ആഗസ്റ്റ് 1999
- സഭയിലെ സംഘടനാപ്രവര്‍ത്തനം- ഒരു രൂപരേഖ
ജോര്‍ജ് മൂലേച്ചാലില്‍
സഭാസംബന്ധിയായ കാര്യങ്ങളോടു പ്രതികരിക്കുന്നതിനും, സഭാധികാരികളെയും സഭാഘടനയെയും തിരുത്തുന്നതിനുമായി, വിശ്വാസികളുടെയും വൈദികരുടെയും വെവ്വേറെയും കൂട്ടുചേര്‍ന്നുള്ളതുമായ നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും ഇന്ന് നമ്മുടെ സഭയിലുണ്ട്. ഇവയെയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള, 'നസ്രാണി കത്തോലിക്കാ പൈതൃകസംരക്ഷണസമിതി' പോലുള്ള, ഏകോപനവേദികളും സഭയിലിന്നുണ്ട്. ഇവയുടെയെല്ലാം നേതൃത്വത്തില്‍ ഒട്ടേറെ ബോധവല്‍ക്കരണപരിപാടികളും, സഭാസമൂഹത്തിന്റെ പരമ്പരാഗതമായ അവകാശാധികാരങ്ങളെ തുടച്ചുനീക്കുന്ന സഭാധികാരത്തിനെതിരെയുള്ള പ്രതിഷേധപരിപാടികളും, വിജയകരമായിത്തന്നെ നടത്തപ്പെടുകയുണ്ടായി. എന്നാല്‍ ഇവയ്‌ക്കൊന്നും അല്പംപോലും ചെവികൊടുക്കാതെ, അധികാരത്തിമിരത്തിന്റെ അന്ധതയോടും, 'ടൈറ്റാനിക്'(Titanic) എന്നു വിശേഷിപ്പിക്കാവുന്ന അഹന്തയോടുംകൂടി, ഈ സഭാനൗകയെ വിനാശത്തിന്റെ മേഖലകളിലേക്കുതന്നെ സഭാധികാരികള്‍ നയിക്കുകയാണ്. ഇവരുടെ ബധിരകര്‍ണങ്ങള്‍ തുറപ്പിക്കുകയോ, അവരുടെ കൈകളില്‍നിന്നും സഭയുടെ നിയന്ത്രണം പിടിച്ചുവാങ്ങുകയോ ചെയ്യാതെ ഇനി മറ്റു പോംവഴികളുണ്ടെന്നു തോന്നുന്നില്ല. അതിന് ഇതുവരെ നടത്തിയ തരത്തിലുള്ള 'പരിപാടി കേന്ദ്രീകൃത'വും(Programme oriented) താല്‍ക്കാലിക സ്വഭാവത്തോടു കൂടിയതുമായ പ്രവര്‍ത്തനങ്ങള്‍ മതിയാകുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ഇതുവരെ നടത്തിയ സംഘടനാപ്രവര്‍ത്തനശൈലിയെ ശരിയായി വിലയിരുത്തുകയും തിരുത്തി മുന്നേറുകയും ചെയ്യേണ്ടതുണ്ട്.
വിലയിരുത്തല്‍
സഭയില്‍ രൂപംകൊടുത്ത ഓരോ പ്രസ്ഥാനങ്ങളെയും വിലയിരുത്തുമ്പോള്‍, അവയോരോന്നും, ഒന്നുകില്‍ സഭയിലെ ഏതെങ്കിലും ഒരു പ്രശ്‌നത്തോടു പ്രതികരിക്കാന്‍, അല്ലെങ്കില്‍ ഏതെങ്കിലും ഒരു പരിപാടി നടപ്പാക്കാന്‍, വേണ്ടി രൂപംകൊടുത്തിട്ടുള്ളതാണെന്നു കാണാം. ഉദാഹരണ ത്തിന് 'ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മിറ്റി', ഇന്നത്തെ സഭാപ്രതിസന്ധിയുടെ ഒരു രോഗലക്ഷണം മാത്രമായ ആരാധനക്രമപ്രശ്‌നത്തോടു ബന്ധപ്പെട്ടു രൂപംകൊണ്ടതാണെങ്കില്‍, 'നസ്രാണി കത്തോലിക്കാ പൈതൃകസംരക്ഷണസമിതി' പള്ളിയോഗനടപടിക്രമത്തിനും മാനിക്കേയന്‍ കുരിശിനുമെതിരെ ശക്തമായി ആഞ്ഞടിക്കാന്‍വേണ്ടി രൂപം കൊടുത്തതാണ്.
ചുരുക്കത്തില്‍, താത്ക്കാലികസ്വഭാവത്തോടുകൂടിയതും പരിമിതലക്ഷ്യങ്ങള്‍ മാത്രമുള്ളതുമായിരുന്നു പല പ്രസ്ഥാനങ്ങളും. അതുകൊണ്ടാണ്, എപ്പിസ്‌കോപ്പല്‍ അസംബ്ലിയോടനുബന്ധിച്ച്, എല്ലാ സംഘടനകളുംകൂടി സഹകരിച്ച് കാക്കനാട്ട് സെന്റ് തോമസ് മൗണ്ടില്‍ നടത്തിയ 3 ദിവസത്തെ ഉപവാസ-പ്രാര്‍ത്ഥനായജ്ഞത്തിനുശേഷം അവയെല്ലാം നിസ്സംഗതയിലേക്കും നിശ്ശബ്ദതയിലേക്കും വീണുപോയത്. ഈ സംഘടനകളോരോന്നും പലവട്ടം സഭാധികാരികള്‍ക്കു സമര്‍പ്പിച്ചിട്ടുള്ള നിവേദനങ്ങളോ, അവ ഉയര്‍ത്തിയ വിഷയങ്ങളോ എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ചര്‍ച്ചയ്‌ക്കെടുക്കുകപോലും ചെയ്യുകയുണ്ടായില്ല. എന്തിന്, എപ്പിസ് കോപ്പല്‍ അസംബ്ലിയുടെതന്നെ സുപ്രധാനങ്ങളായ പല നിര്‍ദേശങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടുള്ളവയായിരുന്നു മെത്രാന്‍സിനഡിന്റെ പല തീരുമാനങ്ങളും. ദൈവജനത്തിന്റെ സ്വരത്തിന് തങ്ങള്‍ അല്പംപോലും കാതുകൊടുക്കില്ല, എന്നു പ്രഖ്യാപിക്കുന്ന തരത്തിലുള്ള മെത്രാന്മാരുടെ സിനഡു തീരുമാനങ്ങള്‍ക്കെതിരെ വേണ്ടപോലെ പ്രതികരിക്കാന്‍ കഴിയുന്ന ഒരു ഘടനാരൂപം, നിലവിലുള്ള സഭാസംഘടനകള്‍ ആര്‍ജിച്ചിട്ടില്ല എന്നു തോന്നുന്നു. മെത്രാന്മാരാകട്ടെ, നമ്മെയുംകൊണ്ട് അവരുടെ അന്ധമായ 'ടൈറ്റാനിക് ജൈത്രയാത്ര' നിര്‍ബാധം തുടരുകയും ചെയ്യുന്നു.
സംഘടനാപരമായ ദൗര്‍ബല്യങ്ങളും ശക്തികളും തിരിച്ചറിഞ്ഞ്, ദുര്‍ബലതകളെ ഒഴിവാക്കി, മുന്നോട്ടുപോകേണ്ട അവസരമാണിത്. ഓരോ സംഘടനയും അവയുടെ ശക്തിയും ചൈതന്യവും തെളിയിച്ചിട്ടുണ്ട്. വിശ്വാസിസമൂഹത്തില്‍ ഇന്നത്തെ സഭാപ്രതിസന്ധിയുടെ വിവിധവശങ്ങള്‍ ചര്‍ച്ചാവിഷയമാക്കുകയും വ്യാപകമായ ഒരവബോധം സൃഷ്ടിക്കുകയും ചെയ്യാന്‍ അവയ്ക്കു കഴിഞ്ഞു. അതുപോലെതന്നെ, ധാരാളം പ്രതിഷേധ പരിപാടികളില്‍ വിശ്വാസികളെ പങ്കെടുപ്പിക്കാനും അവരുടെയെല്ലാം അനുഭാവം നേടാനും അവയ്ക്കു കഴിഞ്ഞു. ഈ സഭയ്ക്കു നാട്ടുമെത്രാന്മാരെ കിട്ടിയതിനുശേഷമുള്ള ഒരു നൂറ്റാണ്ടിലേറെക്കാലത്തെ നീണ്ട ഉറക്കത്തില്‍ നിന്നും ഇവിടുത്തെ വിശ്വാസിസമൂഹത്തെ ഇത്രയുമെങ്കിലും ഉണര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നത് ഇത്രയുംകാലത്തെ സംഘടനാപ്രവര്‍ത്തനങ്ങളുടെ ചരിത്രപരമായ ഒരു നേട്ടംതന്നെയാണ്. എന്നാല്‍, ഈ നേട്ടത്തെ നിലനിര്‍ത്തി പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ സാധിക്കുന്നില്ല എന്ന്, നിസ്സംഗതയിലേക്കു മടങ്ങിപ്പൊയ്‌ക്കൊണ്ടിരിക്കുന്ന വിശ്വാസിസമൂഹത്തെ നിരീക്ഷിച്ചാല്‍ മനസ്സിലാകും. ഈ 'നൂറ്റാണ്ടുനിദ്ര'യ്ക്കിടയില്‍ തങ്ങള്‍ക്കുമേല്‍ പൊതിഞ്ഞുവളര്‍ന്നുവന്ന ആലസ്യത്തിന്റെ ചിതല്‍പുറ്റ് പൊട്ടിച്ചുമാറ്റാനുള്ള ആത്മശക്തി ഇന്നും അവരില്‍ ഉറഞ്ഞുകിടക്കുകയാണ്.
ഓരോ പ്രസ്ഥാനത്തോടും അവയുടെ പരിപാടികളോടും അനുഭാവം പുലര്‍ത്തിയിരുന്ന വിശ്വാസികള്‍, എപ്പിസ്‌കോപ്പല്‍ അസംബ്ലിക്കും മെത്രാന്‍ സിനഡിന്റെ തലതിരിഞ്ഞ തീരുമാനങ്ങള്‍ക്കും ശേഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്നു. സംഘടനാപ്രവര്‍ത്തനത്തിനുള്ള സ്ഥിരസംവിധാനമോ പ്രാദേശികഘടകങ്ങളോ ഇല്ലാത്തതിനാല്‍ സംഘടനാ നേതൃത്വങ്ങള്‍ക്ക് അപ്പപ്പോള്‍ പ്രതികരിക്കാനാവാതെ കയ്യും കെട്ടി നില്‍ക്കേണ്ടിയും വരുന്നു. ഏതു പ്രവര്‍ത്തനത്തിന്റെയും തുടര്‍ച്ച നിന്നുപോയാല്‍, അതുവരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും നിഷ്ഫലമായിപ്പോകുമല്ലോ.
ഇതെല്ലാം സൂചിപ്പിക്കുന്നത്, സംഘടനാതലത്തില്‍ ഇന്നുള്ള പരിമിതികളെ വിലയിരുത്തി വേണ്ട മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് മുന്നോട്ടുപോകേണ്ടതുണ്ട് എന്നാണ്. ഉണര്‍വിലേക്കു വന്നവരെ ക്രിസ്തു പ്രഖ്യാപിച്ച സ്വാതന്ത്ര്യത്തിന്റെ 'ബ്യൂഗിള്‍' വിളിച്ച് കര്‍മനിരതരാക്കുന്നില്ലെങ്കില്‍, അടിമത്തഘടന സൃഷ്ടിച്ച ആലസ്യത്തിന്റെ ചിതല്‍പ്പുറ്റിലും സുരക്ഷിതത്വം കണ്ട്, അവര്‍ വീണ്ടും ദീര്‍ഘനിദ്രയിലേക്കുതന്നെ ഉള്‍വലിയും. അതിനാല്‍ ഇന്നു നിലനില്‍ക്കുന്ന ശ്മശാനമൂകതയെ തകര്‍ത്ത്, പ്രസ്ഥാനത്തെ ജീവസ്സുറ്റതാക്കേണ്ടതുണ്ട്. അതിനാവശ്യമായ സംഘടനാവൈഭവവും സംവിധാനങ്ങളും ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. സഭയിലെ സംഘടനാപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലെ ഈ അടുത്ത ഘട്ടത്തിലേക്കു കാലെടുത്തുവെയ്ക്കാന്‍ സമയമായിരിക്കുന്നു.
പരിമിതികള്‍
1. അടിസ്ഥാനപ്രശ്‌നത്തെക്കുറിച്ചുള്ള ധാരണക്കുറവ്
ഇന്നത്തെ സഭാപ്രതിസന്ധിയുടെ അടിസ്ഥാനകാരണത്തെപ്പറ്റി വ്യക്തമായ ഒരു ധാരണയില്ലായ്മയാണ്, സഭാ സംഘടനകളുടെ മുഖ്യമായ ഒരു പരിമിതി. അതുകൊണ്ടുതന്നെ, കൃത്യമായ ലക്ഷ്യബോധം പ്രവര്‍ത്തനപരിപാടികളിലുണ്ടാകാതെ പോകുന്നു.
കുര്‍ബാനക്രമപ്രശ്‌നം, മാനിക്കേയന്‍ കുരിശുപ്രശ്‌നം എന്നിങ്ങനെ, സഭയിലെ അനവധിയായ മനുഷ്യാവകാശലംഘനങ്ങള്‍ വരെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ജന്മം നല്‍കിക്കൊണ്ടു നിലനില്‍ക്കുന്ന സഭയിലെ അടിസ്ഥാനപ്രശ്‌നം എന്താണ്? ബൈബിളധിഷ്ഠിതവും അപ്പോസ്തലനിര്‍ദേശിതവും ഈ സഭയുടെ വിശുദ്ധപാരമ്പര്യവുമായ മാര്‍ത്തോമ്മായുടെ നിയമം ഇവിടെനിന്നും തുടച്ചുമാറ്റപ്പെട്ടു എന്നതാണ് എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാനസ്രോതസ്സ്. മാര്‍ത്തോമ്മായുടെ നിയമപ്രകാരമുള്ള യോഗസമ്പ്രദായം ഇവിടെ നിലവിലുണ്ടായിരുന്നെങ്കില്‍, ഇത്തരം പ്രശ്‌നങ്ങള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല. കാരണം, സഭയുടെ ആധ്യാത്മി കവും ഭൗതികവുമായ എല്ലാക്കാര്യങ്ങളിലും തീരുമാനങ്ങളെടുത്തു നടപ്പാക്കാനുള്ള അധികാരാവകാശങ്ങള്‍ വിവിധ തട്ടുകളുള്ള ഈ യോഗസമ്പ്രദായത്തിനുണ്ടായിരുന്നു. വിശ്വാസിസമൂഹത്തിന്റെ പൂര്‍ണഭാഗഭാഗിത്വമുള്ള ഈ യോഗങ്ങളില്‍ സഭയുടെ മൊത്തം അഭിപ്രായം പ്രതിഫലിച്ചിരിക്കും എന്നതിനാല്‍, തീരുമാനങ്ങള്‍ക്ക് സര്‍വരുടെയും അംഗീകാരവുമുണ്ടായിരിക്കും. അതായത്, നമ്മുടെ യോഗസമ്പ്രദായം നിലവിലുണ്ടായിരുന്നെങ്കില്‍ ഒരു പ്രശ്‌നത്തിനും വിവാദമായി തുടരുവാന്‍ സാധിക്കുമായിരുന്നില്ല. ഇനിയാണെങ്കിലും, ഈ യോഗസമ്പ്രദായം എപ്പോള്‍ പുനഃസ്ഥാപിക്കപ്പെടുന്നുവോ, അപ്പോള്‍ത്തന്നെ, ഇന്നത്തെ എല്ലാ പ്രശ്‌നങ്ങളും പരിഹൃതമാകും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍, പ്രശ്‌നഭരിതമായിരിക്കുന്ന ഇന്നത്തെ സഭാപ്രതിസന്ധി പരിഹരിക്കാന്‍ ആത്യന്തികമായി ആവശ്യമായി രിക്കുന്നത് നമ്മുടെ യോഗപാരമ്പര്യത്തിന്റെ പുനഃസ്ഥാപനംതന്നെയാണ്.
മറ്റു സഭാപ്രശ്‌നങ്ങളില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈയൊരു അടിസ്ഥാന ധാരണ ഉണ്ടാകേണ്ടതുണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് അതു സഹായകവുമാണ്.
2. പരിമിതനേതൃത്വം
നേതാക്കള്‍ വളരെ കുറവാണ് എന്നതാണ് മറ്റൊരു പരിമിതി. സഭാനേതൃത്വത്തിന്റെ തിരുവായ്‌ക്കെതിരെ എന്തെങ്കിലും ശബ്ദിക്കുന്നതുതന്നെ അചിന്ത്യമായി കരുതപ്പെട്ടിരുന്ന കാലത്ത്, ബൈബിളില്‍ നിന്നും ശക്തിയുള്‍ക്കൊണ്ട്, എതിര്‍വാക്കുതിര്‍ക്കുവാന്‍ ധൈര്യപ്പെട്ട ഏതാനും വ്യക്തികളിലാണ് മിക്ക സഭാസംഘടനകളുടെയും നേതൃത്വം ഇന്നു നിക്ഷിപ്തമായിരിക്കുന്നത്. അവര്‍ നേതൃത്വം കൊടുക്കുന്ന സംഘടനകളുടെ ലക്ഷ്യങ്ങളോടും പരിപാടികളോടും ആഭിമുഖ്യമുള്ളവര്‍ നസ്രാണിസഭയില്‍ ധാരാളമുണ്ടെങ്കിലും, അവരുടെ ക്രൈസ്തവധീരതയെയും ത്യാഗസന്നദ്ധതയെയും പിഞ്ചെന്ന് നേതൃത്വത്തിലേക്കു കടന്നുവരാന്‍ അധികമാരും മുതിരുന്നില്ല എന്നതാണ് ഒരു വലിയ പരാധീനത. കേരളത്തിലങ്ങോളമിങ്ങോളമുള്ള അനുഭാവികള്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ മുന്നോട്ടു വരുമ്പോള്‍ മാത്രമെ പ്രാദേശികമായി വേരുകളാഴ്ത്തികൊണ്ട് കേരളവ്യാപകമായ ഒരു പ്രസ്ഥാനത്തിന് ജന്മം കൊള്ളാനാകൂ.
3. അധികാരപ്രീണനത്വര.
തങ്ങളുടെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് സഭാധികാരികളുടെ അംഗീകാരംകൂടി ഉണ്ടാകണമെന്ന ഒരു ദുര്‍ബലചിന്ത സംഘടനാനേതാക്കള്‍ക്ക് ഉണ്ടാകാറുണ്ട്. ആധികാരികാംഗീകാരമുള്ള ഏറ്റവും വലിയ അത്മായപ്രസ്ഥാനമായ 'അഖില കേരളകത്തോലിക്കാ കോണ്‍ഗ്രസി'ന്റെ, ഇന്നത്തെ 'മെത്രാന്‍ സേവാസംഘം' എന്ന അവസ്ഥ, ഇക്കാര്യത്തില്‍ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.
വിശ്വാസിപ്രസ്ഥാനങ്ങളും സഭാധികാരഘടനയുമായി ഒത്തുതീര്‍പ്പുകളുണ്ടാക്കുന്ന ഇടനില റോളാണ് സംഘടനാനേതൃത്വത്തിന്റേത് എന്നു കരുതുന്നവരുമുണ്ട്. രണ്ടു വള്ളത്തിലും ചുവുട്ടിനിന്നുള്ള അത്തരം പ്രവര്‍ ത്തനങ്ങള്‍ക്ക് ഒരിക്കലും ലക്ഷ്യം കാണാനാവുകയില്ല എന്നു നാമറിയണം.
അതുകൊണ്ട്, സംഘടനകള്‍ സഭാധികാരികളില്‍നിന്നും തീര്‍ത്തും സ്വതന്ത്രമായിരിക്കണം. സഭ എന്നാല്‍ വിശ്വാസികളുടെ സമൂഹമാണെന്ന തിരിച്ചറിവില്‍, അവരുടെ അംഗീകാരം ലഭിക്കാന്‍ മാത്രമാണ് സംഘടനകള്‍ ശ്രമിക്കേണ്ടത്.
4. 'ഞാന്‍' എന്നഭാവം
ക്രൈസ്തവസംഘടനകള്‍ക്ക് ക്രൈസ്തവമൂല്യങ്ങളുള്‍ക്കൊള്ളുന്ന ഒരു നേതൃത്വശൈലിയാണുണ്ടായിരിക്കേണ്ടത്. എന്നാല്‍, നമ്മുടെ ഇന്നത്തെ സംഘടനകളധികവും പാശ്ചാത്യസംഘടനാശൈലിയില്‍ അധികാരകേന്ദ്രീകൃതമാണെന്നു കാണാം. സഭയിലെ പ്രശ്‌നങ്ങളെല്ലാം കേന്ദ്രീകൃതമായ ഈ അധികാരപ്രയോഗശൈലിയില്‍നിന്നാണു ജന്മമെടുത്തി ട്ടുള്ളത് എന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളവര്‍, സമാനമായ ഒരു സംഘടനാശൈലി സ്വീകരിക്കുന്നത് അതില്‍ത്തന്നെ പരസ്പരവിരുദ്ധമാണ്.
'നായകന്‍ സേവകനാകണം' എന്ന ക്രിസ്തുകല്പനയുടെ അര്‍ഥം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു നേതൃത്വശൈലി സഭാസംഘടനകള്‍ വികസി പ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. ദൈവജനത്തിന്റെ നിസ്വാര്‍ഥസേവകന്‍ എന്ന ക്രൈസ്തവമനോഭാവത്തിലേക്ക് നേതൃത്വശേഷികളെ വിളക്കിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. അവര്‍ അനുയായികളെ തങ്ങളുടെ പിന്നില്‍ അണിചേര്‍ക്കു ന്നവരാകരുത്; മറിച്ച്, കൂട്ടായ്മയിലേക്ക് ആളുകളെ കണ്ണിചേര്‍ക്കുന്നവരാകണം. എല്ലാവരുടെയും സിദ്ധി-വൈഭവങ്ങളെയും കര്‍മശേഷിയെയും ക്രിയാത്മകമായി കൂട്ടി യോജിപ്പിച്ച് സംഘടനയുടെ കര്‍മോത്സുകതയെ ഉത്തേജിപ്പിക്കുന്നവരാകണം, അവര്‍. അപ്പോള്‍, അഹന്തയും തന്‍പ്രമാണി ത്തവും സംഘടനകളിലും പ്രസ്ഥാനത്തിലും സൃഷ്ടിച്ചേക്കാവുന്ന മാത്സര്യ ങ്ങളും കലഹങ്ങളും ഭിന്നിപ്പുകളും, അവ മൂലമുണ്ടാകുന്ന ശക്തിക്ഷയവും, ഒഴിവാകും. പകരം, ഐക്യത്തിലും ശക്തിയിലും അവ ഉത്തരോത്തരം വളരും. ക്രിസ്തു ലോകത്തിലവതരിപ്പിച്ച ഈ നേതൃത്വസങ്കല്പത്തെ സംഘടനാപ്രവര്‍ത്തനങ്ങളില്‍ പ്രായോഗികമാക്കാനുള്ള പരിശ്രമം ഉണ്ടാകണം.
5. പുരോഹിതചായ്‌വ്
വൈദികര്‍ നേതൃനിരയിലുണ്ടെങ്കിലേ സഭാസംഘടനകള്‍ക്ക് വിശ്വാസ്യതയും കെട്ടുറുപ്പുമുണ്ടാകൂ എന്നൊരു ധാരണ സഭാസമൂഹത്തില്‍ പരക്കെയുണ്ട്. ളോഹയ്ക്കുണ്ടെന്ന് ഇന്നും സങ്കല്പിക്കപ്പെടുന്ന വിശുദ്ധപരിവേഷവും ബഹുമാന്യതയുമാണ് ഈ ധാരണയുടെ പിന്നില്‍.
വൈദികര്‍ക്കും, തന്മൂലം വൈദികനേതൃത്വത്തിനുമുള്ള സ്വാഭാവികപരിമിതികള്‍ വിശ്വാസികള്‍ മനസ്സിലാക്കേണ്ടതുണ്ട്. സഭാസമൂഹത്തോട് ആത്മാര്‍ഥതയും അവരെ നയിക്കാനുള്ള നേതൃത്വശേഷിയുമുള്ള ധാരാളം വൈദികരുണ്ടാകാം. എന്നാല്‍, വൈദികരെന്ന നിലയില്‍, സ്വതന്ത്രമായ സംഘടനാപ്രവര്‍ത്തനം സാധ്യമല്ലാത്തവിധം അസ്വതന്ത്രരാണവര്‍; മേലധികാരികള്‍ കടിഞ്ഞാണ്‍ വലിച്ചാല്‍ എല്ലാം ഇട്ടെറിഞ്ഞുപോകാന്‍ ഇന്നത്തെ അവസ്ഥയില്‍ അവര്‍ ബാധ്യസ്ഥരാണ്.
മറ്റൊന്ന്, ദീര്‍ഘകാലത്തെ പാശ്ചാത്യസെമിനാരി പരിശീലനമെന്ന മൂശയിലൂടെ കടന്നുവരുന്ന പുരോഹിതരില്‍ പൊതുവെ കാണപ്പെടുന്ന വികലതകള്‍, യഥാര്‍ഥ ക്രൈസ്തവനേതൃത്വത്തിന് വിഘാതം നില്‍ക്കുന്നു എന്നതാണ്. അവരില്‍ കൃത്രിമമായി ഉണ്ടാക്കിയെടുത്തിരിക്കുന്ന ഉല്‍കൃഷ്ടതാബോധം (superiority complex) ജനങ്ങളുമായി ഇഴുകിച്ചേരാന്‍ അവരെ പൊതുവെ അപ്രാപ്തരാക്കുന്നുണ്ട്. ജീവിതാനുഭവങ്ങള്‍ കുറവായതിനാല്‍, യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ കാണാനോ നേരിടാനോ ഉള്ള കഴിവും അവര്‍ക്കു പൊതുവെ കുറവാണ്. അപ്പോള്‍, വിശ്വാസിസമൂഹത്തിന്റെ പ്രശ്‌നങ്ങളെ അവയുടെ തറയാഥാര്‍ഥ്യങ്ങളിലൂന്നിനിന്നു നേരിടേണ്ട സഭാപ്രസ്ഥാനങ്ങള്‍ക്ക് വൈദിക നേതൃത്വം പലപ്പോഴും ഒരു ബാധ്യതയായി മാറാനാണു സാധ്യത.
ഇന്നത്തെ അക്രൈസ്തവസഭാഘടനയുടെ ചങ്ങലകളില്‍നിന്നും, അതവരില്‍ അടിച്ചേല്‍പിക്കുന്ന വ്യക്തിത്വവികലതകളില്‍നിന്നും, വൈദികരെ മോചിപ്പിക്കുക എന്ന ഉത്തരവാദിത്വവും വിശ്വാസിസമൂഹമാണു നിര്‍വഹിക്കേണ്ടത്. കാരണം, ബൈബിള്‍ വീക്ഷണമനുസരിച്ച് വിശ്വാസികളുടെ കൂട്ടായ്മയാണ്, സഭയില്‍ എല്ലാ തലത്തിലുമുള്ള ഭൗതികസാഹചര്യങ്ങളെ നിയന്ത്രിക്കേണ്ടത്.
ഏതായാലും ഇന്നു നിലനില്‍ക്കുന്ന സംഘടനാപരമായ ബലഹീനതകള്‍ പരിഹരിച്ചുകൊണ്ട്, അഖിലകേരളാടിസ്ഥാനത്തില്‍ വേരുകളുള്ള ഒരു നസ്രാണി മഹാപ്രസ്ഥാനത്തിനു രൂപംനല്‍കാന്‍ കാലമായിരിക്കുന്നു.
ഘടനാരൂപം - മാര്‍ത്തോമ്മായുടെ നിയമം
അത്തരമൊരു 'നസ്രാണി മഹാപ്രസ്ഥാന'ത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, അതിനു മാതൃകയായി നസ്രാണികളുടെ യോഗസമ്പ്രദായത്തെത്തന്നെയാണു കാണാന്‍ സാധിക്കുന്നത്. എല്ലാ ഇടവകകളെയും പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നസ്രാണിയോഗസമ്പ്രദായത്തോളം ക്രൈസ്തവവും ഫലപ്രദവുമായ മറ്റൊരു സംഘടനാമാതൃകയും നമുക്കു കണ്ടെത്താനാകുമെന്നു തോന്നുന്നില്ല. കാലാനുസൃതമായ ഭേദഗതികള്‍ വരുത്തി, അതേ മാതൃകയില്‍ ഒരു നസ്രാണിപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ സാധിച്ചാല്‍, അതിന്റെ ധാര്‍മികശക്തിയെ അവഗണിക്കുവാന്‍ ഒരു അധികാരഘടനയ്ക്കും സാധ്യമാവുന്നതല്ല.
ഓരോ ഇടവകയിലെയും പള്ളിയോഗങ്ങളും, ഇടവകകളുടെതന്നെ പ്രതിനിധികളടങ്ങിയ പ്രാദേശികയോഗങ്ങളും, പള്ളിപ്രതിപുരുഷയോഗവുമാണല്ലോ നസ്രാണിസഭാസമ്പ്രദായത്തിന്റെ കാതല്‍. ഇന്നത്തെ സാഹചര്യത്തില്‍, ഇത് ഇടവക-രൂപതാ-ആകമാന സഭാതലസമിതികളാകണം. പ്രാദേശികതലങ്ങളില്‍ പരസ്പരം സ്വതന്ത്രവും, വ്യാപകമായ തലങ്ങളില്‍ പരസ്പരം ഏകോപിതവുമാണ് നസ്രാണിയോഗങ്ങള്‍ എന്നതാണ്, അതിനുള്ള ഒരു വലിയ സവിശേഷത. ആധിപത്യമോ അടിമത്തമോ തീണ്ടാത്ത, സാഹോദര്യത്തിലും കൂട്ടായ്മയിലും അധിഷ്ഠിതമായ, ഈ ഘടനാരൂപത്തിന്റെ അടിത്തറയില്‍ സംഘടനകളെ പുനഃസംഘടിപ്പിക്കേണ്ടിയിരിക്കുന്നു. ഈ സഭയുടെ തനതുപാരമ്പര്യമായ മാര്‍ത്തോമ്മായുടെ നിയമത്തോടുള്ള വിശ്വാസികളുടെ വിശ്വാസദാര്‍ഢ്യം പ്രകാശിപ്പിക്കുന്നതിനും അധികാരവികേന്ദ്രീകൃതമായ ഈ ഘടനാസമ്പ്രദായത്തിന്റെ ഫലദായകത്വവും പ്രായോഗികതയും തെളിയിക്കുന്നതിനും ഇതാവശ്യമാണ്.
ഇന്നത്തെ സഭാസാഹചര്യത്തില്‍, ഇത്തരമൊരു നസ്രാണിമഹാപ്രസ്ഥാനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ, എവിടെ തുടങ്ങാനാകും എന്ന ചിന്തയ്ക്കു പ്രസക്തിയുണ്ട്.
എപ്പിസികോപ്പല്‍ അസംബ്ലിവരെ, ശക്തമായി ഉയര്‍ത്തിപ്പിടിച്ചതും, നസ്രാണികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചതും, മെത്രാന്‍ സിനഡ് തീര്‍ത്തും അവഗണിച്ചതിനെത്തുടര്‍ന്ന് കൈവിട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നതുമായ അതേ പ്രശ്‌നങ്ങളെത്തന്നെ മുറുകെപ്പിടിച്ച്, വീണ്ടും ജനമദ്ധ്യത്തിലേയ്ക്കിറങ്ങുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ട കാര്യം. എന്നാല്‍, ഇടമുറിയാതെ സ്ഥിരമായി നിലനില്‍ക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെങ്കില്‍, മുമ്പു സൂചിപ്പിച്ചതുപോലെ അനുഭാവികള്‍ നേതൃത്വപങ്കാളിത്തം സ്വയം ഏറ്റെടുത്ത് പ്രാദേശികതലത്തിലുള്ള സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കും, രൂപതാ-സംസ്ഥാനതലങ്ങളിലുള്ള ഏകോപനപ്രവര്‍ത്തനങ്ങള്‍ക്കും ഒന്നിച്ചു മുന്‍കൈ എടുക്കേണ്ടതുണ്ട്.
വിവിധസംഘടനകളുടെ നിലവിലുള്ള നായകന്മാര്‍ അത്തരം പ്രാദേശിക മുന്‍കൈകളെ ഏകോപിപ്പിക്കുന്നതിലും, പ്രാദേശിക പ്രവര്‍ത്തകരുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിലും കൂടുതല്‍ ശ്രദ്ധയൂന്നുക കൂടി ചെയ്താല്‍ ഈ രണ്ടു തലങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ പരസ്പരം ഉത്തേജിപ്പിച്ചുകൊണ്ട് മുന്നേറുകതന്നെ ചെയ്യും. അങ്ങനെ രൂപതാ-സംസ്ഥാനതലങ്ങ ളില്‍ ഏകോപിതമായ ഒരു സഭാപ്രസ്ഥാനം ഉരുത്തിരിഞ്ഞുവരുന്നതിനും, അതിന്റെകൂടി തണലില്‍ ഇടവക-ഫൊറോനാ തലങ്ങളിലുള്ള പ്രാദേശിക സംഘടനാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാകുന്നതിനും ഇതിടയാക്കും.
പുരോഹിതാധിപത്യസമ്പ്രദായത്തിന്‍ കീഴില്‍ മരിച്ചുകൊണ്ടിരിക്കുന്ന യൂറോപ്പിലെ കത്തോലിക്കാസഭയുടെ അവസ്ഥ കത്തോലിക്കാ നസ്രാണി സഭയ്ക്കുണ്ടാകാതിരിക്കണമെങ്കില്‍ ഇവിടുത്തേ വിശ്വാസി സമൂഹം ഉണര്‍ന്നേ പറ്റൂ. ചേതനയറ്റു സഭ മരിച്ചുകൊണ്ടിരിക്കുമ്പോഴും ദൈവജനത്തിനു സഭയിലുള്ള സ്ഥാനം നിഷേധിച്ചതാണ് അതിനു കാരണമെന്നു മനസ്സിലാക്കാതെ, പ്രാര്‍ത്ഥനാപൂര്‍വ്വം കാലം കഴിക്കാനുള്ള 'വിവേക'മാണ് യൂറോപ്പിലെ പുരോഹിതാധികാരികള്‍ പ്രകടിപ്പിക്കുന്നത്. ഇവിടുത്തെ സഭാധികാരികളില്‍ നിന്നും അതില്‍ക്കൂടുതലായ വിവേകം പ്രതീക്ഷിക്കാനാവില്ല. അതായത് സഭയെ രക്ഷിക്കാന്‍ സഭാധികാരികളില്‍ നിന്നും എന്തെങ്കിലും നീക്കങ്ങളുണ്ടാകും എന്നു പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്.
ദൈവജനത്തിന്റെ സഭാ പ്രവര്‍ത്തനങ്ങളാണ് സഭയില്‍ ചോരയോട്ടം ഉണ്ടാക്കുന്നത്. അതിനനുവദിക്കാത്ത പാശ്ചാത്യസഭാധികാരഘടനയേ പ്രതിരോധിക്കുക എന്നതും ദൈവജനത്തിനു പ്രാമുഖ്യമുള്ള നസ്രാണി സഭാപാരമ്പര്യം പുനഃസ്ഥാപിക്കുക എന്നതും ഇവിടുത്തെ ഓരോ വിശ്വാസിയുടെയും ക്രൈസ്തവ ധര്‍മ്മമാണ്.
മാര്‍ത്തോമ്മായുടെ നിയമം ഘടനാരൂപമായി സ്വീകരിച്ചുകൊണ്ട് ഒരേ സമയം സ്വതന്ത്രവും ഏകോപിതവുമായുള്ള ഒരു നസ്രാണി പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതായിരിക്കട്ടെ സഭയിലെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഇനിയത്തെ ലക്ഷ്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ