ആകെ പേജ്‌കാഴ്‌ചകള്‍

2013, ജനുവരി 4, വെള്ളിയാഴ്‌ച

ആത്മീയാന്ധത



                    സാമുവല്‍ കൂടല്‍ 
വി.മത്തായി 23 ന്റെ,9' ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു പിതാവെയുള്ളു, സ്വര്‍ഗ്ഗസ്ഥാനായ പിതാവുതന്നെ'. 'ദൈവമാകുന്ന തന്തയ്ക്കു പിറന്നവന്‍' എന്നഭിമാനിക്കുന്ന ഒരുവനും ഈ തിരുവചനം ഹൃദയാന്തരത്തിലേയ്‌ക്കേറ്റുവാങ്ങിയാല്‍ പിന്നെ ഒരു കത്തനാരെയും, കത്തനാരു മൂത്തവനെയും കണ്ടാല്‍ 'പിതാവേ, ഫാദറേ എന്നു വിളിക്കുകയില്ല തീര്‍ച്ച. 'എന്റെ നാമം വൃഥായെടുക്കുന്നവനെ ഞാന്‍ കുറ്റമില്ലാത്തവനായി വിടുകയില്ല' എന്ന തിരുവചനപ്രകാരം ആത്മാവിന്റെ പിതാവ് (ആത്മീയപിതാവ്) ദൈവം മാത്രമായിരിക്കെ ആ വിളിപ്പേര് (നാമം) ഏറ്റെടുക്കുന്നവന്‍ കുറ്റക്കാരനാണ് തീര്‍ച്ച. ദൈവത്തെ ഭയപ്പെടാത്ത പുരോഹിതനെവിടെ കുറ്റബോധം! കാരണം 'ഒരുവനത്രേ നിങ്ങളുടെ പിതാവു്' എന്ന മിശിഹായുടെ വചനത്തിലെ ഇന്റഗ്രിറ്റി അവരുടെ ഹൃദയം ഏറ്റു വാങ്ങിയില്ല എന്നതാണ്. ഒരുവന്‍ ആത്മാവിനെ സ്വയം ഉള്ളിലറിഞ്ഞ്,ആത്മാഭിമാനമുള്ളവനായാല്‍ ക്‌ളര്‍ജിമാരെ 'കത്തനാരേ' എന്നും മൂത്തകത്തനാരെ 'ബിഷപ്പേ' എന്നുമേ വിളിക്കു നിശ്ചയം. ഇനിയും ഒരുവന്‍ ക്രിസ്തുവിലായാല്‍, (ക്രിസ്തിയാനിയാണെന്നഭിമാനിക്കുന്നെങ്കില്‍) ക്രിസ്തുവിന്റെ ഈ വാക്കെങ്കിലും മിനിമം അനുസരിച്ചേ മതിയാവൂ. കാലഘട്ടത്തിന്റെ അനിവാര്യതയാണീ അനുസരണം എന്നും ഓര്‍ക്കണം. വിളിപ്പേരു നാം മാറ്റിയാല്‍ ഇവരുടെ അഹമ്മതി താനേ കുറയും. പാവം മനസ്സുകളെ അടിമപ്പെടുത്താനുള്ള ഇവരുടെ ദുഷ്ടബുദ്ധി തേഞ്ഞുമാഞ്ഞില്ലാെതയാകും. വിശുദ്ധ മത്തായി 23 ന്റെ ആറും ഏഴും വചനങ്ങളിലൂടെ ക്രിസ്തു അവതരിപ്പിച്ച പിണറായി വിജയന്റെ 'നികൃഷ്ട ജീവികളാണിവര്‍' എന്നറിയാതെ; കാലാകാലമായി, പഠിപ്പും പത്രാസുമില്ലായിരുന്ന നമ്മുടെ പാവം പിതാമഹന്മാരാണ് അര്‍ഹതയില്ലാത്ത ബഹുമാനം ഇവറ്റകള്‍ക്കു കൊടുത്ത് ഇവരെ വഷളാക്കിയത്. നാം വിളിപ്പേരു മാറ്റിയും,അവഗണിച്ചും ഇവരെ തിരുത്തിയേ മതിയാവൂ, ഇല്ലാഞ്ഞാല്‍ 'ആത്മീയാന്ധത' എന്ന രോഗം ബാധിച്ച ഇവര്‍ ആ രോഗം കാലാന്ത്യത്തോളം ലോകമെല്ലാം പരത്തും. എയ്ഡ്‌സ് ശരീരത്തെ കൊല്ലുമെങ്കില്‍, ആത്മീയാന്ധത മനസ്സിനെ ജന്മങ്ങള്‍തോറും മരവിപ്പിക്കുന്നു (മനനശേഷി ഇല്ലാതെയാക്കുന്നു). സ്വയം അറിയാനുള്ള മനുഷ്യന്റെ ജന്മാവകാശത്തെ ചെറുത്തില്ലാതെയാക്കുന്നു. 'അഹം ബ്രമം' എന്ന സ്വയമറിയലാണ് നമ്മുടെ കര്‍ത്താവ് 'ഞാനും പിതാവും ഒന്നാകുന്നു' എന്ന് സധൈര്യം ഉറക്കെപ്പറഞ്ഞ് ആത്മഹര്‍ഷപുളകിതനായത്. 
നമ്മള്‍ നമ്മെ തിരിച്ചറിയാതെ ഇവറ്റകളെ ചുമ്മാതെ ബഹുമാനിക്കുമ്പോളൊരുകാര്യം ഓര്‍ത്താല്‍ നന്ന്. കുര്‍ബാനപ്പുസ്തകം മലര്‍ത്തിവച്ച് അതു വായിക്കാനും, ഓരോ സഭാനുഷ്ടാന ആരാധനരീതികള്‍ രംഗങ്ങള്‍ മാറിമാറി ചെയ്യാനുമല്ലാതെ ഒരു ചുക്കും ഇവര്‍ക്ക് അറിയില്ല, ആത്മജ്ഞാനമില്ല, സത്യം സത്യം. നടന്ന ഒരു സംഭവം സത്യമായി ഞാന്‍ പറയാം. പണ്ടെന്റെ പള്ളിയില്‍ വികാരിയായിരുന്ന ഒരു കത്തനാര്‍ കഴിഞ്ഞാഴ്ച്ച എന്റെ വീട്ടില്‍ വന്നു. കുര്‍ബ്ബാന ചൊല്ലാതെ ചെയ്യുവീന്‍ എന്ന അല്മായ ശബ്ബദ്ത്തിലൂെടയും, സത്യജ്വാലയിലൂടെയും പ്രസിദ്ധീകരിച്ച എന്റെ ചിന്ത ഞാന്‍ അദ്ദേഹവുമായി സംവാദിച്ചു, ഒടുവില്‍ ഞാന്‍ ചുമ്മാതെ 'അബ്രാഹാമിനെത്രമക്കളുണ്ടായിരുന്നു' എന്ന് കത്തനാരോടു് ചോദിച്ചു, ഉത്തരമായി 'യൗസേപ്പുള്‍പ്പെടെ പതിനൊന്നല്ലേ' എന്ന് കത്തനാരുടെ മറു ചോദ്യമെന്നോട്! ടൗിറമ്യ ടരവീീഹ നു പോലും പോകാത്ത പയ്യന്‍സിനെ കത്തനാരാക്കിയാലിങ്ങനെയിരിക്കും. സഭയേ, നാണക്കേട്! ഉല്പത്തി 25 ലെ അബ്രഹാമിന്റെ മൂന്നാം ഭാര്യ കെതൂറയെയും അവള്‍ പെറ്റ ആറ് ആണ്‍മക്കളെയും കത്തനാര്‍ക്കറിയാമോ എന്നറിയാന്‍ ഞാന്‍ ചോദിച്ചു പോയതാണ്. പക്ഷേ അബ്രഹാമിനെയോ,യാക്കോബിനെയോ തമ്മില്‍ തിരിച്ചറിയാത്ത വിവരദോഷി കത്തനാരാ അബ്രഹാമിന്റെയും, ഇസ്സഹാക്കിന്റെയും,യാക്കോബിന്റെയും മടിയില്‍ നമ്മെ കയറ്റിയിരുത്താം എന്നു പറഞ്ഞ് കൈകൂലി വാങ്ങി ചെത്തി നടക്കുന്നതെന്നോര്‍ക്കുമ്പേള്‍ – ഹേ! ക്രിസ്ത്യാനീ, നിന്റെ ഗതികേട് എത്ര ഭയങ്കരമെന്ന് ഓര്‍ത്തു പോയി!. കുര്‍ബാനപ്പുസ്തകം മലര്‍ത്തിവച്ച് വായിക്കാനല്ലാതെ ബൈബിളിന്റെ ആദ്യപാഠങ്ങള്‍ പോലും അറിയാത്തവനെ ഫാദറെന്നു വിളിച്ചാല്‍ തലമുറകള്‍ ഈ വിവരദോഷിയുടെ ആത്മീയ അടിമകളായി, ആത്മീയ അന്ധത കാരണം മരണമാകുന്ന കുഴിയില്‍ വീഴും തീര്‍ച്ച . തലമുറകളെ സ്‌നേഹിക്കുന്നവരേ, ഇവരെ തിരിച്ചറിയൂ. ക്രിസ്തുവിന്റെ തിരുവചനങ്ങളുടെ പൊരുള്‍ മനസ്സിലാക്കാന്‍ ഒരു പാതിരിയും, പാസ്റ്ററും വേണ്ട. ബൈബിളിലെ അവന്റെ മൊഴികള്‍ മാത്രം പഠിച്ചു ധ്യാനിയ്ക്കു. അവന്‍ അതിന്റെ പൊരുള്‍ താനെ നിങ്ങളുടെ അകക്കാമ്പില്‍ വെളിവാക്കിത്തരും. ' പത്രോസിന്റെ അമ്മാവിയമ്മയ്ക്ക് പനിയായിരുന്നു' എന്ന വാക്യം കത്താനാരു വായിച്ചു തന്നാലേ മനസ്സിലാകയുള്ളോ? എഴുത്തും വായനയും അറിയാത്ത പഴയ തലമുറയെ ഈ വര്‍ഗ്ഗം ശരിക്കും കൈകാര്യം ചെയ്തു. ഇനിയും വേണ്ട. സാക്ഷരമലങ്കരയില്‍ ഈ പണി അധികനാള്‍ നിങ്ങള്‍ക്ക് തുടരാനാവില്ല പാതിരിമോനേ, പാസ്റ്ററച്ചായാ പണി വേറെ നോക്കിക്കോ' എന്നു പറയുന്ന, -ഇവറ്റകളുടെ മുഖത്തു നോക്കാന്‍ മടിക്കുന്ന- മനസ്സുകള്‍ ഒരോ ഗ്രാമത്തിലും ജനിച്ചു കഴിഞ്ഞു. എന്റെ ഈ ജന്മവും അവര്‍ക്കൊരു വഴിവിളക്കായി ഭവിക്കേണമേ എന്നു മാത്രം ആശിക്കുന്നു. അതിനായി പ്രവര്‍ത്തിക്കുന്നു ഞാനീ കുറിമാനങ്ങളിലൂടെ. ലോകമേ, ചെവി തരിക.... 
പുരോഹിതരുടെ ഇന്നത്തെ വിളിപ്പേരു മാറ്റി തൊഴില്‍പ്പേരാക്കിയാല്‍ അവരുടെ അഹമ്മതി മാറി അവരും നല്ല ദൈവമക്കളാകും. അറിയാതൊരുവന്‍ പഴയ ശീലം കാരണം 'അച്ചാ, തിരുമേനീ' എന്നു വിളിച്ചാല്‍ അവരോട് 'സഹോദരാ, ഞാന്‍ നിന്റെ സഹോദരനാകുന്നു, അപ്പനും, തിരുമേനിയും സ്വര്‍ഗ്ഗസ്ഥാനായ പിതാവു മാത്രമേയുള്ളു' എന്നു പറഞ്ഞ് ക്രിസ്തീയ സാഹോദര്യം ഇവര്‍ ഉറപ്പിക്കും!. അങ്ങനെ കത്തനാരുടെ രാജ്യം പോയി ദൈവരാജ്യം (ഠവ്യ ഗശിഴറീാ)താനെ ഉയര്‍ത്തെഴുനേല്‍ക്കും! ഒരു കാര്യം തുറന്നു പറയാം, ക്രിസ്തുവിനെ അനുസരിക്കുന്ന ഒരുവനും ഒരു ക്‌ളര്‍ജിയെയും പിതാവേ, അച്ചാ എന്നു വിളിക്കുകയില്ല തീര്‍ച്ച, മറിച്ച് പുരോഹിതന്റെ മാനസീകാടിമത്വത്തിന് വിധേയരാകാന്‍ വിധിക്കപ്പെട്ട പാഴ്ജന്മങ്ങള്‍ ഈ ചൂഷകരുടെ മോതിരവും മുത്തി കാലം കഴിക്കും, വീണ്ടും ജനിക്കും. ഇതുതന്നെ പിന്നെയും വേല! അന്ത്യന്യായവിധി നടക്കുവോളം ഒരുവനും സ്വര്‍ഗ്ഗനരകങ്ങളില്‍ പേകുകയില്ല. അവനവന്റെ പ്രവര്‍ത്തികള്‍ക്കനുസരണമായി ന്യായം വിധിക്കാന്‍ അവന്‍ വീണ്ടും വരേണ്ടേ? വരില്ല തീര്‍ച്ച, കാരണം കര്‍ത്താവിനു കത്തനാരെ പേടിയാണ!്. പഴയ ഓര്‍മ്മ കാരണം മഹാപുരോഹിതരെയും, മെത്രാനെയും,കര്‍ദിനാളെയും മഹാപേടിയാണ്. മനുഷ്യനായി ജനിച്ചതു കാരണം ഇവറ്റകളുടെ ചാട്ടവാറടിയേറ്റ് കുരിശും പേറി സഹനമേറ്റു പാവം കര്‍ത്താവു്!. മിശിഹാ മനസ്സില്‍ പോലും കാണാത്ത കാര്യങ്ങള്‍ അവന്റെ പേരില്‍ ഇവര്‍ കാട്ടികൂട്ടുന്നതും, ചെയ്യുവാന്‍ പറഞ്ഞ കുര്‍ബ്ബാന (ത്യാഗം, പങ്കുവെയ്ക്കല്‍) ചൊല്ലി കളിയാക്കുന്നതും കണ്ട് ക്രിസ്തു മനം നൊന്ത് 'എന്തു ചെയ്യും പിതാവേ' എന്നു ചോദിച്ചു ' പിതാവിനു വീണ്ടും മൗനം'. ഗദ്‌സമനയില്‍ പുത്രന്‍ കരളുരുകി പ്രാര്‍ത്ഥിച്ചതു കേട്ടിട്ടും മിണ്ടാതിരുന്ന മൗനി! അവനാണ് ക്രിസ്തുവിന്റെ, കത്താനാരുടെ, അല്മായരുടെ ഏകപിതാവ് എന്നു നാം മനസ്സിലാക്കുവോളം, നാമും ജനിയ്ക്കും ജീവിയ്ക്കും,മരിയ്ക്കും, വീണ്ടും ജനിക്കും,ജീവിക്കും, മരിക്കും!. ജനനമരണങ്ങളുടെ ഇടയിലെ ഈ ചെറു ജീവിതമോ? അടുത്ത ജന്മം ഒരു ക്രിസ്ത്യാനി കുടുംബത്തില്‍ ജനിക്കരുതെ, ജനിപ്പിക്കരുതെ, വീണ്ടും ഇവരുടെ അടിമകളാകാന്‍ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം. കേരളത്തില്‍ അമ്പത്താറു ജാതിയുണ്ടല്ലോ, ഏതായാലും ഭാരതത്തിന്റെ പൊന്നുമക്കളല്ലേ നമ്മള്‍!? അതുമതി അഭിമാനിക്കാന്‍. 'ഞാനും പിതാവും ഒന്നാകുന്നു', 'അഹം ബ്രഹ്മാസ്മി' എന്ന് ലോകത്തെ പഠിപ്പിച്ച പുണ്യമാതാവിന്റെ പുന്നാരമക്കള്‍!. ഇത്ര ശ്രേഷ്ഠത മറ്റാര്‍ക്കുണ്ടീ ഭൂഗോളത്തില്‍? 2000 കൊല്ലമായി നമ്മുടെ പിതാക്കന്‍ന്മാരെ അടിമകളാക്കി ആത്മീയാന്ധ കാരത്തിലേയ്ക്ക് നടത്തിയ ഈ കുരുടന്മാരായ വഴികാട്ടികളെ, ഇടയന്മാരെ നാം വെറുക്കണം, ഭയക്കണം, കണ്ടാല്‍ വഴിമാറി നടക്കണം. എങ്കിലേ തലമുറ നന്നാവുകയുള്ളു. മനുഷ്യന്‍ (മനനമുള്ളവന്‍) ഈ കുര്‍ബാന തൊഴിലാളികളെ(കൂദാശ തൊഴിലാളികളെ), പ്രസംഗതൊഴിലാളികളെ കണ്ടാല്‍ വഴിമാറിനടക്കുന്ന കാലം വരുന്നു. പള്ളിയില്‍ പോയില്ലങ്കിലെങ്ങനെ മമോദീസ, കല്യാണം, കുഴിച്ചുമൂടല്‍ എന്ന ചോദ്യത്തിനുത്തരം, 'അബ്രഹാമിനെ ആരു മാമോദീസമുക്കി,മൂറോന്‍ പുരട്ടി, അദ്ദേഹം മൂന്നു കല്യാണം കഴിച്ചു, ആര് കിരീടം വാഴ്‌വിന്റെ പാട്ടുപാടി ? അബ്രഹാം മരിച്ചു, ഏതു പുരോഹിതന്‍ ഏതു കലഹത്തിലൂടെ ശവത്തിന്റെ അധികാരം പിടിച്ചുവാങ്ങി കൂദാശചൊല്ലി'? എന്നാകണം. ഈ ആചാരാനുഷ്ടാനങ്ങളെല്ലാം അതാതു സഭാസംഘടനകളിലെ മിടുക്കന്മാരായ പുരോഹിതന്മാര്‍ ചമച്ചതാണ്, അല്ലാതെ ദൈവകല്പിതമല്ല സത്യം . ആദ്യമായി ഇതുവരെ കത്തനാരു പറഞ്ഞ നുണ കഥകള്‍ ഓരോ മനസ്സില്‍നിന്നും നീക്കി, ക്രിസ്തുവിന്റെ വചനങ്ങള്‍ (ഒരു ഗുരുവായി ക്രൂശിത രൂപത്തെ മനസ്സില്‍ ധ്യാനിച്ചു) മനനം ചെയ്യൂ, സത്യം നിങ്ങള്‍ക്ക് മറവായിരിക്കയില്ല നിശ്ചയം. പോപ്പ് വര്‍ഷംതോറും പടച്ചുവിടുന്ന പുണ്യളാന്മാരുടെ ശിങ്കിടികളാകാതെ, ദൈവത്തിന്റെ അരുമസന്താനങ്ങളാണ് നാം ഒരോരുത്തരും എന്ന് സദാ ഓര്‍ത്ത് ആനന്ദിക്കു, ജീവിതമേ സ്വര്‍ഗ്ഗീയമാകും!, മനസ്സിലാണു സ്വര്‍ഗ്ഗം!.
കലഞ്ഞൂര്‍,
17/12/2012.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ