്‍ഡ്യയിലെ മറ്റെല്ലാ മതസമൂഹങ്ങള്‍ക്കുമുള്ളതുപോലെ, ഇവിടുത്തെ ക്രൈസ്തവസമൂഹത്തിനും അവരുടെ മതസമ്പത്തു ഭരിക്കുന്നതിന്, ഭാരതഭരണഘടനയ്ക്കു വിധേയമായുള്ള ഒരു നിയമം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഭാരത കത്തോലിക്കര്‍ വത്തിക്കാന്‍ രാഷ്ട്രത്തിന്റെ പൗരന്മാരായി, അവിടെ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്കു വിധേയരായി, ജീവിക്കേണ്ടവരല്ല. അതുകൊണ്ട്, അവര്‍ സംഭാവന ചെയ്തുണ്ടാക്കിയ അവരുടെ മതസമ്പത്തും സ്ഥാപനങ്ങളും എങ്ങനെ ഭരിക്കണമെന്നു നിയമമുണ്ടാക്കാന്‍ വത്തിക്കാന്‍ രാഷ്ട്രത്തലവനല്ല, മറിച്ച്, ഭാരതത്തിലെ സര്‍ക്കാരുകള്‍ക്കാണവകാശം. മാര്‍പ്പാപ്പായുടെയോ മെത്രാന്മാരുടെയോ ആദ്ധ്യാത്മികാധികാര വിഷയങ്ങളില്‍ കൈകടത്താന്‍ ഈ ബില്ലില്‍ വകുപ്പില്ല എന്ന് അതില്‍ എഴുതിച്ചേര്‍ത്തിട്ടുമുണ്ട്.
അതുകൊണ്ട് വിശ്വാസിസമൂഹത്തില്‍ ഈ ബില്ലിനെതിരെ വ്യാജഭയം സൃഷ്ടിക്കാന്‍ ശ്രമിക്കാതെ, നിര്‍ദ്ദിഷ്ട ശിപാര്‍ശകളില്‍ എന്തെങ്കിലും അപാകതകളോ അക്രൈസ്തവികതയോ ഉണ്ടെങ്കില്‍ അവ വ്യക്തമായി ചൂണ്ടിക്കാട്ടിയുള്ള സൃഷ്ടിപരമായ വിമര്‍ശനവും തിരുത്തലുകളും നടത്തുകയാണ് മെത്രാന്മാര്‍ ചെയ്യേണ്ടത്.
യേശു വിലക്കിയിട്ടുള്ള (മത്താ. 20:25-26) അധികാരഭരണസമ്പ്രദായത്തെ സഭയില്‍ അംഗീകരിക്കാന്‍ അവിടുത്തെ സ്‌നേഹപ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ള ഒരു വിശ്വാസിക്കും സാധ്യമല്ല. കേരള ക്രൈസ്തവരെ സംബന്ധിച്ച്, മാര്‍ത്തോമ്മായുടെ നിയമമനുസരിച്ചുള്ള സഭാഭരണ സമ്പ്രദായം വീണ്ടെടുക്കുക എന്നത് അവരുടെ ക്രൈസ്തവമായ നിലനില്പിന്റെതന്നെ പ്രശ്‌നമാണ്. അതവരുടെ ചരിത്രധര്‍മ്മവുമാണ്. ഈ ധര്‍മ്മനിര്‍വ്വഹണം ഇന്ന് ഈ 'ട്രസ്റ്റ് ബില്ലി'ല്‍ എത്തി നില്‍ക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ, കേരള ക്രൈസ്തവര്‍ അവരുടെ സഭാപൈതൃകം വീണ്ടെടുക്കുക തന്നെ ചെയ്യും''. 

Catholic Reformation: സഭാനവീകരണം - നിലപാടുകള്‍, നിര്‍ദ്ദേശങ്ങള്‍, അവകാശപ്രഖ്യാപനങ്ങള്‍

Catholic Reformation: സഭാനവീകരണം - നിലപാടുകള്‍, നിര്‍ദ്ദേശങ്ങള്‍, അവകാശപ്രഖ്യാപനങ്ങള്‍:

'via Blog this'

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

സഭയില്‍ സംഘടനാ പ്രവര്‍‍ത്തനത്തിന്റെ പ്രസക്തി

സഭയില്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ പ്രസക്തി
ജോര്‍ജ് മൂലേച്ചാലില്‍ 


സഭയിലിന്ന്, 'ആധികാരികാംഗീകാര'മുള്ളവയും വിശ്വാസിസമൂഹത്തിന്റെ മാത്രം അംഗീകാരമുള്ളവയുമായ ഒട്ടനവധി സംഘടനകളുണ്ട്. സാഹചര്യത്തില്‍‍, ഇവയുടെ സാധുതയെയും പ്രസക്തിയെയുംപറ്റി ബൈബിളധിഷ്ഠിതമായി വിലയിരുത്തേണ്ടത്, സഭയിലെ സംഘടനാപ്രവര്‍ത്തനരംഗത്ത് ലക്ഷ്യബോധത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടിയുള്ള ര്‍മ്മപരിപാടികള്‍ രൂപം കൊള്ളാന്‍ആവശ്യമാണെന്നു തോന്നുന്നു.


സുവിശേഷാധിഷ്ഠിത സഭാഘടനയും സംഘടനകളും
ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഏറ്റവും ശുദ്ധമായ രീതിയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത് വിശ്വാസികളെല്ലാം ഏകമനസ്സോടെ ഒരു സമൂഹമായി ജീവിച്ച ആദിമസഭയിലാണെന്നു നമുക്കറിയാം. ക്രിസ്തുവില്‍ ആത്മീയമായി ഐക്യപ്പെട്ട്, ഒരു ശരീരത്തിലെ വിവിധ അവയവങ്ങള്‍പോലെ പരസ്പരപൂരകമായി സ്വധര്‍മ്മനിര്‍വ്വഹണം നടത്തിയായിരുന്നു, ഓരോ വിശ്വാസിയും ആദിമസഭയില്‍ ജീവിതം നയിച്ചത്. ക്രിസ്തുവിന്റെ, 'നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന കല്പനയുടെയും 'മറ്റുള്ളവര്‍ നിനക്ക് എന്തു ചെയ്യണമെന്ന് നീ ആഗ്രഹിക്കുന്നുവോ അതു തന്നെ നീ അവര്‍ക്കും ചെയ്തു കൊടുക്കുക' എന്ന കല്പനയുടെയും പാലനത്തിലൂടെ കൈവന്ന വിശ്വാസികളുടെ ചൈതന്യവത്തായ ഒരുമയായിരുന്നു, ആദിമസഭയെ ഭീകരമായ പീഡനങ്ങള്‍ക്കിടയിലും നിലനിര്‍ത്തിയതും ക്ഷേമശൈ്വര്യങ്ങളിലേക്കു നയിച്ചതും. മനുഷ്യ ചരിത്രത്തില്‍ പ്രായോഗികമാക്കപ്പെട്ടതും വിശ്വാസികള്‍ക്ക് സമൂര്‍ത്തമായി അനുഭവേദ്യമായതുമായ ഈ സാഹോദര്യജീവിതമായിരുന്നു ക്രിസ്തുവിന്റെ പ്രബോധനങ്ങളുടെയെല്ലാം കാതല്‍. അവിടെ വിശ്വാസികളുടെ വൈയക്തികവും സാമൂഹ്യവുമായ ജീവിതത്തെ നിയന്ത്രിച്ചിരുന്നത്, അധികാരികളുടെ ബാഹ്യമായ നിയമങ്ങളായിരുന്നില്ല; മറിച്ച്, ക്രിസ്തുവിന്റെ സുവിശേഷം മൂലം തങ്ങളുടെ ഹൃദയങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ട സ്‌നേഹത്തിന്റെ ആന്തരനിയമങ്ങളായിരുന്നു. ഈ സ്‌നേഹം മുഖമുദ്രയായിട്ടുള്ള ക്രൈസ്തവ ആധ്യാത്മികതയുടെ പ്രചോദനത്താല്‍, 'ഒന്നാമന്മാര്‍' സ്വയം അവസാനക്കാരാകാനും 'അവസാന'ക്കാരുടെ ശുശ്രൂഷകരാകാനും വെമ്പിനിന്ന ഒരു സമൂഹമായിരുന്നു, അത്. ആത്മാവില്‍ ദരിദ്രനായി അഹന്തവെടിഞ്ഞ്, പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാന്‍ ദൈവമക്കളെയെല്ലാം സഹോദരായിക്കണ്ട് കഴിയുംവിധം ശുശ്രൂഷിക്കാന്‍, വ്യഗ്രതനിറഞ്ഞവരുടെ ഒരു സമൂഹം; അതായിരുന്നു ആദിമസഭ.


ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം, സുവിശേഷാധിഷ്ഠിതമായി ഉരുത്തിരിഞ്ഞുവന്ന ഈ സഭാസമൂഹത്തില്‍ ഏതെങ്കിലുമൊരു സംഘടന ഉണ്ടായിരുന്നില്ല എന്നതാണ്. ധാരാളം സ്വയംസന്നദ്ധ ശുശ്രൂഷകരും ശുശ്രൂഷകളുമുണ്ടായിരുന്നു; പക്ഷേ, അവയ്‌ക്കൊന്നും സംഘടനാരൂപമുണ്ടായില്ല. ഇതിനുള്ള കാരണം എന്തായിരിക്കാം എന്നന്വേഷിക്കുമ്പോള്‍, സംഘടനാപരമായ അറിവും കഴിവും പരിചയവുമൊന്നും അപരിഷ്‌കൃതമായിരുന്ന അവരുടെ അന്നത്തെ സാഹചര്യത്തില്‍ ഇല്ലാതിരുന്നതിനാലാവാം എന്നു നാം പെട്ടെന്നു ചിന്തിച്ചെന്നു വരും. എന്നാല്‍, സുവിശേഷത്തില്‍ത്തന്നെ, അന്നുണ്ടായിരുന്ന പല സംഘടനകളുടെയും - സിലെട്ടുകള്‍, സെന്‍ഹെദ്രീന്‍ ലരേ - പരാമര്‍ശങ്ങളുണ്ടെന്നു നമുക്കറിയാം. കൂടാതെ, മോശെയുടെ കാലത്തുതന്നെ, ഇസ്രായേല്‍ ജനതയെ ഗണങ്ങളായി തിരിച്ചും തലവന്മാരെ തിരഞ്ഞെടുത്തും, ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനായുള്ള സുഘടിതമായ സംഘടനാസമ്പ്രദായം ഉരുത്തിരിഞ്ഞിരുന്നു എന്നും പഴയനിയമത്തില്‍ നാം വായിക്കുന്നുണ്ട് ( പുറപ്പാട് 18: 25 27).
അങ്ങനെ, സംഘടനകളുടേതായ ചരിത്രപശ്ചാത്തലമുണ്ടായിരുന്ന ഒരു ജനത സഭാസമൂഹമായി മാറിയപ്പോള്‍ അവിടെ സംഘടനകളില്ലാതാകുന്നതാണു നാം കാണുന്നത്. ഇതിനു കാരണം, ക്രിസ്തു അവതരിപ്പിച്ച നിത്യനൂതനവും ഉദാത്തവുമായ മാനുഷികമൂല്യങ്ങളില്‍ അടിയുറപ്പിച്ച്, ഏകയോഗമായി മുമ്പോട്ടുപോകുന്ന ഒരു സമൂഹത്തിലും പ്രത്യേകം പ്രത്യേകം ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള വേറെ വേറെ സംഘടനകള്‍ ആവശ്യമില്ല എന്നതുതന്നെയാണ്. എന്തുകൊണ്ടന്നാല്‍, സഭ അതില്‍ത്തന്നെ, അതതു സഭാസമൂഹത്തിന്റെ ഒരു തുറന്ന വേദിയും കൂടി ആയിരുന്നു. ആധ്യാത്മികാചാര്യരായിരുന്ന സഭാമൂപ്പന്മാര്‍ ആധ്യക്ഷ്യം വഹിക്കുമായിരുന്ന സഭായോഗങ്ങളില്‍, ആ സഭാസമൂഹത്തിന്റെ വലുതും ചെറുതുമായ ഏതു പ്രശ്‌നത്തെയുംപറ്റി ഓരോ വിശ്വാസിക്കും 'രാജകീയ പുരോഹിതന്‍' എന്ന നിലയില്‍, (പത്രോസ് 2: 9) തികഞ്ഞ ധാര്‍മ്മികാധികാരത്തോടെത്തന്നെ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ അവസരമുണ്ടായിരുന്നു. അത് അഭിപ്രായ സമന്വയങ്ങളിലേക്കും ഏകയോഗക്ഷേമം ഉറപ്പുവരുത്തുന്ന വിവിധ കര്‍മ്മങ്ങളിലേയ്ക്കും സഭാസമൂഹത്തെ നയിച്ചിരുന്നു. ഓരോരോ കാര്യങ്ങള്‍ക്കുവേണ്ടി, വെവ്വേറെയുള്ള സംഘടനകള്‍ക്ക് ആദിമസഭയില്‍ പ്രസക്തിയില്ലാതെ വന്നത് ഇക്കാരണത്താലായിരുന്നു.


കേരളത്തിലെ ആദിമസഭ
റോമന്‍ സാമ്രാജ്യത്തിനുള്ളിലെന്നപോലെതന്നെ, കേരളത്തിലും സമാനരൂപത്തിലുള്ള ആദിമസഭ രൂപപ്പെട്ടു എന്നു നമുക്കറിയാം. ഈ ആദിമനസ്രാണിസഭയുടെ ഘടനാസ്വഭാവത്തെപ്പറ്റിപ്പറയാന്‍ നമുക്ക് അക്കാലഘട്ടത്തിലെ ചരിത്രരേഖകളൊന്നുമില്ലെങ്കിലും, ബൈബിളില്‍ കാണുന്ന ആദിമസഭാസംവിധാനത്തോട് ഏറെ സാദൃശ്യം പുലര്‍ത്തുന്ന ഒരു സഭാസംവിധാനം 16-ാം നൂറ്റാണ്ടിനുശേഷവും ഇവിടെ നിലനിന്നിരുന്നു എന്നതിനുള്ള വ്യക്തമായ തെളിവുകള്‍ നമുക്കുണ്ട്. റവ. ഡോ. സേവ്യര്‍ കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: ''പുതിയനിയമ പശ്ചാത്തലത്തിന്റെ സ്വഭാവസവിശേഷതകളുമായി മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ സഭാഭരണസമ്പ്രദായത്തിനും വളരെ അടുപ്പമുണ്ടായിരുന്നു. അവരുടെ വികേന്ദ്രീകൃതമായ സഭാഭരണരീതി, അപ്പോ.പ്രവ 6: 1 6 വാക്യങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടുള്ളതായിരുന്നു. അപ്പോസ്തലന്മാര്‍ നല്‍കിയ മുന്‍ഗണനയ്ക്കള്ള ഒരു ഉത്തമ മാതൃകയാണ് നാമിവിടെ കാണുന്നത്.'' (Eecclesial Identity of the Thomas Christians, Page 74, സ്വന്തം തര്‍ജമ).
സഭയിലെ യോഗങ്ങളല്ലാതെ, നസ്രാണിസഭയിലും മറ്റു സംഘടനകള്‍ അക്കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. സഭാ സമൂഹത്തില്‍ സര്‍വ്വാശ്ലേഷിതമായി നിലനിന്നിരുന്ന, വിവിധ തട്ടുകളിലുള്ള, നസ്രാണിസഭയുടെ യോഗസമ്പ്രദായത്തിലും മറ്റു സംഘടനകള്‍ക്കു പ്രസക്തിയുണ്ടായിരുന്നില്ല.


സംഘടന എപ്പോള്‍
സഭയില്‍ സംഘടനകള്‍ ആവശ്യമായിവരുന്നത്, സഭയുടെ കൂട്ടായ്മാബോധം തകരുമ്പോഴാണ് എന്നാണ് നമുക്കിതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. സഭ സഭാത്മകമല്ലാതാകുമ്പോള്‍, കൂട്ടായ്മ അല്ലാതാകുമ്പോള്‍, സഭയുടെ അസ്തിവാരം സ്‌നേഹത്തില്‍ നിന്നും മാറ്റപ്പെട്ട് അതിനു നൈയാമിക സ്വഭാവം കൈവരുമ്പോള്‍, സഭാസമൂഹം രോഗാതുരമാകുന്നു. രോഗലക്ഷണങ്ങളെന്ന നിലയില്‍, അനേകതലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവയുടെ പരിഹാരത്തിനുവേണ്ടി സഭയില്‍ സംഘടനകള്‍ ആവശ്യമായിത്തീരുകയാണു ചെയ്യുന്നത്. അങ്ങനെയുള്ള ഒരു 'സഭ'യില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ അവശ്യം ആവശ്യംതന്നെ. എങ്കില്‍മാത്രമേ, ബൈബിള്‍മൂല്യങ്ങളെ പുനരവതരിപ്പിച്ച്, 'സഭയെ വീണ്ടും ദൈവജനത്തിന്റെ കൂട്ടായ്മയാക്കാനാകൂ.
എന്നാല്‍, ഇവിടെ നാം ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സഭാ പ്രതിസന്ധിയുടെ വിവിധ മുഖങ്ങളോട് പ്രതികരിക്കാന്‍ വെവ്വേറെ സംഘടനകളുണ്ടായിരിക്കുമ്പോഴും, പ്രതിസന്ധിയുടെ അടിസ്ഥാന പ്രശ്‌നത്തെപ്പറ്റി അവയ്‌ക്കോരോന്നിനും ബോധ്യമുണ്ടായിരിക്കേണ്ടതുണ്ട്. മറിച്ചായാല്‍, രോഗലക്ഷണങ്ങളോരോന്നിനെയും അടിസ്ഥാനരോഗവുമായി ബന്ധപ്പെടുത്താതെ ചികിത്സിക്കുന്നതുപോലെ നിഷ്ഫലമോ ഉപരിപ്ലവമോ ആയിരിക്കും സംഘടനാപ്രവര്‍ത്തനങ്ങളുടെയും ഫലം. അതുകൊണ്ട്, നമ്മുടെ സഭയിന്ന് അകപ്പെട്ടിരിക്കുന്ന അടിസ്ഥാന പ്രതിസന്ധി എന്ത് എന്ന കാര്യത്തില്‍ സഭാസംഘടനകള്‍ക്ക് വ്യക്തതയുണ്ടായിരിക്കണം. പ്രവര്‍ത്തനങ്ങളിലെ കൂട്ടായ്മയ്ക്കും അതാവശ്യമാണ്.


അടിസ്ഥാന പ്രശ്‌നം
ക്രിസ്തു മൂലക്കല്ലായിരിക്കുന്ന ഒരു ആധ്യാത്മികഭവനമായിരിക്കണം എക്കാലവും ക്രിസ്തുവിന്റെ സഭ. എന്നാല്‍, ഇന്ന് അത് ഒരു ഭൗതികസാമ്രാജ്യമായി മാറിയിരിക്കുന്നു. അതായത്, സഭയുടെ ഭൗതികവല്‍ക്കരണമാണ്, സഭയിലെ ആധ്യാത്മികതയുടെ അഭാവമാണ്, യഥാര്‍ഥ പ്രശ്‌നം. ഇതെങ്ങനെ സംഭവിച്ചു എന്നറിഞ്ഞുകൊണ്ടു മാത്രമേ, അടിസ്ഥാനപരമായ തിരുത്തല്‍ശക്തിയായി സംഘടനകള്‍ക്കു പ്രവര്‍ത്തിക്കാനാവൂ.
ക്രിസ്തുശിഷ്യരുടെ സുവിശേഷ പ്രബോധനങ്ങള്‍ ശ്രവിച്ചു മാനസാന്തരപ്പെട്ട് ആധ്യാത്മികത ആര്‍ജിച്ചവരായിരുന്നു ആദിമ സഭയിലെ വിശ്വാസികള്‍. ഈ ആധ്യാത്മികതയാണ്, സ്‌നേഹം, ആനന്ദം, സമാധാനം, കരുണ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം മുതലായ ആത്മാവിന്റെ ഫലങ്ങള്‍ (ഗലാ 5: 2223). പുറപ്പെടുവിക്കാന്‍ അവരെ പ്രാപ്തരാക്കിയത്. കൂട്ടായ്മാ ജീവിതത്തിന് ഈ ആധ്യാത്മിക മനോഭാവങ്ങള്‍ കൂടിയേ തീരൂതാനും. ഇതിനര്‍ഥം, സഭയിലെ അതിപ്രധാനമായ ശുശ്രൂഷാമണ്ഡലമാണ് സുവിശേഷപ്രബോധനം എന്നതാണ്. ശരീരത്തിലെ രക്തം ശുദ്ധീകരിക്കാന്‍ ശ്വാസോച്ഛ്വാസത്തിലൂടെയുള്ള നിരന്തരമായ 'ഓക്‌സിജന്‍ സപ്ലൈ' അത്യാവശ്യമാണെന്നതുപോലെതന്നെ, ഈ ലോകത്തില്‍ വിശുദ്ധമായ ക്രൈസ്തവ ജീവിതം നയിക്കുന്നതിനും നിരന്തരമായ ആധ്യാത്മിക പ്രബോധനങ്ങള്‍ ആവശ്യമാണ്. എത്ര സമ്മര്‍ദമുണ്ടായിട്ടും, ഈ ശുശ്രൂഷാമേഖല ഉപേക്ഷിച്ച് സഭയുടെ ഭൗതിക കൈകാര്യകര്‍ത്തൃത്വവും ഭരണവും ഏറ്റെടുക്കാന്‍ ക്രിസ്തുവിന്റെ അപ്പോസ്തലന്മാര്‍ തയ്യാറാകാതിരുന്നത് അതിനാലാണ്. അത്തരമൊരു ജനസമ്മര്‍ദമുണ്ടായ അവസരത്തില്‍, ആ പന്ത്രണ്ടുപേര്‍, ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: ''ഞങ്ങള്‍ ദൈവവചന പ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെടുന്നതു ശരിയല്ല. അതിനാല്‍, സഹോദരരേ, നിങ്ങളുടെ ഇടയില്‍ നിന്നു സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തിരഞ്ഞെടുക്കുക. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ, പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം'' (അപ്പോ. 6: 24). സഭയെ ആധ്യാത്മികമായി നിരന്തരം പരിപോഷിപ്പിക്കുക എന്നതാണ് തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍ത്തവ്യം, എന്ന അപ്പോസ്തലന്മാരുടെ പ്രഖ്യാപനമായിരുന്നു അത്. അതോടൊപ്പംതന്നെ, സഭാസമൂഹത്തിന്റെ ഭൗതിക കൈകാര്യകര്‍ത്തൃത്വം വിശ്വാസികളുടെ ഉത്തരവാദിത്വമാണെന്നുള്ളതിന്റെ പ്രഖ്യാപനവും കൂടിയായിരുന്നു അത്.


സഭയിലെ ശുശ്രൂഷകളെ ആധ്യാത്മികമെന്നും ഭൗതികമെന്നും വേര്‍തിരിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഈ അപ്പോസ്തലിക പ്രഖ്യാപനമാണ്, സഭാസംവിധാനത്തെക്കുറിച്ചുള്ള എന്നത്തേയും മാര്‍ഗരേഖ. ഈ അപ്പോസ്തലിക മാര്‍ഗരേഖയില്‍നിന്നും ആധ്യാത്മിക പ്രബോധകരായിരിക്കേണ്ട സഭാ മൂപ്പന്മാര്‍ വ്യതിചലിച്ച് സഭയുടെ ഭരണാധികാരികളായതാണ് സഭയുടെ ആധ്യാത്മികശോഷണത്തിനു കാരണമായത്. ഇത് രണ്ടു വിധത്തില്‍ ദോഷം ചെയ്തു. ഒന്ന്, സഭയെ സംബന്ധിച്ച് സര്‍വ്വ പ്രധാനമായ ആധ്യാത്മിക പ്രബോധനം അതില്ലാതാക്കി. രണ്ട്, സഭയിലെ 'രാജകീയ പുരോഹിതഗണ'മായ വിശ്വാസികളെ സഭയില്‍ ആരുമല്ലാതാക്കി. അതോടെ, അപ്പോസ്തല പിന്‍ഗാമികള്‍ ഭരണാധികാരികളും വിശ്വാസികള്‍ അനുസരണയുള്ള കേവലം പ്രജകളുമായ ഒരു ഭൗതികസാമ്രാജ്യമായി സഭ മാറി. ഇതുമൂലമാണ് ആത്മാവിന്റെ ഫലങ്ങള്‍ക്കു നേര്‍വിരുദ്ധങ്ങളായ ജഡത്തിന്റെ പ്രവൃത്തികളാല്‍, അതായത്, ശത്രുത, കലഹം, അസൂയ, സ്വാര്‍ ഥത, വിഭാഗീയത, വിദ്വേഷം, ഭോഗാസക്തി എന്നീ മനോഭാവങ്ങളാല്‍ (ഗലാ 5: 2021) നമ്മുടെ സഭ ഇന്നു പ്രശ്‌നകലുഷിതമായിരിക്കുന്നത്.


അപ്പോള്‍, സഭയിലെ ഓരോ പ്രശ്‌നത്തെയും കേന്ദ്രീകരിച്ച് വിവിധങ്ങളായ സംഘടനാപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും അതിന്റെയെല്ലാം അടിയിലുള്ള അടിസ്ഥാന പ്രശ്‌നം സഭാമൂപ്പന്മാരുടെ സുവിശേഷവിരുദ്ധമായ ഭൗതികാധികാരവ്യഗ്രതയാണെന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. ഈ തിരിച്ചറിവുണ്ടായാല്‍, നമ്മുടെ സഭാധികാരികള്‍ ഇന്നടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന കാനോന്‍നിയമം, പള്ളിയോഗനടപടിക്രമങ്ങള്‍, ആരാധനക്രമം, മാനിക്കേയന്‍ കുരിശ് മുതലായവയുടെയൊക്കെ പേരിലുള്ള ചേരിതിരിവുകളുടെയും ഭിന്നിപ്പുകളുടെയുമെല്ലാം പിന്നില്‍ സഭാധികാരികളുടെ അധികാരവ്യഗ്രതയാണെന്നു കാണാം. അതുകൊണ്ട് എന്തു വിലകൊടുത്തും സഭയുടെ ഭൗതികഭരണത്തില്‍ നിന്നും അവരെ മുക്തരാക്കി, ആധ്യാത്മിക പ്രബോധനമേഖലയില്‍ അവരുടെ സേവനം ഉറപ്പാക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം, തങ്ങളില്‍ അര്‍പ്പിതമായിരിക്കുന്ന സഭയുടെ ഭൗതികശുശ്രൂഷകള്‍ ഏറ്റെടുക്കുവാനുള്ള ഉത്തരവാദിത്വം വിശ്വാസികളും നിര്‍വഹിക്കേണ്ടിയിരിക്കുന്നു. ഈ രണ്ടു ലക്ഷ്യങ്ങളും ശക്തമായ സംഘടനാപ്രവര്‍ത്തനങ്ങളിലൂടെയേ നേടാനാവൂ.


സംഘടനകള്‍ കേരളസഭയില്‍
ആദിമസഭയെപ്പോലെ, 16-ാം നൂറ്റാണ്ടുവരെ കേരള നസ്രാണിസഭയും സംഘടനാരഹിതമായിരുന്നു. കാരണം, സഭയുടെ ആധ്യാത്മികവും ഭൗതികവുമായ ശുശ്രൂഷാമേഖലകളെ വേര്‍തിരിച്ചു നിര്‍ത്തിക്കൊണ്ടുള്ള അപ്പോസ്തലനിര്‍ദേശിതമായ സഭാസംവിധാനമാണ് ഇവിടെ അഭംഗുരം പുലര്‍ന്നിരുന്നത്. പോര്‍ട്ടുഗീസുകാര്‍ നസ്രാണിസഭയില്‍ ഇടപെട്ട് ഈ സഭയില്‍ കലക്കങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങുന്നതുവരെ ഏകയോഗക്ഷേമൈശ്വര്യങ്ങളോടെ പുലര്‍ന്നുപോന്ന ഒന്നായിരുന്നു കേരളസഭ. ഉദയംപേരൂര്‍ സൂനഹദോസും, അതിനെത്തുടര്‍ന്ന് മെത്രാന്‍ കേന്ദ്രീകൃതമായ പാശ്ചാത്യസഭാസമ്പ്രദായവും ഈ സഭയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കാലത്തും, അതിനെ ചെറുക്കാന്‍, ഈ സഭയുടെ പരമ്പരാഗതമായ യോഗസമ്പ്രദായത്തെത്തന്നെയായിരുന്നു നസ്രാണികള്‍ ആശ്രയിച്ചത്. 1632-ലെ ഇടപ്പള്ളിയോഗത്തെയും 1773-ലെ അങ്കമാലി യോഗത്തെയും 1854-ലെ കുറവിലങ്ങാട്ടു യോഗത്തെയും 1892-ലെ പാലാ യോഗത്തെയും ഈ പാരമ്പര്യത്തിന്റെ ഉജ്വല ഉദാഹരണങ്ങളായി നമുക്കു കാണാനാകും.
ഇതില്‍, പാലായോഗത്തില്‍ വെച്ചായിരുന്നു, പള്ളിയോഗത്തിനു പുറമെ, നസ്രാണികള്‍ക്ക് ഒരു സാമുദായിക സംഘടന ഉണ്ടാക്കണമെന്ന തീരുമാനമെടുത്തത്. ദൈവജനത്തിന്റെ നാവായിരുന്ന പള്ളിയോഗങ്ങള്‍ അപ്പോഴേക്കും മെത്രാനാധിപത്യം മൂലം ദുര്‍ബലമായിത്തീര്‍ന്നിരുന്നു എന്നതാണ്, സമുദായത്തിനുവേണ്ടി ഒരു സംഘടന വേണം എന്ന ചിന്തയ്ക്കു കളമൊരുക്കിയത്. ഏതായാലും, അങ്ങനെ രൂപംകൊണ്ട സമുദായത്തിലെ ആദ്യ സംഘടനയായിരുന്നു, 'നസ്രാണിഗുണദായിനി സഭ.' അതേ ലക്ഷ്യം കൂടുതല്‍ വിപുലമാക്കാനുദ്ദേശിച്ച് 1905-ല്‍ രൂപം കൊടുത്ത 'കത്തോലിക്കാ ക്രിസ്തീയ മഹാജനസഭ'യാണ്, 1931 മുതല്‍ 'അഖിലകേരള കത്തോലിക്കാകോണ്‍ഗ്രസ്' എന്നറിയപ്പെടുന്നത്.


'ആധികാരികാംഗീകാരം' എന്ന വിന
സംഘടനകള്‍ക്ക് സഭാധികാരികളുടെ അംഗീകാരമുണ്ടായിരിക്കണമെന്ന ഒരു ദുര്‍ബലചിന്ത സമുദായനേതാക്കള്‍ക്കുണ്ടാകാറുണ്ട്. എന്തും 'തനിക്കാക്കി വെടക്കാക്കാന്‍' തക്കം പാര്‍ത്തിരിക്കുന്ന സഭാധികാരികളാകട്ടെ, സംഘടനകളുടെ ലക്ഷ്യങ്ങള്‍ തന്നെ തിരുത്തിക്കുറിപ്പിച്ചും, അവയുടെ കടിഞ്ഞാണ്‍തന്നെ കൈയ്ക്കലാക്കാനുള്ള വകുപ്പുകള്‍ എഴുതിച്ചു ചേര്‍ത്തും 'അംഗീകാരം' നല്‍കുന്നു. ഈ വിധം ഷണ്ഡീകരിക്കപ്പെട്ട സംഘടനകള്‍ അവസാനം സഭാധികാരികളുടെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനുള്ള കേവലം കരുക്കളായി മാറുന്നു. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഒരുകാലത്ത് ഈ സമുദായത്തിലെ മഹാരഥന്മാര്‍ രൂപം കൊടുത്ത കത്തോലിക്കാ കോണ്‍ഗ്രസ്. ആ സംഘടനയുടെ ഇന്നത്തെ അവസ്ഥ നിരീക്ഷിച്ചാല്‍ സഭാധികാരികളുടെ 'ആധികാരികാംഗീകാര'ത്തില്‍ പതിയിരിക്കുന്ന അപകടം ഏവര്‍ക്കും ബോധ്യമാകും.
അതിനാല്‍, സംഘടനകള്‍ സഭാധികാരികളില്‍നിന്നും തീര്‍ത്തും സ്വതന്ത്രമായിരിക്കണം. സഭാധികാരത്തിന്റെയല്ല, മറിച്ച്, വിശ്വാസിസമൂഹത്തിന്റെ, അതായത് സഭയുടെ, അംഗീകാരമായിരിക്കണം സഭാസംഘടനകള്‍ ലക്ഷ്യം വെക്കേണ്ടത്. അതുപോലെതന്നെ, ഇന്നത്തെ രാഷ്ട്രീയ ചേരിതിരിവുകളൊന്നും സഭാസംഘടനകളില്‍ പ്രതിഫലിക്കാതിരിക്കാന്‍, അവ രാഷ്ട്രീയമുക്തവുമായിരിക്കണം. ചുരുക്കത്തില്‍ സഭാബാഹ്യമായ ഒരു ലക്ഷ്യവും സഭാസംഘടനകള്‍ക്കുണ്ടാകരുത്.
അതിപ്രധാനമായ മറ്റൊരു കാര്യം, സംഘടനാ പ്രവര്‍ത്തകര്‍ക്ക് അധികാരമോഹം പാടില്ല എന്നതാണ്. സഭാധികാരികളുടെ അധികാരവാഞ്ഛയാണ്, സഭയുടെ കൂട്ടായ്മ നശിപ്പിച്ചത് എന്നു നമുക്കറിയാം. അപ്പോള്‍, അതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ അതൊരിക്കലും ഉണ്ടാകരുത്. ഉണ്ടായാല്‍, സംഘടനകളുടെ പിളര്‍പ്പിലേ അതവസാനിക്കൂ. അത്മായരെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന പുരോഹിതാധികാരികളുടെ കയ്യില്‍ വെറുമൊരു ഉപകരണമാകാനേ പിന്നീടവയ്ക്കു സാധിക്കൂ. നേതൃത്വതലത്തിലുള്ള പ്രശ്‌നമുണ്ടാകാതിരിക്കണമെങ്കില്‍, ഓരോ അത്മായനേതാവും ക്രിസ്തീയാരൂപിയില്‍ സ്വയം താഴാന്‍ സന്നദ്ധനാകണം. കാര്യമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ തുറന്ന ചര്‍ച്ചകളിലൂടെ അവ പരിഹരിച്ച് രഞ്ജിപ്പിലെത്താന്‍ സാധിക്കണം.


ഇടവകകേന്ദ്രീകരിച്ചുള്ള അത്മായ സംഘടനയുടെ പ്രത്യേക പ്രസക്തി
സഭയുടെ ഏറ്റവും ചെറിയ ഘടകം ഇടവകയാണല്ലോ. വ്യക്തിസഭകളുടെ കൂട്ടായ്മയാണ് ആഗോളസഭയെങ്കില്‍, ഇടവകകളുടെ കൂട്ടായ്മയാണ് ഓരോ വ്യക്തിസഭയും. ആ നിലയില്‍ സ്വതന്ത്രമായ ഒരസ്തിത്വം ഓരോ ഇടവകയ്ക്കും ഉണ്ട്. അതുകൊണ്ടുതന്നെ, വിശ്വാസിസമൂഹത്തിന്റെ അവകാശങ്ങള്‍ക്കും കൂട്ടായ്മാ പുനഃസ്ഥാപനത്തിനും വേണ്ടിയുള്ള പരിശ്രമങ്ങള്‍ കേന്ദ്രീകരിക്കേണ്ടത് ഓരോ ഇടവകയിലുമാണ്. പുതിയ പള്ളിയോഗനടപടിക്രമം, ഇടവകാംഗങ്ങളുടെ അവകാശാധികാരങ്ങളെ പാടേ നിഷേധിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇതാവശ്യ മാണ്. ഇത്തരം സംഘടനകള്‍ ഇടവകതലത്തിലുള്ള എല്ലാക്കാര്യങ്ങളിലും ആശയവിനിമയം നടത്തുകയും തീരുമാനങ്ങളിലെത്തുകയും ചെയ്യുന്ന പക്ഷം ഇടവകകാര്യങ്ങളില്‍ ആ സംഘടനയ്ക്ക് അവഗണിക്കാനാകാത്ത സ്വാധീനമുണ്ടാകുകതന്നെ ചെയ്യും. ഈ സഭയുടെ മേല്‍ അടിച്ചേല്‍പിക്ക പ്പെട്ടിരിക്കുന്ന പള്ളിയോഗനടപടിക്രമത്തിനും കാനോന്‍നിയമത്തിനും ദൈവജനം നല്‍കുന്ന ഏറ്റം ഉചിതമായ മറുപടിയും ഇതായിരിക്കും.
എന്നാല്‍, വിശ്വാസികളുടെ മതപരവും സാമൂഹ്യവുമായ ജീവിതത്തിനുമേല്‍ പത്തിവിരിച്ചു നില്‍ക്കുന്ന സഭാധികാരത്തിന്റെ നീരാളിക്കൈകളെപ്പറ്റി ഓരോ വിശ്വാസിയിലും ഇന്നുള്ള ഉള്‍ഭയം മൂലം, ഇടവകതലത്തില്‍ അത്തരം സംഘടനാ രൂപീകരണത്തിന് മുന്‍കൈ ഉണ്ടാകുക എളുപ്പമല്ല. അങ്ങനെയൊരു നീക്കം ഉണ്ടായാല്‍ത്തന്നെ അതിനെ മുളയിലെ നുള്ളി കൂടുതല്‍ ഭീതി പരത്താന്‍ ഇന്നത്തെ സാഹചര്യത്തില്‍ സഭാധികാര ത്തിനു സാധിക്കും. അതുകൊണ്ടാണ്, ഇന്നത്തെ സഭാഘടയ്‌ക്കെതിരെ യുള്ള കര്‍മ്മപരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നവര്‍പോലും തങ്ങളുടെ ഇടവകകളിലെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ മാറിനില്‍ക്കുന്നത്. പക്ഷേ, തങ്ങള്‍ക്ക് താങ്ങായി വര്‍ത്തിക്കും എന്നുറപ്പുള്ള ഒരു പ്രസ്ഥാനം സംസ്ഥാനതലത്തിലുണ്ടാകുന്നപക്ഷം, പ്രാദേശികതലങ്ങളില്‍ അതൊരു പുത്തന്‍ ഉണര്‍വു പകരുകയും, ചിന്തിക്കുന്ന അത്മായരുടെ കര്‍മ്മോന്മുഖമായ ഒരു നേതൃനിര ഉരുത്തിരിഞ്ഞുവരാന്‍ അത് ഇടവരുത്തുകയും ചെയ്യും

അനുകൂല സാഹചര്യങ്ങള്‍
സഭാസംബന്ധിയായ കാര്യങ്ങളോടു പ്രതികരിക്കുന്നതിനും, സഭാധികാരികളെയും സഭാഘടനയെയും തിരുത്തുന്നതിനുമായി, വിശ്വാസികളുടെയും വൈദികരുടെയും വെവ്വേറെയും കൂട്ടുചേര്‍ന്നുള്ളതുമായ നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും ഇന്ന് നമ്മുടെ സഭയിലുണ്ട്. ഇവയെയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള, 'നസ്രാണി കത്തോലിക്കാ പൈതൃകസംരക്ഷണസമിതി' പോലുള്ള, ഏകോപനവേദികളും സഭയിലിന്നുണ്ട്. ഇവയുടെയെല്ലാം നേതൃത്വത്തില്‍ ഒട്ടേറെ ബോധവല്‍ക്കരണപരിപാടികളും, സഭാസമൂഹത്തിന്റെ പരമ്പരാഗതമായ അവകാശാധികാരങ്ങളെ തുടച്ചുനീക്കുന്ന സഭാധികാരത്തിനെതിരെയുള്ള പ്രതിഷേധപരിപാടികളും, വിജയകരമായിത്തന്നെ നടത്തപ്പെടുകയുണ്ടായി. എന്നാല്‍ ഇവയ്‌ക്കൊന്നും അല്പംപോലും ചെവികൊടുക്കാതെ, അധികാരത്തിമിരത്തിന്റെ അന്ധതയോടും, 'ടൈറ്റാനിക്'(Titanic) എന്നു വിശേഷിപ്പിക്കാവുന്ന അഹന്തയോടുംകൂടി, ഈ സഭാനൗകയെ വിനാശത്തിന്റെ മേഖലകളിലേക്കുതന്നെ സഭാധികാരികള്‍ നയിക്കുകയാണ്. ഇവരുടെ ബധിരകര്‍ണങ്ങള്‍ തുറപ്പിക്കുകയോ, അവരുടെ കൈകളില്‍നിന്നും സഭയുടെ നിയന്ത്രണം പിടിച്ചുവാങ്ങുകയോ ചെയ്യാതെ ഇനി മറ്റു പോംവഴികളുണ്ടെന്നു തോന്നുന്നില്ല. അതിന് ഇതുവരെ നടത്തിയ തരത്തിലുള്ള 'പരിപാടി കേന്ദ്രീകൃത'വും (Programme oriented) താല്‍ക്കാലിക സ്വഭാവത്തോടു കൂടിയതുമായ പ്രവര്‍ത്തനങ്ങള്‍ മതിയാകുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ഇതുവരെ നടത്തിയ സംഘടനാപ്രവര്‍ത്തനശൈലിയെ ശരിയായി വിലയിരുത്തുകയും തിരുത്തി മുന്നേറുകയും ചെയ്യേണ്ടതുണ്ട്.

2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസിനെപ്പറ്റി - കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം


അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസിനെപ്പറ്റി
- കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം
കേരളത്തിലെ സഭാ നവീകരണപ്രസ്ഥാനത്തിന്റെ ചരിത്രമെഴുതുമ്പോള്‍ അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസിനെപ്പറ്റിത്തന്നെ ആദ്യം പരാമര്‍ശിക്കേണ്ടതുണ്ട്. പാശ്ചാത്യമെത്രാന്‍ സമ്പ്രദായത്തിനെതിരെ, നസ്രാണിസമൂഹത്തിന്റെ പരമ്പരാഗത അവകാശാധികാരങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള സമരത്തിനു ധീരനേതൃത്വം നല്‍കിയ നിധീരിക്കല്‍ മാണിക്കത്തനാരുടെ മാനസസന്താനമായി രൂപംകൊണ്ട സമുദായസംഘടനയാണ് ഇന്നത്തെ കത്തോലിക്കാ കോണ്‍ഗ്രസ് എന്നത് പലര്‍ക്കും അവിശ്വസനീയമായി തോന്നാം. അതിന്റെ ഇന്നത്തെ പ്രസിഡന്റ് ശ്രീ ജോണ്‍ കച്ചിറമറ്റം ഈ സംഘടനയുടെ ഉത്ഭവപശ്ചാത്തലം ഇങ്ങനെ വിവരിക്കുന്നു: ''മാന്നാനത്തെ 40 മണി ആരാധനയുടെ സമാപനദിവസം (1904-ല്‍) നിധീരിക്കല്‍ മാണിക്കത്തനാര്‍ അടുത്ത വര്‍ഷത്തെ നാല്പതുമണിയാരാധനയുടെ സമാപനത്തില്‍ സംഘടന കെട്ടിപ്പടുക്കുവാനായി ഒരു സമ്മേളനം ചേരണമെന്ന് പ്രസ്താവിച്ചു. 1905-ലെ നാല്പതുമണിയാരാധനയ്ക്കുമുമ്പ് ആ മഹാപുരുഷന്‍ ദിവംഗതനായി. സഭയിലും സമൂഹത്തിലും അംഗീകാരവും ആദരവും പിടിച്ചുപറ്റിയ ഷെവ. പാറായില്‍ വര്‍ക്കി അവിരാത്തരകന്റെ പിന്തുണയോടെ 1905-ല്‍ ഈ കാര്യത്തെപ്പറ്റി ആലോചന നടത്തി. തുടര്‍ന്നുള്ള ചര്‍ച്ചകളുടെയും ആലോചനകളുടെയും ഫലമായി കത്തോലിക്കാ ക്രിസ് തീയ മഹാജനസഭയ്ക്കു രൂപംകൊടുത്തു''(പ്രസാധകക്കുറിപ്പ് - എ.കെ.സി.സി. ബുള്ളറ്റിന്‍, സെപ്തം 1994). ഈ സംഘടനയാണ് 1931 മുതല്‍ 'അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ്' എന്നറിയപ്പെടുന്നത്.
കേരളസഭയുടെ എന്നത്തേയും ധീരപുരുഷന്മാരില്‍ അഗ്രഗണ്യനായ നിധീരിക്കല്‍ മാണിക്കത്തനാരുടെ നിര്‍ദ്ദേശപ്രകാരം, അദ്ദേഹത്തെ മാനിച്ചിരുന്ന പ്രശസ്ത സമുദായനേതാക്കള്‍ രൂപംകൊടുത്ത ഒരു സംഘടനയാണിന്നത്തെ കത്തോലിക്കാ കോണ്‍ഗ്രസ് എന്നതില്‍ നിന്നുതന്നെ അതിന്റെ സ്ഥാപനലക്ഷ്യങ്ങള്‍ നമുക്ക് ഊഹിക്കാവുന്നതെയുള്ളൂ. പാശ്ചാത്യസഭാസമ്പ്രദായപ്രകാരം നസ്രാണിസഭാസമൂഹത്തിന്റെ അവകാശങ്ങള്‍ മെത്രാന്മാര്‍ കയ്യേറിക്കൊണ്ടിരുന്നപ്പോള്‍ അതിനെതിരെ ത്യാഗപൂര്‍വ്വം പോരാടിയ അതിന്റെ സ്ഥാപകനേതാക്കള്‍ അതിനെ ഒരിക്കലും ഒരു 'മെത്രാന്‍ സംരക്ഷണപ്രസ്ഥാന'മായി വിഭാവനം ചെയ്തിരിക്കാനിടയില്ല.
ചരിത്രപശ്ചാത്തലം
കൂനന്‍കുരിശുസത്യത്തിനുശേഷം നസ്രാണിസമുദായത്തിനു ജാതിക്കു കര്‍ത്തവ്യന്റെ നേതൃത്വം ഇല്ലാതാവുകയും അടിച്ചേല്പിക്കപ്പെട്ട പാശ്ചാത്യമെത്രാന്‍ ഭരണസമ്പ്രദായത്തിന്‍കീഴില്‍ നസ്രാണികളുടെ പള്ളിയോഗങ്ങളും പള്ളിപ്രതിപുരുഷയോഗങ്ങളും ബലഹീനങ്ങളാവുകയും ചെയ്ത ഒരു സാഹചര്യമായിരുന്നു, പള്ളിയോഗങ്ങള്‍ക്കു പുറമെയുള്ള സാമൂഹികസംഘടനകള്‍ ഈ സമുദായത്തില്‍ അനിവാര്യമാക്കിയത്. അതുവരെ ഈ സഭയുടെ സാമൂഹികവും ആദ്ധ്യാത്മികവുമായ എല്ലാക്കാര്യങ്ങളിലും ആലോചിച്ചു തീരുമാനമെടുക്കാനുള്ള വ്യവസ്ഥാപിത സമിതികളായിരുന്നു, പള്ളിയോഗങ്ങള്‍. പാശ്ചാത്യമെത്രാന്‍ സംവിധാനത്തോട് ഇടഞ്ഞുകൊണ്ടായിരുന്നെങ്കിലും, ഈ പരമ്പരാഗത പള്ളിയോഗവ്യവസ്ഥിതി നിലനിര്‍ത്താന്‍ നസ്രാണികള്‍ നടത്തിയ പരിശ്രമങ്ങളുടെ ഉജ്ജ്വല ഉദാഹരണങ്ങളായി 1632-ലെ ഇടപ്പള്ളിയോഗത്തെയും 1773-ലെ അങ്കമാലിയോഗത്തെയും 1854-ലെ കുറവിലങ്ങാട്ടു യോഗത്തെയും 1892-ലെ പാലാ യോഗത്തെയും നമുക്കു കാണാനാകും. ഇതില്‍ 1892-ലെ പാലാ യോഗമായിരുന്നു, മെത്രാന്റെ പത്രമേനി സ്വരൂപണത്തിനുള്ള ഇടവകവിഹിതം ഏകപക്ഷീയമായി നിര്‍ണ്ണയിച്ചു ലവീഞ്ഞുമെത്രാനിറക്കിയ കല്പനയെ തിരസ്‌കരിച്ചുകൊണ്ടു തീരുമാനമെടുത്തത്. പള്ളിയോഗത്തിനു പുറമേയുള്ള ആദ്യസാമുദായികസംഘടനയായി കണക്കാക്കപ്പെടുന്ന 'നസ്രാണി ഗുണദായിനിസഭ'ക്കു രൂപംകൊടുത്തതും ഇതേ പാലാ യോഗമായിരുന്നു. മാറിയ സഭാസാഹചര്യത്തില്‍ നസ്രാണികത്തോലിക്കാസമുദായത്തിന്റെ അവകാശസംരക്ഷണത്തിന് പള്ളിയോഗങ്ങള്‍ മതിയാവുകയില്ല എന്ന തീക്ഷ്ണമായ അവബോധമായിരുന്നു ഇതിനു പിന്നില്‍. ഇതേ അവബോധം കൂടുതല്‍ വ്യാപകമായതിന്റെ ഫലമായി വേണം, 'അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്' എന്ന് ഇന്നറിയപ്പെടുന്ന 'കത്തോലിക്കാ ക്രിസ്തീയമഹാജനസഭ'യുടെ 1905-ലെ രൂപീകരണത്തെയും കാണാന്‍.
ചുരുക്കത്തില്‍, 'നസ്രാണിഗുണദായിനിസഭ' മുതല്‍ 'അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്' വരെയുള്ള സമുദായസംഘടനകള്‍, കേരളനസ്രാണികളുടെ നഷ്ടപ്പെട്ട അവകാശാധികാരങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുംവേണ്ടി ഈ സമുദായം അനുഭവിച്ച തീവ്രമായ പേറ്റുനോവില്‍നിന്നും ജന്മമെടുത്തതായിരുന്നു. ഈ സ്വാതന്ത്ര്യനഷ്ടവും അധികാരനഷ്ടവും, മുഖ്യമായും, പാശ്ചാത്യമെത്രാന്‍ സമ്പ്രദായവുമായി ബന്ധപ്പെട്ടിരുന്നതിനാല്‍, പരോക്ഷമായെങ്കിലും അവയെല്ലാം മെത്രാന്മാരുടെ അധികാരതാല്പര്യങ്ങള്‍ക്കെതിരുമായിരുന്നു.
കത്തോലിക്കാ കോണ്‍ഗ്രസ് ഇന്ന്
ഈ ധീരപാരമ്പര്യമുള്ള കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ എന്താണെന്ന്, അതിന്റെ സാരഥികളും പ്രവര്‍ത്തകരും കത്തോലിക്കാസമുദായം ആകെത്തന്നെയും ഒന്നു വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഏതാനും ദശകങ്ങളായി നസ്രാണികത്തോലിക്കാസമുദായം ഒരു പ്രക്ഷുബ്ധാവസ്ഥയിലാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അനേകം പ്രശ്‌നങ്ങളില്‍പ്പെട്ട്, ഈ സഭ, ഉഴലുകയും ഉലയുകയും ചെയ്യുന്ന ഒരു കാലയളവാണിത്. ആരാധനാക്രമം, കല്‍ദായവല്‍ക്കരണം 'മാര്‍ത്തോമ്മാക്കുരിശ്' മുതലായ വിഷയങ്ങളില്‍ മെത്രാന്‍തലത്തില്‍ ഭിന്നിപ്പുകളുണ്ട്. പൗരസ്ത്യ കാനോന്‍നിയമം, പള്ളിയോഗനടപടിക്രമങ്ങള്‍, ഈ സഭയുടെ പൈതൃകം, മാര്‍ത്തോമ്മായുടെ നിയമം മുതലായ വിഷയങ്ങളില്‍ മെത്രാന്മാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിനോട് വിശ്വാസിസമൂഹത്തിനുള്ള തീവ്രമായ അഭിപ്രായവ്യത്യാസങ്ങളും നിലനില്‍ക്കുന്നു. ഈ വിഷയങ്ങളിലെല്ലാം ജനങ്ങളില്‍ അഭിപ്രായരൂപീകരണം നടക്കുന്ന സമയം; വിശ്വാസിസമൂഹത്തിലും വൈദികസമൂഹത്തിലും പുതിയ ചിന്താധാരകളും പ്രസ്ഥാനങ്ങളും ഉരുവപ്പെടുകയും, ആശയതലത്തിലും കര്‍മ്മപഥത്തിലും കൂട്ടായ്മകള്‍ രൂപപ്പെടുകയും, സഭാമക്കളെന്ന നിലയില്‍ ഈ പ്രശ്‌നങ്ങളോടുബന്ധപ്പെട്ട് ക്രിയാത്മകമായി ഇടെപെടുകയും ചെയ്യുന്ന ചരിത്രമൂഹൂര്‍ത്തത്തിലാണ് നാം ജീവിക്കുന്നത്.
സാധാരണജനങ്ങള്‍പോലും സഭാസംബന്ധിയായ അവരുടെ നിസ്സംഗത വെടിഞ്ഞ് ഉണര്‍ന്നിരിക്കുന്ന ഈ നിര്‍ണ്ണായക ഘട്ടത്തിലും, സമുദായത്തിന്റെ നന്മയ്ക്കായി രൂപീകരിക്കപ്പെട്ടതും, ഈ സമുദായത്തിനുവേണ്ടി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധവുമായ കത്തോലിക്കാ കോണ്‍ഗ്രസ്, സഭയിലെ ഒരു പ്രശ്‌നത്തെപ്പറ്റിയും ഒരഭിപ്രായവും സ്വന്തം നിലയില്‍ ഉരിയാടിയിട്ടില്ല എന്ന വസ്തുത ആരെയും അത്ഭുതപ്പെടുത്തും. 'പ്രൊപ്പഗാന്താ' മെത്രാന്മാരുടെ പാശ്ചാത്യവല്‍ക്കരണശ്രമങ്ങളെ ചെറുത്തുനിന്ന സമുദായനേതാക്കള്‍ ബീജാവാപം ചെയ്ത കത്തോലിക്കാ കോണ്‍ഗ്രസ്, ഇന്നത്തെ 'പ്രൊപ്പഗാന്താ' ആയ പൗരസ്ത്യസംഘം പൗരസ്ത്യമുഖംമൂടി വെച്ചു നടത്തുന്ന കല്‍ദായീകരണ പരിശ്രമങ്ങള്‍ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് കണ്ണടയ്ക്കുകയാണ്. ഈ സഭയുടെ അപ്പോസ്തലിക പാരമ്പര്യമായ മാര്‍ത്തോമ്മായുടെ നിയമം ഉറപ്പു നല്‍കിയിരുന്ന പള്ളിക്കാരുടെ എല്ലാ അവകാശാധികാരങ്ങളെയും തുടച്ചുനീക്കിക്കൊണ്ട് പൗരസ്ത്യകാനോന്‍നിയമം ഈ സഭയുടെമേല്‍ അടിച്ചേല്‍പിച്ചപ്പോള്‍, ഈ സമുദായത്തിന്റെ അവകാശസംരക്ഷണം ഏറ്റെടുത്തിട്ടുള്ള കത്തോലിക്കാ കോണ്‍ ഗ്രസ് മൗനം പാലിച്ചു. ആദ്ധ്യാത്മികശുശ്രൂഷകരായിരിക്കേണ്ട മെത്രാന്മാര്‍, തങ്ങളെത്തന്നെ രൂപതകളുടെ സമഗ്രാധിപതികളാക്കിയും, വിശ്വാസികളെ അവകാശങ്ങളൊന്നുമില്ലാത്ത വെറും പ്രജകളാക്കിയും സ്വയം രൂപംകൊടുത്ത പള്ളിയോഗ നടപടിക്രമത്തെപ്പറ്റി, കേരളകത്തോലിക്കരുടെ നാവായി വര്‍ത്തിക്കേണ്ട കത്തോലിക്കാ കോണ്‍ഗ്രസ് മൗനം കൊള്ളുകയാണ്.
ഉത്തരവാദിത്വമുള്ള ഏതൊരു സംഘടനയും ആ സംഘടന പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും, അങ്ങനെയുണ്ടാകുന്ന ആശയരൂപീകരണത്തിന്റെ വെളിച്ചത്തില്‍ പ്രസക്തമായ കര്‍മ്മപരിപാടികള്‍ക്കു രൂപംകൊടുക്കുകയും ചെയ്യും. എന്നാല്‍, ഇന്നത്തെ കത്തോലിക്കാ കോണ്‍ഗ്രസ്സിന് സമുദായത്തിനുള്ളിലെ പ്രശ്‌നങ്ങളോ, അവ സംബന്ധിച്ച ചര്‍ച്ചകളോ അഭിപ്രായരൂപീകരണങ്ങളോ ഗൗരവമുള്ള കാര്യങ്ങളല്ലതന്നെ. (കത്തോലിക്കാ കോണ്‍ഗ്രസിന്റെ എറണാകുളം അതിരൂപതാ സംഘത്തിന് കല്‍ദായവല്‍ക്കരണത്തിനെതിരെ ഒരു നിലപാടുണ്ടെന്ന് ഇടയ്ക്കു തോന്നിച്ചിരുന്നു എന്ന കാര്യം മറക്കുന്നില്ല.) അഭിപ്രായമില്ലാതെ വ്യക്തമായ സമീപനവും കര്‍മ്മപരിപാടികളും ഉണ്ടാകുന്നതെങ്ങനെ?
സമുദായതാല്പര്യങ്ങള്‍ക്കെതിരെ?
സ്വന്തമായ അഭിപ്രായമില്ലാത്തവര്‍ എപ്പോഴും അധികാരികളുടെ പക്ഷത്തായിരിക്കും. അങ്ങനെ മാത്രമേ അവര്‍ക്കു നിലനില്‍ക്കാനും തങ്ങളുടെ സാമൂഹ്യസാന്നിദ്ധ്യം ഉറപ്പിക്കാനും സാധിക്കൂ. ഈ മാനസികാവസ്ഥ, ആത്യന്തികമായി സ്വന്തം നിലനില്‍പിനെപ്പറ്റിയുള്ള ഉള്‍ഭീതിയില്‍നിന്നും ഉടലെടുക്കുന്നതാണ്. ജനവിരുദ്ധരായ അധികാരികളും, മറ്റൊരുവിധത്തില്‍, തങ്ങളുടെ നിലനില്‍പിനെപ്പറ്റിയുള്ള നിരന്തരമായ ഉള്‍ഭീതിയിലാണ്. ജനപിന്തുണയില്ലല്ലോ എന്നതാണവരുടെ പ്രശ്‌നം. ചരിത്രത്തില്‍ എല്ലാക്കാലത്തും ഈ രണ്ടു വിഭാഗങ്ങളും തമ്മില്‍ കൈകോര്‍ത്തു പിടിച്ച് നിലനില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
കത്തോലിക്കാസമുഹത്തെ സേവിക്കുന്നതിനായി, ധീരതയും ആശയഗാംഭീര്യവും തികഞ്ഞ സമുദായ നേതാക്കള്‍ ത്യാഗങ്ങള്‍ സഹിച്ചു സ്ഥാപിച്ച കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഇന്നത്തെ നേതൃത്വത്തിന്, സംഘടനയുടെ ആശയാദര്‍ശങ്ങളും ഉദ്ദേശ്യ-ലക്ഷ്യങ്ങളും ചോര്‍ന്നുപോയതിനാല്‍, അതിന്റെ നില ഇന്നു ഭദ്രമല്ലെന്നു തോന്നുന്നുണ്ടാകാം. ഈ ആശങ്കമൂലമാകണം, ഇന്നത് സഭാധികാരികളുടെ സംരക്ഷകഭാവം ചമയുന്നത്.
സംവാദം - സജീവതയുടെ ലക്ഷണം
ഓജസ്സുള്ള ഏതു സമൂഹത്തിലും ആശയഭിന്നതകളുണ്ടാകും. നസ്രാണിസഭയിലെ അഭിപ്രായഭിന്നതകള്‍ ഈ സമുദായത്തിന്റെ ഊര്‍ജ്ജസ്വലതയാണു പ്രകടമാക്കുന്നത്. ഏതൊരു സമൂഹത്തെയും പ്രസക്തമായ ആശയസമന്വയത്തിലേക്കടുപ്പിക്കുന്ന ചലനാത്മകപ്രക്രിയയാണത്. സമൂഹഗാത്രത്തില്‍ അടിഞ്ഞുകൂടുന്ന ദുര്‍മ്മേദസിനെ വിയര്‍പ്പിച്ചുകളയുകയും ആലസ്യത്തിലാണ്ടുപോയ സാമൂഹ്യമനസ്സിനെ തട്ടിയുണര്‍ത്തുകയും ചെയ്യുന്ന സജീവപ്രക്രിയ!. ഈ പ്രക്രിയയ്ക്കു തടസ്സം നില്‍ക്കുക എന്നതിനര്‍ത്ഥം, ഒരു സമൂഹത്തെ നിര്‍ജ്ജീവതയിലേക്കും ജീര്‍ണ്ണതയിലേക്കും നയിക്കുക എന്നാണ്. 
ഇന്ന് നസ്രാണികത്തോലിക്കാസഭ ഒരു പ്രതിസന്ധിയിലാണ് എന്ന കാര്യം കത്തോലിക്കാ കോണ്‍ഗ്രസും സമ്മതിക്കും. ഈ പ്രതിന്ധിയെ മറികടക്കേണ്ടതെങ്ങനെ എന്നു ചിന്തിക്കാന്‍ ഈ സമുദായത്തിലെ ഓരോ അംഗത്തിനും കടമയുണ്ട് എന്ന കാര്യത്തിലും തര്‍ക്കത്തിനവകാശമില്ല. അങ്ങനെയെങ്കില്‍, ഈ ഉത്തരവാദിത്വനിര്‍വഹണത്തെ, സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞും മറ്റുള്ളവര്‍ക്ക് അങ്ങനെ പറയാന്‍ വേദികള്‍ സൃഷ്ടിച്ചും, പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയുമല്ലേ കത്തോലിക്കാ കോണ്‍ഗ്രസ് ചെയ്യേണ്ടത്? എന്നാല്‍ അതിനു പകരം, ഈ പ്രക്രിയയെ സഭയ്ക്കും മെത്രാന്മാര്‍ക്കുമെതിരെയുള്ള ഭീഷണിയായി ചിത്രീകരി ക്കുകയും, സഭാപ്രശ്‌നങ്ങളില്‍ ആശയപരമായും പ്രവര്‍ത്തനതലത്തിലും ഇടപെടുന്നവര്‍ക്കെതിരെ ഹാലിളക്കുകയുമാണ് കത്തോലിക്കാ കോണ്‍ ഗ്രസ് നേതൃത്വം ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്. ഇതെല്ലാം കാണിക്കുന്നത് കേരളത്തിലെ വിശ്വാസിസമൂഹത്തിന്റെ ക്രൈസ്തവമായ അവകാശാ ധികാരങ്ങള്‍ക്ക് പുല്ലുവിലപോലും കത്തോലിക്കാ കോണ്‍ഗ്രസ് ഇന്നു കല്പിക്കുന്നില്ല എന്നാണ്; അതിന്റെ നേതൃത്വം ഇവിടുത്തെ കത്തോലിക്കാ സമുദായത്തിന്റെ താല്പര്യങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു എന്നാണ്.
സ്ഥാപനലക്ഷ്യങ്ങള്‍ കളഞ്ഞുകുളിച്ചു വ്യക്തിത്വം നഷ്ടപ്പെടുത്തിയ ഏതു സംഘടനയും ചരിത്രത്തില്‍ അപ്രസക്തമാണ്. അല്ലെങ്കില്‍, ആ ലക്ഷ്യങ്ങളും പ്രവര്‍ത്തനോത്സാഹവും നഷ്ടപ്പെട്ടതെങ്ങനെ എന്നു മനസ്സിലാക്കി, അവ പുനരാവിഷ്‌കരിക്കാന്‍ ഒരു പുത്തന്‍ നേതൃത്വം ഉണ്ടാകണം. കത്തോലിക്കാ കോണ്‍ഗ്രസിന്റെ സാമൂഹ്യപ്രസക്തി വീണ്ടെടുക്കണമെങ്കില്‍ അതിനെ ഇന്നത്തെ ദുരവസ്ഥയിലേക്കു നയിച്ച ഘടകങ്ങള്‍ എന്തെന്നു മനസ്സിലാക്കി തിരുത്തേണ്ടതാണ്. ഈ രീതിയില്‍ ചിന്തിക്കുന്ന ഒരു പുത്തന്‍ നേതൃത്വത്തിനേ കത്തോലിക്കാ കോണ്‍ഗ്രസിനെ ഇനിയും രക്ഷിക്കാനാവൂ.
അടിസ്ഥാന പ്രശ്‌നം
സ്വതന്ത്രമായ അത്മായസംഘടനകളെ മെത്രാന്മാര്‍ ആദ്യം മുതലെ എതിര്‍ത്തു പോന്നിരുന്നു. സമുദായത്തിന് തങ്ങളല്ലാതെ മറ്റു നേതാക്കന്മാര്‍ ഉണ്ടാകരുത് എന്നതാണ് അവരുടെ എന്നത്തെയും നിലപാട്. ഇതേപ്പറ്റി മുന്‍ സൂചിപ്പിച്ച പ്രസാധകക്കുറിപ്പില്‍ ശ്രീ ജോണ്‍ കച്ചിറമറ്റം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ''അത്മായരുടെ നേതൃത്വത്തില്‍ ഒരു സംഘടന ഉണ്ടാകുന്നതിനോട് വൈദികമേലദ്ധ്യക്ഷന്മാര്‍ക്ക് ഒട്ടുംതന്നെ താല്പര്യമുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത് മാര്‍ ളൂയീസ് പഴേപറമ്പിലായിരുന്നു.'' വളരെയേറെ ബുദ്ധിമുട്ടിയും ഒട്ടേറെ വിട്ടുവീഴ്ചകള്‍ നടത്തിയുമാണ് ഇത്തരമൊരു സമുദായസംഘടനയ്ക്ക് സഭാധികാരികളുടെ അംഗീകാരം നേടാനായതെന്ന് ശ്രീ ജോണ്‍ കച്ചിറമറ്റം തുടര്‍ന്നു വിശദീകരിക്കുന്നുണ്ട്. സംഘടനായോഗങ്ങളെ നിരോധിക്കുകവരെ ചെയ്തിരുന്നു!
കത്തോലിക്കാ കോണ്‍ഗ്രസിനെ അംഗീകരിച്ചിട്ടും അതിനെ വളരാന്‍ സഭാധികാരം അനുവദിച്ചില്ല. രാഷ്ട്രീയതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടായിരുന്നു മെത്രാന്മാര്‍ കത്തോലിക്കാ കോണ്‍ഗ്രസിനെ എന്നും ദുര്‍ബലപ്പെടുത്തിക്കൊണ്ടിരുന്നത്. ശ്രീ കച്ചിറമറ്റം തുടര്‍ന്നെഴുതുന്നതു കാണുക: ''കോണ്‍ഗ്രസ് ഒരു ബഹുജനപ്രസ്ഥാനമായി വളര്‍ന്നുകൊണ്ടിരുന്നു. ആ സന്ദര്‍ഭത്തില്‍ ചങ്ങനാശ്ശേരി രൂപതയില്‍ കാത്തലിക് ആക്ഷന്‍ കൗണ്‍ സില്‍ എന്ന ഒരു പുതിയ സംഘടന കെട്ടിപ്പടുക്കാനുള്ള ശ്രമം രൂപതാ ലവലില്‍ ഉണ്ടായി... നിലവിലുള്ള സംഘടനയുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നതിനു മാത്രമേ പുതിയ സംഘടനകൊണ്ടു സാധിക്കുകയുള്ളൂവെന്ന എ.കെ.സി.സി.യുടെ മുന്നറിയിപ്പ് കേള്‍ക്കുവാന്‍ അധികാരികള്‍ തയ്യാറായില്ല.... ഏതൊക്കെ രൂപതയില്‍ കോണ്‍ഗ്രസിന്റെ യുവജനവിഭാഗം പ്രവര്‍ത്തിച്ചോ അവിടെയെല്ലാം രൂപതാതലത്തില്‍ ഓരോ യുവജനപ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ വൈദികമേലദ്ധ്യക്ഷന്മാര്‍ താല്പര്യം പ്രകടിപ്പിക്കുകയും തന്മൂലം കോണ്‍ഗ്രസിന്റെ യുവജനവിഭാഗത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ചെയ്തു.'' സഭാധികാരികളുടെ ഈ കുത്തിത്തിരിപ്പും നാനാവിധത്തിലുള്ള അവഗണനയുമാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതികരണശേഷി നഷ്ടപ്പെടുവാനും അത് ഒന്നിനൊന്നു ദുര്‍ബലമാകുവാനും ഇടയാക്കിയതെന്നും വൈദികമേലദ്ധ്യക്ഷന്മാര്‍ക്ക് ഒരു സുശക്തമായ സമുദായസംഘടന കേരളതലത്തില്‍ രൂപപ്പെട്ടുവരുന്നതില്‍ താല്പര്യമില്ലെന്നും അദ്ദേഹം തന്റെ ഈ പ്രസാധകക്കുറിപ്പില്‍ സമര്‍ത്ഥിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സംഘടനയായിട്ടും സഭാസമിതികളില്‍ അതിനു പ്രാതിനിധ്യം നല്‍കാന്‍ സഭാധികാരികള്‍ തയ്യാറായിട്ടില്ല എന്നും അടുത്തകാലത്തു പള്ളിയോഗത്തിന്റെ നിയമാവലി തയാറാക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയില്‍ എ.കെ.സി.സി. ഉള്‍പ്പെടെ ഒരു അത്മായസംഘടനയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം ഇതില്‍ ആരോപിക്കുന്നുണ്ട്. സഭാധികാരികള്‍ക്ക് മെത്രാന്മാരോടുള്ള സമീപനത്തെ അദ്ദേഹം ഇങ്ങനെ ഉപമിക്കുന്നു: ''നമ്മുടെ വലിയതറവാടുകളില്‍ സദ്യക്ക് അരി വയ്ക്കാനായി വലിയ വാര്‍പ്പുകള്‍ വാങ്ങിവച്ചിട്ടുണ്ട്. അത്യാവശ്യസമയത്തു മാത്രമേ അവ കഴുകിയെടുത്ത് ഉപയോഗിക്കുകയുള്ളൂ. ആ വാര്‍പ്പിന്റെ സ്ഥാനമാണ് കത്തോലിക്കാ കോണ്‍ഗ്രസിന് പലരും നല്‍കിയിരിക്കുന്നത്. ഒരു സംഘടന വേണം, ആവശ്യസമയത്ത് എടുത്ത് ഉപയോഗിക്കാന്‍. നിരന്തരമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന അവര്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.''
ദീര്‍ഘനാളായി കത്തോലിക്കാ കോണ്‍ഗ്രസിന്റെ മുഖ്യസാരഥിയായിരിക്കുന്ന ശ്രീ ജോണ്‍ കച്ചിറമറ്റം എത്ര കൃത്യമായിട്ടാണ് ഇവിടെ പ്രശ്‌നനിര്‍ണയം നടത്തുന്നത്! അതായത്, കത്തോലിക്കാ കോണ്‍ഗ്രസ് ഉണ്ടായപ്പോള്‍ മുതല്‍ അതിന്റെ വളര്‍ച്ചയെ തടഞ്ഞുനിന്നത് മെത്രാന്മാരുടെ തലതിരിഞ്ഞ ഇടപെടലുകളും നിയന്ത്രണങ്ങളും പിളര്‍പ്പന്‍ തന്ത്രങ്ങളുമായിരുന്നു എന്നാണദ്ദേഹം സമര്‍ത്ഥിച്ചിരിക്കുന്നത്.
പ്രശ്‌നങ്ങളെ ഇങ്ങനെ കൃത്യമായി നിര്‍ണയിക്കുക എന്നത് നേതൃത്വ ത്തിന്റെ അതിപ്രധാനമായ ഒരു കഴിവാണ്. എന്നാല്‍, കണ്ടെത്തിയ പ്രശ്‌ന ത്തെ ദുരീകരിക്കുന്ന ഒരു ചിന്താപദ്ധതിയുടെയും കര്‍മ്മപരിപാടിയുടെയും അഭാവത്തില്‍ ആ കഴിവ് നിഷ്ഫലവുമാണ്. ഇന്നത്തെ കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രശ്‌നം, ഇത്തരമൊരു ചിന്താപദ്ധതിയുടെയും കര്‍മ്മപരിപാടിയുടെയും അഭാവമാണ് എന്നു പറയാതെ തരമില്ല. അതായത്, നേതൃത്വത്തിന് പ്രശ്‌നമറിയാം, പ്രശ്‌നമുണ്ടാക്കുന്നവരെ അറിയാം; പക്ഷേ അവരെ അഭിമുഖീകരിക്കാന്‍ തയ്യാറല്ല. പ്രശ്‌നത്തെ നേരിടാന്‍ തയ്യാറാകാത്തവരുടെ പ്രശ്‌നനിര്‍ണ്ണയത്തിന് എന്തു വിലയാണുള്ളത്?!
സംഘടന നിരന്തരം നേരിടുന്ന മെത്രാന്‍ ഭീഷണിയെ നേരിടുന്നില്ലെന്നു മാത്രമല്ല, മെത്രാന്മാരുടെ ഇംഗിതമറിഞ്ഞ്, അവര്‍ക്കാവശ്യമുള്ളപ്പോഴൊക്കെ കത്തോലിക്കാ കോണ്‍ഗ്രസിനെ തേച്ചുകഴുകിയ വാര്‍പ്പാക്കി വിട്ടുകൊടുക്കുകയാണ് അതിന്റെ നേതൃത്വം ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്. സഭയിലെ പ്രതിസന്ധിയോട് അതു പുലര്‍ത്തുന്ന നിസ്സംഗതയും, അതില്‍ സജീവമായി ഇടപെടുന്നവര്‍ക്കെതിരെ അതിന്റെ നേതൃത്വം നടത്തുന്ന പ്രസ്താവനായുദ്ധങ്ങളും ഇതു വേണ്ടവണ്ണം തെളിയിക്കുന്നുണ്ട്. അത്മായസംഘടനാ പ്രാതിനിധ്യമില്ലാതെ രൂപംകൊടുത്തത് എന്നദ്ദേഹം തന്നെ ആരോപിച്ച പള്ളിയോഗനിയമാവലിക്കെതിരെ വ്യാപകമായുണ്ടായ ബഹുജനപ്രക്ഷോഭണത്തിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ 'ഉപരോധപ്രഖ്യാപനം' തന്നെ ഇതിന് ഏറ്റവും പുതിയ ഉദാഹരണം. ഇതിലെല്ലാം അന്തര്‍ഭവിച്ചിരിക്കുന്നത് നേതൃത്വത്തിന്റെ കാപട്യവും, സമുദായത്തോടും സംഘടനയോടുമുള്ള വഞ്ചനയും, നേതൃത്വപരമായ പാപ്പരത്തവുമല്ലാതെ മറ്റെന്താണ്? ഉപദേഷ്ടാവായി, ഒരു മെത്രാനെ ലഭിച്ചതില്‍ കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വം ഇന്നു പുളകംകൊള്ളുന്നു എന്നത് ഈ പാപ്പരത്തം മകുടംചൂടിയിരിക്കുന്നു എന്നാണു കാണിക്കുന്നത്.
കേരളത്തിലെ കത്തോലിക്കരുടെ സര്‍വ്വതോന്മുഖമായ അഭിവൃദ്ധിക്കും അവകാശസംരക്ഷണത്തിനുംവേണ്ടി സമുദായത്തിന്റെ കയ്യിലുണ്ടായിരുന്ന ഒരുപകരണമായിരുന്നു മുമ്പു കത്തോലിക്കാ കോണ്‍ഗ്രസ് എങ്കില്‍, ഇന്നത് സമുദായാംഗങ്ങളുടെ അവകാശനിഷേധത്തിനും സഭാധികാരികളുടെ അധികാരസംരക്ഷണത്തിനുമായി മെത്രാന്മാരുടെ കയ്യിലുള്ള ഒരു ഉപകരണമായി മാറിയിരിക്കുന്നു! മെത്രാന്മാരുടെ സംഘടനാവിരോധം അറിഞ്ഞുകൊണ്ടുതന്നെ ഈ സംഘടനയെ, അതിന്റെ ഇന്നത്തെ നേതൃത്വം, സഭാസമൂഹത്തിനെതിരെ മെത്രാന്മാരുടെ 'വാര്‍പ്പും ചട്ടുകവു'മാക്കി മാറ്റിയിരിക്കുന്നു!! ഒരുകാലത്ത് സമുദായനേതൃത്വത്തിന്റെ ആത്മവീര്യത്തിന്റെ പ്രതീകമായിരുന്നു കത്തോലിക്കാ കോണ്‍ഗ്രസെങ്കില്‍, ഇന്നത് ഭീരുത്വത്തിന്റെ നാണംകെട്ട പ്രതീകമായിരിക്കുന്നു!!!
കത്തോലിക്കാ കോണ്‍ഗ്രസിന്റെ വ്യക്തിത്വത്തെ ഇല്ലായ്മ ചെയ്യുവാനുള്ള സഭാദ്ധ്യക്ഷന്മാരുടെ പരിശ്രമങ്ങള്‍ക്കു വിടുപണി ചെയ്തുകൊണ്ട്, അതിന്റെ സ്ഥാപനലക്ഷ്യങ്ങളെ ശീര്‍ഷാസനത്തില്‍ നിര്‍ത്തുവാന്‍ മത്സരിക്കുന്ന നേതൃത്വമാണോ ഈ സമുദായസംഘടനയ്ക്കു വേണ്ടത് എന്ന് ഈ പ്രസ്ഥാനത്തിന്റെ ചിന്തിക്കുന്ന സാരഥികളും പ്രവര്‍ത്തകരും കേരള കത്തോലിക്കാ സമുദായംതന്നെയും ഗൗരവമായി ആലോചിക്കേണ്ട സമയമായില്ലേ?

സി.റ്റി. തൊമ്മന്‍ ചെറുകര        ജോര്‍ജ്  മൂലേച്ചാലില്‍
പ്രസിഡന്റ്,  സെക്രട്ടറി,