ആകെ പേജ്‌കാഴ്‌ചകള്‍

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

സഭയില്‍ സംഘടനാ പ്രവര്‍‍ത്തനത്തിന്റെ പ്രസക്തി

സഭയില്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ പ്രസക്തി
ജോര്‍ജ് മൂലേച്ചാലില്‍ 


സഭയിലിന്ന്, 'ആധികാരികാംഗീകാര'മുള്ളവയും വിശ്വാസിസമൂഹത്തിന്റെ മാത്രം അംഗീകാരമുള്ളവയുമായ ഒട്ടനവധി സംഘടനകളുണ്ട്. സാഹചര്യത്തില്‍‍, ഇവയുടെ സാധുതയെയും പ്രസക്തിയെയുംപറ്റി ബൈബിളധിഷ്ഠിതമായി വിലയിരുത്തേണ്ടത്, സഭയിലെ സംഘടനാപ്രവര്‍ത്തനരംഗത്ത് ലക്ഷ്യബോധത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടിയുള്ള ര്‍മ്മപരിപാടികള്‍ രൂപം കൊള്ളാന്‍ആവശ്യമാണെന്നു തോന്നുന്നു.


സുവിശേഷാധിഷ്ഠിത സഭാഘടനയും സംഘടനകളും
ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഏറ്റവും ശുദ്ധമായ രീതിയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത് വിശ്വാസികളെല്ലാം ഏകമനസ്സോടെ ഒരു സമൂഹമായി ജീവിച്ച ആദിമസഭയിലാണെന്നു നമുക്കറിയാം. ക്രിസ്തുവില്‍ ആത്മീയമായി ഐക്യപ്പെട്ട്, ഒരു ശരീരത്തിലെ വിവിധ അവയവങ്ങള്‍പോലെ പരസ്പരപൂരകമായി സ്വധര്‍മ്മനിര്‍വ്വഹണം നടത്തിയായിരുന്നു, ഓരോ വിശ്വാസിയും ആദിമസഭയില്‍ ജീവിതം നയിച്ചത്. ക്രിസ്തുവിന്റെ, 'നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന കല്പനയുടെയും 'മറ്റുള്ളവര്‍ നിനക്ക് എന്തു ചെയ്യണമെന്ന് നീ ആഗ്രഹിക്കുന്നുവോ അതു തന്നെ നീ അവര്‍ക്കും ചെയ്തു കൊടുക്കുക' എന്ന കല്പനയുടെയും പാലനത്തിലൂടെ കൈവന്ന വിശ്വാസികളുടെ ചൈതന്യവത്തായ ഒരുമയായിരുന്നു, ആദിമസഭയെ ഭീകരമായ പീഡനങ്ങള്‍ക്കിടയിലും നിലനിര്‍ത്തിയതും ക്ഷേമശൈ്വര്യങ്ങളിലേക്കു നയിച്ചതും. മനുഷ്യ ചരിത്രത്തില്‍ പ്രായോഗികമാക്കപ്പെട്ടതും വിശ്വാസികള്‍ക്ക് സമൂര്‍ത്തമായി അനുഭവേദ്യമായതുമായ ഈ സാഹോദര്യജീവിതമായിരുന്നു ക്രിസ്തുവിന്റെ പ്രബോധനങ്ങളുടെയെല്ലാം കാതല്‍. അവിടെ വിശ്വാസികളുടെ വൈയക്തികവും സാമൂഹ്യവുമായ ജീവിതത്തെ നിയന്ത്രിച്ചിരുന്നത്, അധികാരികളുടെ ബാഹ്യമായ നിയമങ്ങളായിരുന്നില്ല; മറിച്ച്, ക്രിസ്തുവിന്റെ സുവിശേഷം മൂലം തങ്ങളുടെ ഹൃദയങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ട സ്‌നേഹത്തിന്റെ ആന്തരനിയമങ്ങളായിരുന്നു. ഈ സ്‌നേഹം മുഖമുദ്രയായിട്ടുള്ള ക്രൈസ്തവ ആധ്യാത്മികതയുടെ പ്രചോദനത്താല്‍, 'ഒന്നാമന്മാര്‍' സ്വയം അവസാനക്കാരാകാനും 'അവസാന'ക്കാരുടെ ശുശ്രൂഷകരാകാനും വെമ്പിനിന്ന ഒരു സമൂഹമായിരുന്നു, അത്. ആത്മാവില്‍ ദരിദ്രനായി അഹന്തവെടിഞ്ഞ്, പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാന്‍ ദൈവമക്കളെയെല്ലാം സഹോദരായിക്കണ്ട് കഴിയുംവിധം ശുശ്രൂഷിക്കാന്‍, വ്യഗ്രതനിറഞ്ഞവരുടെ ഒരു സമൂഹം; അതായിരുന്നു ആദിമസഭ.


ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം, സുവിശേഷാധിഷ്ഠിതമായി ഉരുത്തിരിഞ്ഞുവന്ന ഈ സഭാസമൂഹത്തില്‍ ഏതെങ്കിലുമൊരു സംഘടന ഉണ്ടായിരുന്നില്ല എന്നതാണ്. ധാരാളം സ്വയംസന്നദ്ധ ശുശ്രൂഷകരും ശുശ്രൂഷകളുമുണ്ടായിരുന്നു; പക്ഷേ, അവയ്‌ക്കൊന്നും സംഘടനാരൂപമുണ്ടായില്ല. ഇതിനുള്ള കാരണം എന്തായിരിക്കാം എന്നന്വേഷിക്കുമ്പോള്‍, സംഘടനാപരമായ അറിവും കഴിവും പരിചയവുമൊന്നും അപരിഷ്‌കൃതമായിരുന്ന അവരുടെ അന്നത്തെ സാഹചര്യത്തില്‍ ഇല്ലാതിരുന്നതിനാലാവാം എന്നു നാം പെട്ടെന്നു ചിന്തിച്ചെന്നു വരും. എന്നാല്‍, സുവിശേഷത്തില്‍ത്തന്നെ, അന്നുണ്ടായിരുന്ന പല സംഘടനകളുടെയും - സിലെട്ടുകള്‍, സെന്‍ഹെദ്രീന്‍ ലരേ - പരാമര്‍ശങ്ങളുണ്ടെന്നു നമുക്കറിയാം. കൂടാതെ, മോശെയുടെ കാലത്തുതന്നെ, ഇസ്രായേല്‍ ജനതയെ ഗണങ്ങളായി തിരിച്ചും തലവന്മാരെ തിരഞ്ഞെടുത്തും, ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനായുള്ള സുഘടിതമായ സംഘടനാസമ്പ്രദായം ഉരുത്തിരിഞ്ഞിരുന്നു എന്നും പഴയനിയമത്തില്‍ നാം വായിക്കുന്നുണ്ട് ( പുറപ്പാട് 18: 25 27).
അങ്ങനെ, സംഘടനകളുടേതായ ചരിത്രപശ്ചാത്തലമുണ്ടായിരുന്ന ഒരു ജനത സഭാസമൂഹമായി മാറിയപ്പോള്‍ അവിടെ സംഘടനകളില്ലാതാകുന്നതാണു നാം കാണുന്നത്. ഇതിനു കാരണം, ക്രിസ്തു അവതരിപ്പിച്ച നിത്യനൂതനവും ഉദാത്തവുമായ മാനുഷികമൂല്യങ്ങളില്‍ അടിയുറപ്പിച്ച്, ഏകയോഗമായി മുമ്പോട്ടുപോകുന്ന ഒരു സമൂഹത്തിലും പ്രത്യേകം പ്രത്യേകം ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള വേറെ വേറെ സംഘടനകള്‍ ആവശ്യമില്ല എന്നതുതന്നെയാണ്. എന്തുകൊണ്ടന്നാല്‍, സഭ അതില്‍ത്തന്നെ, അതതു സഭാസമൂഹത്തിന്റെ ഒരു തുറന്ന വേദിയും കൂടി ആയിരുന്നു. ആധ്യാത്മികാചാര്യരായിരുന്ന സഭാമൂപ്പന്മാര്‍ ആധ്യക്ഷ്യം വഹിക്കുമായിരുന്ന സഭായോഗങ്ങളില്‍, ആ സഭാസമൂഹത്തിന്റെ വലുതും ചെറുതുമായ ഏതു പ്രശ്‌നത്തെയുംപറ്റി ഓരോ വിശ്വാസിക്കും 'രാജകീയ പുരോഹിതന്‍' എന്ന നിലയില്‍, (പത്രോസ് 2: 9) തികഞ്ഞ ധാര്‍മ്മികാധികാരത്തോടെത്തന്നെ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ അവസരമുണ്ടായിരുന്നു. അത് അഭിപ്രായ സമന്വയങ്ങളിലേക്കും ഏകയോഗക്ഷേമം ഉറപ്പുവരുത്തുന്ന വിവിധ കര്‍മ്മങ്ങളിലേയ്ക്കും സഭാസമൂഹത്തെ നയിച്ചിരുന്നു. ഓരോരോ കാര്യങ്ങള്‍ക്കുവേണ്ടി, വെവ്വേറെയുള്ള സംഘടനകള്‍ക്ക് ആദിമസഭയില്‍ പ്രസക്തിയില്ലാതെ വന്നത് ഇക്കാരണത്താലായിരുന്നു.


കേരളത്തിലെ ആദിമസഭ
റോമന്‍ സാമ്രാജ്യത്തിനുള്ളിലെന്നപോലെതന്നെ, കേരളത്തിലും സമാനരൂപത്തിലുള്ള ആദിമസഭ രൂപപ്പെട്ടു എന്നു നമുക്കറിയാം. ഈ ആദിമനസ്രാണിസഭയുടെ ഘടനാസ്വഭാവത്തെപ്പറ്റിപ്പറയാന്‍ നമുക്ക് അക്കാലഘട്ടത്തിലെ ചരിത്രരേഖകളൊന്നുമില്ലെങ്കിലും, ബൈബിളില്‍ കാണുന്ന ആദിമസഭാസംവിധാനത്തോട് ഏറെ സാദൃശ്യം പുലര്‍ത്തുന്ന ഒരു സഭാസംവിധാനം 16-ാം നൂറ്റാണ്ടിനുശേഷവും ഇവിടെ നിലനിന്നിരുന്നു എന്നതിനുള്ള വ്യക്തമായ തെളിവുകള്‍ നമുക്കുണ്ട്. റവ. ഡോ. സേവ്യര്‍ കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: ''പുതിയനിയമ പശ്ചാത്തലത്തിന്റെ സ്വഭാവസവിശേഷതകളുമായി മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ സഭാഭരണസമ്പ്രദായത്തിനും വളരെ അടുപ്പമുണ്ടായിരുന്നു. അവരുടെ വികേന്ദ്രീകൃതമായ സഭാഭരണരീതി, അപ്പോ.പ്രവ 6: 1 6 വാക്യങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടുള്ളതായിരുന്നു. അപ്പോസ്തലന്മാര്‍ നല്‍കിയ മുന്‍ഗണനയ്ക്കള്ള ഒരു ഉത്തമ മാതൃകയാണ് നാമിവിടെ കാണുന്നത്.'' (Eecclesial Identity of the Thomas Christians, Page 74, സ്വന്തം തര്‍ജമ).
സഭയിലെ യോഗങ്ങളല്ലാതെ, നസ്രാണിസഭയിലും മറ്റു സംഘടനകള്‍ അക്കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. സഭാ സമൂഹത്തില്‍ സര്‍വ്വാശ്ലേഷിതമായി നിലനിന്നിരുന്ന, വിവിധ തട്ടുകളിലുള്ള, നസ്രാണിസഭയുടെ യോഗസമ്പ്രദായത്തിലും മറ്റു സംഘടനകള്‍ക്കു പ്രസക്തിയുണ്ടായിരുന്നില്ല.


സംഘടന എപ്പോള്‍
സഭയില്‍ സംഘടനകള്‍ ആവശ്യമായിവരുന്നത്, സഭയുടെ കൂട്ടായ്മാബോധം തകരുമ്പോഴാണ് എന്നാണ് നമുക്കിതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. സഭ സഭാത്മകമല്ലാതാകുമ്പോള്‍, കൂട്ടായ്മ അല്ലാതാകുമ്പോള്‍, സഭയുടെ അസ്തിവാരം സ്‌നേഹത്തില്‍ നിന്നും മാറ്റപ്പെട്ട് അതിനു നൈയാമിക സ്വഭാവം കൈവരുമ്പോള്‍, സഭാസമൂഹം രോഗാതുരമാകുന്നു. രോഗലക്ഷണങ്ങളെന്ന നിലയില്‍, അനേകതലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവയുടെ പരിഹാരത്തിനുവേണ്ടി സഭയില്‍ സംഘടനകള്‍ ആവശ്യമായിത്തീരുകയാണു ചെയ്യുന്നത്. അങ്ങനെയുള്ള ഒരു 'സഭ'യില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ അവശ്യം ആവശ്യംതന്നെ. എങ്കില്‍മാത്രമേ, ബൈബിള്‍മൂല്യങ്ങളെ പുനരവതരിപ്പിച്ച്, 'സഭയെ വീണ്ടും ദൈവജനത്തിന്റെ കൂട്ടായ്മയാക്കാനാകൂ.
എന്നാല്‍, ഇവിടെ നാം ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സഭാ പ്രതിസന്ധിയുടെ വിവിധ മുഖങ്ങളോട് പ്രതികരിക്കാന്‍ വെവ്വേറെ സംഘടനകളുണ്ടായിരിക്കുമ്പോഴും, പ്രതിസന്ധിയുടെ അടിസ്ഥാന പ്രശ്‌നത്തെപ്പറ്റി അവയ്‌ക്കോരോന്നിനും ബോധ്യമുണ്ടായിരിക്കേണ്ടതുണ്ട്. മറിച്ചായാല്‍, രോഗലക്ഷണങ്ങളോരോന്നിനെയും അടിസ്ഥാനരോഗവുമായി ബന്ധപ്പെടുത്താതെ ചികിത്സിക്കുന്നതുപോലെ നിഷ്ഫലമോ ഉപരിപ്ലവമോ ആയിരിക്കും സംഘടനാപ്രവര്‍ത്തനങ്ങളുടെയും ഫലം. അതുകൊണ്ട്, നമ്മുടെ സഭയിന്ന് അകപ്പെട്ടിരിക്കുന്ന അടിസ്ഥാന പ്രതിസന്ധി എന്ത് എന്ന കാര്യത്തില്‍ സഭാസംഘടനകള്‍ക്ക് വ്യക്തതയുണ്ടായിരിക്കണം. പ്രവര്‍ത്തനങ്ങളിലെ കൂട്ടായ്മയ്ക്കും അതാവശ്യമാണ്.


അടിസ്ഥാന പ്രശ്‌നം
ക്രിസ്തു മൂലക്കല്ലായിരിക്കുന്ന ഒരു ആധ്യാത്മികഭവനമായിരിക്കണം എക്കാലവും ക്രിസ്തുവിന്റെ സഭ. എന്നാല്‍, ഇന്ന് അത് ഒരു ഭൗതികസാമ്രാജ്യമായി മാറിയിരിക്കുന്നു. അതായത്, സഭയുടെ ഭൗതികവല്‍ക്കരണമാണ്, സഭയിലെ ആധ്യാത്മികതയുടെ അഭാവമാണ്, യഥാര്‍ഥ പ്രശ്‌നം. ഇതെങ്ങനെ സംഭവിച്ചു എന്നറിഞ്ഞുകൊണ്ടു മാത്രമേ, അടിസ്ഥാനപരമായ തിരുത്തല്‍ശക്തിയായി സംഘടനകള്‍ക്കു പ്രവര്‍ത്തിക്കാനാവൂ.
ക്രിസ്തുശിഷ്യരുടെ സുവിശേഷ പ്രബോധനങ്ങള്‍ ശ്രവിച്ചു മാനസാന്തരപ്പെട്ട് ആധ്യാത്മികത ആര്‍ജിച്ചവരായിരുന്നു ആദിമ സഭയിലെ വിശ്വാസികള്‍. ഈ ആധ്യാത്മികതയാണ്, സ്‌നേഹം, ആനന്ദം, സമാധാനം, കരുണ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം മുതലായ ആത്മാവിന്റെ ഫലങ്ങള്‍ (ഗലാ 5: 2223). പുറപ്പെടുവിക്കാന്‍ അവരെ പ്രാപ്തരാക്കിയത്. കൂട്ടായ്മാ ജീവിതത്തിന് ഈ ആധ്യാത്മിക മനോഭാവങ്ങള്‍ കൂടിയേ തീരൂതാനും. ഇതിനര്‍ഥം, സഭയിലെ അതിപ്രധാനമായ ശുശ്രൂഷാമണ്ഡലമാണ് സുവിശേഷപ്രബോധനം എന്നതാണ്. ശരീരത്തിലെ രക്തം ശുദ്ധീകരിക്കാന്‍ ശ്വാസോച്ഛ്വാസത്തിലൂടെയുള്ള നിരന്തരമായ 'ഓക്‌സിജന്‍ സപ്ലൈ' അത്യാവശ്യമാണെന്നതുപോലെതന്നെ, ഈ ലോകത്തില്‍ വിശുദ്ധമായ ക്രൈസ്തവ ജീവിതം നയിക്കുന്നതിനും നിരന്തരമായ ആധ്യാത്മിക പ്രബോധനങ്ങള്‍ ആവശ്യമാണ്. എത്ര സമ്മര്‍ദമുണ്ടായിട്ടും, ഈ ശുശ്രൂഷാമേഖല ഉപേക്ഷിച്ച് സഭയുടെ ഭൗതിക കൈകാര്യകര്‍ത്തൃത്വവും ഭരണവും ഏറ്റെടുക്കാന്‍ ക്രിസ്തുവിന്റെ അപ്പോസ്തലന്മാര്‍ തയ്യാറാകാതിരുന്നത് അതിനാലാണ്. അത്തരമൊരു ജനസമ്മര്‍ദമുണ്ടായ അവസരത്തില്‍, ആ പന്ത്രണ്ടുപേര്‍, ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: ''ഞങ്ങള്‍ ദൈവവചന പ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെടുന്നതു ശരിയല്ല. അതിനാല്‍, സഹോദരരേ, നിങ്ങളുടെ ഇടയില്‍ നിന്നു സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തിരഞ്ഞെടുക്കുക. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ, പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം'' (അപ്പോ. 6: 24). സഭയെ ആധ്യാത്മികമായി നിരന്തരം പരിപോഷിപ്പിക്കുക എന്നതാണ് തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍ത്തവ്യം, എന്ന അപ്പോസ്തലന്മാരുടെ പ്രഖ്യാപനമായിരുന്നു അത്. അതോടൊപ്പംതന്നെ, സഭാസമൂഹത്തിന്റെ ഭൗതിക കൈകാര്യകര്‍ത്തൃത്വം വിശ്വാസികളുടെ ഉത്തരവാദിത്വമാണെന്നുള്ളതിന്റെ പ്രഖ്യാപനവും കൂടിയായിരുന്നു അത്.


സഭയിലെ ശുശ്രൂഷകളെ ആധ്യാത്മികമെന്നും ഭൗതികമെന്നും വേര്‍തിരിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഈ അപ്പോസ്തലിക പ്രഖ്യാപനമാണ്, സഭാസംവിധാനത്തെക്കുറിച്ചുള്ള എന്നത്തേയും മാര്‍ഗരേഖ. ഈ അപ്പോസ്തലിക മാര്‍ഗരേഖയില്‍നിന്നും ആധ്യാത്മിക പ്രബോധകരായിരിക്കേണ്ട സഭാ മൂപ്പന്മാര്‍ വ്യതിചലിച്ച് സഭയുടെ ഭരണാധികാരികളായതാണ് സഭയുടെ ആധ്യാത്മികശോഷണത്തിനു കാരണമായത്. ഇത് രണ്ടു വിധത്തില്‍ ദോഷം ചെയ്തു. ഒന്ന്, സഭയെ സംബന്ധിച്ച് സര്‍വ്വ പ്രധാനമായ ആധ്യാത്മിക പ്രബോധനം അതില്ലാതാക്കി. രണ്ട്, സഭയിലെ 'രാജകീയ പുരോഹിതഗണ'മായ വിശ്വാസികളെ സഭയില്‍ ആരുമല്ലാതാക്കി. അതോടെ, അപ്പോസ്തല പിന്‍ഗാമികള്‍ ഭരണാധികാരികളും വിശ്വാസികള്‍ അനുസരണയുള്ള കേവലം പ്രജകളുമായ ഒരു ഭൗതികസാമ്രാജ്യമായി സഭ മാറി. ഇതുമൂലമാണ് ആത്മാവിന്റെ ഫലങ്ങള്‍ക്കു നേര്‍വിരുദ്ധങ്ങളായ ജഡത്തിന്റെ പ്രവൃത്തികളാല്‍, അതായത്, ശത്രുത, കലഹം, അസൂയ, സ്വാര്‍ ഥത, വിഭാഗീയത, വിദ്വേഷം, ഭോഗാസക്തി എന്നീ മനോഭാവങ്ങളാല്‍ (ഗലാ 5: 2021) നമ്മുടെ സഭ ഇന്നു പ്രശ്‌നകലുഷിതമായിരിക്കുന്നത്.


അപ്പോള്‍, സഭയിലെ ഓരോ പ്രശ്‌നത്തെയും കേന്ദ്രീകരിച്ച് വിവിധങ്ങളായ സംഘടനാപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും അതിന്റെയെല്ലാം അടിയിലുള്ള അടിസ്ഥാന പ്രശ്‌നം സഭാമൂപ്പന്മാരുടെ സുവിശേഷവിരുദ്ധമായ ഭൗതികാധികാരവ്യഗ്രതയാണെന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. ഈ തിരിച്ചറിവുണ്ടായാല്‍, നമ്മുടെ സഭാധികാരികള്‍ ഇന്നടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന കാനോന്‍നിയമം, പള്ളിയോഗനടപടിക്രമങ്ങള്‍, ആരാധനക്രമം, മാനിക്കേയന്‍ കുരിശ് മുതലായവയുടെയൊക്കെ പേരിലുള്ള ചേരിതിരിവുകളുടെയും ഭിന്നിപ്പുകളുടെയുമെല്ലാം പിന്നില്‍ സഭാധികാരികളുടെ അധികാരവ്യഗ്രതയാണെന്നു കാണാം. അതുകൊണ്ട് എന്തു വിലകൊടുത്തും സഭയുടെ ഭൗതികഭരണത്തില്‍ നിന്നും അവരെ മുക്തരാക്കി, ആധ്യാത്മിക പ്രബോധനമേഖലയില്‍ അവരുടെ സേവനം ഉറപ്പാക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം, തങ്ങളില്‍ അര്‍പ്പിതമായിരിക്കുന്ന സഭയുടെ ഭൗതികശുശ്രൂഷകള്‍ ഏറ്റെടുക്കുവാനുള്ള ഉത്തരവാദിത്വം വിശ്വാസികളും നിര്‍വഹിക്കേണ്ടിയിരിക്കുന്നു. ഈ രണ്ടു ലക്ഷ്യങ്ങളും ശക്തമായ സംഘടനാപ്രവര്‍ത്തനങ്ങളിലൂടെയേ നേടാനാവൂ.


സംഘടനകള്‍ കേരളസഭയില്‍
ആദിമസഭയെപ്പോലെ, 16-ാം നൂറ്റാണ്ടുവരെ കേരള നസ്രാണിസഭയും സംഘടനാരഹിതമായിരുന്നു. കാരണം, സഭയുടെ ആധ്യാത്മികവും ഭൗതികവുമായ ശുശ്രൂഷാമേഖലകളെ വേര്‍തിരിച്ചു നിര്‍ത്തിക്കൊണ്ടുള്ള അപ്പോസ്തലനിര്‍ദേശിതമായ സഭാസംവിധാനമാണ് ഇവിടെ അഭംഗുരം പുലര്‍ന്നിരുന്നത്. പോര്‍ട്ടുഗീസുകാര്‍ നസ്രാണിസഭയില്‍ ഇടപെട്ട് ഈ സഭയില്‍ കലക്കങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങുന്നതുവരെ ഏകയോഗക്ഷേമൈശ്വര്യങ്ങളോടെ പുലര്‍ന്നുപോന്ന ഒന്നായിരുന്നു കേരളസഭ. ഉദയംപേരൂര്‍ സൂനഹദോസും, അതിനെത്തുടര്‍ന്ന് മെത്രാന്‍ കേന്ദ്രീകൃതമായ പാശ്ചാത്യസഭാസമ്പ്രദായവും ഈ സഭയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കാലത്തും, അതിനെ ചെറുക്കാന്‍, ഈ സഭയുടെ പരമ്പരാഗതമായ യോഗസമ്പ്രദായത്തെത്തന്നെയായിരുന്നു നസ്രാണികള്‍ ആശ്രയിച്ചത്. 1632-ലെ ഇടപ്പള്ളിയോഗത്തെയും 1773-ലെ അങ്കമാലി യോഗത്തെയും 1854-ലെ കുറവിലങ്ങാട്ടു യോഗത്തെയും 1892-ലെ പാലാ യോഗത്തെയും ഈ പാരമ്പര്യത്തിന്റെ ഉജ്വല ഉദാഹരണങ്ങളായി നമുക്കു കാണാനാകും.
ഇതില്‍, പാലായോഗത്തില്‍ വെച്ചായിരുന്നു, പള്ളിയോഗത്തിനു പുറമെ, നസ്രാണികള്‍ക്ക് ഒരു സാമുദായിക സംഘടന ഉണ്ടാക്കണമെന്ന തീരുമാനമെടുത്തത്. ദൈവജനത്തിന്റെ നാവായിരുന്ന പള്ളിയോഗങ്ങള്‍ അപ്പോഴേക്കും മെത്രാനാധിപത്യം മൂലം ദുര്‍ബലമായിത്തീര്‍ന്നിരുന്നു എന്നതാണ്, സമുദായത്തിനുവേണ്ടി ഒരു സംഘടന വേണം എന്ന ചിന്തയ്ക്കു കളമൊരുക്കിയത്. ഏതായാലും, അങ്ങനെ രൂപംകൊണ്ട സമുദായത്തിലെ ആദ്യ സംഘടനയായിരുന്നു, 'നസ്രാണിഗുണദായിനി സഭ.' അതേ ലക്ഷ്യം കൂടുതല്‍ വിപുലമാക്കാനുദ്ദേശിച്ച് 1905-ല്‍ രൂപം കൊടുത്ത 'കത്തോലിക്കാ ക്രിസ്തീയ മഹാജനസഭ'യാണ്, 1931 മുതല്‍ 'അഖിലകേരള കത്തോലിക്കാകോണ്‍ഗ്രസ്' എന്നറിയപ്പെടുന്നത്.


'ആധികാരികാംഗീകാരം' എന്ന വിന
സംഘടനകള്‍ക്ക് സഭാധികാരികളുടെ അംഗീകാരമുണ്ടായിരിക്കണമെന്ന ഒരു ദുര്‍ബലചിന്ത സമുദായനേതാക്കള്‍ക്കുണ്ടാകാറുണ്ട്. എന്തും 'തനിക്കാക്കി വെടക്കാക്കാന്‍' തക്കം പാര്‍ത്തിരിക്കുന്ന സഭാധികാരികളാകട്ടെ, സംഘടനകളുടെ ലക്ഷ്യങ്ങള്‍ തന്നെ തിരുത്തിക്കുറിപ്പിച്ചും, അവയുടെ കടിഞ്ഞാണ്‍തന്നെ കൈയ്ക്കലാക്കാനുള്ള വകുപ്പുകള്‍ എഴുതിച്ചു ചേര്‍ത്തും 'അംഗീകാരം' നല്‍കുന്നു. ഈ വിധം ഷണ്ഡീകരിക്കപ്പെട്ട സംഘടനകള്‍ അവസാനം സഭാധികാരികളുടെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനുള്ള കേവലം കരുക്കളായി മാറുന്നു. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഒരുകാലത്ത് ഈ സമുദായത്തിലെ മഹാരഥന്മാര്‍ രൂപം കൊടുത്ത കത്തോലിക്കാ കോണ്‍ഗ്രസ്. ആ സംഘടനയുടെ ഇന്നത്തെ അവസ്ഥ നിരീക്ഷിച്ചാല്‍ സഭാധികാരികളുടെ 'ആധികാരികാംഗീകാര'ത്തില്‍ പതിയിരിക്കുന്ന അപകടം ഏവര്‍ക്കും ബോധ്യമാകും.
അതിനാല്‍, സംഘടനകള്‍ സഭാധികാരികളില്‍നിന്നും തീര്‍ത്തും സ്വതന്ത്രമായിരിക്കണം. സഭാധികാരത്തിന്റെയല്ല, മറിച്ച്, വിശ്വാസിസമൂഹത്തിന്റെ, അതായത് സഭയുടെ, അംഗീകാരമായിരിക്കണം സഭാസംഘടനകള്‍ ലക്ഷ്യം വെക്കേണ്ടത്. അതുപോലെതന്നെ, ഇന്നത്തെ രാഷ്ട്രീയ ചേരിതിരിവുകളൊന്നും സഭാസംഘടനകളില്‍ പ്രതിഫലിക്കാതിരിക്കാന്‍, അവ രാഷ്ട്രീയമുക്തവുമായിരിക്കണം. ചുരുക്കത്തില്‍ സഭാബാഹ്യമായ ഒരു ലക്ഷ്യവും സഭാസംഘടനകള്‍ക്കുണ്ടാകരുത്.
അതിപ്രധാനമായ മറ്റൊരു കാര്യം, സംഘടനാ പ്രവര്‍ത്തകര്‍ക്ക് അധികാരമോഹം പാടില്ല എന്നതാണ്. സഭാധികാരികളുടെ അധികാരവാഞ്ഛയാണ്, സഭയുടെ കൂട്ടായ്മ നശിപ്പിച്ചത് എന്നു നമുക്കറിയാം. അപ്പോള്‍, അതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ അതൊരിക്കലും ഉണ്ടാകരുത്. ഉണ്ടായാല്‍, സംഘടനകളുടെ പിളര്‍പ്പിലേ അതവസാനിക്കൂ. അത്മായരെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന പുരോഹിതാധികാരികളുടെ കയ്യില്‍ വെറുമൊരു ഉപകരണമാകാനേ പിന്നീടവയ്ക്കു സാധിക്കൂ. നേതൃത്വതലത്തിലുള്ള പ്രശ്‌നമുണ്ടാകാതിരിക്കണമെങ്കില്‍, ഓരോ അത്മായനേതാവും ക്രിസ്തീയാരൂപിയില്‍ സ്വയം താഴാന്‍ സന്നദ്ധനാകണം. കാര്യമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ തുറന്ന ചര്‍ച്ചകളിലൂടെ അവ പരിഹരിച്ച് രഞ്ജിപ്പിലെത്താന്‍ സാധിക്കണം.


ഇടവകകേന്ദ്രീകരിച്ചുള്ള അത്മായ സംഘടനയുടെ പ്രത്യേക പ്രസക്തി
സഭയുടെ ഏറ്റവും ചെറിയ ഘടകം ഇടവകയാണല്ലോ. വ്യക്തിസഭകളുടെ കൂട്ടായ്മയാണ് ആഗോളസഭയെങ്കില്‍, ഇടവകകളുടെ കൂട്ടായ്മയാണ് ഓരോ വ്യക്തിസഭയും. ആ നിലയില്‍ സ്വതന്ത്രമായ ഒരസ്തിത്വം ഓരോ ഇടവകയ്ക്കും ഉണ്ട്. അതുകൊണ്ടുതന്നെ, വിശ്വാസിസമൂഹത്തിന്റെ അവകാശങ്ങള്‍ക്കും കൂട്ടായ്മാ പുനഃസ്ഥാപനത്തിനും വേണ്ടിയുള്ള പരിശ്രമങ്ങള്‍ കേന്ദ്രീകരിക്കേണ്ടത് ഓരോ ഇടവകയിലുമാണ്. പുതിയ പള്ളിയോഗനടപടിക്രമം, ഇടവകാംഗങ്ങളുടെ അവകാശാധികാരങ്ങളെ പാടേ നിഷേധിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇതാവശ്യ മാണ്. ഇത്തരം സംഘടനകള്‍ ഇടവകതലത്തിലുള്ള എല്ലാക്കാര്യങ്ങളിലും ആശയവിനിമയം നടത്തുകയും തീരുമാനങ്ങളിലെത്തുകയും ചെയ്യുന്ന പക്ഷം ഇടവകകാര്യങ്ങളില്‍ ആ സംഘടനയ്ക്ക് അവഗണിക്കാനാകാത്ത സ്വാധീനമുണ്ടാകുകതന്നെ ചെയ്യും. ഈ സഭയുടെ മേല്‍ അടിച്ചേല്‍പിക്ക പ്പെട്ടിരിക്കുന്ന പള്ളിയോഗനടപടിക്രമത്തിനും കാനോന്‍നിയമത്തിനും ദൈവജനം നല്‍കുന്ന ഏറ്റം ഉചിതമായ മറുപടിയും ഇതായിരിക്കും.
എന്നാല്‍, വിശ്വാസികളുടെ മതപരവും സാമൂഹ്യവുമായ ജീവിതത്തിനുമേല്‍ പത്തിവിരിച്ചു നില്‍ക്കുന്ന സഭാധികാരത്തിന്റെ നീരാളിക്കൈകളെപ്പറ്റി ഓരോ വിശ്വാസിയിലും ഇന്നുള്ള ഉള്‍ഭയം മൂലം, ഇടവകതലത്തില്‍ അത്തരം സംഘടനാ രൂപീകരണത്തിന് മുന്‍കൈ ഉണ്ടാകുക എളുപ്പമല്ല. അങ്ങനെയൊരു നീക്കം ഉണ്ടായാല്‍ത്തന്നെ അതിനെ മുളയിലെ നുള്ളി കൂടുതല്‍ ഭീതി പരത്താന്‍ ഇന്നത്തെ സാഹചര്യത്തില്‍ സഭാധികാര ത്തിനു സാധിക്കും. അതുകൊണ്ടാണ്, ഇന്നത്തെ സഭാഘടയ്‌ക്കെതിരെ യുള്ള കര്‍മ്മപരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നവര്‍പോലും തങ്ങളുടെ ഇടവകകളിലെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ മാറിനില്‍ക്കുന്നത്. പക്ഷേ, തങ്ങള്‍ക്ക് താങ്ങായി വര്‍ത്തിക്കും എന്നുറപ്പുള്ള ഒരു പ്രസ്ഥാനം സംസ്ഥാനതലത്തിലുണ്ടാകുന്നപക്ഷം, പ്രാദേശികതലങ്ങളില്‍ അതൊരു പുത്തന്‍ ഉണര്‍വു പകരുകയും, ചിന്തിക്കുന്ന അത്മായരുടെ കര്‍മ്മോന്മുഖമായ ഒരു നേതൃനിര ഉരുത്തിരിഞ്ഞുവരാന്‍ അത് ഇടവരുത്തുകയും ചെയ്യും

അനുകൂല സാഹചര്യങ്ങള്‍
സഭാസംബന്ധിയായ കാര്യങ്ങളോടു പ്രതികരിക്കുന്നതിനും, സഭാധികാരികളെയും സഭാഘടനയെയും തിരുത്തുന്നതിനുമായി, വിശ്വാസികളുടെയും വൈദികരുടെയും വെവ്വേറെയും കൂട്ടുചേര്‍ന്നുള്ളതുമായ നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും ഇന്ന് നമ്മുടെ സഭയിലുണ്ട്. ഇവയെയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള, 'നസ്രാണി കത്തോലിക്കാ പൈതൃകസംരക്ഷണസമിതി' പോലുള്ള, ഏകോപനവേദികളും സഭയിലിന്നുണ്ട്. ഇവയുടെയെല്ലാം നേതൃത്വത്തില്‍ ഒട്ടേറെ ബോധവല്‍ക്കരണപരിപാടികളും, സഭാസമൂഹത്തിന്റെ പരമ്പരാഗതമായ അവകാശാധികാരങ്ങളെ തുടച്ചുനീക്കുന്ന സഭാധികാരത്തിനെതിരെയുള്ള പ്രതിഷേധപരിപാടികളും, വിജയകരമായിത്തന്നെ നടത്തപ്പെടുകയുണ്ടായി. എന്നാല്‍ ഇവയ്‌ക്കൊന്നും അല്പംപോലും ചെവികൊടുക്കാതെ, അധികാരത്തിമിരത്തിന്റെ അന്ധതയോടും, 'ടൈറ്റാനിക്'(Titanic) എന്നു വിശേഷിപ്പിക്കാവുന്ന അഹന്തയോടുംകൂടി, ഈ സഭാനൗകയെ വിനാശത്തിന്റെ മേഖലകളിലേക്കുതന്നെ സഭാധികാരികള്‍ നയിക്കുകയാണ്. ഇവരുടെ ബധിരകര്‍ണങ്ങള്‍ തുറപ്പിക്കുകയോ, അവരുടെ കൈകളില്‍നിന്നും സഭയുടെ നിയന്ത്രണം പിടിച്ചുവാങ്ങുകയോ ചെയ്യാതെ ഇനി മറ്റു പോംവഴികളുണ്ടെന്നു തോന്നുന്നില്ല. അതിന് ഇതുവരെ നടത്തിയ തരത്തിലുള്ള 'പരിപാടി കേന്ദ്രീകൃത'വും (Programme oriented) താല്‍ക്കാലിക സ്വഭാവത്തോടു കൂടിയതുമായ പ്രവര്‍ത്തനങ്ങള്‍ മതിയാകുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ഇതുവരെ നടത്തിയ സംഘടനാപ്രവര്‍ത്തനശൈലിയെ ശരിയായി വിലയിരുത്തുകയും തിരുത്തി മുന്നേറുകയും ചെയ്യേണ്ടതുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ