ആകെ പേജ്‌കാഴ്‌ചകള്‍

2010, മേയ് 28, വെള്ളിയാഴ്‌ച

ആഗസ്റ്റ് 1999
- സഭയിലെ സംഘടനാപ്രവര്‍ത്തനം
- ഒരു രൂപരേഖ

ജോര്‍ജ് മൂലേച്ചാലില്‍
സഭാസംബന്ധിയായ കാര്യങ്ങളോടു പ്രതികരിക്കുന്നതിനും, സഭാധികാരികളെയും സഭാഘടനയെയും തിരുത്തുന്നതിനുമായി, വിശ്വാസികളുടെയും വൈദികരുടെയും വെവ്വേറെയും കൂട്ടുചേര്‍ന്നുള്ളതുമായ നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും ഇന്ന് നമ്മുടെ സഭയിലുണ്ട്. ഇവയെയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള, 'നസ്രാണി കത്തോലിക്കാ പൈതൃകസംരക്ഷണസമിതി' പോലുള്ള, ഏകോപനവേദികളും സഭയിലിന്നുണ്ട്. ഇവയുടെയെല്ലാം നേതൃത്വത്തില്‍ ഒട്ടേറെ ബോധവല്‍ക്കരണപരിപാടികളും, സഭാസമൂഹത്തിന്റെ പരമ്പരാഗതമായ അവകാശാധികാരങ്ങളെ തുടച്ചുനീക്കുന്ന സഭാധികാരത്തിനെതിരെയുള്ള പ്രതിഷേധപരിപാടികളും, വിജയകരമായിത്തന്നെ നടത്തപ്പെടുകയുണ്ടായി. എന്നാല്‍ ഇവയ്‌ക്കൊന്നും അല്പംപോലും ചെവികൊടുക്കാതെ, അധികാരത്തിമിരത്തിന്റെ അന്ധതയോടും, 'ടൈറ്റാനിക്'(Titanic) എന്നു വിശേഷിപ്പിക്കാവുന്ന അഹന്തയോടുംകൂടി, ഈ സഭാനൗകയെ വിനാശത്തിന്റെ മേഖലകളിലേക്കുതന്നെ സഭാധികാരികള്‍ നയിക്കുകയാണ്. ഇവരുടെ ബധിരകര്‍ണങ്ങള്‍ തുറപ്പിക്കുകയോ, അവരുടെ കൈകളില്‍നിന്നും സഭയുടെ നിയന്ത്രണം പിടിച്ചുവാങ്ങുകയോ ചെയ്യാതെ ഇനി മറ്റു പോംവഴികളുണ്ടെന്നു തോന്നുന്നില്ല. അതിന് ഇതുവരെ നടത്തിയ തരത്തിലുള്ള 'പരിപാടി കേന്ദ്രീകൃത'വും(Programme oriented) താല്‍ക്കാലിക സ്വഭാവത്തോടു കൂടിയതുമായ പ്രവര്‍ത്തനങ്ങള്‍ മതിയാകുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ഇതുവരെ നടത്തിയ സംഘടനാപ്രവര്‍ത്തനശൈലിയെ ശരിയായി വിലയിരുത്തുകയും തിരുത്തി മുന്നേറുകയും ചെയ്യേണ്ടതുണ്ട്.
വിലയിരുത്തല്‍
സഭയില്‍ രൂപംകൊടുത്ത ഓരോ പ്രസ്ഥാനങ്ങളെയും വിലയിരുത്തുമ്പോള്‍, അവയോരോന്നും, ഒന്നുകില്‍ സഭയിലെ ഏതെങ്കിലും ഒരു പ്രശ്‌നത്തോടു പ്രതികരിക്കാന്‍, അല്ലെങ്കില്‍ ഏതെങ്കിലും ഒരു പരിപാടി നടപ്പാക്കാന്‍, വേണ്ടി രൂപംകൊടുത്തിട്ടുള്ളതാണെന്നു കാണാം. ഉദാഹരണ ത്തിന് 'ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മിറ്റി', ഇന്നത്തെ സഭാപ്രതിസന്ധിയുടെ ഒരു രോഗലക്ഷണം മാത്രമായ ആരാധനക്രമപ്രശ്‌നത്തോടു ബന്ധപ്പെട്ടു രൂപംകൊണ്ടതാണെങ്കില്‍, 'നസ്രാണി കത്തോലിക്കാ പൈതൃകസംരക്ഷണസമിതി' പള്ളിയോഗനടപടിക്രമത്തിനും മാനിക്കേയന്‍ കുരിശിനുമെതിരെ ശക്തമായി ആഞ്ഞടിക്കാന്‍വേണ്ടി രൂപം കൊടുത്തതാണ്.
ചുരുക്കത്തില്‍, താത്ക്കാലികസ്വഭാവത്തോടുകൂടിയതും പരിമിതലക്ഷ്യങ്ങള്‍ മാത്രമുള്ളതുമായിരുന്നു പല പ്രസ്ഥാനങ്ങളും. അതുകൊണ്ടാണ്, എപ്പിസ്‌കോപ്പല്‍ അസംബ്ലിയോടനുബന്ധിച്ച്, എല്ലാ സംഘടനകളുംകൂടി സഹകരിച്ച് കാക്കനാട്ട് സെന്റ് തോമസ് മൗണ്ടില്‍ നടത്തിയ 3 ദിവസത്തെ ഉപവാസ-പ്രാര്‍ത്ഥനായജ്ഞത്തിനുശേഷം അവയെല്ലാം നിസ്സംഗതയിലേക്കും നിശ്ശബ്ദതയിലേക്കും വീണുപോയത്. ഈ സംഘടനകളോരോന്നും പലവട്ടം സഭാധികാരികള്‍ക്കു സമര്‍പ്പിച്ചിട്ടുള്ള നിവേദനങ്ങളോ, അവ ഉയര്‍ത്തിയ വിഷയങ്ങളോ എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ചര്‍ച്ചയ്‌ക്കെടുക്കുകപോലും ചെയ്യുകയുണ്ടായില്ല. എന്തിന്, എപ്പിസ് കോപ്പല്‍ അസംബ്ലിയുടെതന്നെ സുപ്രധാനങ്ങളായ പല നിര്‍ദേശങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടുള്ളവയായിരുന്നു മെത്രാന്‍സിനഡിന്റെ പല തീരുമാനങ്ങളും. ദൈവജനത്തിന്റെ സ്വരത്തിന് തങ്ങള്‍ അല്പംപോലും കാതുകൊടുക്കില്ല, എന്നു പ്രഖ്യാപിക്കുന്ന തരത്തിലുള്ള മെത്രാന്മാരുടെ സിനഡു തീരുമാനങ്ങള്‍ക്കെതിരെ വേണ്ടപോലെ പ്രതികരിക്കാന്‍ കഴിയുന്ന ഒരു ഘടനാരൂപം, നിലവിലുള്ള സഭാസംഘടനകള്‍ ആര്‍ജിച്ചിട്ടില്ല എന്നു തോന്നുന്നു. മെത്രാന്മാരാകട്ടെ, നമ്മെയുംകൊണ്ട് അവരുടെ അന്ധമായ 'ടൈറ്റാനിക് ജൈത്രയാത്ര' നിര്‍ബാധം തുടരുകയും ചെയ്യുന്നു.
സംഘടനാപരമായ ദൗര്‍ബല്യങ്ങളും ശക്തികളും തിരിച്ചറിഞ്ഞ്, ദുര്‍ബലതകളെ ഒഴിവാക്കി, മുന്നോട്ടുപോകേണ്ട അവസരമാണിത്. ഓരോ സംഘടനയും അവയുടെ ശക്തിയും ചൈതന്യവും തെളിയിച്ചിട്ടുണ്ട്. വിശ്വാസിസമൂഹത്തില്‍ ഇന്നത്തെ സഭാപ്രതിസന്ധിയുടെ വിവിധവശങ്ങള്‍ ചര്‍ച്ചാവിഷയമാക്കുകയും വ്യാപകമായ ഒരവബോധം സൃഷ്ടിക്കുകയും ചെയ്യാന്‍ അവയ്ക്കു കഴിഞ്ഞു. അതുപോലെതന്നെ, ധാരാളം പ്രതിഷേധ പരിപാടികളില്‍ വിശ്വാസികളെ പങ്കെടുപ്പിക്കാനും അവരുടെയെല്ലാം അനുഭാവം നേടാനും അവയ്ക്കു കഴിഞ്ഞു. ഈ സഭയ്ക്കു നാട്ടുമെത്രാന്മാരെ കിട്ടിയതിനുശേഷമുള്ള ഒരു നൂറ്റാണ്ടിലേറെക്കാലത്തെ നീണ്ട ഉറക്കത്തില്‍ നിന്നും ഇവിടുത്തെ വിശ്വാസിസമൂഹത്തെ ഇത്രയുമെങ്കിലും ഉണര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നത് ഇത്രയുംകാലത്തെ സംഘടനാപ്രവര്‍ത്തനങ്ങളുടെ ചരിത്രപരമായ ഒരു നേട്ടംതന്നെയാണ്. എന്നാല്‍, ഈ നേട്ടത്തെ നിലനിര്‍ത്തി പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ സാധിക്കുന്നില്ല എന്ന്, നിസ്സംഗതയിലേക്കു മടങ്ങിപ്പൊയ്‌ക്കൊണ്ടിരിക്കുന്ന വിശ്വാസിസമൂഹത്തെ നിരീക്ഷിച്ചാല്‍ മനസ്സിലാകും. ഈ 'നൂറ്റാണ്ടുനിദ്ര'യ്ക്കിടയില്‍ തങ്ങള്‍ക്കുമേല്‍ പൊതിഞ്ഞുവളര്‍ന്നുവന്ന ആലസ്യത്തിന്റെ ചിതല്‍പുറ്റ് പൊട്ടിച്ചുമാറ്റാനുള്ള ആത്മശക്തി ഇന്നും അവരില്‍ ഉറഞ്ഞുകിടക്കുകയാണ്.
ഓരോ പ്രസ്ഥാനത്തോടും അവയുടെ പരിപാടികളോടും അനുഭാവം പുലര്‍ത്തിയിരുന്ന വിശ്വാസികള്‍, എപ്പിസ്‌കോപ്പല്‍ അസംബ്ലിക്കും മെത്രാന്‍ സിനഡിന്റെ തലതിരിഞ്ഞ തീരുമാനങ്ങള്‍ക്കും ശേഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്നു. സംഘടനാപ്രവര്‍ത്തനത്തിനുള്ള സ്ഥിരസംവിധാനമോ പ്രാദേശികഘടകങ്ങളോ ഇല്ലാത്തതിനാല്‍ സംഘടനാ നേതൃത്വങ്ങള്‍ക്ക് അപ്പപ്പോള്‍ പ്രതികരിക്കാനാവാതെ കയ്യും കെട്ടി നില്‍ക്കേണ്ടിയും വരുന്നു. ഏതു പ്രവര്‍ത്തനത്തിന്റെയും തുടര്‍ച്ച നിന്നുപോയാല്‍, അതുവരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും നിഷ്ഫലമായിപ്പോകുമല്ലോ.
ഇതെല്ലാം സൂചിപ്പിക്കുന്നത്, സംഘടനാതലത്തില്‍ ഇന്നുള്ള പരിമിതികളെ വിലയിരുത്തി വേണ്ട മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് മുന്നോട്ടുപോകേണ്ടതുണ്ട് എന്നാണ്. ഉണര്‍വിലേക്കു വന്നവരെ ക്രിസ്തു പ്രഖ്യാപിച്ച സ്വാതന്ത്ര്യത്തിന്റെ 'ബ്യൂഗിള്‍' വിളിച്ച് കര്‍മനിരതരാക്കുന്നില്ലെങ്കില്‍, അടിമത്തഘടന സൃഷ്ടിച്ച ആലസ്യത്തിന്റെ ചിതല്‍പ്പുറ്റിലും സുരക്ഷിതത്വം കണ്ട്, അവര്‍ വീണ്ടും ദീര്‍ഘനിദ്രയിലേക്കുതന്നെ ഉള്‍വലിയും. അതിനാല്‍ ഇന്നു നിലനില്‍ക്കുന്ന ശ്മശാനമൂകതയെ തകര്‍ത്ത്, പ്രസ്ഥാനത്തെ ജീവസ്സുറ്റതാക്കേണ്ടതുണ്ട്. അതിനാവശ്യമായ സംഘടനാവൈഭവവും സംവിധാനങ്ങളും ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. സഭയിലെ സംഘടനാപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലെ ഈ അടുത്ത ഘട്ടത്തിലേക്കു കാലെടുത്തുവെയ്ക്കാന്‍ സമയമായിരിക്കുന്നു.
പരിമിതികള്‍
1. അടിസ്ഥാനപ്രശ്‌നത്തെക്കുറിച്ചുള്ള ധാരണക്കുറവ്
ഇന്നത്തെ സഭാപ്രതിസന്ധിയുടെ അടിസ്ഥാനകാരണത്തെപ്പറ്റി വ്യക്തമായ ഒരു ധാരണയില്ലായ്മയാണ്, സഭാ സംഘടനകളുടെ മുഖ്യമായ ഒരു പരിമിതി. അതുകൊണ്ടുതന്നെ, കൃത്യമായ ലക്ഷ്യബോധം പ്രവര്‍ത്തനപരിപാടികളിലുണ്ടാകാതെ പോകുന്നു.
കുര്‍ബാനക്രമപ്രശ്‌നം, മാനിക്കേയന്‍ കുരിശുപ്രശ്‌നം എന്നിങ്ങനെ, സഭയിലെ അനവധിയായ മനുഷ്യാവകാശലംഘനങ്ങള്‍ വരെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ജന്മം നല്‍കിക്കൊണ്ടു നിലനില്‍ക്കുന്ന സഭയിലെ അടിസ്ഥാനപ്രശ്‌നം എന്താണ്? ബൈബിളധിഷ്ഠിതവും അപ്പോസ്തലനിര്‍ദേശിതവും ഈ സഭയുടെ വിശുദ്ധപാരമ്പര്യവുമായ മാര്‍ത്തോമ്മായുടെ നിയമം ഇവിടെനിന്നും തുടച്ചുമാറ്റപ്പെട്ടു എന്നതാണ് എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാനസ്രോതസ്സ്. മാര്‍ത്തോമ്മായുടെ നിയമപ്രകാരമുള്ള യോഗസമ്പ്രദായം ഇവിടെ നിലവിലുണ്ടായിരുന്നെങ്കില്‍, ഇത്തരം പ്രശ്‌നങ്ങള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല. കാരണം, സഭയുടെ ആധ്യാത്മി കവും ഭൗതികവുമായ എല്ലാക്കാര്യങ്ങളിലും തീരുമാനങ്ങളെടുത്തു നടപ്പാക്കാനുള്ള അധികാരാവകാശങ്ങള്‍ വിവിധ തട്ടുകളുള്ള ഈ യോഗസമ്പ്രദായത്തിനുണ്ടായിരുന്നു. വിശ്വാസിസമൂഹത്തിന്റെ പൂര്‍ണഭാഗഭാഗിത്വമുള്ള ഈ യോഗങ്ങളില്‍ സഭയുടെ മൊത്തം അഭിപ്രായം പ്രതിഫലിച്ചിരിക്കും എന്നതിനാല്‍, തീരുമാനങ്ങള്‍ക്ക് സര്‍വരുടെയും അംഗീകാരവുമുണ്ടായിരിക്കും. അതായത്, നമ്മുടെ യോഗസമ്പ്രദായം നിലവിലുണ്ടായിരുന്നെങ്കില്‍ ഒരു പ്രശ്‌നത്തിനും വിവാദമായി തുടരുവാന്‍ സാധിക്കുമായിരുന്നില്ല. ഇനിയാണെങ്കിലും, ഈ യോഗസമ്പ്രദായം എപ്പോള്‍ പുനഃസ്ഥാപിക്കപ്പെടുന്നുവോ, അപ്പോള്‍ത്തന്നെ, ഇന്നത്തെ എല്ലാ പ്രശ്‌നങ്ങളും പരിഹൃതമാകും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍, പ്രശ്‌നഭരിതമായിരിക്കുന്ന ഇന്നത്തെ സഭാപ്രതിസന്ധി പരിഹരിക്കാന്‍ ആത്യന്തികമായി ആവശ്യമായി രിക്കുന്നത് നമ്മുടെ യോഗപാരമ്പര്യത്തിന്റെ പുനഃസ്ഥാപനംതന്നെയാണ്.
മറ്റു സഭാപ്രശ്‌നങ്ങളില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈയൊരു അടിസ്ഥാന ധാരണ ഉണ്ടാകേണ്ടതുണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് അതു സഹായകവുമാണ്.
2. പരിമിതനേതൃത്വം
നേതാക്കള്‍ വളരെ കുറവാണ് എന്നതാണ് മറ്റൊരു പരിമിതി. സഭാനേതൃത്വത്തിന്റെ തിരുവായ്‌ക്കെതിരെ എന്തെങ്കിലും ശബ്ദിക്കുന്നതുതന്നെ അചിന്ത്യമായി കരുതപ്പെട്ടിരുന്ന കാലത്ത്, ബൈബിളില്‍ നിന്നും ശക്തിയുള്‍ക്കൊണ്ട്, എതിര്‍വാക്കുതിര്‍ക്കുവാന്‍ ധൈര്യപ്പെട്ട ഏതാനും വ്യക്തികളിലാണ് മിക്ക സഭാസംഘടനകളുടെയും നേതൃത്വം ഇന്നു നിക്ഷിപ്തമായിരിക്കുന്നത്. അവര്‍ നേതൃത്വം കൊടുക്കുന്ന സംഘടനകളുടെ ലക്ഷ്യങ്ങളോടും പരിപാടികളോടും ആഭിമുഖ്യമുള്ളവര്‍ നസ്രാണിസഭയില്‍ ധാരാളമുണ്ടെങ്കിലും, അവരുടെ ക്രൈസ്തവധീരതയെയും ത്യാഗസന്നദ്ധതയെയും പിഞ്ചെന്ന് നേതൃത്വത്തിലേക്കു കടന്നുവരാന്‍ അധികമാരും മുതിരുന്നില്ല എന്നതാണ് ഒരു വലിയ പരാധീനത. കേരളത്തിലങ്ങോളമിങ്ങോളമുള്ള അനുഭാവികള്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ മുന്നോട്ടു വരുമ്പോള്‍ മാത്രമെ പ്രാദേശികമായി വേരുകളാഴ്ത്തികൊണ്ട് കേരളവ്യാപകമായ ഒരു പ്രസ്ഥാനത്തിന് ജന്മം കൊള്ളാനാകൂ.
3. അധികാരപ്രീണനത്വര.
തങ്ങളുടെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് സഭാധികാരികളുടെ അംഗീകാരംകൂടി ഉണ്ടാകണമെന്ന ഒരു ദുര്‍ബലചിന്ത സംഘടനാനേതാക്കള്‍ക്ക് ഉണ്ടാകാറുണ്ട്. ആധികാരികാംഗീകാരമുള്ള ഏറ്റവും വലിയ അത്മായപ്രസ്ഥാനമായ 'അഖില കേരളകത്തോലിക്കാ കോണ്‍ഗ്രസി'ന്റെ, ഇന്നത്തെ 'മെത്രാന്‍ സേവാസംഘം' എന്ന അവസ്ഥ, ഇക്കാര്യത്തില്‍ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.
വിശ്വാസിപ്രസ്ഥാനങ്ങളും സഭാധികാരഘടനയുമായി ഒത്തുതീര്‍പ്പുകളുണ്ടാക്കുന്ന ഇടനില റോളാണ് സംഘടനാനേതൃത്വത്തിന്റേത് എന്നു കരുതുന്നവരുമുണ്ട്. രണ്ടു വള്ളത്തിലും ചുവുട്ടിനിന്നുള്ള അത്തരം പ്രവര്‍ ത്തനങ്ങള്‍ക്ക് ഒരിക്കലും ലക്ഷ്യം കാണാനാവുകയില്ല എന്നു നാമറിയണം.
അതുകൊണ്ട്, സംഘടനകള്‍ സഭാധികാരികളില്‍നിന്നും തീര്‍ത്തും സ്വതന്ത്രമായിരിക്കണം. സഭ എന്നാല്‍ വിശ്വാസികളുടെ സമൂഹമാണെന്ന തിരിച്ചറിവില്‍, അവരുടെ അംഗീകാരം ലഭിക്കാന്‍ മാത്രമാണ് സംഘടനകള്‍ ശ്രമിക്കേണ്ടത്.
4. 'ഞാന്‍' എന്നഭാവം
ക്രൈസ്തവസംഘടനകള്‍ക്ക് ക്രൈസ്തവമൂല്യങ്ങളുള്‍ക്കൊള്ളുന്ന ഒരു നേതൃത്വശൈലിയാണുണ്ടായിരിക്കേണ്ടത്. എന്നാല്‍, നമ്മുടെ ഇന്നത്തെ സംഘടനകളധികവും പാശ്ചാത്യസംഘടനാശൈലിയില്‍ അധികാരകേന്ദ്രീകൃതമാണെന്നു കാണാം. സഭയിലെ പ്രശ്‌നങ്ങളെല്ലാം കേന്ദ്രീകൃതമായ ഈ അധികാരപ്രയോഗശൈലിയില്‍നിന്നാണു ജന്മമെടുത്തി ട്ടുള്ളത് എന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളവര്‍, സമാനമായ ഒരു സംഘടനാശൈലി സ്വീകരിക്കുന്നത് അതില്‍ത്തന്നെ പരസ്പരവിരുദ്ധമാണ്.
'നായകന്‍ സേവകനാകണം' എന്ന ക്രിസ്തുകല്പനയുടെ അര്‍ഥം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു നേതൃത്വശൈലി സഭാസംഘടനകള്‍ വികസി പ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. ദൈവജനത്തിന്റെ നിസ്വാര്‍ഥസേവകന്‍ എന്ന ക്രൈസ്തവമനോഭാവത്തിലേക്ക് നേതൃത്വശേഷികളെ വിളക്കിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. അവര്‍ അനുയായികളെ തങ്ങളുടെ പിന്നില്‍ അണിചേര്‍ക്കു ന്നവരാകരുത്; മറിച്ച്, കൂട്ടായ്മയിലേക്ക് ആളുകളെ കണ്ണിചേര്‍ക്കുന്നവരാകണം. എല്ലാവരുടെയും സിദ്ധി-വൈഭവങ്ങളെയും കര്‍മശേഷിയെയും ക്രിയാത്മകമായി കൂട്ടി യോജിപ്പിച്ച് സംഘടനയുടെ കര്‍മോത്സുകതയെ ഉത്തേജിപ്പിക്കുന്നവരാകണം, അവര്‍. അപ്പോള്‍, അഹന്തയും തന്‍പ്രമാണി ത്തവും സംഘടനകളിലും പ്രസ്ഥാനത്തിലും സൃഷ്ടിച്ചേക്കാവുന്ന മാത്സര്യ ങ്ങളും കലഹങ്ങളും ഭിന്നിപ്പുകളും, അവ മൂലമുണ്ടാകുന്ന ശക്തിക്ഷയവും, ഒഴിവാകും. പകരം, ഐക്യത്തിലും ശക്തിയിലും അവ ഉത്തരോത്തരം വളരും. ക്രിസ്തു ലോകത്തിലവതരിപ്പിച്ച ഈ നേതൃത്വസങ്കല്പത്തെ സംഘടനാപ്രവര്‍ത്തനങ്ങളില്‍ പ്രായോഗികമാക്കാനുള്ള പരിശ്രമം ഉണ്ടാകണം.
5. പുരോഹിതചായ്‌വ്
വൈദികര്‍ നേതൃനിരയിലുണ്ടെങ്കിലേ സഭാസംഘടനകള്‍ക്ക് വിശ്വാസ്യതയും കെട്ടുറുപ്പുമുണ്ടാകൂ എന്നൊരു ധാരണ സഭാസമൂഹത്തില്‍ പരക്കെയുണ്ട്. ളോഹയ്ക്കുണ്ടെന്ന് ഇന്നും സങ്കല്പിക്കപ്പെടുന്ന വിശുദ്ധപരിവേഷവും ബഹുമാന്യതയുമാണ് ഈ ധാരണയുടെ പിന്നില്‍.
വൈദികര്‍ക്കും, തന്മൂലം വൈദികനേതൃത്വത്തിനുമുള്ള സ്വാഭാവികപരിമിതികള്‍ വിശ്വാസികള്‍ മനസ്സിലാക്കേണ്ടതുണ്ട്. സഭാസമൂഹത്തോട് ആത്മാര്‍ഥതയും അവരെ നയിക്കാനുള്ള നേതൃത്വശേഷിയുമുള്ള ധാരാളം വൈദികരുണ്ടാകാം. എന്നാല്‍, വൈദികരെന്ന നിലയില്‍, സ്വതന്ത്രമായ സംഘടനാപ്രവര്‍ത്തനം സാധ്യമല്ലാത്തവിധം അസ്വതന്ത്രരാണവര്‍; മേലധികാരികള്‍ കടിഞ്ഞാണ്‍ വലിച്ചാല്‍ എല്ലാം ഇട്ടെറിഞ്ഞുപോകാന്‍ ഇന്നത്തെ അവസ്ഥയില്‍ അവര്‍ ബാധ്യസ്ഥരാണ്.
മറ്റൊന്ന്, ദീര്‍ഘകാലത്തെ പാശ്ചാത്യസെമിനാരി പരിശീലനമെന്ന മൂശയിലൂടെ കടന്നുവരുന്ന പുരോഹിതരില്‍ പൊതുവെ കാണപ്പെടുന്ന വികലതകള്‍, യഥാര്‍ഥ ക്രൈസ്തവനേതൃത്വത്തിന് വിഘാതം നില്‍ക്കുന്നു എന്നതാണ്. അവരില്‍ കൃത്രിമമായി ഉണ്ടാക്കിയെടുത്തിരിക്കുന്ന ഉല്‍കൃഷ്ടതാബോധം (superiority complex) ജനങ്ങളുമായി ഇഴുകിച്ചേരാന്‍ അവരെ പൊതുവെ അപ്രാപ്തരാക്കുന്നുണ്ട്. ജീവിതാനുഭവങ്ങള്‍ കുറവായതിനാല്‍, യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ കാണാനോ നേരിടാനോ ഉള്ള കഴിവും അവര്‍ക്കു പൊതുവെ കുറവാണ്. അപ്പോള്‍, വിശ്വാസിസമൂഹത്തിന്റെ പ്രശ്‌നങ്ങളെ അവയുടെ തറയാഥാര്‍ഥ്യങ്ങളിലൂന്നിനിന്നു നേരിടേണ്ട സഭാപ്രസ്ഥാനങ്ങള്‍ക്ക് വൈദിക നേതൃത്വം പലപ്പോഴും ഒരു ബാധ്യതയായി മാറാനാണു സാധ്യത.
ഇന്നത്തെ അക്രൈസ്തവസഭാഘടനയുടെ ചങ്ങലകളില്‍നിന്നും, അതവരില്‍ അടിച്ചേല്‍പിക്കുന്ന വ്യക്തിത്വവികലതകളില്‍നിന്നും, വൈദികരെ മോചിപ്പിക്കുക എന്ന ഉത്തരവാദിത്വവും വിശ്വാസിസമൂഹമാണു നിര്‍വഹിക്കേണ്ടത്. കാരണം, ബൈബിള്‍ വീക്ഷണമനുസരിച്ച് വിശ്വാസികളുടെ കൂട്ടായ്മയാണ്, സഭയില്‍ എല്ലാ തലത്തിലുമുള്ള ഭൗതികസാഹചര്യങ്ങളെ നിയന്ത്രിക്കേണ്ടത്.
ഏതായാലും ഇന്നു നിലനില്‍ക്കുന്ന സംഘടനാപരമായ ബലഹീനതകള്‍ പരിഹരിച്ചുകൊണ്ട്, അഖിലകേരളാടിസ്ഥാനത്തില്‍ വേരുകളുള്ള ഒരു നസ്രാണി മഹാപ്രസ്ഥാനത്തിനു രൂപംനല്‍കാന്‍ കാലമായിരിക്കുന്നു.
ഘടനാരൂപം - മാര്‍ത്തോമ്മായുടെ നിയമം
അത്തരമൊരു 'നസ്രാണി മഹാപ്രസ്ഥാന'ത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, അതിനു മാതൃകയായി നസ്രാണികളുടെ യോഗസമ്പ്രദായത്തെത്തന്നെയാണു കാണാന്‍ സാധിക്കുന്നത്. എല്ലാ ഇടവകകളെയും പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നസ്രാണിയോഗസമ്പ്രദായത്തോളം ക്രൈസ്തവവും ഫലപ്രദവുമായ മറ്റൊരു സംഘടനാമാതൃകയും നമുക്കു കണ്ടെത്താനാകുമെന്നു തോന്നുന്നില്ല. കാലാനുസൃതമായ ഭേദഗതികള്‍ വരുത്തി, അതേ മാതൃകയില്‍ ഒരു നസ്രാണിപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ സാധിച്ചാല്‍, അതിന്റെ ധാര്‍മികശക്തിയെ അവഗണിക്കുവാന്‍ ഒരു അധികാരഘടനയ്ക്കും സാധ്യമാവുന്നതല്ല.
ഓരോ ഇടവകയിലെയും പള്ളിയോഗങ്ങളും, ഇടവകകളുടെതന്നെ പ്രതിനിധികളടങ്ങിയ പ്രാദേശികയോഗങ്ങളും, പള്ളിപ്രതിപുരുഷയോഗവുമാണല്ലോ നസ്രാണിസഭാസമ്പ്രദായത്തിന്റെ കാതല്‍. ഇന്നത്തെ സാഹചര്യത്തില്‍, ഇത് ഇടവക-രൂപതാ-ആകമാന സഭാതലസമിതികളാകണം. പ്രാദേശികതലങ്ങളില്‍ പരസ്പരം സ്വതന്ത്രവും, വ്യാപകമായ തലങ്ങളില്‍ പരസ്പരം ഏകോപിതവുമാണ് നസ്രാണിയോഗങ്ങള്‍ എന്നതാണ്, അതിനുള്ള ഒരു വലിയ സവിശേഷത. ആധിപത്യമോ അടിമത്തമോ തീണ്ടാത്ത, സാഹോദര്യത്തിലും കൂട്ടായ്മയിലും അധിഷ്ഠിതമായ, ഈ ഘടനാരൂപത്തിന്റെ അടിത്തറയില്‍ സംഘടനകളെ പുനഃസംഘടിപ്പിക്കേണ്ടിയിരിക്കുന്നു. ഈ സഭയുടെ തനതുപാരമ്പര്യമായ മാര്‍ത്തോമ്മായുടെ നിയമത്തോടുള്ള വിശ്വാസികളുടെ വിശ്വാസദാര്‍ഢ്യം പ്രകാശിപ്പിക്കുന്നതിനും അധികാരവികേന്ദ്രീകൃതമായ ഈ ഘടനാസമ്പ്രദായത്തിന്റെ ഫലദായകത്വവും പ്രായോഗികതയും തെളിയിക്കുന്നതിനും ഇതാവശ്യമാണ്.
ഇന്നത്തെ സഭാസാഹചര്യത്തില്‍, ഇത്തരമൊരു നസ്രാണിമഹാപ്രസ്ഥാനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ, എവിടെ തുടങ്ങാനാകും എന്ന ചിന്തയ്ക്കു പ്രസക്തിയുണ്ട്.
എപ്പിസികോപ്പല്‍ അസംബ്ലിവരെ, ശക്തമായി ഉയര്‍ത്തിപ്പിടിച്ചതും, നസ്രാണികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചതും, മെത്രാന്‍ സിനഡ് തീര്‍ത്തും അവഗണിച്ചതിനെത്തുടര്‍ന്ന് കൈവിട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നതുമായ അതേ പ്രശ്‌നങ്ങളെത്തന്നെ മുറുകെപ്പിടിച്ച്, വീണ്ടും ജനമദ്ധ്യത്തിലേയ്ക്കിറങ്ങുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ട കാര്യം. എന്നാല്‍, ഇടമുറിയാതെ സ്ഥിരമായി നിലനില്‍ക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെങ്കില്‍, മുമ്പു സൂചിപ്പിച്ചതുപോലെ അനുഭാവികള്‍ നേതൃത്വപങ്കാളിത്തം സ്വയം ഏറ്റെടുത്ത് പ്രാദേശികതലത്തിലുള്ള സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കും, രൂപതാ-സംസ്ഥാനതലങ്ങളിലുള്ള ഏകോപനപ്രവര്‍ത്തനങ്ങള്‍ക്കും ഒന്നിച്ചു മുന്‍കൈ എടുക്കേണ്ടതുണ്ട്.
വിവിധസംഘടനകളുടെ നിലവിലുള്ള നായകന്മാര്‍ അത്തരം പ്രാദേശിക മുന്‍കൈകളെ ഏകോപിപ്പിക്കുന്നതിലും, പ്രാദേശിക പ്രവര്‍ത്തകരുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിലും കൂടുതല്‍ ശ്രദ്ധയൂന്നുക കൂടി ചെയ്താല്‍ ഈ രണ്ടു തലങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ പരസ്പരം ഉത്തേജിപ്പിച്ചുകൊണ്ട് മുന്നേറുകതന്നെ ചെയ്യും. അങ്ങനെ രൂപതാ-സംസ്ഥാനതലങ്ങ ളില്‍ ഏകോപിതമായ ഒരു സഭാപ്രസ്ഥാനം ഉരുത്തിരിഞ്ഞുവരുന്നതിനും, അതിന്റെകൂടി തണലില്‍ ഇടവക-ഫൊറോനാ തലങ്ങളിലുള്ള പ്രാദേശിക സംഘടനാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാകുന്നതിനും ഇതിടയാക്കും.
പുരോഹിതാധിപത്യസമ്പ്രദായത്തിന്‍ കീഴില്‍ മരിച്ചുകൊണ്ടിരിക്കുന്ന യൂറോപ്പിലെ കത്തോലിക്കാസഭയുടെ അവസ്ഥ കത്തോലിക്കാ നസ്രാണി സഭയ്ക്കുണ്ടാകാതിരിക്കണമെങ്കില്‍ ഇവിടുത്തേ വിശ്വാസി സമൂഹം ഉണര്‍ന്നേ പറ്റൂ. ചേതനയറ്റു സഭ മരിച്ചുകൊണ്ടിരിക്കുമ്പോഴും ദൈവജനത്തിനു സഭയിലുള്ള സ്ഥാനം നിഷേധിച്ചതാണ് അതിനു കാരണമെന്നു മനസ്സിലാക്കാതെ, പ്രാര്‍ത്ഥനാപൂര്‍വ്വം കാലം കഴിക്കാനുള്ള 'വിവേക'മാണ് യൂറോപ്പിലെ പുരോഹിതാധികാരികള്‍ പ്രകടിപ്പിക്കുന്നത്. ഇവിടുത്തെ സഭാധികാരികളില്‍ നിന്നും അതില്‍ക്കൂടുതലായ വിവേകം പ്രതീക്ഷിക്കാനാവില്ല. അതായത് സഭയെ രക്ഷിക്കാന്‍ സഭാധികാരികളില്‍ നിന്നും എന്തെങ്കിലും നീക്കങ്ങളുണ്ടാകും എന്നു പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്.
ദൈവജനത്തിന്റെ സഭാ പ്രവര്‍ത്തനങ്ങളാണ് സഭയില്‍ ചോരയോട്ടം ഉണ്ടാക്കുന്നത്. അതിനനുവദിക്കാത്ത പാശ്ചാത്യസഭാധികാരഘടനയേ പ്രതിരോധിക്കുക എന്നതും ദൈവജനത്തിനു പ്രാമുഖ്യമുള്ള നസ്രാണി സഭാപാരമ്പര്യം പുനഃസ്ഥാപിക്കുക എന്നതും ഇവിടുത്തെ ഓരോ വിശ്വാസിയുടെയും ക്രൈസ്തവ ധര്‍മ്മമാണ്.
മാര്‍ത്തോമ്മായുടെ നിയമം ഘടനാരൂപമായി സ്വീകരിച്ചുകൊണ്ട് ഒരേ സമയം സ്വതന്ത്രവും ഏകോപിതവുമായുള്ള ഒരു നസ്രാണി പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതായിരിക്കട്ടെ സഭയിലെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഇനിയത്തെ ലക്ഷ്യം.

സഭാനവീകരണ സാഹിത്യം


'ഇടയന്‍'
ശ്രീ. ചാക്കോ കളരിക്കല്‍ എഴുതിയിട്ടുള്ള ഒരു നോവല്‍
ചര്‍ച്ചകള്‍ക്ക് ഒരാമുഖം

'ഇടയന്‍' എന്ന നോവല്‍ വായിച്ചതിന്റെ പ്രചോദനത്തില്‍ ഞാന്‍ എഴുതിയ ഒരു കവിത പകര്‍ത്തിക്കൊണ്ട് അതിനെപ്പറ്റിയുള്ള ഈ ചര്‍ച്ചാരേഖയുടെ അവതരണം സമാരംഭിക്കട്ടെ.
നല്ല ഇടയന്‍
വഴിതെറ്റിയലയുന്ന കുഞ്ഞാടിനായ് സ്വയം
ബലിയാകാന്‍ പോലും മടിച്ചിടാത്തോ-
രിടയന്റെ വിശ്വാസം താതനാം ദൈവത്തിന്‍
പരിപാലനത്തിലാം, സ്‌നേഹസൂര്യന്‍
ഭുവനത്തില്‍ ശാന്തിയും ക്ഷേമവും പുലരുവാന്‍
പുലരിയില്‍ വന്നുദിച്ചീടുമെന്നാം.

പുലരി വന്നെത്തുമെന്നുള്ള പ്രതീക്ഷ നാം
വെടിയുകില്‍ ജീവിതം കൂരിരുട്ടില്‍
കഴിയുവാനെന്നു നാം തെറ്റിദ്ധരിച്ചിടാം
അതിനിടയാക്കാതീ നല്ലിടയന്‍
തിരിയായി കത്തുവോന്‍, നമ്മള്‍ക്കും സ്‌നേഹമാം
തിരിയായ് സ്വയം കത്താന്‍ തീയേകുന്നോന്‍!

ഇടയനില്‍ വിശ്വസിച്ചീടുകില്‍ മാത്രമേ
ഇവിടെ സമാധാനം ലഭ്യമാവൂ!!
അവനോടു ചേര്‍ന്നു ചരിക്കുകില്‍ മാത്രമേ
ഭുവനവും ദൈവത്തിന്‍ രാജ്യമാകൂ!!!

ജനാധിപത്യത്തിലെ ഏറ്റവും അപകടകരമായ ഒരു സാധ്യത ഭൂരിപക്ഷം പേര്‍ ചേര്‍ന്ന് തെറ്റായ ഒരു കാര്യം നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ അത് സമ്മതിച്ചുകൊടുക്കേണ്ടി വരുന്നു എന്നതാണ്. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഗുരുകുല സമ്പ്രദായത്തില്‍ തന്റെ അനന്തരാവകാശിയെ ഗുരുതന്നെ നിശ്ചയിക്കുന്ന സമ്പ്രദായം തുടര്‍ന്നുപോരുന്നത്. കത്തോലിക്കാസഭയെ യേശുക്രിസ്തുവിന്റെ ഗുരുകുലമായി കണക്കാക്കണം. യേശുവിന്റെ ഉദ്‌ബോധനങ്ങള്‍ തെറ്റുപറ്റാതെ പിന്തുടരാനുള്ള ഒരു സംവിധാനമായിട്ടാണ് പേപ്പസി ജന്മം കൊള്ളുന്നത്.
സഭാസംവിധാനത്തില്‍ അധികാരി (പോപ്പ്) താന്‍പറഞ്ഞ ഉപമയിലെ നല്ല ഇടയനെപ്പോലെയും സ്വന്തം ശിഷ്യരുടെ കാലുകള്‍ കഴുകി ചുംബിച്ച തന്നെപ്പോലെയും ആകണമെന്നായിരുന്നല്ലോ യേശുവിന്റെ ആഗ്രഹം. അതു വിസ്മരിച്ച പേപ്പസിയാണ് ഇന്നത്തെ കത്തോലിക്കാസഭയില്‍ ഉള്ളത്. ആ പേപ്പസിയെയും എപ്പിസ്‌കോപ്പല്‍ എന്നറിയപ്പെടുന്ന സഭാഭരണസംവിധാനത്തെയും നവീകരിക്കാന്‍ ഒരു മെത്രാന്‍ മാത്രം വിചാരിച്ചാല്‍പ്പോലും കുറെയൊക്കെയാവും എന്ന ചിന്തയുടെ അടിസ്ഥാനത്തില്‍ ശ്രീ. ചാക്കോ കളരിക്കല്‍ എഴുതിയിട്ടുള്ള ഒരു നോവലാണ് 'ഇടയന്‍'. ഒരര്‍ഥത്തില്‍ കേരള കത്തോലിക്കാ സമൂഹം കാണേണ്ട ഒരു സ്വപ്നമാണ് ഈ നോവല്‍.
ഈ സദസ്സില്‍ പുസ്തകം വായിച്ചിട്ടില്ലാത്ത കുറച്ചുപേരെങ്കിലും ഉണ്ടാവും. അതിനാല്‍ കഥാസംഗ്രഹം പറഞ്ഞുകൊണ്ടുതന്നെ വിഷയം അവതരിപ്പിക്കാം. റവ. ഡോ. തോമസ് പൈമ്പള്ളില്‍ എന്ന വൈദികന്‍ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സംഭവത്തോടെയാണ് നോവല്‍ തുടങ്ങുന്നത്. ആര്‍ഭാടപൂര്‍ണമായ മെത്രാഭിഷേകം, ആവേശകരമായ മറുപടിപ്രസംഗം എന്നിവ വ്യത്യസ്തമായ ചിന്തകളുടെ ഉടമയൊന്നുമല്ലാത്ത, ഇന്നത്തെ മറ്റേതൊരു മെത്രാനെയുംപോലെയുള്ള, ഒരു യാഥാസ്ഥിതികന്‍ മാത്രമാണ് ബിഷപ്പ് പൈമ്പള്ളില്‍ എന്നു വ്യക്തമാക്കുംവിധമാണ് ചിത്രീകരിച്ചിരിക്കുന്നത്.
മെത്രാനായിത്തീര്‍ന്ന രാത്രി ബിഷപ്പ് പൈമ്പള്ളിലിനു ദാര്‍ശനികവും ചിന്തോദ്ദീപകവുമായ ഒരു ദര്‍ശനം ഉണ്ടാകുന്നു- ബൈബിളില്‍ ചിത്രീകരിച്ചിട്ടുള്ള, മാനസാന്തരത്തിലൂടെ സാവൂളിനെ പൗലോസ്ശ്ലീഹായാക്കി മാറ്റിയ, ദര്‍ശനം പോലെ. അതിനെത്തുടര്‍ന്ന് തന്റേത് ഒരു ദൈവനിയോഗമാണെന്ന വിശ്വാസത്തോടെ സമ്പത്തും ഭൗതികകാര്യങ്ങളും വിശ്വാസികള്‍ക്കു വിട്ടുകൊടുക്കാനും യേശുവിന്റെ ഉപദേശങ്ങളോടും ആദിമസഭാ ജീവിതദര്‍ശനത്തോടും തികഞ്ഞ നീതിപുലര്‍ത്തുന്ന ആത്മീയ ശുശ്രൂഷകനായി മാറാനും അദ്ദേഹത്തിന് ശക്തി കിട്ടുന്നു.
ഈ നോവലില്‍ മാര്‍ തോമസ് പൈമ്പള്ളില്‍ എന്ന വ്യക്തിയും സഭയിലെ യാഥാസ്ഥിതിക- സ്ഥാപിത താത്പര്യങ്ങളും തമ്മിലുണ്ടാകുന്ന സംഘര്‍ഷം കുറെയൊക്കെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഒരു ജനപ്രിയ നോവലിസ്റ്റിനെപ്പോലെ അതിന്റെ സാധ്യതകള്‍ ചൂഷണംചെയ്യാന്‍ ഗ്രന്ഥകാരന്‍ തുനിഞ്ഞിട്ടില്ല. അതിനെ അദ്ദേഹത്തിന്റെ ഉചിതജ്ഞതയായി മനസ്സിലാക്കാവുന്നതാണ്. യഥാര്‍ഥത്തില്‍ ക്രിസ്തുവിന്റെ ഉദ്ദേശ്യശുദ്ധിയും സമൂഹത്തിലെ വ്യക്തികളുടെ സ്വാര്‍ഥതാത്പര്യങ്ങളും തമ്മിലുള്ള സംഘര്‍ഷവും ആത്യന്തികമായി ക്രിസ്തുവിന്റെ ദര്‍ശനത്തിനു ലഭ്യമാകുന്ന വിജയവുമാണ് ഈ നോവലിലൂടെ ഗ്രന്ഥകാരന്‍ ചിത്രീകരിച്ചിട്ടുള്ളത്.
അരമനയും സ്വത്തുമെല്ലാം വിറ്റ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുക, വിദ്യാലയങ്ങളുടെയും ആശുപത്രികളുടെയും മറ്റും ഭരണം ജാതിമതഭേദചിന്ത വെടിഞ്ഞ് ആത്മാര്‍ഥതയും കഴിവുമുള്ളവരെ ജനകീയമായി കണ്ടെത്തി അവരെ ഏല്പിച്ചുകൊടുക്കുക, ആഴ്ചതോറും ഒരോ ഇടവകയില്‍ താമസിച്ചുകൊണ്ട് ജനങ്ങളുമായി ഇടപഴകുക മുതലായ സാഹസങ്ങളിലൂടെയാണ് പൈമ്പള്ളില്‍ മെത്രാന്റെ മുന്നേറ്റം. പുതിയ മെത്രാന്റെ പ്രവര്‍ത്തനരീതിയില്‍ പ്രകോപിതരാകുന്ന പഴയ ചാന്‍സലറെയും മെത്രാപ്പോലീത്തായെയും തികച്ചും ക്രൈസ്തവമായ ശൈലിയിലാണ് മാര്‍ പൈമ്പള്ളില്‍ നേരിടുന്നതും വിജയം വരിക്കുന്നതും. പ്രേമബദ്ധരാകുന്ന ഫാ. കല്ലായിയെയും അഡ്വ. സോളിയും തമ്മില്‍ വിവാഹിതരാകാനും ഫാ. കല്ലായിക്ക് തുടര്‍ന്നും സഭയിലെ ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചുകൊടുക്കാനും കത്തോലിക്കാ സഭാനിയമങ്ങള്‍ ലംഘിക്കാതെതന്നെയാണ് പൈമ്പള്ളില്‍ മെത്രാനും പിന്നീട് അദ്ദേഹത്തിന്റെ പിന്‍ഗാമിയായിവന്ന വര്‍ഗീസ് പനയ്ക്കല്‍ മല്പാനും വഴികണ്ടെത്തുന്നത്.
''പൈമ്പള്ളില്‍ തോമ്മാ മെത്രാന്‍ മെത്രാപ്പോലീത്തായാകുന്നതും കര്‍ദ്ദിനാളാകുന്നതും മാര്‍പ്പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്നതുമൊക്കെ അവിശ്വസനീയ സംഭവങ്ങളായിത്തോന്നാമെങ്കിലും നോവലിസ്റ്റിന്റെ ക്രൈസ്തവമായ പ്രത്യാശയെയും ശുഭപ്രതീക്ഷയെയുമാണ് പ്രതിഫലിപ്പിക്കുന്നത്''’എന്ന് അവതാരികാകാരനായ മാത്യു ഉലകംതറ എഴുതിയിരിക്കുന്നത് വളരെ ശരിതന്നെ. അതിലുപരി എനിക്ക് ഒന്നു കൂടി പറയാനുണ്ട്: അസംഭവ്യമായ കുറെ സങ്കല്പങ്ങളാണ് ഈ നോവലിലുള്ളതെന്നു സാധാരണക്കാര്‍ക്കു തോന്നിയേക്കാമെങ്കിലും ഇതില്‍ ദൈവനിയോഗത്തിലും ദൈവപരിപാലനത്തിലും മനുഷ്യസ്‌നേഹത്തിലും ഊന്നിയ ക്രൈസ്തവമായ ഒരു ദാര്‍ശനികാടിത്തറയുണ്ടന്നും കഥാഗതിയും സമാപ്തിയും ഭദ്രമാണെന്നും കാണാന്‍ ഒരു യഥാര്‍ഥ ക്രിസ്ത്യാനിക്ക് കഴിയും.
ഇവിടെ യഥാര്‍ഥ ക്രിസ്ത്യാനി എന്ന വാക്ക് അല്പമൊന്നു വിശദീകരിക്കേണ്ടതുണ്ട്. എല്ലാ മനുഷ്യര്‍ക്കും ഉള്‍ക്കൊള്ളാനാവുന്ന സാര്‍വത്രികമായ ഒരര്‍ഥം ക്രിസ്തീയതയ്ക്ക് കിട്ടണമെങ്കില്‍, 'ക്രിസ്തുവിന്റെ ഉപദേശങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് അതനുസരിച്ചു ജീവിക്കാന്‍ ശ്രമിക്കുന്നയാള്‍' എന്നു ക്രിസ്ത്യാനി എന്ന പദത്തെ നിര്‍വചിക്കേണ്ടതുണ്ട്. ''ദൈവപരിപാലനയില്‍ പൂര്‍ണവിശ്വാസമര്‍പ്പിക്കുകയും തന്നെപ്പോലെ തന്നെ തന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുകയും ചെയ്യുക'' എന്ന് തന്റെ ഉപദേശങ്ങള്‍ യേശു തന്നെ സംഗ്രഹിച്ചിട്ടുണ്ടല്ലോ. ദൈവപരിപാലനയില്‍ വിശ്വാസമര്‍പ്പിക്കേണ്ടതിന്റെ പ്രാധാന്യം യേശുക്രിസ്തു ഊന്നിപ്പറഞ്ഞത് സ്വാര്‍ഥതയില്‍നിന്ന് വ്യക്തികളെ മോചിപ്പിക്കാന്‍ വേണ്ടിയായിരുന്നു. അതിനു കഴിഞ്ഞാലേ സ്വാര്‍ഥതയുടെ നിരര്‍ഥകത നമുക്കു ബോധ്യമാവൂ. അപ്പോള്‍ മാത്രമേ സമ്പത്തു കുന്നുകൂട്ടുന്നതിലൂടെയല്ല, പരസ്പരം പങ്കുവയ്ക്കുന്നതിലൂടെയാണ് വ്യക്തികള്‍ക്ക് സന്തോഷവും ലോകത്തില്‍ സമാധാനവും സംജാതമാവൂ എന്ന് അനുഭവിച്ചറിയാനാവൂ. അല്പമൊന്നാലോചിച്ചാല്‍ ഭൂമിയില്‍ സ്വര്‍ഗരാജ്യം വരാന്‍ ഈ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ട് മനുഷ്യരോരോരുത്തരും ജീവിച്ചാല്‍ മാത്രം മതിയെന്ന് ആര്‍ക്കും ബോധ്യപ്പെടും.
മാനവകുലത്തെ പാപത്തില്‍നിന്നു രക്ഷിക്കാന്‍ യേശു കുരിശില്‍ സ്വയം ബലിയായെന്നും അവനിലൂടെ മാത്രമേ രക്ഷയുള്ളു എന്നുമുള്ള സുവിശേഷക പ്രചാരണം അത്ര ശരിയല്ല എന്നര്‍ഥം. യേശു പരമസ്‌നേഹത്തിന്റെ മഹനീയമാതൃക നമുക്കു കാണിച്ചുതന്നു എന്നു നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ചിത്രീകരണമായാണ് യേശുവിന്റെ കുരിശുമരണത്തെ നാം മനസ്സിലാക്കേണ്ടത്.
കേരളത്തിലെ ക്രൈസ്തവരോളം യഥാര്‍ഥ ക്രൈസ്തവപാരമ്പര്യമുള്ള, ആദിമ ക്രൈസ്തവ ജീവിതത്തിന്റെ ചൈതന്യം നൂറ്റാണ്ടുകളോളം നിലനിര്‍ത്തിയ, ഒരു ജനത ലോകത്തില്‍ വേറെ ഒരിടത്തും ഇല്ല എന്നത് ഒരു സത്യമാണ്. ഉദയംപേരൂര്‍ സൂനഹദോസുവരെ നിലനിര്‍ത്താന്‍ കഴിഞ്ഞ ആ ചൈതന്യം പോര്‍ട്ടുഗീസ് -ഡച്ച് അധിനിവേശത്തിന്റെ ഫലമായുണ്ടായ പാപ്പാധിപത്യത്തിന്റെ ഫലമായാണ്് ഇന്നത്തെ അവസ്ഥയിലെത്തിയത്. യഥാര്‍ഥത്തില്‍ ഇന്ന് കത്തോലിക്കാസഭയുടെ ഏറ്റവും വലിയ ശക്തികേന്ദ്രം കേരളത്തിലാണുള്ളത്. എങ്കിലും കേരളത്തില്‍നിന്ന് ഒരു മെത്രാന്‍ മാര്‍പ്പാപ്പാപദത്തില്‍ എത്താന്‍ കഴിയണമെങ്കില്‍ അത്ഭുതകരമായേ അതു സംഭവിക്കൂ എന്നു സമ്മതിക്കുന്നു. ഈ നോവലില്‍ അതു ചിത്രീകരിച്ചിരിക്കുന്നത് അതുപോലെതന്നെയാണ്. എന്നാല്‍ ഇരുപത്തിമൂന്നാം ജോണ്‍ മാര്‍പ്പാപ്പയെപ്പോലെ ഒരു മഹാത്മാവു കത്തോലിക്കാസഭയുടെ പരമോന്നതപദത്തിലെത്തുകയുണ്ടായെങ്കില്‍ ഇതും അസംഭവ്യമല്ലതന്നെ. രണ്ടാം വത്തിക്കാന്‍ സൂനഹദോസിലൂടെ അദ്ദേഹം വെട്ടിത്തുറന്നുതന്ന പാത ഇന്നു കാടു കയറിക്കിടക്കുകയാണെങ്കിലും വെട്ടിത്തെളിക്കാന്‍ ആളെത്തിയാല്‍ സഭയ്ക്ക് പലതും ചെയ്യാനാവും എന്നതും ഇന്നത്തെ അവസ്ഥയാണ്.
ഈ നോവലിന്റെ സാഹിത്യമൂല്യത്തെക്കുറിച്ചോ ആ വീക്ഷണത്തിലൂടെ നോക്കിയാല്‍ കാണാനാവുന്ന കുറവുകളെക്കുറിച്ചോ അധികമൊന്നും പറയാന്‍ കരുതുന്നില്ല. ഒരു സോദ്ദേശ്യകൃതിയുടെ പരിമിതികള്‍ പക്ഷേ, സംഭവങ്ങളെയും സംഘര്‍ഷങ്ങളെയും കൂടുതല്‍ സൂക്ഷ്മമായും വികാരോത്തേജകമായും ചിത്രീകരിച്ചിരുന്നെങ്കില്‍ മറികടക്കുവാനാവുമായിരുന്നു. കോര്‍പറേറ്റ് മാനേജ്‌മെന്റ് ബോര്‍ഡു രൂപീകരണവും മറ്റും ഈ നോവലില്‍ ചിത്രീകരിച്ചിട്ടുള്ളതിലും എത്രയേറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കാവുന്ന സംഗതിയാണ്.
ഓരോ സാമൂഹ്യവ്യവസ്ഥിതിക്കും വൃദ്ധിക്ഷയങ്ങളുണ്ട്. അപചയഘട്ടത്തിലല്ലാതെ ഒരു സമൂഹത്തില്‍ സമൂലപരിവര്‍ത്തനം വിജയകരമാവില്ല. 'ഇടയന്‍' എന്ന നോവല്‍ ചര്‍ച്ചചെയ്യുമ്പോള്‍ നിലവിലുള്ള സാമൂഹികവും സാമ്പത്തികവുമായ വ്യവസ്ഥിതികളുടെ അവസ്ഥ എന്തെന്ന ബോധ്യം സാമൂഹികമാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എത്രമാത്രം അനിവാര്യമാണെന്നു കൂടിചര്‍ച്ചചെയ്യേണ്ടതുണ്ട് എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. ഈ നോവലില്‍ പറയുന്ന കാര്യങ്ങള്‍ സംഭവിച്ച സാഹചര്യങ്ങള്‍ എത്രത്തോളം അധഃപതിച്ച അവസ്ഥയിലുള്ളതായിരുന്നു എന്നും ജനം എത്രത്തോളം ആഗ്രഹിച്ചിരുന്ന മാറ്റങ്ങളാണ് ബിഷപ്പ് പൈമ്പള്ളില്‍ നടപ്പിലാക്കിയതെന്നും വിശദീകരിച്ചിരുന്നെങ്കില്‍ കഥയ്ക്കു കൂടുതല്‍ വിശ്വാസ്യത കൈവരുമായിരുന്നു. ഈ കാര്യംകൂടി നോവലിസ്റ്റ് ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ കൂടുതല്‍ ജീവനും ചൈതന്യവുമുള്ളൊരു നോവല്‍ നമുക്കു ലഭിക്കുമായിരുന്നു എന്ന്് ഒരു വായനക്കാരന്‍ പറഞ്ഞാല്‍ അതു നിഷേധിക്കാനാവില്ല.
ഗ്രന്ഥകാരന്റെ ഉദ്ദേശ്യശുദ്ധി മാനിക്കുന്നതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ സ്വപ്നം സഫലമാകാന്‍ നമുക്കെന്തു ചെയ്യാനാവും എന്നു വ്യാപകമായി ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. വ്യവസ്ഥിതി മാറിയാലേ വ്യക്തികള്‍ക്ക് മാറാനാവൂ എന്നുള്ള മാര്‍ക്‌സിസ്റ്റു സിദ്ധാന്തത്തില്‍ കുറെ സത്യമുണ്ട് എന്നു സമ്മതിക്കണം. എങ്കിലും സഖാവ് ഇ എംഎസിന്റെ 'ഭരണവും സമരവും' എന്ന സിദ്ധാന്തം ഓരോ സംഗതിയും പ്രാവര്‍ത്തികമാക്കുന്നതോടൊപ്പം സമൂഹത്തെ മാറ്റത്തിന്റെ ആവശ്യകതയെപ്പറ്റിയുള്ള ബോധ്യമാകുന്ന പടച്ചട്ട അണിയിക്കുകകൂടി ചെയ്യേണ്ടതുണ്ടെന്നു പറയുന്നതാണ് എന്നും നാം ഓര്‍മിക്കണം. ഈ തത്ത്വം സഭാനവീകരണ സംരംഭത്തില്‍ ഏര്‍പ്പെടുന്നവര്‍ ശരിക്കും മനസ്സിലാക്കിയിരിക്കേണ്ടതാണ്. വ്യക്തികളില്‍ മാറ്റമുണ്ടാക്കാതെ സാമൂഹികമാറ്റമുണ്ടാക്കാന്‍ തുനിഞ്ഞാല്‍ അത് സോവിയറ്റു റഷ്യക്കു സംഭവിച്ചതുപോലെയുള്ള അധഃപതനത്തിലേക്കായിരിക്കും അവസാനം സമൂഹത്തെ എത്തിക്കുക. മാറ്റത്തിന്റെ ആവശ്യകതയെപ്പറ്റി ബോധ്യമില്ലാത്തവര്‍ ഭൂരിപക്ഷമുള്ള ഒരു സമൂഹത്തില്‍ ആ ബോധ്യത്തിലേക്കു വ്യക്തികളെ നയിക്കാനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ പ്രസക്തിയുണ്ട് എന്നര്‍ഥം. ഇതിനെപ്പറ്റിയൊന്നും ബിഷപ്പ് പൈമ്പള്ളില്‍ വേണ്ടത്ര ബോധവാനല്ല എന്നാണു നോവല്‍ വായിക്കുമ്പോള്‍ തോന്നുക.
ഈ ജനാധിപത്യയുഗത്തിലും ഏകാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാസഭാധികാരികള്‍ക്കു കഴിയുന്നത് അവയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനം മൂലമാണ്. എങ്കിലും 'യഥാ രാജാ തഥാ പ്രജ' എന്ന സിദ്ധാന്തം 'യഥാ പ്രജാ തഥാ രാജാ' എന്നു ജനാധിപത്യം തിരുത്തിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. സ്വാര്‍ഥതാത്പര്യങ്ങള്‍ നിറഞ്ഞ വ്യക്തികളുടെ ഒരു സമൂഹത്തില്‍ അതിനെ നിഷേധിക്കുന്ന ഒരു നേതൃത്വത്തിന് നിലനില്ക്കാന്‍ അത്ര എളുപ്പമല്ലതന്നെ. അതിനാല്‍ സ്വാര്‍ഥതാത്പര്യങ്ങളില്‍നിന്ന് മനുഷ്യരെ മോചിപ്പിക്കുന്ന ദൈവപരിപാലനയിലുള്ള വിശ്വാസത്തിലേക്ക് മനുഷ്യരെ ആനയിക്കുക എന്നതാണ് യഥാര്‍ഥ സുവിശേഷപ്രചാരണം. അതിന്റെ പ്രാധാന്യം മനസ്സിലാക്കി അതനുസരിച്ചു പ്രവര്‍ത്തിച്ച ഒരു മെത്രാനായിരുന്നോ ബിഷപ്പ് പൈമ്പള്ളില്‍ എന്നു ചോദിക്കാന്‍ ഈ നോവല്‍ വായിച്ചശേഷം വായനക്കാരനു തോന്നുന്നുണ്ടെങ്കില്‍ ഈ നോവല്‍ അതിന്റ ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് എന്നു ഞാന്‍ പറയും.
സഭാ നവീകരണപ്രസ്ഥാനത്തിനു ശക്തിപകരാന്‍ ഈ നോവല്‍ വ്യാപകമായി ചര്‍ച്ചചെയ്യുന്നത് പ്രയോജനംചെയ്യും. അതിന് ഈ രേഖ സഹായകമാകും എന്നു പ്രതീക്ഷിക്കുന്നു.

2010, മേയ് 23, ഞായറാഴ്‌ച

ജൂലൈ 1999 - സഭയില്‍ സംഘടനാപ്രവര്‍ത്തനത്തിന്റെ പ്രസക്തി

ജൂലൈ 1999
സഭയില്‍ സംഘടനാപ്രവര്‍ത്തനത്തിന്റെ പ്രസക്തി
- ജോര്‍ജ് മൂലേച്ചാലില്‍

സഭയിലിന്ന്, 'ആധികാരികാംഗീകാര'മുള്ളവയും വിശ്വാസിസമൂഹത്തിന്റെ മാത്രം അംഗീകാരമുള്ളവയുമായ ഒട്ടനവധി സംഘടനകളുണ്ട്. ഈ സാഹചര്യത്തില്‍, ഇവയുടെ സാധുതയെയും പ്രസക്തിയെയുംപറ്റി ബൈബിളധിഷ്ഠിതമായി വിലയിരുത്തേണ്ടത്, സഭയിലെ സംഘടനാപ്രവര്‍ത്തനരംഗത്ത് ലക്ഷ്യബോധത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടിയുള്ള കര്‍മ്മപരിപാടികള്‍ രൂപം കൊള്ളാന്‍ ആവശ്യമാണെന്നു തോന്നുന്നു.
സുവിശേഷാധിഷ്ഠിത സഭാഘടനയും സംഘടനകളും
ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഏറ്റവും ശുദ്ധമായ രീതിയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത് വിശ്വാസികളെല്ലാം ഏകമനസ്സോടെ ഒരു സമൂഹമായി ജീവിച്ച ആദിമസഭയിലാണെന്നു നമുക്കറിയാം. ക്രിസ്തുവില്‍ ആത്മീയമായി ഐക്യപ്പെട്ട്, ഒരു ശരീരത്തിലെ വിവിധ അവയവങ്ങള്‍പോലെ പരസ്പരപൂരകമായി സ്വധര്‍മ്മനിര്‍വ്വഹണം നടത്തിയായിരുന്നു, ഓരോ വിശ്വാസിയും ആദിമസഭയില്‍ ജീവിതം നയിച്ചത്. ക്രിസ്തുവിന്റെ, 'നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന കല്പനയുടെയും 'മറ്റുള്ളവര്‍ നിനക്ക് എന്തു ചെയ്യണമെന്ന് നീ ആഗ്രഹിക്കുന്നുവോ അതു തന്നെ നീ അവര്‍ക്കും ചെയ്തു കൊടുക്കുക' എന്ന കല്പനയുടെയും പാലനത്തിലൂടെ കൈവന്ന വിശ്വാസികളുടെ ചൈതന്യവത്തായ ഒരുമയായിരുന്നു, ആദിമസഭയെ ഭീകരമായ പീഡനങ്ങള്‍ക്കിടയിലും നിലനിര്‍ത്തിയതും ക്ഷേമശൈ്വര്യങ്ങളിലേക്കു നയിച്ചതും. മനുഷ്യ ചരിത്രത്തില്‍ പ്രായോഗികമാക്കപ്പെട്ടതും വിശ്വാസികള്‍ക്ക് സമൂര്‍ത്തമായി അനുഭവേദ്യമായതുമായ ഈ സാഹോദര്യജീവിതമായിരുന്നു ക്രിസ്തുവിന്റെ പ്രബോധനങ്ങളുടെയെല്ലാം കാതല്‍. അവിടെ വിശ്വാസികളുടെ വൈയക്തികവും സാമൂഹ്യവുമായ ജീവിതത്തെ നിയന്ത്രിച്ചിരുന്നത്, അധികാരികളുടെ ബാഹ്യമായ നിയമങ്ങളായിരുന്നില്ല; മറിച്ച്, ക്രിസ്തുവിന്റെ സുവിശേഷം മൂലം തങ്ങളുടെ ഹൃദയങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ട സ്‌നേഹത്തിന്റെ ആന്തരനിയമങ്ങളായിരുന്നു. ഈ സ്‌നേഹം മുഖമുദ്രയായിട്ടുള്ള ക്രൈസ്തവ ആധ്യാത്മികതയുടെ പ്രചോദനത്താല്‍, 'ഒന്നാമന്മാര്‍' സ്വയം അവസാനക്കാരാകാനും 'അവസാന'ക്കാരുടെ ശുശ്രൂഷകരാകാനും വെമ്പിനിന്ന ഒരു സമൂഹമായിരുന്നു, അത്. ആത്മാവില്‍ ദരിദ്രനായി അഹന്തവെടിഞ്ഞ്, പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാന്‍ ദൈവമക്കളെയെല്ലാം സഹോദരായിക്കണ്ട് കഴിയുംവിധം ശുശ്രൂഷിക്കാന്‍, വ്യഗ്രതനിറഞ്ഞവരുടെ ഒരു സമൂഹം; അതായിരുന്നു ആദിമസഭ.
ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം, സുവിശേഷാധിഷ്ഠിതമായി ഉരുത്തിരിഞ്ഞുവന്ന ഈ സഭാസമൂഹത്തില്‍ ഏതെങ്കിലുമൊരു സംഘടന ഉണ്ടായിരുന്നില്ല എന്നതാണ്. ധാരാളം സ്വയംസന്നദ്ധ ശുശ്രൂഷകരും ശുശ്രൂഷകളുമുണ്ടായിരുന്നു; പക്ഷേ, അവയ്‌ക്കൊന്നും സംഘടനാരൂപമുണ്ടായില്ല. ഇതിനുള്ള കാരണം എന്തായിരിക്കാം എന്നന്വേഷിക്കുമ്പോള്‍, സംഘടനാപരമായ അറിവും കഴിവും പരിചയവുമൊന്നും അപരിഷ്‌കൃതമായിരുന്ന അവരുടെ അന്നത്തെ സാഹചര്യത്തില്‍ ഇല്ലാതിരുന്നതിനാലാവാം എന്നു നാം പെട്ടെന്നു ചിന്തിച്ചെന്നു വരും. എന്നാല്‍, സുവിശേഷത്തില്‍ത്തന്നെ, അന്നുണ്ടായിരുന്ന പല സംഘടനകളുടെയും - സിലെട്ടുകള്‍, സെന്‍ഹെദ്രീന്‍ ലരേ - പരാമര്‍ശങ്ങളുണ്ടെന്നു നമുക്കറിയാം. കൂടാതെ, മോശെയുടെ കാലത്തുതന്നെ, ഇസ്രായേല്‍ ജനതയെ ഗണങ്ങളായി തിരിച്ചും തലവന്മാരെ തിരഞ്ഞെടുത്തും, ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനായുള്ള സുഘടിതമായ സംഘടനാസമ്പ്രദായം ഉരുത്തിരിഞ്ഞിരുന്നു എന്നും പഴയനിയമത്തില്‍ നാം വായിക്കുന്നുണ്ട് ( പുറപ്പാട് 18: 25 27).
അങ്ങനെ, സംഘടനകളുടേതായ ചരിത്രപശ്ചാത്തലമുണ്ടായിരുന്ന ഒരു ജനത സഭാസമൂഹമായി മാറിയപ്പോള്‍ അവിടെ സംഘടനകളില്ലാതാകുന്നതാണു നാം കാണുന്നത്. ഇതിനു കാരണം, ക്രിസ്തു അവതരിപ്പിച്ച നിത്യനൂതനവും ഉദാത്തവുമായ മാനുഷികമൂല്യങ്ങളില്‍ അടിയുറപ്പിച്ച്, ഏകയോഗമായി മുമ്പോട്ടുപോകുന്ന ഒരു സമൂഹത്തിലും പ്രത്യേകം പ്രത്യേകം ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള വേറെ വേറെ സംഘടനകള്‍ ആവശ്യമില്ല എന്നതുതന്നെയാണ്. എന്തുകൊെണ്ടന്നാല്‍, സഭ അതില്‍ത്തന്നെ, അതതു സഭാസമൂഹത്തിന്റെ ഒരു തുറന്ന വേദിയും കൂടി ആയിരുന്നു. ആധ്യാത്മികാചാര്യരായിരുന്ന സഭാമൂപ്പന്മാര്‍ ആധ്യക്ഷ്യം വഹിക്കുമായിരുന്ന സഭായോഗങ്ങളില്‍, ആ സഭാസമൂഹത്തിന്റെ വലുതും ചെറുതുമായ ഏതു പ്രശ്‌നത്തെയുംപറ്റി ഓരോ വിശ്വാസിക്കും 'രാജകീയ പുരോഹിതന്‍' എന്ന നിലയില്‍, (പത്രോസ് 2: 9) തികഞ്ഞ ധാര്‍മ്മികാധികാരത്തോടെത്തന്നെ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ അവസരമുണ്ടായിരുന്നു. അത് അഭിപ്രായ സമന്വയങ്ങളിലേക്കും ഏകയോഗക്ഷേമം ഉറപ്പുവരുത്തുന്ന വിവിധ കര്‍മ്മങ്ങളിലേയ്ക്കും സഭാസമൂഹത്തെ നയിച്ചിരുന്നു. ഓരോരോ കാര്യങ്ങള്‍ക്കുവേണ്ടി, വെവ്വേറെയുള്ള സംഘടനകള്‍ക്ക് ആദിമസഭയില്‍ പ്രസക്തിയില്ലാതെ വന്നത് ഇക്കാരണത്താലായിരുന്നു.
കേരളത്തിലെ ആദിമസഭ
റോമന്‍ സാമ്രാജ്യത്തിനുള്ളിലെന്നപോലെതന്നെ, കേരളത്തിലും സമാനരൂപത്തിലുള്ള ആദിമസഭ രൂപപ്പെട്ടു എന്നു നമുക്കറിയാം. ഈ ആദിമനസ്രാണിസഭയുടെ ഘടനാസ്വഭാവത്തെപ്പറ്റിപ്പറയാന്‍ നമുക്ക് അക്കാലഘട്ടത്തിലെ ചരിത്രരേഖകളൊന്നുമില്ലെങ്കിലും, ബൈബിളില്‍ കാണുന്ന ആദിമസഭാസംവിധാനത്തോട് ഏറെ സാദൃശ്യം പുലര്‍ത്തുന്ന ഒരു സഭാസംവിധാനം 16-ാം നൂറ്റാണ്ടിനുശേഷവും ഇവിടെ നിലനിന്നിരുന്നു എന്നതിനുള്ള വ്യക്തമായ തെളിവുകള്‍ നമുക്കുണ്ട്. റവ. ഡോ. സേവ്യര്‍ കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: ''പുതിയനിയമ പശ്ചാത്തലത്തിന്റെ സ്വഭാവസവിശേഷതകളുമായി മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ സഭാഭരണസമ്പ്രദായത്തിനും വളരെ അടുപ്പമുണ്ടായിരുന്നു. അവരുടെ വികേന്ദ്രീകൃതമായ സഭാഭരണരീതി, അപ്പോ.പ്രവ 6: 1 6 വാക്യങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടുള്ളതായിരുന്നു. അപ്പോസ്തലന്മാര്‍ നല്‍കിയ മുന്‍ഗണനയ്ക്കള്ള ഒരു ഉത്തമ മാതൃകയാണ് നാമിവിടെ കാണുന്നത്.'' (Eecclesial Identity of the Thomas Christians, Page 74, സ്വന്തം തര്‍ജമ).
സഭയിലെ യോഗങ്ങളല്ലാതെ, നസ്രാണിസഭയിലും മറ്റു സംഘടനകള്‍ അക്കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. സഭാ സമൂഹത്തില്‍ സര്‍വ്വാശ്ലേഷിതമായി നിലനിന്നിരുന്ന, വിവിധ തട്ടുകളിലുള്ള, നസ്രാണിസഭയുടെ യോഗസമ്പ്രദായത്തിലും മറ്റു സംഘടനകള്‍ക്കു പ്രസക്തിയുണ്ടായിരുന്നില്ല.
സംഘടന എപ്പോള്‍
സഭയില്‍ സംഘടനകള്‍ ആവശ്യമായിവരുന്നത്, സഭയുടെ കൂട്ടായ്മാബോധം തകരുമ്പോഴാണ് എന്നാണ് നമുക്കിതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. സഭ സഭാത്മകമല്ലാതാകുമ്പോള്‍, കൂട്ടായ്മ അല്ലാതാകുമ്പോള്‍, സഭയുടെ അസ്തിവാരം സ്‌നേഹത്തില്‍ നിന്നും മാറ്റപ്പെട്ട് അതിനു നൈയാമിക സ്വഭാവം കൈവരുമ്പോള്‍, സഭാസമൂഹം രോഗാതുരമാകുന്നു. രോഗലക്ഷണങ്ങളെന്ന നിലയില്‍, അനേകതലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവയുടെ പരിഹാരത്തിനുവേണ്ടി സഭയില്‍ സംഘടനകള്‍ ആവശ്യമായിത്തീരുകയാണു ചെയ്യുന്നത്. അങ്ങനെയുള്ള ഒരു 'സഭ'യില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ അവശ്യം ആവശ്യംതന്നെ. എങ്കില്‍മാത്രമേ, ബൈബിള്‍മൂല്യങ്ങളെ പുനരവതരിപ്പിച്ച്, 'സഭയെ വീണ്ടും ദൈവജനത്തിന്റെ കൂട്ടായ്മയാക്കാനാകൂ.
എന്നാല്‍, ഇവിടെ നാം ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സഭാ പ്രതിസന്ധിയുടെ വിവിധ മുഖങ്ങളോട് പ്രതികരിക്കാന്‍ വെവ്വേറെ സംഘടനകളുണ്ടായിരിക്കുമ്പോഴും, പ്രതിസന്ധിയുടെ അടിസ്ഥാന പ്രശ്‌നത്തെപ്പറ്റി അവയ്‌ക്കോരോന്നിനും ബോധ്യമുണ്ടായിരിക്കേണ്ടതുണ്ട്. മറിച്ചായാല്‍, രോഗലക്ഷണങ്ങളോരോന്നിനെയും അടിസ്ഥാനരോഗവുമായി ബന്ധപ്പെടുത്താതെ ചികിത്സിക്കുന്നതുപോലെ നിഷ്ഫലമോ ഉപരിപ്ലവമോ ആയിരിക്കും സംഘടനാപ്രവര്‍ത്തനങ്ങളുടെയും ഫലം. അതുകൊണ്ട്, നമ്മുടെ സഭയിന്ന് അകപ്പെട്ടിരിക്കുന്ന അടിസ്ഥാന പ്രതിസന്ധി എന്ത് എന്ന കാര്യത്തില്‍ സഭാസംഘടനകള്‍ക്ക് വ്യക്തതയുണ്ടായിരിക്കണം. പ്രവര്‍ത്തനങ്ങളിലെ കൂട്ടായ്മയ്ക്കും അതാവശ്യമാണ്.
അടിസ്ഥാന പ്രശ്‌നം
ക്രിസ്തു മൂലക്കല്ലായിരിക്കുന്ന ഒരു ആധ്യാത്മികഭവനമായിരിക്കണം എക്കാലവും ക്രിസ്തുവിന്റെ സഭ. എന്നാല്‍, ഇന്ന് അത് ഒരു ഭൗതികസാമ്രാജ്യമായി മാറിയിരിക്കുന്നു. അതായത്, സഭയുടെ ഭൗതികവല്‍ക്കരണമാണ്, സഭയിലെ ആധ്യാത്മികതയുടെ അഭാവമാണ്, യഥാര്‍ഥ പ്രശ്‌നം. ഇതെങ്ങനെ സംഭവിച്ചു എന്നറിഞ്ഞുകൊണ്ടു മാത്രമേ, അടിസ്ഥാനപരമായ തിരുത്തല്‍ശക്തിയായി സംഘടനകള്‍ക്കു പ്രവര്‍ത്തിക്കാനാവൂ.
ക്രിസ്തുശിഷ്യരുടെ സുവിശേഷ പ്രബോധനങ്ങള്‍ ശ്രവിച്ചു മാനസാന്തരപ്പെട്ട് ആധ്യാത്മികത ആര്‍ജിച്ചവരായിരുന്നു ആദിമ സഭയിലെ വിശ്വാസികള്‍. ഈ ആധ്യാത്മികതയാണ്, സ്‌നേഹം, ആനന്ദം, സമാധാനം, കരുണ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം മുതലായ ആത്മാവിന്റെ ഫലങ്ങള്‍ (ഗലാ 5: 2223). പുറപ്പെടുവിക്കാന്‍ അവരെ പ്രാപ്തരാക്കിയത്. കൂട്ടായ്മാ ജീവിതത്തിന് ഈ ആധ്യാത്മിക മനോഭാവങ്ങള്‍ കൂടിയേ തീരൂതാനും. ഇതിനര്‍ഥം, സഭയിലെ അതിപ്രധാനമായ ശുശ്രൂഷാമണ്ഡലമാണ് സുവിശേഷപ്രബോധനം എന്നതാണ്. ശരീരത്തിലെ രക്തം ശുദ്ധീകരിക്കാന്‍ ശ്വാസോച്ഛ്വാസത്തിലൂടെയുള്ള നിരന്തരമായ 'ഓക്‌സിജന്‍ സപ്ലൈ' അത്യാവശ്യമാണെന്നതുപോലെതന്നെ, ഈ ലോകത്തില്‍ വിശുദ്ധമായ ക്രൈസ്തവ ജീവിതം നയിക്കുന്നതിനും നിരന്തരമായ ആധ്യാത്മിക പ്രബോധനങ്ങള്‍ ആവശ്യമാണ്. എത്ര സമ്മര്‍ദമുണ്ടായിട്ടും, ഈ ശുശ്രൂഷാമേഖല ഉപേക്ഷിച്ച് സഭയുടെ ഭൗതിക കൈകാര്യകര്‍ത്തൃത്വവും ഭരണവും ഏറ്റെടുക്കാന്‍ ക്രിസ്തുവിന്റെ അപ്പോസ്തലന്മാര്‍ തയ്യാറാകാതിരുന്നത് അതിനാലാണ്. അത്തരമൊരു ജനസമ്മര്‍ദമുണ്ടായ അവസരത്തില്‍, ആ പന്ത്രണ്ടുപേര്‍, ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: ''ഞങ്ങള്‍ ദൈവവചന പ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെടുന്നതു ശരിയല്ല. അതിനാല്‍, സഹോദരരേ, നിങ്ങളുടെ ഇടയില്‍ നിന്നു സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തിരഞ്ഞെടുക്കുക. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ, പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം'' (അപ്പോ. 6: 24). സഭയെ ആധ്യാത്മികമായി നിരന്തരം പരിപോഷിപ്പിക്കുക എന്നതാണ് തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍ത്തവ്യം, എന്ന അപ്പോസ്തലന്മാരുടെ പ്രഖ്യാപനമായിരുന്നു അത്. അതോടൊപ്പംതന്നെ, സഭാസമൂഹത്തിന്റെ ഭൗതിക കൈകാര്യകര്‍ത്തൃത്വം വിശ്വാസികളുടെ ഉത്തരവാദിത്വമാണെന്നുള്ളതിന്റെ പ്രഖ്യാപനവും കൂടിയായിരുന്നു അത്.
സഭയിലെ ശുശ്രൂഷകളെ ആധ്യാത്മികമെന്നും ഭൗതികമെന്നും വേര്‍തിരിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഈ അപ്പോസ്തലിക പ്രഖ്യാപനമാണ്, സഭാസംവിധാനത്തെക്കുറിച്ചുള്ള എന്നത്തേയും മാര്‍ഗരേഖ. ഈ അപ്പോസ്തലിക മാര്‍ഗരേഖയില്‍നിന്നും ആധ്യാത്മിക പ്രബോധകരായിരിക്കേണ്ട സഭാ മൂപ്പന്മാര്‍ വ്യതിചലിച്ച് സഭയുടെ ഭരണാധികാരികളായതാണ് സഭയുടെ ആധ്യാത്മികശോഷണത്തിനു കാരണമായത്. ഇത് രണ്ടു വിധത്തില്‍ ദോഷം ചെയ്തു. ഒന്ന്, സഭയെ സംബന്ധിച്ച് സര്‍വ്വ പ്രധാനമായ ആധ്യാത്മിക പ്രബോധനം അതില്ലാതാക്കി. രണ്ട്, സഭയിലെ 'രാജകീയ പുരോഹിതഗണ'മായ വിശ്വാസികളെ സഭയില്‍ ആരുമല്ലാതാക്കി. അതോടെ, അപ്പോസ്തല പിന്‍ഗാമികള്‍ ഭരണാധികാരികളും വിശ്വാസികള്‍ അനുസരണയുള്ള കേവലം പ്രജകളുമായ ഒരു ഭൗതികസാമ്രാജ്യമായി സഭ മാറി. ഇതുമൂലമാണ് ആത്മാവിന്റെ ഫലങ്ങള്‍ക്കു നേര്‍വിരുദ്ധങ്ങളായ ജഡത്തിന്റെ പ്രവൃത്തികളാല്‍, അതായത്, ശത്രുത, കലഹം, അസൂയ, സ്വാര്‍ ഥത, വിഭാഗീയത, വിദ്വേഷം, ഭോഗാസക്തി എന്നീ മനോഭാവങ്ങളാല്‍ (ഗലാ 5: 2021) നമ്മുടെ സഭ ഇന്നു പ്രശ്‌നകലുഷിതമായിരിക്കുന്നത്.
അപ്പോള്‍, സഭയിലെ ഓരോ പ്രശ്‌നത്തെയും കേന്ദ്രീകരിച്ച് വിവിധങ്ങളായ സംഘടനാപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും അതിന്റെയെല്ലാം അടിയിലുള്ള അടിസ്ഥാന പ്രശ്‌നം സഭാമൂപ്പന്മാരുടെ സുവിശേഷവിരുദ്ധമായ ഭൗതികാധികാരവ്യഗ്രതയാണെന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. ഈ തിരിച്ചറിവുണ്ടായാല്‍, നമ്മുടെ സഭാധികാരികള്‍ ഇന്നടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന കാനോന്‍നിയമം, പള്ളിയോഗനടപടിക്രമങ്ങള്‍, ആരാധനക്രമം, മാനിക്കേയന്‍ കുരിശ് മുതലായവയുടെയൊക്കെ പേരിലുള്ള ചേരിതിരിവുകളുടെയും ഭിന്നിപ്പുകളുടെയുമെല്ലാം പിന്നില്‍ സഭാധികാരികളുടെ അധികാരവ്യഗ്രതയാണെന്നു കാണാം. അതുകൊണ്ട് എന്തു വിലകൊടുത്തും സഭയുടെ ഭൗതികഭരണത്തില്‍ നിന്നും അവരെ മുക്തരാക്കി, ആധ്യാത്മിക പ്രബോധനമേഖലയില്‍ അവരുടെ സേവനം ഉറപ്പാക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം, തങ്ങളില്‍ അര്‍പ്പിതമായിരിക്കുന്ന സഭയുടെ ഭൗതികശുശ്രൂഷകള്‍ ഏറ്റെടുക്കുവാനുള്ള ഉത്തരവാദിത്വം വിശ്വാസികളും നിര്‍വഹിക്കേണ്ടിയിരിക്കുന്നു. ഈ രണ്ടു ലക്ഷ്യങ്ങളും ശക്തമായ സംഘടനാപ്രവര്‍ത്തനങ്ങളിലൂടെയേ നേടാനാവൂ.
സംഘടനകള്‍ കേരളസഭയില്‍
ആദിമസഭയെപ്പോലെ, 16-ാം നൂറ്റാണ്ടുവരെ കേരള നസ്രാണിസഭയും സംഘടനാരഹിതമായിരുന്നു. കാരണം, സഭയുടെ ആധ്യാത്മികവും ഭൗതികവുമായ ശുശ്രൂഷാമേഖലകളെ വേര്‍തിരിച്ചു നിര്‍ത്തിക്കൊണ്ടുള്ള അപ്പോസ്തലനിര്‍ദേശിതമായ സഭാസംവിധാനമാണ് ഇവിടെ അഭംഗുരം പുലര്‍ന്നിരുന്നത്. പോര്‍ട്ടുഗീസുകാര്‍ നസ്രാണിസഭയില്‍ ഇടപെട്ട് ഈ സഭയില്‍ കലക്കങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങുന്നതുവരെ ഏകയോഗക്ഷേമൈശ്വര്യങ്ങളോടെ പുലര്‍ന്നുപോന്ന ഒന്നായിരുന്നു കേരളസഭ. ഉദയംപേരൂര്‍ സൂനഹദോസും, അതിനെത്തുടര്‍ന്ന് മെത്രാന്‍ കേന്ദ്രീകൃതമായ പാശ്ചാത്യസഭാസമ്പ്രദായവും ഈ സഭയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കാലത്തും, അതിനെ ചെറുക്കാന്‍, ഈ സഭയുടെ പരമ്പരാഗതമായ യോഗസമ്പ്രദായത്തെത്തന്നെയായിരുന്നു നസ്രാണികള്‍ ആശ്രയിച്ചത്. 1632-ലെ ഇടപ്പള്ളിയോഗത്തെയും 1773-ലെ അങ്കമാലി യോഗത്തെയും 1854-ലെ കുറവിലങ്ങാട്ടു യോഗത്തെയും 1892-ലെ പാലാ യോഗത്തെയും ഈ പാരമ്പര്യത്തിന്റെ ഉജ്വല ഉദാഹരണങ്ങളായി നമുക്കു കാണാനാകും.
ഇതില്‍, പാലായോഗത്തില്‍ വെച്ചായിരുന്നു, പള്ളിയോഗത്തിനു പുറമെ, നസ്രാണികള്‍ക്ക് ഒരു സാമുദായിക സംഘടന ഉണ്ടാക്കണമെന്ന തീരുമാനമെടുത്തത്. ദൈവജനത്തിന്റെ നാവായിരുന്ന പള്ളിയോഗങ്ങള്‍ അപ്പോഴേക്കും മെത്രാനാധിപത്യം മൂലം ദുര്‍ബലമായിത്തീര്‍ന്നിരുന്നു എന്നതാണ്, സമുദായത്തിനുവേണ്ടി ഒരു സംഘടന വേണം എന്ന ചിന്തയ്ക്കു കളമൊരുക്കിയത്. ഏതായാലും, അങ്ങനെ രൂപംകൊണ്ട സമുദായത്തിലെ ആദ്യ സംഘടനയായിരുന്നു, 'നസ്രാണിഗുണദായിനി സഭ.' അതേ ലക്ഷ്യം കൂടുതല്‍ വിപുലമാക്കാനുദ്ദേശിച്ച് 1905-ല്‍ രൂപം കൊടുത്ത 'കത്തോലിക്കാ ക്രിസ്തീയ മഹാജനസഭ'യാണ്, 1931 മുതല്‍ 'അഖിലകേരള കത്തോലിക്കാകോണ്‍ഗ്രസ്' എന്നറിയപ്പെടുന്നത്.
'ആധികാരികാംഗീകാരം' എന്ന വിന
സംഘടനകള്‍ക്ക് സഭാധികാരികളുടെ അംഗീകാരമുണ്ടായിരിക്കണമെന്ന ഒരു ദുര്‍ബലചിന്ത സമുദായനേതാക്കള്‍ക്കുണ്ടാകാറുണ്ട്. എന്തും 'തനിക്കാക്കി വെടക്കാക്കാന്‍' തക്കം പാര്‍ത്തിരിക്കുന്ന സഭാധികാരികളാകട്ടെ, സംഘടനകളുടെ ലക്ഷ്യങ്ങള്‍ തന്നെ തിരുത്തിക്കുറിപ്പിച്ചും, അവയുടെ കടിഞ്ഞാണ്‍തന്നെ കൈയ്ക്കലാക്കാനുള്ള വകുപ്പുകള്‍ എഴുതിച്ചു ചേര്‍ത്തും 'അംഗീകാരം' നല്‍കുന്നു. ഈ വിധം ഷണ്ഡീകരിക്കപ്പെട്ട സംഘടനകള്‍ അവസാനം സഭാധികാരികളുടെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനുള്ള കേവലം കരുക്കളായി മാറുന്നു. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഒരുകാലത്ത് ഈ സമുദായത്തിലെ മഹാരഥന്മാര്‍ രൂപം കൊടുത്ത കത്തോലിക്കാ കോണ്‍ഗ്രസ്. ആ സംഘടനയുടെ ഇന്നത്തെ അവസ്ഥ നിരീക്ഷിച്ചാല്‍ സഭാധികാരികളുടെ 'ആധികാരികാംഗീകാര'ത്തില്‍ പതിയിരിക്കുന്ന അപകടം ഏവര്‍ക്കും ബോധ്യമാകും.
അതിനാല്‍, സംഘടനകള്‍ സഭാധികാരികളില്‍നിന്നും തീര്‍ത്തും സ്വതന്ത്രമായിരിക്കണം. സഭാധികാരത്തിന്റെയല്ല, മറിച്ച്, വിശ്വാസിസമൂഹത്തിന്റെ, അതായത് സഭയുടെ, അംഗീകാരമായിരിക്കണം സഭാസംഘടനകള്‍ ലക്ഷ്യം വെക്കേണ്ടത്. അതുപോലെതന്നെ, ഇന്നത്തെ രാഷ്ട്രീയ ചേരിതിരിവുകളൊന്നും സഭാസംഘടനകളില്‍ പ്രതിഫലിക്കാതിരിക്കാന്‍, അവ രാഷ്ട്രീയമുക്തവുമായിരിക്കണം. ചുരുക്കത്തില്‍ സഭാബാഹ്യമായ ഒരു ലക്ഷ്യവും സഭാസംഘടനകള്‍ക്കുണ്ടാകരുത്.
അതിപ്രധാനമായ മറ്റൊരു കാര്യം, സംഘടനാ പ്രവര്‍ത്തകര്‍ക്ക് അധികാരമോഹം പാടില്ല എന്നതാണ്. സഭാധികാരികളുടെ അധികാരവാഞ്ഛയാണ്, സഭയുടെ കൂട്ടായ്മ നശിപ്പിച്ചത് എന്നു നമുക്കറിയാം. അപ്പോള്‍, അതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ അതൊരിക്കലും ഉണ്ടാകരുത്. ഉണ്ടായാല്‍, സംഘടനകളുടെ പിളര്‍പ്പിലേ അതവസാനിക്കൂ. അത്മായരെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന പുരോഹിതാധികാരികളുടെ കയ്യില്‍ വെറുമൊരു ഉപകരണമാകാനേ പിന്നീടവയ്ക്കു സാധിക്കൂ. നേതൃത്വതലത്തിലുള്ള പ്രശ്‌നമുണ്ടാകാതിരിക്കണമെങ്കില്‍, ഓരോ അത്മായനേതാവും ക്രിസ്തീയാരൂപിയില്‍ സ്വയം താഴാന്‍ സന്നദ്ധനാകണം. കാര്യമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ തുറന്ന ചര്‍ച്ചകളിലൂടെ അവ പരിഹരിച്ച് രഞ്ജിപ്പിലെത്താന്‍ സാധിക്കണം.
ഇടവകകേന്ദ്രീകരിച്ചുള്ള അത്മായ സംഘടനയുടെ പ്രത്യേക പ്രസക്തി
സഭയുടെ ഏറ്റവും ചെറിയ ഘടകം ഇടവകയാണല്ലോ. വ്യക്തിസഭകളുടെ കൂട്ടായ്മയാണ് ആഗോളസഭയെങ്കില്‍, ഇടവകകളുടെ കൂട്ടായ്മയാണ് ഓരോ വ്യക്തിസഭയും. ആ നിലയില്‍ സ്വതന്ത്രമായ ഒരസ്തിത്വം ഓരോ ഇടവകയ്ക്കും ഉണ്ട്. അതുകൊണ്ടുതന്നെ, വിശ്വാസിസമൂഹത്തിന്റെ അവകാശങ്ങള്‍ക്കും കൂട്ടായ്മാ പുനഃസ്ഥാപനത്തിനും വേണ്ടിയുള്ള പരിശ്രമങ്ങള്‍ കേന്ദ്രീകരിക്കേണ്ടത് ഓരോ ഇടവകയിലുമാണ്. പുതിയ പള്ളിയോഗനടപടിക്രമം, ഇടവകാംഗങ്ങളുടെ അവകാശാധികാരങ്ങളെ പാടേ നിഷേധിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇതാവശ്യ മാണ്. ഇത്തരം സംഘടനകള്‍ ഇടവകതലത്തിലുള്ള എല്ലാക്കാര്യങ്ങളിലും ആശയവിനിമയം നടത്തുകയും തീരുമാനങ്ങളിലെത്തുകയും ചെയ്യുന്ന പക്ഷം ഇടവകകാര്യങ്ങളില്‍ ആ സംഘടനയ്ക്ക് അവഗണിക്കാനാകാത്ത സ്വാധീനമുണ്ടാകുകതന്നെ ചെയ്യും. ഈ സഭയുടെ മേല്‍ അടിച്ചേല്‍പിക്ക പ്പെട്ടിരിക്കുന്ന പള്ളിയോഗനടപടിക്രമത്തിനും കാനോന്‍നിയമത്തിനും ദൈവജനം നല്‍കുന്ന ഏറ്റം ഉചിതമായ മറുപടിയും ഇതായിരിക്കും.
എന്നാല്‍, വിശ്വാസികളുടെ മതപരവും സാമൂഹ്യവുമായ ജീവിതത്തിനുമേല്‍ പത്തിവിരിച്ചു നില്‍ക്കുന്ന സഭാധികാരത്തിന്റെ നീരാളിക്കൈകളെപ്പറ്റി ഓരോ വിശ്വാസിയിലും ഇന്നുള്ള ഉള്‍ഭയം മൂലം, ഇടവകതലത്തില്‍ അത്തരം സംഘടനാ രൂപീകരണത്തിന് മുന്‍കൈ ഉണ്ടാകുക എളുപ്പമല്ല. അങ്ങനെയൊരു നീക്കം ഉണ്ടായാല്‍ത്തന്നെ അതിനെ മുളയിലെ നുള്ളി കൂടുതല്‍ ഭീതി പരത്താന്‍ ഇന്നത്തെ സാഹചര്യത്തില്‍ സഭാധികാര ത്തിനു സാധിക്കും. അതുകൊണ്ടാണ്, ഇന്നത്തെ സഭാഘടയ്‌ക്കെതിരെ യുള്ള കര്‍മ്മപരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നവര്‍പോലും തങ്ങളുടെ ഇടവകകളിലെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ മാറിനില്‍ക്കുന്നത്. പക്ഷേ, തങ്ങള്‍ക്ക് താങ്ങായി വര്‍ത്തിക്കും എന്നുറപ്പുള്ള ഒരു പ്രസ്ഥാനം സംസ്ഥാനതലത്തിലുണ്ടാകുന്നപക്ഷം, പ്രാദേശികതലങ്ങളില്‍ അതൊരു പുത്തന്‍ ഉണര്‍വു പകരുകയും, ചിന്തിക്കുന്ന അത്മായരുടെ കര്‍മ്മോന്മുഖമായ ഒരു നേതൃനിര ഉരുത്തിരിഞ്ഞുവരാന്‍ അത് ഇടവരുത്തുകയും ചെയ്യും.
അനുകൂല സാഹചര്യങ്ങള്‍
ഈ സഭയെ കല്‍ദായവല്‍ക്കരിക്കാന്‍ ചില സഭാമേലദ്ധ്യന്മാര്‍ നടത്തിയ പരിശ്രമങ്ങള്‍, ഈ സഭയെ സംബന്ധിച്ച്, 'ഉര്‍വശീശാപം ഉപകാരമായി' എന്നു പറയുന്നതുപോലെ ഗുണം ചെയ്യുകയുണ്ടായി. കാരണം, അതേത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഒന്നുരണ്ടു ദശകങ്ങളിലായി, വിശ്വാസികളുടെയും വൈദികരുടെയുമായ ഒട്ടേറെ പ്രതികരണപ്രസ്ഥാനങ്ങളും സംഘടനകളും ഇവിടെ ഉണ്ടാവുകയും അവയുടെയെല്ലാം പ്രവര്‍ത്തനങ്ങളുടെ ഫലമായി, ഈ സഭയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി ജനങ്ങളില്‍ സാമാന്യമായ ഒരവബോധം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ചിതറിക്കിടക്കുന്ന ഈ അവബോധത്തെ കര്‍മ്മശക്തിയാക്കി ഒഴുക്കാന്‍ പാകത്തിലുള്ള ഘടനാരൂപത്തോടുകൂടിയതും സ്ഥിരസ്വഭാവമുള്ളതുമായ ഒരു വിശാലസംഘടന ഇന്നു നിലവിലില്ല എന്നതാണ് പ്രവര്‍ത്തനതലത്തില്‍ ഇന്നു നാം നേരിടുന്ന പ്രതിസന്ധി. കേരളത്തിലങ്ങോളമിങ്ങോളം രൂപതാ-ഇടവകതലങ്ങളില്‍ യൂണിറ്റുകള്‍ സ്ഥാപിച്ചു സ്ഥിരമായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തില്‍ കര്‍മ്മനിരതമാകുന്ന ഒരു സംസ്ഥാനതല നേതൃത്വമാണ് ഇന്നിന്റെ ആവശ്യം. അതുണ്ടായാല്‍, നസ്രാണിസഭയാകെ, വേരുകള്‍ പടര്‍ത്തിക്കൊണ്ട്, ഈ സഭയുടെ അപ്പോസ്തലിക യോഗപാരമ്പര്യത്തെ പുനഃസ്ഥാപിക്കാന്‍ കെല്പുള്ള ഒരു മഹാപ്രസ്ഥാനത്തിന് അതു നാന്ദിയായി ഭവിക്കുകതന്നെ ചെയ്യും.