ക്രിസ്തുവിന്റെ ഉപമകളില്‍ നാം നമ്മുടെ ജീവിതത്തോടു ചേര്‍ത്തുവച്ച് മനസ്സിലാക്കേണ്ടതാണ് വിത്തുകളുടെ ഉപമ. 'എന്നില്‍ വിതച്ചത്' എന്നൊരു കൃതി എഴുതണം എന്നത് ഒത്തിരി നാളായി ഞാനാഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്റെ മനസ്സില്‍ വിതയ്ക്കപ്പെട്ട വചനവിത്തുകളില്‍ എന്തുമാത്രം വിത്തുകള്‍ മുളച്ചു വളര്‍ന്നിട്ടുണ്ട് എന്ന അന്വേഷണമാണിത്. അതിലുപരി വഴിയരികിലും പാറപ്പുറത്തും മുള്ളുകള്‍ക്കിടയിലും വീണിട്ടുള്ള വിത്തുകളെ നല്ല മണ്ണിലേക്ക് വീണ്ടും വിതയ്ക്കാനും വെള്ളമൊഴിച്ചു വളര്‍ത്താനുമുള്ള ശ്രമം കൂടിയാണിത്.
ആദ്യംതന്നെ പറയട്ടെ, എന്റെ ജീവിതത്തില്‍ ദൈവാനുഗ്രഹത്താല്‍ ലഭിച്ചിട്ടുള്ള, ആത്മീയമായ 'അന്ന'മാക്കാനാവുന്ന, ധന്യത പകരുന്ന, ഉദ്‌ബോധനങ്ങളെയെല്ലാം എന്റെ ജീവിതത്തോടു ചേര്‍ത്തുവച്ചുകൊണ്ട് പരിശോധിക്കുന്നതാണ് ഈ കൃതി. എല്ലാ മത-മതേതര ദര്‍ശനങ്ങളിലെയും ഉദ്‌ബോധനങ്ങളെയും വചനങ്ങളെയും അന്യമെന്നു കാണാതെ സ്വന്തം അനുഭവത്തോട് ചേര്‍ത്തുവച്ച് എങ്ങനെ മനസ്സിലാക്കാനാവും എന്നതിന്റെ നിദര്‍ശനമായി എന്റെ വ്യക്തിപരമായ അനുഭവവിശകലനങ്ങളെ കാണണമെന്ന് വായനക്കാരോട് ആദ്യമേതന്നെ ഒരു അഭ്യര്‍ഥനയുണ്ട്. ആത്മീയോത്കര്‍ഷമുണ്ടാക്കുന്നതോ അല്ലയോ എന്നു പരിശോധിച്ച് എല്ലാറ്റിനെയും വിലയിരുത്തണമെന്നു പഠിപ്പിച്ച നിത്യചൈതന്യയതി എന്റെയുള്ളില്‍ത്തന്നെയുണ്ട്. ആ ഗുരു എന്നില്‍ വിതച്ചവയെപ്പറ്റിയാണ് ഇതില്‍ ആദ്യഭാഗത്തു സ്വാഭാവികമായും പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചിട്ടും കേട്ടിട്ടും കേള്‍ക്കാതെയും കണ്ടിട്ടും കാണാതെയും ഞാന്‍ അവഗണിച്ചിരുന്ന ക്രിസ്തുവിന്റെ ഉപദേശങ്ങളിലേക്കും അവ പകരുന്ന ഉള്‍ക്കാഴ്ചകളിലേക്കും എന്റെ കാതുകളും കണ്ണുകളും തുറന്നുതന്നത് നിത്യചൈതന്യയതിയാണ്.
ഗുരുവിന്റെ സമാധിക്കു ശേഷമാണ്, ഞാന്‍ 1999 ല്‍ മുരിങ്ങൂരില്‍ ഒരു ധ്യാനത്തില്‍ പങ്കെടുക്കുന്നത്. അവിടെ വച്ച് പുകവലി നിരോധനമേഖലയില്‍ ഒരാഴ്ച താമസിച്ചാല്‍ തന്റെ 'ചെയിന്‍സ്‌മോക്കി'ങ്ങില്‍നിന്ന് മോചനം നേടാനാവുമെന്ന തികച്ചും മതേതരമായ ലക്ഷ്യത്തോടെ ധ്യാനത്തില്‍ പങ്കെടുത്ത വേണു എന്ന നിരീശ്വര-യുക്തിവാദിയെ പരിചയപ്പെട്ടതും അദ്ദേഹത്തിന് പരിശുദ്ധാത്മാവിന്റെ അഭിഷേകമുണ്ടായതായി കേട്ടതും അന്ന് വചനപ്രഘോഷകരാകാന്‍ കുറെപ്പേര്‍ക്ക് വരം കിട്ടിയിട്ടുണ്ടെന്നു കേട്ടപ്പോള്‍ അതിലൊരാള്‍ ഞാനായിരിക്കാമെന്നു പരിഹാസപൂര്‍വം സ്വയം പറഞ്ഞതും ഓര്‍ക്കുന്നു. ഞാന്‍ പിന്നീട് വേണുവിന് എഴുതിയ കത്തിന്റെ പ്രസക്തഭാഗങ്ങള്‍ 2000 ല്‍ അദ്ദേഹം തിരിച്ചയച്ചു തരികയുണ്ടായി. അത് ഇപ്പോള്‍ കൈയില്‍ കിട്ടിയത് യാദൃച്ഛികമാണെന്ന് ഞാന്‍ കരുതുന്നില്ല. അതില്‍ ഞാന്‍ എഴുതിയിരിക്കുന്നു:
''...ധ്യാനം കഴിഞ്ഞ് കുമ്പസാരിക്കുകപോലും ചെയ്യാതെയാണ് ഞാന്‍ മടങ്ങിയത്. ....കുമ്പസാരിച്ചാല്‍ മതി എനിക്കു വലിയ പ്രയോജനമുണ്ടാകുമെന്ന് എന്നെ ധ്യാനത്തിനു പോകാന്‍ പ്രേരിപ്പിച്ച അഭ്യുദയകാംക്ഷികള്‍ പറഞ്ഞു. മറ്റൊരു ധ്യാനത്തിനു പോകാന്‍ വേണ്ട സൗകര്യങ്ങളും ഒരുക്കിത്തന്നു. അത് ഞാന്‍ ധ്യാനത്തിനു പോകണമെന്ന് അവര്‍ക്ക് ദര്‍ശനം കിട്ടി എന്ന കാരണത്താലായിരുന്നു. ഈ ധ്യാനത്തിലും എനിക്കു പശ്ചാത്താപമൊന്നുമുണ്ടായില്ല. എന്നാല്‍ ഞാന്‍ ചെയ്തിട്ടുള്ള തെറ്റുകളുടെ ഗൗരവവും എനിക്കെന്തുമാത്രം കൃപാപൂര്‍ണമായ മാപ്പ് ലഭിച്ചിട്ടുണ്ടെന്ന വസ്തുതയും അതിനിടയ്ക്കു വെളിവായി. കൗണ്‍സിലിങ്ങിനു ചെന്നപ്പോള്‍ കൗണ്‍സിലര്‍ 'വിളിക്കപ്പെട്ട ഒരുവനാണ് ഞാന്‍' എന്ന നിലയിലാണ് എന്നോടു പെരുമാറിയത്. അദ്ദേഹത്തിന് സന്ദേശമായി ഒരു ബൈബിള്‍വാക്യം കിട്ടിയത് ഇതായിരുന്നു: ''മുമ്പത്തെ കാര്യങ്ങള്‍ ഓര്‍ക്കേണ്ട; പഴയകാര്യങ്ങള്‍ പരിശോധിക്കയും വേണ്ട. ഇതാ ഞാനൊരു പുതിയ കാര്യം ചെയ്യുന്നു. അത് ഇപ്പോള്‍ത്തന്നെ വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. നിങ്ങള്‍ അതു കാണുന്നില്ലേ? ഞാന്‍ മരുപ്രദേശത്ത് ഒരു പാതയുണ്ടാക്കും. മരുഭൂമിയില്‍ നദികളും'' (യെശയ്യാ 43: 18, 19).
പാപചിന്ത പലപ്പോഴും നമ്മെ അപകര്‍ഷതയ്ക്കടിമയാക്കി നന്മകള്‍ ചെയ്യാന്‍ താന്‍ അയോഗ്യനാണ് എന്ന ഒരുതരം അധമചിന്തയിലേക്ക് നയിക്കാറുണ്ടെന്ന് ഗുരു പറയാറുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: മനസ്സാകെ ദുര്‍വിചാരങ്ങളുടെ കാടുകയറി മൂടിയെന്നു പരിതപിക്കാതെ ഉള്ളിലെവിടെയെങ്കിലും ഒരു സദ്വിചാരത്തിന്റെ, പ്രതീക്ഷയുടെ പൊരിയുണ്ടോ എന്ന് അന്വേഷിക്കുക. സദ്വിചാരങ്ങളുടെ പൊരികള്‍ ഉള്ളില്‍ കാണുന്നില്ലെങ്കില്‍ സദ്ഗ്രന്ഥങ്ങളിലന്വേഷിക്കുക. അതു മനനംചെയ്ത് ഊതിക്കത്തിച്ചാല്‍ മനസ്സിലെ കാടുകള്‍ സാവധാനം അഗ്നിക്കിരയായിക്കൊള്ളും.
എന്നെ സംബന്ധിച്ചിടത്തോളം ആ കൗണ്‍സിലര്‍ ചൂണ്ടിക്കാണിച്ചുതന്ന ബൈബിള്‍ വാക്യം വലിയൊരു പ്രചോദനമായി. ആ വര്‍ഷം ഒരു ബൈബിള്‍ കവിതാ മത്സരത്തില്‍ പങ്കെടുക്കാനായി ഞാന്‍ 25 ബൈബിള്‍ കവിതകള്‍ എഴുതുകയുണ്ടായി. എന്റെ ആ കവിതകളില്‍ ഖലീല്‍ ജിബ്രാന്റെ 'മനുഷ്യപുത്രനായ യേശു'വിന്റെ, നിത്യചൈതന്യയതി എഴുതിയ പരിഭാഷയുടെ, സ്വാധീനം വളരെയേറെയുണ്ട്. എങ്കിലും 'മൊഴി വഴി മിഴി' എന്ന ആ കൃതിക്ക് അവാര്‍ഡുകിട്ടി. എന്നെ നേരിട്ട് അറിയാമായിരുന്ന വിധികര്‍ത്താക്കള്‍ രണ്ടാം സ്ഥാനം മാത്രം നല്കിയ ആ കൃതിക്ക് എന്നെ യാതൊരു പരിചയവുമില്ലായിരുന്ന ഒരു വിധികര്‍ത്താവ് ഒന്നാം സ്ഥാനം നല്കിയതിന്റെ ഫലമായി എനിക്ക് 10001 രൂപായുടെ സി ജെ മാടപ്പാട്ട് അവാര്‍ഡ് ലഭിച്ചതിന്റെ പിന്നിലും എന്തോ നിയോഗം ഉണ്ടായിരുന്നിരിക്കണം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ