അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസിനെപ്പറ്റി
- കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം
കേരളത്തിലെ സഭാ നവീകരണപ്രസ്ഥാനത്തിന്റെ ചരിത്രമെഴുതുമ്പോള്‍ അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസിനെപ്പറ്റിത്തന്നെ ആദ്യം പരാമര്‍ശിക്കേണ്ടതുണ്ട്. പാശ്ചാത്യമെത്രാന്‍ സമ്പ്രദായത്തിനെതിരെ, നസ്രാണിസമൂഹത്തിന്റെ പരമ്പരാഗത അവകാശാധികാരങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള സമരത്തിനു ധീരനേതൃത്വം നല്‍കിയ നിധീരിക്കല്‍ മാണിക്കത്തനാരുടെ മാനസസന്താനമായി രൂപംകൊണ്ട സമുദായസംഘടനയാണ് ഇന്നത്തെ കത്തോലിക്കാ കോണ്‍ഗ്രസ് എന്നത് പലര്‍ക്കും അവിശ്വസനീയമായി തോന്നാം. അതിന്റെ ഇന്നത്തെ പ്രസിഡന്റ് ശ്രീ ജോണ്‍ കച്ചിറമറ്റം ഈ സംഘടനയുടെ ഉത്ഭവപശ്ചാത്തലം ഇങ്ങനെ വിവരിക്കുന്നു: ''മാന്നാനത്തെ 40 മണി ആരാധനയുടെ സമാപനദിവസം (1904-ല്‍) നിധീരിക്കല്‍ മാണിക്കത്തനാര്‍ അടുത്ത വര്‍ഷത്തെ നാല്പതുമണിയാരാധനയുടെ സമാപനത്തില്‍ സംഘടന കെട്ടിപ്പടുക്കുവാനായി ഒരു സമ്മേളനം ചേരണമെന്ന് പ്രസ്താവിച്ചു. 1905-ലെ നാല്പതുമണിയാരാധനയ്ക്കുമുമ്പ് ആ മഹാപുരുഷന്‍ ദിവംഗതനായി. സഭയിലും സമൂഹത്തിലും അംഗീകാരവും ആദരവും പിടിച്ചുപറ്റിയ ഷെവ. പാറായില്‍ വര്‍ക്കി അവിരാത്തരകന്റെ പിന്തുണയോടെ 1905-ല്‍ ഈ കാര്യത്തെപ്പറ്റി ആലോചന നടത്തി. തുടര്‍ന്നുള്ള ചര്‍ച്ചകളുടെയും ആലോചനകളുടെയും ഫലമായി കത്തോലിക്കാ ക്രിസ് തീയ മഹാജനസഭയ്ക്കു രൂപംകൊടുത്തു''(പ്രസാധകക്കുറിപ്പ് - എ.കെ.സി.സി. ബുള്ളറ്റിന്‍, സെപ്തം 1994). ഈ സംഘടനയാണ് 1931 മുതല്‍ 'അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ്' എന്നറിയപ്പെടുന്നത്.
കേരളസഭയുടെ എന്നത്തേയും ധീരപുരുഷന്മാരില്‍ അഗ്രഗണ്യനായ നിധീരിക്കല്‍ മാണിക്കത്തനാരുടെ നിര്‍ദ്ദേശപ്രകാരം, അദ്ദേഹത്തെ മാനിച്ചിരുന്ന പ്രശസ്ത സമുദായനേതാക്കള്‍ രൂപംകൊടുത്ത ഒരു സംഘടനയാണിന്നത്തെ കത്തോലിക്കാ കോണ്‍ഗ്രസ് എന്നതില്‍ നിന്നുതന്നെ അതിന്റെ സ്ഥാപനലക്ഷ്യങ്ങള്‍ നമുക്ക് ഊഹിക്കാവുന്നതെയുള്ളൂ. പാശ്ചാത്യസഭാസമ്പ്രദായപ്രകാരം നസ്രാണിസഭാസമൂഹത്തിന്റെ അവകാശങ്ങള്‍ മെത്രാന്മാര്‍ കയ്യേറിക്കൊണ്ടിരുന്നപ്പോള്‍ അതിനെതിരെ ത്യാഗപൂര്‍വ്വം പോരാടിയ അതിന്റെ സ്ഥാപകനേതാക്കള്‍ അതിനെ ഒരിക്കലും ഒരു 'മെത്രാന്‍ സംരക്ഷണപ്രസ്ഥാന'മായി വിഭാവനം ചെയ്തിരിക്കാനിടയില്ല.
ചരിത്രപശ്ചാത്തലം
കൂനന്‍കുരിശുസത്യത്തിനുശേഷം നസ്രാണിസമുദായത്തിനു ജാതിക്കു കര്‍ത്തവ്യന്റെ നേതൃത്വം ഇല്ലാതാവുകയും അടിച്ചേല്പിക്കപ്പെട്ട പാശ്ചാത്യമെത്രാന്‍ ഭരണസമ്പ്രദായത്തിന്‍കീഴില്‍ നസ്രാണികളുടെ പള്ളിയോഗങ്ങളും പള്ളിപ്രതിപുരുഷയോഗങ്ങളും ബലഹീനങ്ങളാവുകയും ചെയ്ത ഒരു സാഹചര്യമായിരുന്നു, പള്ളിയോഗങ്ങള്‍ക്കു പുറമെയുള്ള സാമൂഹികസംഘടനകള്‍ ഈ സമുദായത്തില്‍ അനിവാര്യമാക്കിയത്. അതുവരെ ഈ സഭയുടെ സാമൂഹികവും ആദ്ധ്യാത്മികവുമായ എല്ലാക്കാര്യങ്ങളിലും ആലോചിച്ചു തീരുമാനമെടുക്കാനുള്ള വ്യവസ്ഥാപിത സമിതികളായിരുന്നു, പള്ളിയോഗങ്ങള്‍. പാശ്ചാത്യമെത്രാന്‍ സംവിധാനത്തോട് ഇടഞ്ഞുകൊണ്ടായിരുന്നെങ്കിലും, ഈ പരമ്പരാഗത പള്ളിയോഗവ്യവസ്ഥിതി നിലനിര്‍ത്താന്‍ നസ്രാണികള്‍ നടത്തിയ പരിശ്രമങ്ങളുടെ ഉജ്ജ്വല ഉദാഹരണങ്ങളായി 1632-ലെ ഇടപ്പള്ളിയോഗത്തെയും 1773-ലെ അങ്കമാലിയോഗത്തെയും 1854-ലെ കുറവിലങ്ങാട്ടു യോഗത്തെയും 1892-ലെ പാലാ യോഗത്തെയും നമുക്കു കാണാനാകും. ഇതില്‍ 1892-ലെ പാലാ യോഗമായിരുന്നു, മെത്രാന്റെ പത്രമേനി സ്വരൂപണത്തിനുള്ള ഇടവകവിഹിതം ഏകപക്ഷീയമായി നിര്‍ണ്ണയിച്ചു ലവീഞ്ഞുമെത്രാനിറക്കിയ കല്പനയെ തിരസ്‌കരിച്ചുകൊണ്ടു തീരുമാനമെടുത്തത്. പള്ളിയോഗത്തിനു പുറമേയുള്ള ആദ്യസാമുദായികസംഘടനയായി കണക്കാക്കപ്പെടുന്ന 'നസ്രാണി ഗുണദായിനിസഭ'ക്കു രൂപംകൊടുത്തതും ഇതേ പാലാ യോഗമായിരുന്നു. മാറിയ സഭാസാഹചര്യത്തില്‍ നസ്രാണികത്തോലിക്കാസമുദായത്തിന്റെ അവകാശസംരക്ഷണത്തിന് പള്ളിയോഗങ്ങള്‍ മതിയാവുകയില്ല എന്ന തീക്ഷ്ണമായ അവബോധമായിരുന്നു ഇതിനു പിന്നില്‍. ഇതേ അവബോധം കൂടുതല്‍ വ്യാപകമായതിന്റെ ഫലമായി വേണം, 'അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്' എന്ന് ഇന്നറിയപ്പെടുന്ന 'കത്തോലിക്കാ ക്രിസ്തീയമഹാജനസഭ'യുടെ 1905-ലെ രൂപീകരണത്തെയും കാണാന്‍.
ചുരുക്കത്തില്‍, 'നസ്രാണിഗുണദായിനിസഭ' മുതല്‍ 'അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്' വരെയുള്ള സമുദായസംഘടനകള്‍, കേരളനസ്രാണികളുടെ നഷ്ടപ്പെട്ട അവകാശാധികാരങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുംവേണ്ടി ഈ സമുദായം അനുഭവിച്ച തീവ്രമായ പേറ്റുനോവില്‍നിന്നും ജന്മമെടുത്തതായിരുന്നു. ഈ സ്വാതന്ത്ര്യനഷ്ടവും അധികാരനഷ്ടവും, മുഖ്യമായും, പാശ്ചാത്യമെത്രാന്‍ സമ്പ്രദായവുമായി ബന്ധപ്പെട്ടിരുന്നതിനാല്‍, പരോക്ഷമായെങ്കിലും അവയെല്ലാം മെത്രാന്മാരുടെ അധികാരതാല്പര്യങ്ങള്‍ക്കെതിരുമായിരുന്നു.
കത്തോലിക്കാ കോണ്‍ഗ്രസ് ഇന്ന്
ഈ ധീരപാരമ്പര്യമുള്ള കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ എന്താണെന്ന്, അതിന്റെ സാരഥികളും പ്രവര്‍ത്തകരും കത്തോലിക്കാസമുദായം ആകെത്തന്നെയും ഒന്നു വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഏതാനും ദശകങ്ങളായി നസ്രാണികത്തോലിക്കാസമുദായം ഒരു പ്രക്ഷുബ്ധാവസ്ഥയിലാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അനേകം പ്രശ്‌നങ്ങളില്‍പ്പെട്ട്, ഈ സഭ, ഉഴലുകയും ഉലയുകയും ചെയ്യുന്ന ഒരു കാലയളവാണിത്. ആരാധനാക്രമം, കല്‍ദായവല്‍ക്കരണം 'മാര്‍ത്തോമ്മാക്കുരിശ്' മുതലായ വിഷയങ്ങളില്‍ മെത്രാന്‍തലത്തില്‍ ഭിന്നിപ്പുകളുണ്ട്. പൗരസ്ത്യ കാനോന്‍നിയമം, പള്ളിയോഗനടപടിക്രമങ്ങള്‍, ഈ സഭയുടെ പൈതൃകം, മാര്‍ത്തോമ്മായുടെ നിയമം മുതലായ വിഷയങ്ങളില്‍ മെത്രാന്മാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിനോട് വിശ്വാസിസമൂഹത്തിനുള്ള തീവ്രമായ അഭിപ്രായവ്യത്യാസങ്ങളും നിലനില്‍ക്കുന്നു. ഈ വിഷയങ്ങളിലെല്ലാം ജനങ്ങളില്‍ അഭിപ്രായരൂപീകരണം നടക്കുന്ന സമയം; വിശ്വാസിസമൂഹത്തിലും വൈദികസമൂഹത്തിലും പുതിയ ചിന്താധാരകളും പ്രസ്ഥാനങ്ങളും ഉരുവപ്പെടുകയും, ആശയതലത്തിലും കര്‍മ്മപഥത്തിലും കൂട്ടായ്മകള്‍ രൂപപ്പെടുകയും, സഭാമക്കളെന്ന നിലയില്‍ ഈ പ്രശ്‌നങ്ങളോടുബന്ധപ്പെട്ട് ക്രിയാത്മകമായി ഇടെപെടുകയും ചെയ്യുന്ന ചരിത്രമൂഹൂര്‍ത്തത്തിലാണ് നാം ജീവിക്കുന്നത്.
സാധാരണജനങ്ങള്‍പോലും സഭാസംബന്ധിയായ അവരുടെ നിസ്സംഗത വെടിഞ്ഞ് ഉണര്‍ന്നിരിക്കുന്ന ഈ നിര്‍ണ്ണായക ഘട്ടത്തിലും, സമുദായത്തിന്റെ നന്മയ്ക്കായി രൂപീകരിക്കപ്പെട്ടതും, ഈ സമുദായത്തിനുവേണ്ടി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധവുമായ കത്തോലിക്കാ കോണ്‍ഗ്രസ്, സഭയിലെ ഒരു പ്രശ്‌നത്തെപ്പറ്റിയും ഒരഭിപ്രായവും സ്വന്തം നിലയില്‍ ഉരിയാടിയിട്ടില്ല എന്ന വസ്തുത ആരെയും അത്ഭുതപ്പെടുത്തും. 'പ്രൊപ്പഗാന്താ' മെത്രാന്മാരുടെ പാശ്ചാത്യവല്‍ക്കരണശ്രമങ്ങളെ ചെറുത്തുനിന്ന സമുദായനേതാക്കള്‍ ബീജാവാപം ചെയ്ത കത്തോലിക്കാ കോണ്‍ഗ്രസ്, ഇന്നത്തെ 'പ്രൊപ്പഗാന്താ' ആയ പൗരസ്ത്യസംഘം പൗരസ്ത്യമുഖംമൂടി വെച്ചു നടത്തുന്ന കല്‍ദായീകരണ പരിശ്രമങ്ങള്‍ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് കണ്ണടയ്ക്കുകയാണ്. ഈ സഭയുടെ അപ്പോസ്തലിക പാരമ്പര്യമായ മാര്‍ത്തോമ്മായുടെ നിയമം ഉറപ്പു നല്‍കിയിരുന്ന പള്ളിക്കാരുടെ എല്ലാ അവകാശാധികാരങ്ങളെയും തുടച്ചുനീക്കിക്കൊണ്ട് പൗരസ്ത്യകാനോന്‍നിയമം ഈ സഭയുടെമേല്‍ അടിച്ചേല്‍പിച്ചപ്പോള്‍, ഈ സമുദായത്തിന്റെ അവകാശസംരക്ഷണം ഏറ്റെടുത്തിട്ടുള്ള കത്തോലിക്കാ കോണ്‍ ഗ്രസ് മൗനം പാലിച്ചു. ആദ്ധ്യാത്മികശുശ്രൂഷകരായിരിക്കേണ്ട മെത്രാന്മാര്‍, തങ്ങളെത്തന്നെ രൂപതകളുടെ സമഗ്രാധിപതികളാക്കിയും, വിശ്വാസികളെ അവകാശങ്ങളൊന്നുമില്ലാത്ത വെറും പ്രജകളാക്കിയും സ്വയം രൂപംകൊടുത്ത പള്ളിയോഗ നടപടിക്രമത്തെപ്പറ്റി, കേരളകത്തോലിക്കരുടെ നാവായി വര്‍ത്തിക്കേണ്ട കത്തോലിക്കാ കോണ്‍ഗ്രസ് മൗനം കൊള്ളുകയാണ്.
ഉത്തരവാദിത്വമുള്ള ഏതൊരു സംഘടനയും ആ സംഘടന പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും, അങ്ങനെയുണ്ടാകുന്ന ആശയരൂപീകരണത്തിന്റെ വെളിച്ചത്തില്‍ പ്രസക്തമായ കര്‍മ്മപരിപാടികള്‍ക്കു രൂപംകൊടുക്കുകയും ചെയ്യും. എന്നാല്‍, ഇന്നത്തെ കത്തോലിക്കാ കോണ്‍ഗ്രസ്സിന് സമുദായത്തിനുള്ളിലെ പ്രശ്‌നങ്ങളോ, അവ സംബന്ധിച്ച ചര്‍ച്ചകളോ അഭിപ്രായരൂപീകരണങ്ങളോ ഗൗരവമുള്ള കാര്യങ്ങളല്ലതന്നെ. (കത്തോലിക്കാ കോണ്‍ഗ്രസിന്റെ എറണാകുളം അതിരൂപതാ സംഘത്തിന് കല്‍ദായവല്‍ക്കരണത്തിനെതിരെ ഒരു നിലപാടുണ്ടെന്ന് ഇടയ്ക്കു തോന്നിച്ചിരുന്നു എന്ന കാര്യം മറക്കുന്നില്ല.) അഭിപ്രായമില്ലാതെ വ്യക്തമായ സമീപനവും കര്‍മ്മപരിപാടികളും ഉണ്ടാകുന്നതെങ്ങനെ?
സമുദായതാല്പര്യങ്ങള്‍ക്കെതിരെ?
സ്വന്തമായ അഭിപ്രായമില്ലാത്തവര്‍ എപ്പോഴും അധികാരികളുടെ പക്ഷത്തായിരിക്കും. അങ്ങനെ മാത്രമേ അവര്‍ക്കു നിലനില്‍ക്കാനും തങ്ങളുടെ സാമൂഹ്യസാന്നിദ്ധ്യം ഉറപ്പിക്കാനും സാധിക്കൂ. ഈ മാനസികാവസ്ഥ, ആത്യന്തികമായി സ്വന്തം നിലനില്‍പിനെപ്പറ്റിയുള്ള ഉള്‍ഭീതിയില്‍നിന്നും ഉടലെടുക്കുന്നതാണ്. ജനവിരുദ്ധരായ അധികാരികളും, മറ്റൊരുവിധത്തില്‍, തങ്ങളുടെ നിലനില്‍പിനെപ്പറ്റിയുള്ള നിരന്തരമായ ഉള്‍ഭീതിയിലാണ്. ജനപിന്തുണയില്ലല്ലോ എന്നതാണവരുടെ പ്രശ്‌നം. ചരിത്രത്തില്‍ എല്ലാക്കാലത്തും ഈ രണ്ടു വിഭാഗങ്ങളും തമ്മില്‍ കൈകോര്‍ത്തു പിടിച്ച് നിലനില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
കത്തോലിക്കാസമുഹത്തെ സേവിക്കുന്നതിനായി, ധീരതയും ആശയഗാംഭീര്യവും തികഞ്ഞ സമുദായ നേതാക്കള്‍ ത്യാഗങ്ങള്‍ സഹിച്ചു സ്ഥാപിച്ച കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഇന്നത്തെ നേതൃത്വത്തിന്, സംഘടനയുടെ ആശയാദര്‍ശങ്ങളും ഉദ്ദേശ്യ-ലക്ഷ്യങ്ങളും ചോര്‍ന്നുപോയതിനാല്‍, അതിന്റെ നില ഇന്നു ഭദ്രമല്ലെന്നു തോന്നുന്നുണ്ടാകാം. ഈ ആശങ്കമൂലമാകണം, ഇന്നത് സഭാധികാരികളുടെ സംരക്ഷകഭാവം ചമയുന്നത്.
സംവാദം - സജീവതയുടെ ലക്ഷണം
ഓജസ്സുള്ള ഏതു സമൂഹത്തിലും ആശയഭിന്നതകളുണ്ടാകും. നസ്രാണിസഭയിലെ അഭിപ്രായഭിന്നതകള്‍ ഈ സമുദായത്തിന്റെ ഊര്‍ജ്ജസ്വലതയാണു പ്രകടമാക്കുന്നത്. ഏതൊരു സമൂഹത്തെയും പ്രസക്തമായ ആശയസമന്വയത്തിലേക്കടുപ്പിക്കുന്ന ചലനാത്മകപ്രക്രിയയാണത്. സമൂഹഗാത്രത്തില്‍ അടിഞ്ഞുകൂടുന്ന ദുര്‍മ്മേദസിനെ വിയര്‍പ്പിച്ചുകളയുകയും ആലസ്യത്തിലാണ്ടുപോയ സാമൂഹ്യമനസ്സിനെ തട്ടിയുണര്‍ത്തുകയും ചെയ്യുന്ന സജീവപ്രക്രിയ!. ഈ പ്രക്രിയയ്ക്കു തടസ്സം നില്‍ക്കുക എന്നതിനര്‍ത്ഥം, ഒരു സമൂഹത്തെ നിര്‍ജ്ജീവതയിലേക്കും ജീര്‍ണ്ണതയിലേക്കും നയിക്കുക എന്നാണ്.
ഇന്ന് നസ്രാണികത്തോലിക്കാസഭ ഒരു പ്രതിസന്ധിയിലാണ് എന്ന കാര്യം കത്തോലിക്കാ കോണ്‍ഗ്രസും സമ്മതിക്കും. ഈ പ്രതിന്ധിയെ മറികടക്കേണ്ടതെങ്ങനെ എന്നു ചിന്തിക്കാന്‍ ഈ സമുദായത്തിലെ ഓരോ അംഗത്തിനും കടമയുണ്ട് എന്ന കാര്യത്തിലും തര്‍ക്കത്തിനവകാശമില്ല. അങ്ങനെയെങ്കില്‍, ഈ ഉത്തരവാദിത്വനിര്‍വഹണത്തെ, സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞും മറ്റുള്ളവര്‍ക്ക് അങ്ങനെ പറയാന്‍ വേദികള്‍ സൃഷ്ടിച്ചും, പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയുമല്ലേ കത്തോലിക്കാ കോണ്‍ഗ്രസ് ചെയ്യേണ്ടത്? എന്നാല്‍ അതിനു പകരം, ഈ പ്രക്രിയയെ സഭയ്ക്കും മെത്രാന്മാര്‍ക്കുമെതിരെയുള്ള ഭീഷണിയായി ചിത്രീകരി ക്കുകയും, സഭാപ്രശ്‌നങ്ങളില്‍ ആശയപരമായും പ്രവര്‍ത്തനതലത്തിലും ഇടപെടുന്നവര്‍ക്കെതിരെ ഹാലിളക്കുകയുമാണ് കത്തോലിക്കാ കോണ്‍ ഗ്രസ് നേതൃത്വം ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്. ഇതെല്ലാം കാണിക്കുന്നത് കേരളത്തിലെ വിശ്വാസിസമൂഹത്തിന്റെ ക്രൈസ്തവമായ അവകാശാ ധികാരങ്ങള്‍ക്ക് പുല്ലുവിലപോലും കത്തോലിക്കാ കോണ്‍ഗ്രസ് ഇന്നു കല്പിക്കുന്നില്ല എന്നാണ്; അതിന്റെ നേതൃത്വം ഇവിടുത്തെ കത്തോലിക്കാ സമുദായത്തിന്റെ താല്പര്യങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു എന്നാണ്.
സ്ഥാപനലക്ഷ്യങ്ങള്‍ കളഞ്ഞുകുളിച്ചു വ്യക്തിത്വം നഷ്ടപ്പെടുത്തിയ ഏതു സംഘടനയും ചരിത്രത്തില്‍ അപ്രസക്തമാണ്. അല്ലെങ്കില്‍, ആ ലക്ഷ്യങ്ങളും പ്രവര്‍ത്തനോത്സാഹവും നഷ്ടപ്പെട്ടതെങ്ങനെ എന്നു മനസ്സിലാക്കി, അവ പുനരാവിഷ്‌കരിക്കാന്‍ ഒരു പുത്തന്‍ നേതൃത്വം ഉണ്ടാകണം. കത്തോലിക്കാ കോണ്‍ഗ്രസിന്റെ സാമൂഹ്യപ്രസക്തി വീണ്ടെടുക്കണമെങ്കില്‍ അതിനെ ഇന്നത്തെ ദുരവസ്ഥയിലേക്കു നയിച്ച ഘടകങ്ങള്‍ എന്തെന്നു മനസ്സിലാക്കി തിരുത്തേണ്ടതാണ്. ഈ രീതിയില്‍ ചിന്തിക്കുന്ന ഒരു പുത്തന്‍ നേതൃത്വത്തിനേ കത്തോലിക്കാ കോണ്‍ഗ്രസിനെ ഇനിയും രക്ഷിക്കാനാവൂ.
അടിസ്ഥാന പ്രശ്‌നം
സ്വതന്ത്രമായ അത്മായസംഘടനകളെ മെത്രാന്മാര്‍ ആദ്യം മുതലെ എതിര്‍ത്തു പോന്നിരുന്നു. സമുദായത്തിന് തങ്ങളല്ലാതെ മറ്റു നേതാക്കന്മാര്‍ ഉണ്ടാകരുത് എന്നതാണ് അവരുടെ എന്നത്തെയും നിലപാട്. ഇതേപ്പറ്റി മുന്‍ സൂചിപ്പിച്ച പ്രസാധകക്കുറിപ്പില്‍ ശ്രീ ജോണ്‍ കച്ചിറമറ്റം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ''അത്മായരുടെ നേതൃത്വത്തില്‍ ഒരു സംഘടന ഉണ്ടാകുന്നതിനോട് വൈദികമേലദ്ധ്യക്ഷന്മാര്‍ക്ക് ഒട്ടുംതന്നെ താല്പര്യമുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത് മാര്‍ ളൂയീസ് പഴേപറമ്പിലായിരുന്നു.'' വളരെയേറെ ബുദ്ധിമുട്ടിയും ഒട്ടേറെ വിട്ടുവീഴ്ചകള്‍ നടത്തിയുമാണ് ഇത്തരമൊരു സമുദായസംഘടനയ്ക്ക് സഭാധികാരികളുടെ അംഗീകാരം നേടാനായതെന്ന് ശ്രീ ജോണ്‍ കച്ചിറമറ്റം തുടര്‍ന്നു വിശദീകരിക്കുന്നുണ്ട്. സംഘടനായോഗങ്ങളെ നിരോധിക്കുകവരെ ചെയ്തിരുന്നു!
കത്തോലിക്കാ കോണ്‍ഗ്രസിനെ അംഗീകരിച്ചിട്ടും അതിനെ വളരാന്‍ സഭാധികാരം അനുവദിച്ചില്ല. രാഷ്ട്രീയതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടായിരുന്നു മെത്രാന്മാര്‍ കത്തോലിക്കാ കോണ്‍ഗ്രസിനെ എന്നും ദുര്‍ബലപ്പെടുത്തിക്കൊണ്ടിരുന്നത്. ശ്രീ കച്ചിറമറ്റം തുടര്‍ന്നെഴുതുന്നതു കാണുക: ''കോണ്‍ഗ്രസ് ഒരു ബഹുജനപ്രസ്ഥാനമായി വളര്‍ന്നുകൊണ്ടിരുന്നു. ആ സന്ദര്‍ഭത്തില്‍ ചങ്ങനാശ്ശേരി രൂപതയില്‍ കാത്തലിക് ആക്ഷന്‍ കൗണ്‍ സില്‍ എന്ന ഒരു പുതിയ സംഘടന കെട്ടിപ്പടുക്കാനുള്ള ശ്രമം രൂപതാ ലവലില്‍ ഉണ്ടായി... നിലവിലുള്ള സംഘടനയുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നതിനു മാത്രമേ പുതിയ സംഘടനകൊണ്ടു സാധിക്കുകയുള്ളൂവെന്ന എ.കെ.സി.സി.യുടെ മുന്നറിയിപ്പ് കേള്‍ക്കുവാന്‍ അധികാരികള്‍ തയ്യാറായില്ല.... ഏതൊക്കെ രൂപതയില്‍ കോണ്‍ഗ്രസിന്റെ യുവജനവിഭാഗം പ്രവര്‍ത്തിച്ചോ അവിടെയെല്ലാം രൂപതാതലത്തില്‍ ഓരോ യുവജനപ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ വൈദികമേലദ്ധ്യക്ഷന്മാര്‍ താല്പര്യം പ്രകടിപ്പിക്കുകയും തന്മൂലം കോണ്‍ഗ്രസിന്റെ യുവജനവിഭാഗത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ചെയ്തു.'' സഭാധികാരികളുടെ ഈ കുത്തിത്തിരിപ്പും നാനാവിധത്തിലുള്ള അവഗണനയുമാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതികരണശേഷി നഷ്ടപ്പെടുവാനും അത് ഒന്നിനൊന്നു ദുര്‍ബലമാകുവാനും ഇടയാക്കിയതെന്നും വൈദികമേലദ്ധ്യക്ഷന്മാര്‍ക്ക് ഒരു സുശക്തമായ സമുദായസംഘടന കേരളതലത്തില്‍ രൂപപ്പെട്ടുവരുന്നതില്‍ താല്പര്യമില്ലെന്നും അദ്ദേഹം തന്റെ ഈ പ്രസാധകക്കുറിപ്പില്‍ സമര്‍ത്ഥിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സംഘടനയായിട്ടും സഭാസമിതികളില്‍ അതിനു പ്രാതിനിധ്യം നല്‍കാന്‍ സഭാധികാരികള്‍ തയ്യാറായിട്ടില്ല എന്നും അടുത്തകാലത്തു പള്ളിയോഗത്തിന്റെ നിയമാവലി തയാറാക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയില്‍ എ.കെ.സി.സി. ഉള്‍പ്പെടെ ഒരു അത്മായസംഘടനയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം ഇതില്‍ ആരോപിക്കുന്നുണ്ട്. സഭാധികാരികള്‍ക്ക് മെത്രാന്മാരോടുള്ള സമീപനത്തെ അദ്ദേഹം ഇങ്ങനെ ഉപമിക്കുന്നു: ''നമ്മുടെ വലിയതറവാടുകളില്‍ സദ്യക്ക് അരി വയ്ക്കാനായി വലിയ വാര്‍പ്പുകള്‍ വാങ്ങിവച്ചിട്ടുണ്ട്. അത്യാവശ്യസമയത്തു മാത്രമേ അവ കഴുകിയെടുത്ത് ഉപയോഗിക്കുകയുള്ളൂ. ആ വാര്‍പ്പിന്റെ സ്ഥാനമാണ് കത്തോലിക്കാ കോണ്‍ഗ്രസിന് പലരും നല്‍കിയിരിക്കുന്നത്. ഒരു സംഘടന വേണം, ആവശ്യസമയത്ത് എടുത്ത് ഉപയോഗിക്കാന്‍. നിരന്തരമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന അവര്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.''
ദീര്‍ഘനാളായി കത്തോലിക്കാ കോണ്‍ഗ്രസിന്റെ മുഖ്യസാരഥിയായിരിക്കുന്ന ശ്രീ ജോണ്‍ കച്ചിറമറ്റം എത്ര കൃത്യമായിട്ടാണ് ഇവിടെ പ്രശ്‌നനിര്‍ണയം നടത്തുന്നത്! അതായത്, കത്തോലിക്കാ കോണ്‍ഗ്രസ് ഉണ്ടായപ്പോള്‍ മുതല്‍ അതിന്റെ വളര്‍ച്ചയെ തടഞ്ഞുനിന്നത് മെത്രാന്മാരുടെ തലതിരിഞ്ഞ ഇടപെടലുകളും നിയന്ത്രണങ്ങളും പിളര്‍പ്പന്‍ തന്ത്രങ്ങളുമായിരുന്നു എന്നാണദ്ദേഹം സമര്‍ത്ഥിച്ചിരിക്കുന്നത്.
പ്രശ്‌നങ്ങളെ ഇങ്ങനെ കൃത്യമായി നിര്‍ണയിക്കുക എന്നത് നേതൃത്വ ത്തിന്റെ അതിപ്രധാനമായ ഒരു കഴിവാണ്. എന്നാല്‍, കണ്ടെത്തിയ പ്രശ്‌ന ത്തെ ദുരീകരിക്കുന്ന ഒരു ചിന്താപദ്ധതിയുടെയും കര്‍മ്മപരിപാടിയുടെയും അഭാവത്തില്‍ ആ കഴിവ് നിഷ്ഫലവുമാണ്. ഇന്നത്തെ കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രശ്‌നം, ഇത്തരമൊരു ചിന്താപദ്ധതിയുടെയും കര്‍മ്മപരിപാടിയുടെയും അഭാവമാണ് എന്നു പറയാതെ തരമില്ല. അതായത്, നേതൃത്വത്തിന് പ്രശ്‌നമറിയാം, പ്രശ്‌നമുണ്ടാക്കുന്നവരെ അറിയാം; പക്ഷേ അവരെ അഭിമുഖീകരിക്കാന്‍ തയ്യാറല്ല. പ്രശ്‌നത്തെ നേരിടാന്‍ തയ്യാറാകാത്തവരുടെ പ്രശ്‌നനിര്‍ണ്ണയത്തിന് എന്തു വിലയാണുള്ളത്?!
സംഘടന നിരന്തരം നേരിടുന്ന മെത്രാന്‍ ഭീഷണിയെ നേരിടുന്നില്ലെന്നു മാത്രമല്ല, മെത്രാന്മാരുടെ ഇംഗിതമറിഞ്ഞ്, അവര്‍ക്കാവശ്യമുള്ളപ്പോഴൊക്കെ കത്തോലിക്കാ കോണ്‍ഗ്രസിനെ തേച്ചുകഴുകിയ വാര്‍പ്പാക്കി വിട്ടുകൊടുക്കുകയാണ് അതിന്റെ നേതൃത്വം ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്. സഭയിലെ പ്രതിസന്ധിയോട് അതു പുലര്‍ത്തുന്ന നിസ്സംഗതയും, അതില്‍ സജീവമായി ഇടപെടുന്നവര്‍ക്കെതിരെ അതിന്റെ നേതൃത്വം നടത്തുന്ന പ്രസ്താവനായുദ്ധങ്ങളും ഇതു വേണ്ടവണ്ണം തെളിയിക്കുന്നുണ്ട്. അത്മായസംഘടനാ പ്രാതിനിധ്യമില്ലാതെ രൂപംകൊടുത്തത് എന്നദ്ദേഹം തന്നെ ആരോപിച്ച പള്ളിയോഗനിയമാവലിക്കെതിരെ വ്യാപകമായുണ്ടായ ബഹുജനപ്രക്ഷോഭണത്തിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ 'ഉപരോധപ്രഖ്യാപനം' തന്നെ ഇതിന് ഏറ്റവും പുതിയ ഉദാഹരണം. ഇതിലെല്ലാം അന്തര്‍ഭവിച്ചിരിക്കുന്നത് നേതൃത്വത്തിന്റെ കാപട്യവും, സമുദായത്തോടും സംഘടനയോടുമുള്ള വഞ്ചനയും, നേതൃത്വപരമായ പാപ്പരത്തവുമല്ലാതെ മറ്റെന്താണ്? ഉപദേഷ്ടാവായി, ഒരു മെത്രാനെ ലഭിച്ചതില്‍ കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വം ഇന്നു പുളകംകൊള്ളുന്നു എന്നത് ഈ പാപ്പരത്തം മകുടംചൂടിയിരിക്കുന്നു എന്നാണു കാണിക്കുന്നത്.
കേരളത്തിലെ കത്തോലിക്കരുടെ സര്‍വ്വതോന്മുഖമായ അഭിവൃദ്ധിക്കും അവകാശസംരക്ഷണത്തിനുംവേണ്ടി സമുദായത്തിന്റെ കയ്യിലുണ്ടായിരുന്ന ഒരുപകരണമായിരുന്നു മുമ്പു കത്തോലിക്കാ കോണ്‍ഗ്രസ് എങ്കില്‍, ഇന്നത് സമുദായാംഗങ്ങളുടെ അവകാശനിഷേധത്തിനും സഭാധികാരികളുടെ അധികാരസംരക്ഷണത്തിനുമായി മെത്രാന്മാരുടെ കയ്യിലുള്ള ഒരു ഉപകരണമായി മാറിയിരിക്കുന്നു! മെത്രാന്മാരുടെ സംഘടനാവിരോധം അറിഞ്ഞുകൊണ്ടുതന്നെ ഈ സംഘടനയെ, അതിന്റെ ഇന്നത്തെ നേതൃത്വം, സഭാസമൂഹത്തിനെതിരെ മെത്രാന്മാരുടെ 'വാര്‍പ്പും ചട്ടുകവു'മാക്കി മാറ്റിയിരിക്കുന്നു!! ഒരുകാലത്ത് സമുദായനേതൃത്വത്തിന്റെ ആത്മവീര്യത്തിന്റെ പ്രതീകമായിരുന്നു കത്തോലിക്കാ കോണ്‍ഗ്രസെങ്കില്‍, ഇന്നത് ഭീരുത്വത്തിന്റെ നാണംകെട്ട പ്രതീകമായിരിക്കുന്നു!!!
കത്തോലിക്കാ കോണ്‍ഗ്രസിന്റെ വ്യക്തിത്വത്തെ ഇല്ലായ്മ ചെയ്യുവാനുള്ള സഭാദ്ധ്യക്ഷന്മാരുടെ പരിശ്രമങ്ങള്‍ക്കു വിടുപണി ചെയ്തുകൊണ്ട്, അതിന്റെ സ്ഥാപനലക്ഷ്യങ്ങളെ ശീര്‍ഷാസനത്തില്‍ നിര്‍ത്തുവാന്‍ മത്സരിക്കുന്ന നേതൃത്വമാണോ ഈ സമുദായസംഘടനയ്ക്കു വേണ്ടത് എന്ന് ഈ പ്രസ്ഥാനത്തിന്റെ ചിന്തിക്കുന്ന സാരഥികളും പ്രവര്‍ത്തകരും കേരള കത്തോലിക്കാ സമുദായംതന്നെയും ഗൗരവമായി ആലോചിക്കേണ്ട സമയമായില്ലേ?
സി.റ്റി. തൊമ്മന്‍ ചെറുകര ജോര്‍ജ് മൂലേച്ചാലില്‍
പ്രസിഡന്റ്, സെക്രട്ടറി,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ